Wednesday, March 12, 2014

കഥ : പ്രതീക്ഷിക്കാത്ത അതിഥി

"അമ്മേ" പതിവുപോലെ ബാഗ് ഡൈനിംഗ് ടേബിളിലേക്കിട്ടുകൊണ്ട് അരുണ്‍ അമ്മയെ വിളിച്ചു.

അവന്‍റെ ശബ്ദം കേട്ട് കിടപ്പുമുറിയിലെ കട്ടിലില്‍ സരസ്വതി എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ചു.

സ്വീകരണമുറിയില്‍ അമ്മയെ കാണാഞ്ഞ് അരുണ്‍ കിടപ്പുമുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും സരസ്വതി കട്ടിലില്‍ എഴുന്നെറ്റിരിക്കുന്നുണ്ടായിരുന്നു .

"എന്താമ്മേ, കിടക്കണേ - വയ്യേന്‍റെ അമ്മക്ക് ?"

തെല്ലു പരിഭ്രമത്തോടെ അമ്മയുടെ തൊട്ടടുത്ത്‌ വന്നിരുന്ന്‍ അവന്‍ അമ്മയുടെ നെറ്റിയില്‍ കൈവച്ചു നോക്കി - "പനിക്കുന്നോന്നും ഇല്ലല്ലോ ?"

"ഒന്നുമില്ലെടാ, ചെറിയൊരു ക്ഷീണം. നീ ഉടുപ്പൊക്കെ മാറ്റി കുളിച്ചു വാ, അമ്മ കാപ്പിയെടുത്തു വെക്കാട്ടോ"

പ്രയാസപ്പെട്ടെഴുന്നെറ്റ് അടുക്കളയിലേക്കു വെച്ച് വെച്ച് നടന്നുപോകുന്ന അമ്മയെ നോക്കി ഒരുനിമിഷം ഇരുന്ന ശേഷം അരുണ്‍ അവന്‍റെ മുറിയിലേക്ക് പോയി.

അരുണ്‍ കുളിച്ചു ഉടുപ്പൊക്കെ മാറി വന്നപ്പോഴേക്കും അമ്മ അവനുള്ള ചായയും, പലഹാരവും തീന്മേശയില്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നു.

"അമ്മെ, ഉച്ചക്കെന്നെ അച്ഛന്‍ വിളിച്ചിരുന്നു. ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോ ഇവിടാരും എടുത്തില്ലെന്ന് പറഞ്ഞാ വിളിച്ചേ. അമ്മ എവിടെപ്പോയിരുന്നു ,കുളിക്കുവാരുന്നോ ?" കാപ്പി കുടിച്ചു കൊണ്ട് അവന്‍ അമ്മയെ നോക്കി ചോദിച്ചു.

"ഞാനൊന്നു മെഡിക്കല്‍ ഷോപ്പ് വരെ പോയതായിരുന്നു. ഞാന്‍ വന്ന ശേഷം അച്ഛന്‍ വീണ്ടും വിളിച്ചിരുന്നു"

കാപ്പികുടി കഴിഞ്ഞപ്പോള്‍ അവന്‍ ടീവി ഓണാക്കി സോഫയില്‍ കിടന്നു.

കോളേജ് വിട്ടു വന്നാല്‍ ഒരു മണിക്കൂര്‍ ടീവി , പിന്നെ എട്ടര വരെ പഠിത്തം, അത്താഴം , ഉറക്കം - അതാണ്‌ അരുണിന്‍റെ പതിവ്.

സാധാരണ കൌമാരക്കാരെപ്പോലെ അനാവശ്യ കൂട്ടുകെട്ടുകളോ, കറക്കമോ ഒന്നും അവനില്ല.

അതിനു കാരണവുമുണ്ട്, അവന് ഓര്‍മ്മവച്ചനാള്‍ മുതലേ അവന്‍റെ അച്ഛന്‍ വിശ്വനാഥന്‍ ദുബായിലാണ്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അവധിക്ക് നാട്ടില്‍ വന്നശേഷം തിരിച്ചു പോയതേയുള്ളൂ അച്ഛന്‍.

വീട്ടില്‍ അമ്മയും അവനും മാത്രമേയുള്ളൂ, അവനോരുപാടിഷ്ടമാണ് അമ്മയെ.

ടീവിയില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുകയാണ്.

അരുണ്‍ ഏറെ താല്പര്യത്തോടെ ടീവിയിലേക്ക് കണ്ണും നട്ടു സോഫയില്‍ കിടക്കുമ്പോള്‍ സരസ്വതി വന്നു അവന്‍റെ തലക്കരുകിലായി വന്നിരുന്നു.

അവന്‍ ടീവിയില്‍ നിന്ന് മുഖം തിരിക്കാതെ തന്നെ തല അല്‍പ്പം ഉയര്‍ത്തി. സരസ്വതി അല്‍പ്പം നീങ്ങിയിരുന്നുകൊണ്ട് അവന്‍റെ ശിരസ്സെടുത്തു തന്‍റെ മടിയില്‍ വച്ച് അവന്‍റെ സമൃദ്ധമായ കറുത്തു നീണ്ട മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അവന്‍റെ മുഖത്തെക്കുറ്റു നോക്കിയിരുന്നു.

അപ്രതീക്ഷിതമായി ഒരു വെള്ളത്തുള്ളിയുടെ തണുപ്പ് തന്‍റെ മുഖത്തനുഭവപ്പെട്ടപ്പോഴാണ് അരുണ്‍ അമ്പരപ്പോടെ മുഖം ഉയര്‍ത്തി നോക്കിയത് - അമ്മ കരയുന്നു !

"എന്താമ്മേ ?" ചാടിയെഴുന്നെറ്റ്‌ അമ്മയുടെ മുഖം കൈക്കുമ്പിളിലാക്കിക്കൊണ്ട് അവന്‍ ചോദിച്ചു.

"മോനോടമ്മക്കൊരു കാര്യം പറയാനുണ്ട്. മോന് വിഷമം ആകുമെങ്കില്‍ അച്ഛനോടും, അമ്മയോടും മോന്‍ ക്ഷമിക്കണം"

"എന്താമ്മേ, കാര്യം പറയ്‌ " അവന്‍റെ ശബ്ദത്തില്‍ അക്ഷമയുണ്ടായിരുന്നു.

"അത്,അത്........ അമ്മ ഗര്‍ഭിണിയാണ്" സരസ്വതി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

ഒരുനിമിഷം അരുണ്‍ നിര്‍വ്വികാരതയോടെ ചലനമറ്റിരുന്നു.

"ഛെ" അവന്‍റെ ചുണ്ടുകള്‍ ഉരുവിട്ട വാക്ക് സരസ്വതിയുടെ നെഞ്ചില്‍ നീറുന്ന ഒരു പിടച്ചിലായി വന്നു വീണു.

"മോനെ" അവര്‍ പതറുന്ന ശബ്ദത്തില്‍ വിളിച്ചു കൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു.

"ഛെ, ഞാനിനി എന്‍റെ ഫ്രണ്ട്സിന്‍റെയൊക്കെ മുഖത്തെങ്ങനെ നോക്കും" ബലമായി അമ്മയുടെ കൈപിടിച്ചു മാറ്റിക്കൊണ്ട് അവന്‍ സ്വന്തം മുറിയിലേക്ക് നടന്നു പോയി കതകു വലിച്ചടച്ചു.

രാത്രി അത്താഴം കഴിക്കാനായി സരസ്വതി ഏറെ നേരം വാതിലില്‍ തട്ടിയെങ്കിലും അരുണ്‍ കതകുതുറക്കുകയോ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തില്ല.

പിറ്റേന്ന് രാവിലെ സരസ്വതി കാപ്പിയെടുത്തു വച്ചെങ്കിലും തിരിഞ്ഞു പോലും നോക്കാതെ , ടിഫിന്‍ ബോക്സ് എടുക്കാതെ ദേഷ്യത്തോടെ അരുണ്‍ ഇറങ്ങിപ്പോയി. സരസ്വതി നിറഞ്ഞ കണ്ണുകളോടെ പ്രാതല്‍ വിളമ്പി വച്ച പാത്രത്തിലേക്ക് നോക്കി ഇരുന്നു. അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ അണപൊട്ടിയോഴുകി.

ഉച്ചക്ക് ബ്രേക്ക് ടൈമില്‍ കാന്റീനില്‍ നിന്ന് ഊണ് കഴിച്ച ശേഷം കൂട്ടുകാരോട് സംസാരിച്ച് കൊണ്ട് നില്‍ക്കവേയാണ് അരുണിന്‍റെ സെല്‍ഫോണിലേക്ക് വിശ്വനാഥന്‍റെ വിളി വന്നത്.

ആദ്യം അവന് തോന്നിയത് കഠിനമായ ദേഷ്യമാണ് - അവന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് കൊണ്ട് കൂട്ടുകാര്‍ക്കിടയില്‍ നിന്ന് ഒഴിഞ്ഞ ഒരിടത്തേക്ക് നടന്നു മാറി.

അവന്‍റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

അച്ഛന്‍ ഇനിയും വിളിക്കുമെന്ന് അവനുറപ്പായിരുന്നു - അതുപോലെ തന്നെ വീണ്ടും വിശ്വനാഥന്‍റെ കോള്‍ വീണ്ടും വന്നു. ഇത്തവണ മനസ്സില്ലാമനസ്സോടെ അവന്‍ ഫോണ്‍ എടുത്തു.

"ഹലോ മോനെ" ആര്‍ദ്രമായ ശബ്ദത്തില്‍ അച്ഛന്‍ വിളിച്ചു.

"ഉം" അവന്‍ ഒന്ന് മൂളുക മാത്രം ചെയ്തുള്ളൂ.

"മോന്‍ അച്ഛനോടും,അമ്മയോടും പിണക്കാ ?"

അവന്‍ ഒന്നും മിണ്ടിയില്ല. പക്ഷെ അവന്‍റെ മനസ്സ് ആയിരക്കണക്കിന് കാതങ്ങള്‍കലെയിരുന്ന്‍ അച്ഛന്‍ കണ്ടു.

"മോനെ അരുണ്‍, നീ വേണമെങ്കില്‍ അച്ഛനെ വെറുത്തോളൂ, പക്ഷെ ഒരിക്കലും നിന്‍റമ്മയെ വെറുക്കരുത് - കാരണം അത്രയ്ക്ക് സ്നേഹാ നിന്‍റമ്മക്ക് മോനോട് ."

അവന്‍റെ എന്തെങ്കിലും ഒരു മറുപടിക്ക് ഒരുനിമിഷം കാത്തുനിന്ന ശേഷം വിശ്വനാഥന്‍ തുടര്‍ന്നു.

"നിന്‍റെ അമ്മക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു, അച്ഛന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടാ മോനെ. അമ്മക്ക് നിന്നോടുള്ള സ്നേഹം പകുത്തു പോകുമെന്ന ഭയമായിരുന്നു. പക്ഷെ നിനക്കൊരു അനിയനോ, കുഞ്ഞിപ്പെങ്ങളോ വേണ്ടേ. ഇത്രയും വൈകിപ്പോയത് എന്‍റെ തെറ്റ്"

"മ്" അരുണ്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

വിശ്വനാഥന്‍ ഫോണിലൂടെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

വൈകിട്ട് അരുണ്‍ വീട്ടിലെത്തി പതിവുപോലെ കോളിംഗ് ബെല്‍ അടിച്ചിട്ടും അമ്മ വന്നു വാതില്‍ തുറന്നില്ല.

അരുണ്‍ മെല്ലെ പിടിച്ചു തള്ളിയപ്പോള്‍ വാതില്‍ തുറന്നു.

സ്വീകരണമുറിയിലോ അടുക്കളയിലോ അമ്മയെ കാണാതെ അവന്‍ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ കട്ടിലില്‍, എതിര്‍ദിശയിലേക്ക് തിരിഞ്ഞു കിടക്കുന്ന അമ്മ.

അവന്‍റെ കാല്‍പ്പെരുമാറ്റം തിരിച്ചറിഞ്ഞപ്പോള്‍ അമ്മയോന്നിളകിക്കിടന്നു.

അവന്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് അമ്മയെ നോക്കി - അമര്‍ത്തിപ്പിടിച്ച് വിങ്ങിപ്പൊട്ടി കരയുന്നപോലെ അമ്മയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.

അരുണ്‍ മെല്ലെ കൈകള്‍ നീട്ടി അമ്മയുടെ കാലുകളില്‍ തൊട്ടു , പിന്നെ ആര്‍ദ്രമായി മെല്ലെ വിളിച്ചു "അമ്മേ"

ഒരു ഞെട്ടലോടെ സരസ്വതി തിരിഞ്ഞു നോക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന അരുണിനെ കണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സരസ്വതി അവന്‍റെ മുഖത്തേക്ക് നോക്കി.

തൊട്ടടുത്തിരുന്ന് മെല്ലെ അവന്‍റെ തലമുടിയിലൂടെ വിരലുകള്‍ ഓടിച്ചു.

വിതുമ്പുന്ന ചുണ്ടുകളോടെ അവന്‍റെ നെറ്റിയില്‍ ഉമ്മ വച്ചു.

പിന്നെ, ചൂണ്ടുവിരല്‍ കൊണ്ട് അവന്‍റെ കണ്ണുകളില്‍ നിന്നോഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകളഞ്ഞു.

"അമ്മെ മാപ്പ്,ഞാന്‍ ..." ഒരു എങ്ങലടിയോടെ അരുണ്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മറുപടി പറയാനാവാതെ സരസ്വതി ആനന്ദാശ്രുക്കളോടെ, അവനെ ചേര്‍ത്തു പിടിച്ച് ഉമ്മകള്‍ കൊണ്ട് മൂടുകയായിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top