Monday, June 24, 2013

എഫ്ബിയില്‍ ലൈക്കുകള്‍ നേടാന്‍ പത്തുപൊടിക്കൈകള്‍

(ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കൂടുതല്‍ ലൈക് വേണമെന്ന് ആഗ്രഹമുള്ളവര്‍ മാത്രം വായിക്കുക - വായിച്ച ശേഷം ഒരു ലൈക് അടിക്കാന്‍ മറക്കരുത് :P)

നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും അഞ്ചോ ആറോ ലൈക് മാത്രം സ്ഥിരമായി കിട്ടി, ഫേസ്ബുക്ക് തന്നെ മടുത്തിരിക്കുന്ന നിരാശാസ്റ്റാറ്റസുകാര്‍ക്ക് വേണ്ടിയുള്ള പത്തു ടിപ്സ്.

ഇക്കൂട്ടര്‍ പലപ്പോഴും പറയുന്ന പരാതിയാണ് - "ഞാന്‍ എത്ര നന്നായി എഴുതിയാലും അഞ്ചോ ആറോ ലൈക് മാത്രേ കിട്ടൂ , എന്നാല്‍ ചില ആളുകള്‍ ചുമ്മാ ഒരു കുത്തിട്ടാലും ലൈക്കുകള്‍ കൊട്ടക്കണക്കിന്‌ കിട്ടുന്നു"

ആദ്യമേ പറയട്ടെ - ആരെയും പരിഹസിക്കാനോ, ആരുടേയും കഞ്ഞിയില്‍ പാറ്റയിടാനോ അല്ല ഈ പോസ്റ്റ്‌ - എഴുതാന്‍ അറിയാവുന്ന പുതിയ ആളുകള്‍ ലൈക് കിട്ടുന്നില്ല എന്ന കാരണം കൊണ്ട് എഴുത്ത് നിര്‍ത്താതിരിക്കട്ടെ എന്ന സദുദ്ദേശത്തോടെയാണ്.

(എന്‍റെ) ആരോഗ്യപരമായ മുന്നറിയിപ്പ് :
--------------------------------------------------------
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഫേസ്ബുക്കിലെ ചില സ്റ്റാറ്റസ് പുലികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ ഇതില്‍ പരാമര്‍ശിച്ച പേരുകാര്‍ ആരും സൌദിയില്‍ ഇല്ലെന്ന ധൈര്യം ഒന്നുകൊണ്ട് മാത്രമാണ്

ഫേസ്ബുക്കിന്‍റെ ചരിത്രത്തില്‍ ആദ്യമായി - നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കിയ - കൊട്ടക്കണക്കിന്‌ ലൈക്കുകള്‍ നേടാനുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.- എങ്ങനെ കൂടുതല്‍ ലൈക് നേടാം - ഒരു പഠനം !

താഴെ പറയുന്ന കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ അല്ല , പരീക്ഷിച്ച് നോക്കി അവരവര്‍ക്ക് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി പ്രാബല്യത്തില്‍ വരുത്തുക !

1. കേള്‍ക്കുമ്പോള്‍ തന്നെ ഇവനെന്തോ സംഭവമാണെന്ന തോന്നലുളവാക്കുന്ന പേര്
---------------------------------------------------------------------------
പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ചുരുങ്ങിയ പക്ഷം ഫേസ്ബുക്കിലെങ്കിലും പ്രസക്തമല്ല - പേരില്‍ കാര്യമുണ്ട്.

ഷിഹാബ് എ ഹസ്സന്‍ എന്നതിന് പകരം വെറും ഷിഹാബ് എന്നോ, അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്നതിന് പകരം വെറും അബ്ബാസ്‌ എന്നോ പേരിട്ടാല്‍ എങ്ങനെയുണ്ടാകും?

വെറും ബൈജു എന്ന് എഴുതുന്നതിനു പകരം ബൈജു ഹൈവോള്‍ട്ടേജ് ധാര്‍മ്മിക രോഷം എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ പോസ്റ്റ് വായിക്കാതെ തന്നെ അതില്‍ മൊത്തം ധാര്‍മ്മികരോഷം വഴിഞ്ഞൊഴുകുന്നു എന്ന് തോന്നല്‍ ഉണ്ടാകില്ലേ?

വര്‍ഗീസ്‌ പ്ലാത്തോട്ടം എന്നതിന് പകരം വെറും വര്‍ഗീസും, രഞ്ജിത്ത് ഒരു മുള്ളൂര്‍ക്കരക്കാരന് പകരം വെറും രഞ്ജിത്ത് എന്നും ബിജു വി തമ്പിക്ക് പകരം വെറും ബിജു എന്നും കണ്ടാല്‍ - ഓ ഇത് വെറും വര്‍ഗീസും, രഞ്ജിത്തും, ബിജുവും അല്ലെ എന്ന് കരുതി വായിച്ചു നോക്കാന്‍ പോലും ആരും മെനക്കെടില്ല .

അത് മാത്രമല്ല - ബൈജു എന്നും, ബിജു എന്നും, രഞ്ജിത്ത് എന്നും മാത്രം എഴുതിയാല്‍ ലക്ഷക്കണക്കിന്‌ സമാനപേരുകാര്‍ക്കിടയില്‍ എങ്ങനെ നിങ്ങള്‍ തിരിച്ചറിയപ്പെടും ?

അപ്പോള്‍ പേരില്‍ കാര്യമുണ്ട് !

2. ഫ്രണ്ട് ലിസ്റ്റിന്‍റെ വലിപ്പം
-------------------------------------
അയ്യായിരം സുഹൃത്തുക്കളെയും, അയ്യായിരം ഓടിച്ചിടുന്നവരെയും (ഫോളോവേര്‍സ്) സമ്പാദിക്കാന്‍ ഉള്ള അവസരം സുക്കര്‍ബര്‍ഗ് അണ്ണന്‍ നമുക്ക് തന്നിട്ടുണ്ട് - അത് പരമാവധി ഉപയോഗപ്പെടുത്തുക.

വാളില്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പോസ്റ്റ്‌ ചെയ്തിട്ട് മാത്രം കാര്യമായില്ല, എഴുതിയത് ആരെങ്കിലുമൊക്കെ വായിക്കുക കൂടി വേണ്ടേ? ?

സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍
പരിഗണിക്കാവുന്നതാണ്.

- നമ്മുടെ പോസ്റ്റില്‍ ലൈക് അടിച്ച ഫ്രണ്ട് അല്ലാത്തവര്‍ക്ക് റിക്വസ്റ്റ് അയക്കുക

- സ്ഥിരമായി ധാരാളം ലൈക് കിട്ടുന്ന ആളുകളെ ഫ്രണ്ടാക്കുക.

- ഒരുപാട് ആരാധകന്മാരുള്ള സുന്ദരികളായ സ്ത്രീകളെ ഫ്രണ്ടാക്കുക.

ശ്രദ്ധിക്കേണ്ട കാര്യം - വാരി വലിച്ചു റിക്വസ്റ്റ് അയക്കരുത് - ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അയച്ച റിക്വസ്റ്റുകള്‍ ആക്സപ്റ്റ് ചെയ്യാതിരുന്നാല്‍ സുക്കുവണ്ണന്‍ ബ്ലോക്ക് ചെയ്യും - അതുകൊണ്ട് രണ്ടു ദിവസം ആയിട്ടും ആക്സപ്റ്റ് ചെയ്യാത്ത റിക്വസ്റ്റുകള്‍ കാന്‍സല്‍ ചെയ്യാന്‍ മറക്കരുത്.

3. എപ്പോഴും ഫേസ്ബുക്കില്‍ ആക്ടീവ് ആയിരിക്കുക
---------------------------------------------------------------------------
നമ്മുടെ സാന്നിധ്യം ലൈക് ആയോ കമന്‍റ് ആയോ സുഹൃത്തുക്കള്‍ക്കിടയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കപ്പെടാന്‍ ശ്രദ്ധിക്കുക.

സ്ഥിരമായി നല്ല ലൈക് കിട്ടുന്ന ആളുകള്‍ എന്ത് ചവറ് എഴുതി വിട്ടാലും കമന്‍റ് ഇടാന്‍ മനസാക്ഷി സമ്മതിച്ചില്ലെങ്കില്‍ കൂടി ഒരു ലൈക്കെങ്കിലും അടിച്ചെക്കുക

(നാളെ നമ്മളും എന്തെങ്കിലും ചവറെഴുതി വിടുമ്പോള്‍ തിരിച്ചും കിട്ടനുള്ളതാണ് ഈ ലൈക് എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ സൂപ്പര്‍ , അടിപൊളി എന്നൊക്കെ നമ്മളറിയാതെ തന്നെ കമന്‍റി പോകും)

4. സ്റ്റാറ്റസ് പുലികളെ ടാഗ് ചെയ്യല്‍
-----------------------------------------------
പുലികളെ ടാഗ് ചെയ്യുമ്പോള്‍ അയാളുടെ സുഹൃത്തുക്കളുടെ വാളില്‍ " ഇന്ന പുലി was tagged in നിങ്ങളുടെ status എന്ന് വരും.

ഇതിന്‍റെ ഒരു ചെറിയ തമാശ വശം, പെണ്ണുങ്ങടെ പോസ്റ്റില്‍ കമന്‍റിടാന്‍ മുട്ടിനില്‍ക്കുന്ന ആക്രാന്തം പിടിച്ച ചില പെണ്‍കോന്തന്മാര്‍ ,ഇത് തങ്ങളുടെ ആരാധനാപാത്രമായ സുന്ദരി ഇട്ട പോസ്റ്റ്‌ ആണെന്ന് കരുതി , നിങ്ങളുടെ പോസ്റ്റ്‌ അവളുടെതാണെന്ന് തെറ്റിദ്ധരിച്ച്‌ ,നിങ്ങളെ പാടെ അവഗണിച്ച് കമന്‍റ് ചെയ്യും എന്നതാണ്.

എങ്കിലും അവന്‍ കമന്‍റ് ചെയ്യുമ്പോള്‍ അവന്‍റെ പത്തു സുഹൃത്തുക്കളുടെ വാളിലും നിങ്ങളുടെ പോസ്റ്റ്‌ പ്രദര്‍ശിപ്പിക്കപ്പെടും എന്നോര്‍ക്കുമ്പോള്‍ , ഇതൊക്കെ ഒരു സങ്കടമേ അല്ലെന്നു നിങ്ങള്‍ തിരിച്ചറിയും.

(ടാഗ് ചെയ്യുന്നതില്‍ അഭിമാനക്കുറവ് തോന്നുന്നവര്‍ ലൈക് കിട്ടാന്‍ സാധ്യതയുള്ള പരമാവധി സുഹൃത്തുക്കള്‍ക്ക് പോസ്റ്റിന്‍റെ ലിങ്ക് പേര്‍സണല്‍ മെസ്സേജില്‍ അയച്ചു കൊടുത്തു ലൈക് തെണ്ടാവുന്നതാണ്)

5. സ്വയം ലൈക്കല്‍
--------------------------
നിങ്ങള്‍ ഇട്ട പോസ്റ്റില്‍ നിങ്ങള്‍ ലൈക് അടിക്കുമ്പോള്‍ കൂടുതല്‍ സുഹൃത്തുക്കളുടെ വാളില്‍ നിങ്ങളുടെ പോസ്റ്റ്‌ വരും.

ഏതെങ്കിലും അസൂയാലുക്കള്‍ "സ്വയം പുകഴ്ത്തല്‍" എന്നുപറഞ്ഞു കളിയാക്കിയാല്‍ - "ഞാന്‍ എഴുതിയത് എനിക്കിഷ്ടപ്പെട്ടാലല്ലേ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടൂ" എന്ന ന്യായം പറഞ്ഞു തടി കഴിച്ചിലാക്കാവുന്നതാണ്.

6. റെഗുലര്‍ ആയി പോസ്റ്റ്‌ ചെയ്യല്‍
------------------------------------------------
നിങ്ങളുടെ പുതിയ പോസ്റ്റ്‌ പ്രതീക്ഷിച്ച് വാള്‍ സന്ദര്‍ശിക്കുന്നവരെ നിരാശപ്പടുത്തരുത്.

സ്വന്തമായി ഒന്നും എഴുതാന്‍ കിട്ടിയില്ലെങ്കില്‍, സ്വന്തമായി പത്തുലൈക് പോലും കിട്ടാത്ത ഏതെങ്കിലും അപ്പാവി എഴുതിയത് പേര് വച്ചോ, വെക്കാതെയോ ചൂണ്ടി സ്വന്തം വാളില്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ് - എന്നാല്‍ ഒരിക്കലും അവനിട്ട പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് !

(അങ്ങനെ ചെയ്‌താല്‍ അവനു പത്തു ലൈക് കൂടുതല്‍ കിട്ടിയാലോ)

7. പഴയ പോസ്റ്റുകള്‍ കുത്തിപ്പോക്കല്‍
-----------------------------------------------------
കൂടുതല്‍ പറയേണ്ട കാര്യമില്ല - പഴയ സ്വന്തം പോസ്റ്റുകള്‍ സ്വന്തമായോ, അത്രയ്ക്ക് തൊലിക്കട്ടിയില്ലെങ്കില്‍ , വിശ്വസ്തരായ സുഹൃത്തുക്കള്‍ മുഖേനയോ കമന്‍റിട്ട് കുത്തിപ്പോക്കുക.

8. ഫേസ്ബുക്കിനെ കുറിച്ചെഴുതല്‍
----------------------------------------------
ഫേസ്ബുക്കിനെ വിഷയമാക്കി എഴുതുന്ന പോസ്റ്റുകള്‍ക്ക്‌ മറ്റു വിഷയങ്ങളെ കുറിച്ചെഴുതുന്ന പോസ്റ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ലൈക് കിട്ടാന്‍ സാധ്യതയുണ്ട്

9. വിമര്‍ശിക്കല്‍ / രോഷം കൊള്ളല്‍
--------------------------------------------------
ഒരാവശ്യം ഇല്ലെങ്കിലും, പോസ്റ്റില്‍ പറയപ്പെടുന്ന ഒരു വിഭാഗം ഇല്ലെങ്കിലും, ഫേസ്ബുക്കില്‍ കുറെ പേര്‍ 'അങ്ങനെയാണ്, ഇങ്ങനെയാണ്' എന്നൊക്കെ കുറ്റം പറഞ്ഞു പോസ്റ്റ്‌ ഇടുക.

വായിക്കുന്നവരൊക്കെ - ഈ പറഞ്ഞത് തങ്ങളെ കുറിച്ചല്ല എന്ന് കാണിക്കാനെങ്കിലും ഒരു ലൈക് അടിക്കും - തീര്‍ച്ച !

10. കഴിവതും ചുരുക്കി രസകരമായി എഴുതല്‍
-----------------------------------------------------------------
പറയാന്‍ ഉള്ളകാര്യം ചുരുക്കി, നര്‍മ്മം കലര്‍ത്തി ,അക്ഷരത്തെറ്റില്ലാതെ എഴുതുക.

(ചില പോസ്റ്റുകള്‍ ആശയപരമായും, അവതരണത്തിലും മികച്ചതാണെങ്കിലും , അക്ഷരത്തെറ്റുകള്‍ ഇടക്കുവച്ചു വായന നിര്‍ത്തിപ്പോകാന്‍ പ്രേരിപ്പിക്കുന്നു)

ആദ്യത്തെ ഒന്നോ രണ്ടോ വരികള്‍ വായിക്കുമ്പോള്‍ തന്നെ തുടര്‍ന്നു വായിക്കാന്‍ ഉള്ള താല്പര്യം വായനക്കാരില്‍ ജനിപ്പിക്കുക.

വിഷയവുമായി ബന്ധമുള്ള, എന്നാല്‍ ആശയം പൂര്‍ണ്ണമായും വെളിവാകാത്ത രസകരമായ തലക്കെട്ട്‌ നല്‍കുന്നതും നല്ലതാണ്.

===============================================
ഫീലിംഗ് : പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ,തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് നിശ്ചിതഎണ്ണം കാരണങ്ങള്‍ നിരത്തി ഉത്തരമെഴുതാനുള്ള സോഷ്യല്‍ സ്റ്റഡീസ് പരീക്ഷയോടുള്ള കടപ്പാട്

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top