Sunday, February 8, 2015

അമ്മിഞ്ഞ മധുരം

ഏതൊരു മനുഷ്യജീവിയും അവന്‍റെ ആയുസ്സില്‍ ഏറ്റവുമധികം ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രവൃത്തിയേതെന്നറിയാമോ ?

അമ്മയുടെ മുല കുടിക്കുകയെന്നതാണത് !

മുലകുടിക്കുന്ന കുഞ്ഞുങ്ങളെ നോക്കിയിരുന്നിട്ടുണ്ടോ ?

അത്രയും ശാന്തതയും സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഒരു മനുഷ്യന്‍റെ മുഖത്തു മറ്റൊരവസ്ഥയിലും കാണാന്‍ നിങ്ങള്‍ക്കു കഴിയില്ല, അത്രയും ദൈവികമായ ഒരു വരദാനമാണ് മുലപ്പാല്‍ !

എന്‍റെ ഇരട്ടക്കുട്ടികളായ റൈഹാനും അഷ്ജാനും മാര്‍ച്ചില്‍ രണ്ടുവയസ്സ് തികയും.

ഓഫീസിലെ സഹപ്രവര്‍ത്തകനായ റോണി ചേട്ടന്‍ നാട്ടില്‍ പോയി വന്നപ്പോള്‍ പ്രധാനമായും മറക്കാതെ കൊണ്ടുവരാനാവശ്യപ്പെട്ടത് കുട്ടികളുടെ മുലകുടി നിറുത്തുവാനുള്ള ചെന്ന്യായം ആണ്.

ഇന്നലെ റോണി ചേട്ടന്‍ ചെന്ന്യായം കൊണ്ടുവന്നു തന്നതില്‍ പിന്നെ സത്യം പറഞ്ഞാല്‍ എനിക്കും ഭാര്യക്കും വല്ലാത്തൊരു സങ്കടമായിരുന്നു മനസ്സില്‍. പൊന്നു മക്കളില്‍ നിന്ന്, അവരേറ്റവുമധികം ആസ്വദിക്കുന്ന ഒന്ന് തട്ടിത്തെറിപ്പിക്കുന്ന കര്യമോര്‍ത്തുള്ള ഒരു നേര്‍ത്ത കുറ്റബോധം.

ഇന്ന് സന്ധ്യക്ക്‌ ഞങ്ങള്‍ ചെന്ന്യായം പരീക്ഷിക്കാന്‍ തീരുമാനിച്ചു. പരീക്ഷണം എന്ന്‍ പറഞ്ഞത് ആലങ്കാരികമായല്ല, ചെന്ന്യായം അരച്ച് പുരട്ടിയാല്‍ കൂടുതല്‍ ആസ്വദിച്ചു മുലകുടിക്കുന്ന ചില കുട്ടിക്കുറുമ്പന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.

ഭാര്യ സെറ്റിയില്‍ വന്നിരുന്നപ്പോള്‍ പതിവുപോലെ റൈഹാന്‍ ഓടിവന്ന്‍ ഉമ്മിയുടെ മടിയിലേക്ക്‌ വലിഞ്ഞു കയറി. ആദ്യത്തെ അമ്മിഞ്ഞ വായില്‍ വച്ചതും പെട്ടെന്ന് തന്നെ മുഖം പിന്‍വലിച്ചു. ചെന്ന്യായത്തിന്‍റെ കയ്പ്പില്‍ മുഖം വക്രിപ്പിച്ച് "ഇത് തങ്ങള്‍ ജനിച്ചന്നു മുതല്‍ കുടിക്കുന്നതു തന്നെയല്ലേ, സാധനമൊന്നും മാറിപ്പോയിട്ടില്ലല്ലോ" എന്ന മട്ടില്‍ ആദ്യം അമ്മിഞ്ഞയിലേക്കും പിന്നെ ഭാര്യയുടെ മുഖത്തേക്കും സംശയത്തോടെ ഒന്ന് നോക്കി.

പിന്നെ അവളുടെ ചുണ്ടുകള്‍ തൊട്ടടുത്ത സ്ഥലം തേടിപ്പോയി. അവിടെയും സമാന അനുഭവം.

ജനിച്ചു മൂന്നാം മാസം മുതല്‍ സൗദി അറേബ്യയില്‍ ആണ് ജീവിക്കുന്നതെങ്കിലും ജനിച്ചത്‌ കേരളത്തില്‍ തന്നെയാണല്ലോ - മിന്നല്‍പ്പണിമുടക്കുപോലെ എന്തെങ്കിലും പ്രശ്നമായിരിക്കാം എന്ന ചിന്തയോടെയായിരിക്കണം അവള്‍ തല്‍ക്കാലം സമാധാനിച്ച് ഐപാഡില്‍ കളിച്ചു കൊണ്ടിരുന്ന ഇത്താത്തയുടെ കൂടെ അതില്‍ തോണ്ടാനായി ഓടിപ്പോയി. 

അപ്പോഴാണ്‌ ഇളയ ആള്‍ അഷ്ജാന്‍, അപ്രതീക്ഷിതമായി പെട്ടെന്നുണ്ടായ വേക്കന്‍സി കണ്ട് ലോട്ടറിയടിച്ച ഭാവത്തില്‍ ഓടിവന്നത്. അവളും മൂത്തവളുടെ അതെ ചേഷ്ടകളോടെ മനസ്സില്ലാമനസ്സോടെ ഗുഡ് ബൈ പറഞ്ഞിറങ്ങിപ്പോയി.

മക്കളെ - നിങ്ങളുടെ നഷ്ടത്തിന്‍റെ ആഴവും വേദനയും ഞങ്ങള്‍ മനസിലാക്കുന്നു, പക്ഷെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരവസാനമുണ്ടാകേണ്ടതുണ്ടെന്ന സത്യം ഈ കുരുന്നു പ്രായത്തില്‍ തന്നെ നിങ്ങളും പഠിച്ചു തുടങ്ങണം.

ചെന്ന്യായം പോലെ കയ്പ്പുള്ള സത്യങ്ങളെ മധുരമുള്ള ജീവിതാനുഭവങ്ങള്‍ക്കുള്ള കരുത്തുള്ള അടിത്തറയായി നിങ്ങള്‍ മാറ്റിയെടുക്കണം.


നിങ്ങളുടെ ജീവിതത്തിലൂടെ മാതാപിതാക്കളായ ഞങ്ങളുടെ ജീവിതവും ധന്യമായിത്തീരാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top