Friday, February 20, 2015

യക്ഷിയും ആങ്ങളയും

നായകന്‍ യൂറോപ്യന്‍ ക്ലോസറ്റിലിരിക്കുന്ന ഷോട്ടില്‍ തുടങ്ങുന്ന ഒരു ന്യൂജനറേഷന്‍ സിനിമയുടെ സെക്കണ്ട് ഷോ കഴിഞ്ഞു മടങ്ങും വഴി ShyamzZ PoPpiNs എന്ന്‍ പേരുള്ള ഫ്രീക്കന്‍ പയ്യന്‍ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു വഴിയിലായി.

വീട്, ബൈക്ക് തള്ളിയെത്താവുന്നതിലും ഒരുപാട് ദൂരെയായിരുന്നതിനാല്‍ അവന്‍ എണ്ണ വറ്റിയ പള്‍സര്‍ ശകടം റോഡ്‌സൈഡിലൊതുക്കി കാട്ടിലൂടെയുള്ള ഷോര്‍ട്ട് കട്ട്‌ വഴി നടക്കാന്‍ തുടങ്ങി.

അന്നൊരു അമാവാസിയായിരുന്നു.

ചില വട്ടന്മാരുടെ മൊബൈലിലെ റിംഗ് ടോണുകള്‍ പോലെ ഇടയ്ക്കിടെ പാതിരാക്കൊഴികള്‍ കൂവിക്കൊണ്ടിരുന്നു. അവന്‍ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിച്ചു കൊണ്ട് സധൈര്യം മുന്നോട്ടു നടന്നു.

"ഹാന്‍സുണ്ടോ ?" ഒരു കിളിനാദം, പിന്നില്‍ നിന്നാണ്. അവന്‍ നോക്കി.

വിസ്പറിന്‍റെ പരസ്യചിത്രത്തിലെ മോഡലിനെപ്പോലെ വെള്ള പാന്‍റും ടോപ്പും ധരിച്ച ഒരു സുന്ദരി.

"ഞങ്ങള്‍ ഫ്രീക്കന്മാര്‍ ഹാന്‍സ് പോലെയുള്ള നാസ്റ്റി തിംഗ്സോന്നും യൂസ് ചെയ്യാറില്ല. ആട്ടെ നിങ്ങളാരാ ?" - ShyamzZ PoPpiNs ചോദിച്ചു.

"ഞാനാണ് കള്ളിയങ്കാട്ടു നീലിയുടെ മകള്‍ - വരയങ്കാട്ടു ബ്ലൂവി"

"യു മീന്‍ യക്ഷി ?" ഫ്രീക്കന്‍ ചോദിച്ചു.

"അങ്ങനേം പറയാം"

"പണ്ടുമുതലേ ഏതെങ്കിലും യക്ഷിയെ കണ്ടുമുട്ടിയാല്‍ ചോദിക്കണം ചോദിക്കണം എന്ന് കരുതി നടന്നിരുന്ന ഒരു ഡൌട്ടുണ്ട്, ചോദിച്ചോട്ടെ ?"

"ഓഫ്കോര്‍സ്"

"നിങ്ങളുടെ മുന്‍ഗാമികള്‍ എന്തുകൊണ്ടാണ് വെറ്റില ചോദിക്കാതെ ചുണ്ണാമ്പ് മാത്രം ചോദിച്ചു കൊണ്ടിരുന്നത് ?"

"അത്രേ ഉള്ളൂ, അത് സിമ്പിളല്ലേ" ബ്ലൂവി തുടര്‍ന്നു "വെറ്റില വില കൂടുതല്‍ ആയതിനാല്‍ ആരും തരില്ല, ചുണ്ണാമ്പാകുമ്പോ അല്‍പ്പം തോണ്ടിയെടുത്തു തേച്ചുതന്നാല്‍ മതിയല്ലോ"

"ഓഹോ, അതാണല്ലേ കാര്യം. പക്ഷെ പിന്നെയും ഡൌട്ട്"

"എന്താ ?"

"യക്ഷികള്‍ സാരിയുടുക്കും എന്നാണല്ലോ ഞാന്‍ കേട്ടിരിക്കുന്നെ, നിങ്ങള്‍ ആണേല്‍ പാന്‍റും ടോപ്പും ആണല്ലോ ?"

"അതോ സാരിയുടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ അല്ലെ. പിന്നെ എന്നെപ്പോലെയുള്ള ന്യൂജനറേഷന്‍ യക്ഷികള്‍ക്ക് സാരിയുടുക്കാനൊന്നും അറിയത്തില്ല" യക്ഷി ചിരിച്ചു.

"ഓ പുവര്‍ യക്ഷി. നിങ്ങള്‍ ഈ കാലഘട്ടത്തില്‍ തന്നെയാണോ ജീവിക്കുന്നെ. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തരൂ. ഞാന്‍ സിമ്പിളായി സാരിയുടുക്കാന്‍ പഠിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അയച്ചു തരാം" ഫ്രീക്കന്‍ പറഞ്ഞു.

"നമ്പറോക്കെ തരാം. പക്ഷെ ഒരു കണ്ടീഷന്‍ , എന്നെപ്പിടിച്ചു കണ്ട വാട്സ് ആപ് ഗ്രൂപ്പിലോന്നും ചേര്‍ത്തേക്കരുത്" യക്ഷി നമ്പര്‍ കൊടുത്തു. ഫ്രീക്കന്‍ ഒരു വീഡിയോ ക്ലിപ്പ് അയച്ചു കൊടുത്തു.

"വോവ്, ഇത് നമ്മടെ സരിതേച്ചിയല്ലേ. ഞാന്‍ കുറെക്കാലമായി അന്വേഷിച്ചു നടന്ന സരിതേച്ചിയുടെ ആറാമത്തെ ക്ലിപ്പ്" യക്ഷി സന്തോഷം കൊണ്ട്തുള്ളിച്ചാടി.

"ഒഹ്, സരിത നായരെ അറിയുമോ ?"

"അറിയുമോന്നോ, നല്ല ചോദ്യം. സരിതെച്ചി ഞങ്ങള്‍ യക്ഷികളുടെ റോള്‍ മോഡലല്ലേ - കാണപ്പെട്ട ദൈവം" അതുപറയുമ്പോള്‍ ബ്ലൂവിയുടെ മുഖം ആരാധന മൂത്തു വിജ്രുംഭിച്ചു പണ്ടാരടങ്ങി.

"നിങ്ങള്‍ യക്ഷികള്‍ എന്നെപ്പോലെ അസമയത് വഴിനടക്കുന്ന ചെറുപ്പക്കാരുടെ ചോര കുടിക്കാറുണ്ടെന്നാണല്ലോ ഞാന്‍ കേട്ടിരിക്കുന്നത് ?" ഫ്രീക്കന്‍ ഉള്ളില്‍ ചെറിയ ഞെട്ടലോടെ ചോദിച്ചു.

യക്ഷി പൊട്ടിച്ചിരിച്ചു.

"എന്തെ ചിരിക്കുന്നെ ?"

"ഇപ്പൊ ചോരയൊന്നും കുടിക്കാറില്ല, കീടനാശിനി പേടിച്ചു ഫ്രൂട്ട് ജ്യൂസും കുടിക്കാറില്ല, പകരം ദാഹിക്കുമ്പോള്‍ ഒരുലിറ്റര്‍ ടാംഗ് കലക്കിക്കുടിക്കും. ഇക്കാലത്തെ ചെറുപ്പക്കാരുടെ ചോര എങ്ങനെ വിശ്വസിച്ചു കുടിക്കും. ഇന്നാളു ഞങ്ങളുടെ കൂട്ടത്തിലൊരു യക്ഷി ഒരുത്തന്‍റെ ചോര കുടിച്ച് ചുമച്ചു ചോരതുപ്പി നരകിച്ചാ ചത്തത്."

"അതെന്താ ?"

"അവനു എയ്ഡ്സായിരുന്നു. പിന്നെ ഇപ്പൊ അസമയത്ത് ചെറുപ്പക്കാര്‍ ഞങ്ങളുടെ ചോരയല്ലേ ഊറ്റിക്കുടിക്കുന്നെ"

"അതെങ്ങനെ ?"

"വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ കൂടി"

"നിങ്ങള്‍ കരിമ്പനയുടെ മുകളിലായിരിക്കുമല്ലേ താമസം ?" ഫ്രീക്കന്‍ ചുറ്റും നോക്കിക്കൊണ്ട്‌ ചോദിച്ചു. യക്ഷി വീണ്ടും അവന്‍റെ മണ്ടത്തരമോര്‍ത്തു പൊട്ടിച്ചിരിച്ചു.

"ഇന്നത്തെക്കാലത്ത് എവിഡാ ചെക്കാ കരിമ്പന ? ഞാന്‍ ദാ അതിന്‍റെ മുകളിലാ താമസം" ദൂരെയുള്ള മൊബൈല്‍ ഐഡിയയുടെ മൊബൈല്‍ടവറിലേക്ക് ചൂണ്ടിക്കൊണ്ട് യക്ഷി പറഞ്ഞു.

പെട്ടെന്ന് ഫ്രീക്കന്‍റെ കഴുത്തിലേക്കു അടുത്തു നിന്നിരുന്ന മരത്തില്‍ നിന്നെന്തോ വന്നു വീണു. തൊട്ടടുത്ത നിമിഷം ഫ്രീക്കന് അതിഭയങ്കരമായ ചൊറിച്ചില്‍ അനുഭവപ്പെട്ടു.

"ഷര്‍ട്ടൂരിക്കെ നോക്കട്ടെ, ചിലപ്പോ ചൊറിയമ്പുഴുവായിരിക്കും."

യക്ഷിയും ചൊറിയമ്പുഴുവും തമ്മിലുള്ള വല്ല സൈക്കോളജിക്കല്‍ മൂവും ആണോ എന്ന സംശയത്തോടെ യക്ഷിയെ തറപ്പിച്ചു നോക്കിക്കൊണ്ട് ഫ്രീക്കന്‍ ഷര്‍ട്ടൂരി.

"ഈ അടയാളം !" ഫ്രീക്കന്‍റെ കഴുത്തില്‍ കണ്ട അടയാളത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അമ്പരപ്പോടെ യക്ഷി ചോദിച്ചു.

"അത് ജന്മനാ ഉള്ളതാ. എന്‍റെ അച്ഛന്‍റെ കഴുത്തിലും ഉണ്ട് സെയിം അടയാളം"

"എന്താ നിന്‍റച്ഛന്‍റെ പേര് ?" യക്ഷി ചോദിച്ചു.

"പപ്പന്‍, കൌട്ട പപ്പന്‍ എന്ന് പറഞ്ഞാലേ അറിയൂ, ഫുള്‍ ടൈം കഞ്ചാവാ" ഫ്രീക്കന്‍ തെല്ലഭിമാനത്തോടെ പറഞ്ഞു.

യക്ഷി തലകറങ്ങി വീഴാതിരിക്കാന്‍ അടുത്ത് നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ചുറ്റിപ്പിടിച്ചു നിന്ന് ഒരഞ്ചാറു ദീര്‍ഘനിശ്വാസം വിട്ടു.

"എന്താ എന്തുപറ്റി ?" ഫ്രീക്കന്‍ കഴുത്തിലെ ചൊറിച്ചിലിന്‍റെ കാര്യമൊക്കെ മറന്നു യക്ഷിയോടു ചോദിച്ചു.

"അതൊരു കഥയാണ്‌, പറയാം" യക്ഷി ആ കഥ പറഞ്ഞു തുടങ്ങി.

"ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേപോലെ ഒരമാവാസി രാത്രിയില്‍. സെക്കന്‍റ് ഷോ സിനിമയും കഴിഞ്ഞിതിലേ നടന്നുപോയ ഒരു വഴിപോക്കനെ ഒരു യക്ഷി വശീകരിച്ചു. അന്ന് ഞാന്‍ താമസിക്കുന്ന മൊബൈല്‍ ടവര്‍ നിന്നിരുന്ന സ്ഥലത്തൊരു കരിമ്പനയായിരുന്നു. യക്ഷി അയാളെയും കൊണ്ട് അതിന്‍റെ മുകളില്‍ കയറി. ചോരകുടിക്കാനായി അയാളുടെ കഴുത്തില്‍ കടിച്ചത് മാത്രം ഓര്‍മ്മയുണ്ട്. പിറ്റേന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോപ്പോള്‍ അവള്‍ യക്ഷികളുടെ ആശുപത്രിയിലായിരുന്നു. അന്നവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത് യക്ഷി അമിതമായി കഞ്ചാവ് അടിച്ചു ബോധം കെട്ടതായിരുന്നെന്നാണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷം യക്ഷിയാ സത്യമറിഞ്ഞു - താന്‍ ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യം."

ഒന്ന് നിര്‍ത്തി നെടുവീര്‍പ്പിട്ടു കൊണ്ട് യക്ഷി തുടര്‍ന്നു. "ആദ്യമായി മനുഷ്യനില്‍ നിന്ന് ഗര്‍ഭം ധരിച്ച ആ യക്ഷിയെ യക്ഷിസമൂഹം കൈവെടിഞ്ഞു. പത്താം മാസം യക്ഷി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷെ പ്രസവത്തില്‍ യക്ഷി മരിച്ചു പോയി. ആ കുഞ്ഞാണ് ഞാന്‍ !"

ഫ്രീക്കന്‍ യക്ഷിക്കഥ കേട്ട് അന്തംവിട്ടു നിന്നു.

"അന്ന് താന്‍ കടിക്കും മുന്നേ അയാളുടെ കഴുത്തില്‍ ഇതേ അടയാളം കണ്ടതായി എന്‍റമ്മ അമ്മൂമ്മയോട് പറഞ്ഞിരുന്നു. അമ്മയെ നശിപ്പിച്ച ആ മനുഷ്യന്‍റെ പേരും കൌട്ട പപ്പന്‍ എന്നായിരുന്നു !"

"ചേച്ചി !" ഫ്രീക്കന്‍ വിളിച്ചു.

"അനിയാ" യക്ഷി അവനെ കെട്ടിപ്പിടിച്ചു.

"അച്ഛന്‍ കഞ്ചാവടിച്ചടിച്ചു മരിച്ചു പോയി. വീട്ടില്‍ അമ്മ മാത്രേ ഉള്ളൂ. ചേച്ചി എന്‍റെ കൂടെ വരൂ"

ഫ്രീക്കന്‍ യക്ഷിയെ നിര്‍ബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.


അധികം താമസിയാതെ ShyamzZ PoPpiNs പെങ്ങളെ ഒരു രാഷ്ട്രീയക്കാരന് വിവാഹം ചെയ്തു കൊടുത്തു. ശിഷ്ടകാലം അവര്‍ കട്ടും മോട്ടിച്ചും സുഖമായി ജീവിച്ചു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top