Friday, February 27, 2015

കാരണം

മാര്‍ച്ച് 5 ന് ഇളയകുട്ടികളായ റൈഹാന്‍റെയും അഷ്ജാന്‍റെയും പിറന്നാളാണ്.

മൂത്തവള്‍ ഹനാനും പുതിയ ഉടുപ്പ് വേണമെന്ന് പറഞ്ഞപ്പോഴാണ് സിറ്റി മാക്സില്‍ രണ്ടാഴ്ച മുന്‍പ് ഷോപ്പിംഗ് നടത്തിയപ്പോള്‍ കിട്ടിയ 60 റിയാല്‍ ഡിസ്കൌണ്ട് കൂപ്പണിന്‍റെ കാര്യമോര്‍ത്തത്.

"എന്നാപ്പിന്നെ സിറ്റിമാക്സില്‍ത്തന്നെ പോയേക്കാം." മൂന്നരയോടെ എല്ലാവരും ഒരുങ്ങി വീട്ടില്‍ നിന്നിറങ്ങി.

സിറ്റിമാക്സിലെത്തി. മോള്‍ക്ക്‌ ഫ്രോക്ക് മതി.

ഗേള്‍സ്‌ സെക്ഷന്‍ മൊത്തം തപ്പിയിട്ടും പത്തു വയസ്സുകാരിക്ക് പറ്റിയ ഒരൊറ്റ ഫ്രോക്ക് പോലും കണ്ടില്ല. ഞാന്‍ സെലക്റ്റ് ചെയ്ത രണ്ടുടുപ്പുകളാണെങ്കില്‍ മോള്‍ക്കും ഭാര്യക്കുമൊട്ട് തൃപ്തിയാകുന്നുമില്ല.

"നമുക്ക് -ന്നു വാങ്ങിക്കാന്നേ, അവിടെ നല്ല ഫ്രോക്ക് കിട്ടും" ഭാര്യ ബംഗാളി മാര്‍ക്കറ്റിലെ ഒരു കടയുടെ പേര് പറഞ്ഞു.

"അയ്യേ, അത് ലോക്കല്‍ കടയല്ലേ. തല്ലിപ്പൊളി സാധനമായിരിക്കും. ഇവിടന്നു തന്നെ വാങ്ങിയാല്‍ മതി" ഭാര്യയുടെയും മകളുടെയും ഇഷ്ടക്കേട് അവഗണിച്ച് ഞാന്‍ ഉടുപ്പുകളുമായി ബില്ലിംഗ് കൌണ്ടറിലേക്ക് നടന്നു.

മൊത്തം 90 റിയാല്‍. ഡിസ്കൌണ്ട് കൂപ്പണ്‍ കഴിച്ചു 30 റിയാല്‍, അറുപതു റിയാലിന് രണ്ടുടുപ്പുകള്‍ - കൊള്ളാം, ലാഭം തന്നെ !

വീട്ടിലേക്കു തിരിച്ചു വരുന്ന വഴി മോളുടെ മുഖം കടന്നാല്‍ കുത്തിയത് പോലെ.

"നീയെന്തിനാ ചിച്ചു ഇങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കണേ, രണ്ടും നല്ല ഉടുപ്പുകളല്ലേ ?" ഞാന്‍ ചോദിച്ചു.

ങേഹേ, അവളൊരു മൈന്‍ഡും ഇല്ല.

"എനിക്കിങ്ങനെ തന്നെ കിട്ടണം, ഞാനും പണ്ടിങ്ങനെ മൂശേട്ട സ്വഭാവമായിരുന്നു" ഞാന്‍ മകള്‍ കേള്‍ക്കാതെ ചിരിച്ചു കൊണ്ട് ഭാര്യയോട്‌ അടക്കം പറഞ്ഞു. ഭാര്യ നന്നായുള്ളൂ എന്ന മട്ടില്‍ കലിപ്പിച്ച് നോക്കി.

വീട്ടിലെത്തിയിട്ടും മകള്‍ ഒന്നും മിണ്ടാതെ മുഖം വീര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ പാക്കറ്റ് തുറന്ന്‍ ഉടുപ്പുകള്‍ രണ്ടും പുറത്തെടുത്തു നോക്കിക്കൊണ്ട്‌ പറഞ്ഞു.

"ഇതിനെന്താ കുഴപ്പം, രണ്ടും നല്ല അടിപൊളി ഉടുപ്പുകളാണല്ലോ."

അപ്പോഴാണ്‌ 2 എക്സ്ട്രാ ബട്ടണ്‍സ് വീതം ഒരു ഓരോ ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ഉടുപ്പുകളുടെ പ്രൈസ് ടാഗിനൊപ്പം കോര്‍ത്തിട്ടിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

"ഇത് കണ്ടോ ലോക്കല്‍ കടയില്‍ നിന്ന് വാങ്ങിയാലൊന്നും ഇതുപോലെ എക്സ്ട്രാ ബട്ടണ്‍സോന്നും ഉണ്ടാകില്ല. ഇതില്‍ നിന്നെന്തു മനസ്സിലാക്കാം ?"

'സിറ്റി മാക്സിലെ സാധനങ്ങള്‍ക്കൊക്കെ ക്വാളിറ്റി ഉള്ളത് കൊണ്ട്' എന്ന മറുപടി പ്രതീക്ഷിച്ചു നിന്ന എന്നെ പ്ലിംഗിച്ചു കൊണ്ട് എടുത്തടിച്ചതു പോലെ മകളുടെ മറുപടി പ്ലിംഗിച്ചു -


"ഇതിന്‍റെ ബട്ടണ്‍സ് പെട്ടെന്നിളകിപ്പോകുന്നത് കൊണ്ട്"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top