Wednesday, April 9, 2014

കഥ : വേശ്യ (ഭാഗം - 2)

"ഇത്രേം കാശൊക്കെ കൊടുത്തു മുറിയെടുത്തിട്ട് ഇങ്ങനെ കുടിച്ചോണ്ടിരുന്നാല്‍ മാത്രം മതിയോ ?"

എന്‍റെ ചോദ്യം കേട്ടയാള്‍ അല്‍പ്പം പ്രയാസപ്പെട്ടു വലിച്ചു തുറന്ന വിടര്‍ന്ന കണ്ണുകളോടെ കൌതുകഭാവത്തില്‍ എന്നെ നോക്കി.

"ഞാന്‍ നിന്നെ വെറുതെ കൂട്ടിക്കൊണ്ടു വന്നതാണ്. എനിക്ക് നിന്‍റെ ഒന്നും വേണ്ട, ഒന്നും." അയാള്‍ പുലമ്പി.

"അവസാനം കാശൊന്നും തരാതെ പറ്റിച്ചു വിട്ടെക്കരുത്" എന്‍റെ സംസാരം അയാളെ കൊപാകുലനാക്കിയെന്നു തോന്നുന്നു.

ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു കൊണ്ടയാള്‍ അലമാരക്കുള്ളില്‍ ഊരി തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും പേര്‍സെടുത്ത് എനിക്കുനേരെ വലിച്ചെറിഞ്ഞു. എന്‍റെ മാറില്‍ കൊണ്ട പേര്‍സ്‌ എന്‍റെ മടിയില്‍ വന്നു വീണു.

"എത്രയാ വേണ്ടതെന്നു വച്ചാ എടുത്തോ" വീണ്ടും കസേരയിലേക്ക് ചടഞ്ഞിരുന്നു കൊണ്ടയാള്‍ മുരണ്ടു.

ഞാന്‍ ഇരുന്നയിരിപ്പില്‍ ചെറുതായി ഇല്ലാതാവുന്നത് പോലെ എനിക്ക് . ഇത്ര നേരം, ഇത്രയും മാന്യമായി പെരുമാറിയ ഒരാളോട് അങ്ങനെ പറയെണ്ടിയിരുന്നില്ലെന്ന് മനസ്സ് പറഞ്ഞു.

ആത്മാഭിമാനം നഷ്ടപ്പെട്ട പുരുഷന്‍ മുറിവേറ്റ ചെന്നയയെപ്പോലെയാണ്, പ്രതികരണം ആളുകള്‍ക്കനുസരിച്ചു വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

ചിലര്‍ വേദനിപ്പിച്ചായിരിക്കും പകരം വീട്ടുക. ചിലര്‍ തോല്‍പ്പിച്ച്. മറ്റു ചിലരാകട്ടെ - സ്വയം വേദനിപ്പിച്ച്, നമുക്ക് തീര്‍ത്താല്‍ തീരാത്തത്ര വേദന പകര്‍ന്നു തരുന്നതിലൂടെയും.

"ഞാന്‍ പിന്നെ എടുത്തോളാം" ഞാന്‍ പേര്‍സ് അതേപോലെ തന്നെ മേശപ്പുറത്തേക്ക് തിരികെ വച്ചു. എന്‍റെ ശബ്ദത്തില്‍ നേര്‍ത്ത കുറ്റബോധമുണ്ടായിരുന്നു.

ഒന്നും പറയാതെ അയാള്‍ ഗ്ലാസ്സിലേക്ക്‌ അഞ്ചാമത്തെ പെഗ്ഗൊഴിച്ചു.

"മതി ,ഇനി കുടിക്കേണ്ട" ഞാന്‍ എഴുന്നേറ്റ് ചെന്ന് അയാളുടെ കയ്യില്‍ നിന്ന് ഗ്ലാസും കുപ്പിയും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.

"പ്ഫ ..നീയാരാടീ അതുപറയാന്‍ ?" എന്നെ അയാള്‍ ശക്തിയായി പിടിച്ചു തള്ളി.

അങ്ങനെയൊരു പ്രതികരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു - തള്ളലിന്‍റെ ശക്തിയില്‍ ഞാന്‍ നിലതെറ്റി തെറിച്ചു വീണു.

വീഴ്ചയില്‍ തല കട്ടിലിന്‍റെ പടിയില്‍ ശക്തിയായി ചെന്നിടിച്ചതുമൂലം എനിക്ക് ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി. കണ്ണുകള്‍ മേലേക്ക് മറിഞ്ഞു പോകുന്നു. ഞാന്‍ എഴുന്നേല്‍ക്കാനാവാതെ അവിടെത്തന്നെ കിടന്നു പോയി.

അങ്ങനെയൊക്കെ സംഭവിക്കുമെന്ന് അയാളും തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു, പെട്ടെന്നുള്ള ദേഷ്യത്തില്‍ ചെയ്തു പോയതായിരിക്കണം, അയാള്‍ പരിഭ്രമത്തോടെ ചാടിയെഴുന്നെറ്റ്‌ എന്‍റെയടുത്തെക്കോടി വന്നു.

അത്രയും നേരം കുടിച്ച മദ്യത്തിന്‍റെ ലഹരിയൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് ആവിയായതുപോലെ, ഞൊടിയിടയില്‍ അയാളുടെ മുഖത്തേക്ക് വീണ്ടും ഭൂമിയിലെ മനുഷ്യന്‍റെ അമ്പരപ്പും, കുറ്റബോധവും, നിസ്സഹായതയുമൊക്കെ വീണ്ടും വന്നു നിറഞ്ഞു.

പരിഭ്രമത്തോടെ അയാളെന്നെ കുലുക്കി വിളിച്ചു.

തെളിഞ്ഞ ബോധത്തിലും - വീഴ്ചയുടെ ഞെട്ടലിലും, തലയിടിച്ചതിന്‍റെ തരിപ്പിലും - ഒരു നിമിഷം, എന്ത് ചെയ്യണമെന്നറിയാതെ കിടന്നു പോയതാവണം ഞാന്‍.

അയാള്‍ മേശപ്പുറത്തിരുന്ന സോഡാക്കുപ്പിയില്‍ നിന്ന് അല്‍പ്പം ഉള്ളം കൈയിലെടുത്തു ശക്തിയായി എന്‍റെ മുഖത്തേക്ക് കുടഞ്ഞപ്പോള്‍ പൊടുന്നനെ ഞാന്‍ ഞെട്ടിയെഴുന്നെറ്റിരുന്നു.

ഒരു നിമിഷം - നഷ്ടപ്പെട്ട സ്ഥലകാലബോധം തിരിച്ചുകിട്ടിയ ഭാവത്തോടെ, ആദ്യമായി കാണുന്ന ഒരാളെപ്പോലെ ഞാനയാളെ തുറിച്ചു നോക്കി. അയാളുടെ മുഖഭാവം ആകുലതയില്‍ നിന്ന് ആശ്വാസത്തിന് വഴിമാറുന്നത്‌ ഞാന്‍ കണ്ടു.

തലയുടെ പിന്‍ഭാഗത്ത് ഒരു നേരിയ മരവിപ്പ് - ഞാന്‍ വലതുകൈ കൊണ്ട് അവിടെ മെല്ലെ അമര്‍ത്തി നോക്കി.

"ഞാന്‍, പെട്ടെന്ന്.. ക്ഷമിക്കണം... വേദനയുണ്ടോ ?...നമുക്ക് ഡോക്ടറെ കണ്ടാലോ ?"

പരസ്പരബന്ധമില്ലാതെ അയാള്‍ എന്തൊക്കെയോ പുലമ്പി.

"സാരമില്ല, എനിക്ക് കുഴപ്പമൊന്നുമില്ല"

ഞാന്‍ നിലത്തു കൈകുത്തി ആയാസപ്പെട്ട്‌ എഴുന്നെല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെന്‍റെ ഇരുകക്ഷങ്ങളിലൂടെയും കൈയിട്ടെന്നെ താങ്ങിയുയര്‍ത്തി കട്ടിലിലേക്കിരുത്തി.

ഉടന്‍ തന്നെ ഷോക്കടിച്ചത് പോലെ എന്‍റെ ശരീരത്തില്‍ നിന്ന് കൈകള്‍ പിന്‍വലിച്ചു കൊണ്ട്, ഞാന്‍ നേരെ ഇരിക്കുന്നെന്നു ഉറപ്പുവരുത്തിയ ശേഷം, അയാള്‍ വീണ്ടും കസേരയില്‍ പോയിരുന്നു.

"അല്ലെങ്കില്‍ തന്നെ എനിക്കിത് കിട്ടണം. വെറുമൊരു വേശ്യയായ എനിക്ക് നിങ്ങളെ ഉപദേശിക്കാനെന്ത് കാര്യം. നിങ്ങള്‍ എന്‍റെ ആരാണ് - നിങ്ങള്‍ കുടിച്ചു ചത്താല്‍ എനിക്കെന്ത്?"

ഞാന്‍ ആത്മഗതം പോലെ പറഞ്ഞ വാക്കുകള്‍ അയാളുടെ ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവിന്‍റെ ആഴം കൂട്ടിയെന്ന് തോന്നിപ്പിക്കും വിധത്തില്‍ കുറ്റബോധംകൊണ്ടയാളുടെ ശിരസ്സ് കുനിഞ്ഞു.

ഒഴിച്ചുവച്ച അഞ്ചാമത്തെ പെഗ് നിറഞ്ഞ ഗ്ലാസ് ഇരുകൈകളിലുമിട്ട് തിരിച്ചുകൊണ്ട് ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി.

"എന്‍റെ പേര് അജയന്‍.

പാലക്കാട് ഒരു വ്യാപാരിയാണ്.

വീട്ടില്‍, ഭാര്യ, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍.

എന്‍റെ വീട്ടില്‍ നിന്ന് കടയിലേക്ക് ബൈക്കില്‍ ഒരുമണിക്കൂര്‍ യാത്രയുണ്ട്.

വെളുപ്പിനെ പോയാല്‍ തിരികെ വരുന്നത് മിക്കവാറും ഒരുപാട് വൈകിയാവും.

മിക്കപ്പോഴും, ഉറക്കത്തിലല്ലാതെ ഞാനെന്‍റെ മകളെ കാണുന്നത് ആഴ്ചയിലൊരിക്കലാണ് .

പലപ്പോഴും ഞാന്‍ വരുമ്പോഴേക്കും ഭാര്യ കൂര്‍ക്കം വലിച്ചുറങ്ങിയിട്ടുണ്ടാകും.

ആദ്യമൊക്കെ ഞാന്‍ വരുന്നതുവരെ അവള്‍ അത്താഴം വിളമ്പി കാത്തിരിക്കുമായിരുന്നു.

പിന്നെപ്പിന്നെ വിളമ്പിവച്ച അത്താഴത്തിനരികെ മേശമേല്‍ തലചായ്ച്ച് അവളുറങ്ങുന്നുണ്ടാകും.

എന്നെ കാത്തിരിക്കാതെ പോയിക്കിടന്നുറങ്ങിക്കൊള്ളാന്‍ നിര്‍ബന്ധിച്ച് പറഞ്ഞത് ഞാനാണ്.

വീടിന്‍റെ ഒരു താക്കോല്‍ എന്‍റെ കയ്യില്‍ ഉള്ളതു കൊണ്ട് ഞാന്‍ അവരെ ശല്യപ്പെടുത്തെണ്ടെന്നു കരുതി വാതില്‍ തുറന്നകത്തു കയറും. ഭക്ഷണം മേശപ്പുറത്തു വിളമ്പി വച്ചിരിക്കുനന്നതെടുത്തു കഴിച്ചശേഷം, പാത്രം കഴുകി വച്ച് ഉറങ്ങുന്ന ഭാര്യയെ വിളിച്ചുണര്‍ത്താതെ കിടന്നുറങ്ങും."

ഇടക്കൊന്നു നിര്‍ത്തി അയാള്‍ ഗ്ലാസ്സിലെ മദ്യം അല്‍പ്പം കുടിച്ചു.

ഇന്നലെ രാവിലെ പതിവുപോലെ കടയിലെത്തിക്കഴിഞ്ഞപ്പോഴാണ് ഒരുകാര്യം ഓര്‍ത്തത് - കടയില്‍ സാധനങ്ങള്‍ സപ്പ്ളെ ചെയ്യുന്ന ഹോള്‍സെയിലുകാര്‍ക്ക് പണം കൊടുക്കേണ്ട ദിവസമായിരുന്നു - പണം വീട്ടില്‍ നിന്നെടുക്കാന്‍ മറന്നു പോയിരുന്നു.

ഇതിനോടകം അവരോടു ഒന്നുരണ്ടവധി പറഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ ഇന്നും കൊടുത്തില്ലെങ്കില്‍ അത് നാണക്കേടാണല്ലോ എന്ന ചിന്ത എന്നെ പിടികൂടി. ഉടനെ പോയിവരാമെന്ന കണക്കുകൂട്ടലില്‍ കട തുറക്കാതെ തന്നെ ഞാന്‍ വേഗം വീട്ടിലേക്കു തിരിച്ചു.

അവിടെയെത്തിയപ്പോള്‍ എട്ടുമണിയായിട്ടുണ്ടായിരുന്നു.

എഴരക്ക്‌ സ്കൂള്‍ ബസ്സ്‌ വരുമ്പോള്‍ മകള്‍ സ്കൂളിലേക്ക് പോകും. മകള്‍ പോയശേഷം, ചിലപ്പോള്‍ ഭാര്യ പിന്നെയും കുറച്ചുസമയം കൂടി കിടന്നുറങ്ങാറുണ്ട്‌.

അങ്ങനെയായെങ്കില്‍ അവളെ ഉണര്‍ത്തണ്ട എന്നുകരുതി ബെല്ലടിക്കാതെ തന്നെ ഞാന്‍ എന്‍റെ പക്കലുള്ള താക്കോലുപയോഗിച്ച് വീട്ടിനുള്ളില്‍ കയറാന്‍ നോക്കുമ്പോള്‍ വാതില്‍ അകത്തുനിന്നടച്ചു കുറ്റിയിട്ടിരിക്കുന്നതായിക്കണ്ടു.

ഞാന്‍ കോളിംഗ് ബെല്ലടിച്ചു.

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞാണ് ഭാര്യ വന്നു വാതില്‍ തുറന്നത്. എന്നെക്കണ്ടപ്പോള്‍ അവളുടെ മുഖം പൊടുന്നനെ പരിഭ്രമം കൊണ്ട് മാറിയത് ഞാന്‍ ശ്രദ്ധിച്ചു.

"എന്തുപറ്റി ജാനകി, സുഖമില്ലേ? എന്തിനാ വാതില്‍ കുറ്റിയിട്ടത്? ഞാന്‍ ചോദിച്ചു.

"ഏയ്‌, ഒന്നുമില്ല, മോള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കുറ്റിയിട്ടതാണ്. കിടക്കുകയായിരുന്നു, ചെറിയൊരു തലവേദന"

അവള്‍ അകത്തേക്ക് പോയി വീണ്ടും കിടക്കയില്‍ കയറിക്കിടന്നു.

ഞാന്‍ അടുത്തു ചെന്ന് നെറ്റിയില്‍ കൈവച്ചു നോക്കി - "പനിയോന്നുമില്ല, ഡോക്ടറുടെ അടുത്തു പോണോ ?" ഞാന്‍ ചോദിച്ചു.

"വേണ്ട, ഒന്ന് കിടന്നാല്‍ മാറിക്കൊള്ളും" അവളുടെ ശബ്ദത്തില്‍ എന്തോ ഒരുതരം നീരസമോ, ഭയമോ ഉണ്ടായിരുന്നു.

"നിങ്ങളെന്താ ഇപ്പൊ വന്നെ?" മുറിയിലെ അലമാര തുറന്നു ഞാന്‍ പണമെടുത്ത് എണ്ണിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു.

"ഞാന്‍ ഹോള്‍സെയില്‍കാര്‍ക്കു കൊടുക്കാനുള്ള പൈസ രാവിലെ കൊണ്ടോകാന്‍ മറന്നു" ഞാന്‍ മറുപടി പറഞ്ഞു.

പക്ഷെ അവളുടെ ചോദ്യം എന്‍റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ മുളപൊട്ടിച്ചു. ഞാന്‍ പോകുന്നെന്നു പറഞ്ഞു മുറിക്കു പുറത്തിറങ്ങി.

"വയ്യെങ്കില്‍ നീയെഴുന്നേറ്റു വരണ്ട, ഞാന്‍ വാതില്‍ പൂട്ടിയെക്കാം." എന്നുപറഞ്ഞുകൊണ്ട് ഞാന്‍ വേഗം പോയി അടുക്കള വാതിലിന്‍റെ കുറ്റി ഊരിയിട്ട ശേഷം വേഗം മുന്‍വാതിലിലൂടെ പുറത്തേക്കിറങ്ങി പുറമേനിന്നു പൂട്ടി വണ്ടിയെടുത്ത് ഓടിച്ചു പോയി.

ജാനകി, ജനല്‍ കര്‍ട്ടന്‍ നീക്കി ഞാന്‍ പോയെന്നുറപ്പുവരുത്തുന്നത് റിയര്‍വ്യൂ മിററിലൂടെ ഞാന്‍ വ്യക്തമായി കണ്ടു.

ഏകദേശം ഒരു പത്തുമിനിറ്റിനകം ഞാന്‍ തിരികെ ചെന്നു.

ബൈക്ക് വീടിനു പുറത്തു വച്ച് ഞാന്‍ ശബ്ദമുണ്ടാക്കാതെ പിന്‍ഭാഗത്തൂടെ അടുക്കളവാതില്‍ തുറന്നകത്തു കയറി.

മെല്ലെ നടന്ന് കിടപ്പുമുറിയുടെ മുന്നിലെത്തിയപ്പോള്‍ അകത്തുനിന്നു അടക്കിപ്പിടിച്ച സംസാരം കേട്ടു. പെട്ടെന്ന് ഞാന്‍ വാതില്‍ തള്ളിത്തുറന്നു,

എന്നെക്കണ്ടതും കിടക്കയില്‍ ആലിംഗനബദ്ധരായി കിടന്നിരുന്ന എന്‍റെ ഭാര്യയും, ഒരു ചെറുപ്പക്കാരനും ഞെട്ടിയെഴുന്നേറ്റു. ഞാന്‍ അയാളെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല

വെപ്രാളത്തോടെ ചാടിപ്പിടഞ്ഞെഴുന്നേറ്റ്, ഊരിയിട്ടിരുന്ന ഷര്‍ട്ട് എങ്ങനെയൊക്കെയോ തപ്പിയെടുത്ത്, അയാള്‍ മുറിക്കു പുറത്തിറങ്ങിപ്പോയി.

എന്‍റെ മുന്നില്‍ അഴിഞ്ഞുലഞ്ഞ മുടിയോടെ, വാരിപ്പിടിച്ച സാരികൊണ്ട് നാണം മറച്ച് തലതാഴ്ത്തി നില്‍ക്കുന്ന അവളുടെ മുഖത്തേക്ക് ഒന്നും പറയാതെ ക്രുദ്ധനായി കുറെ നേരം ഞാന്‍ നോക്കി നിന്നു.

ഒരു ബ്രീഫ് കേസില്‍ ഏതാനും വസ്ത്രങ്ങള്‍ കുത്തിനിറച്ച് പുറത്തേക്കിറങ്ങുമ്പോള്‍, എങ്ങനെ പുറത്തുചാടുമെന്ന ചിന്താക്കുഴപ്പത്തോടെ ഭയന്നുവിറച്ചു സീകരണമുറിക്കുള്ളില്‍ വെപ്രാളപ്പെട്ട് നിന്നിരുന്ന ചെറുപ്പക്കാരന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.

ബഹളം വച്ച് ആളെക്കൂട്ടുമെന്നോ, കുറഞ്ഞപക്ഷം ഞാന്‍ മുഖമടച്ച് ഒരടിയെങ്കിലും നല്‍കുമെന്നോ പ്രതീക്ഷിച്ച് , എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന ആശ്ചര്യത്തോടെ, പിന്നിലയാള്‍ ഞാന്‍ പോകുന്നത് നോക്കി നിന്നു കാണണം.

ബൈക്ക് പാലക്കാട് സ്റ്റാന്‍ഡില്‍ വച്ചശേഷം അവിടന്ന് ത്രുശൂരേക്ക് വണ്ടികയറി. ഇനിയെന്തെന്ന് തീരുമാനിക്കാനാവാതെ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് നിന്നെ കണ്ടത്.

പൊടുന്നനെ മനസ്സൊരു വിചിത്രമായ തീരുമാനമെടുത്തു - ഞാന്‍ എന്നെക്കാള്‍ സ്നേഹിച്ചിട്ടും നിഷ്കരുണം എന്നെ വഞ്ചിച്ച എന്‍റെ ഭാര്യയോട്‌ പകതീര്‍ക്കാന്‍ എന്‍റെ മനസ്സ് കണ്ടുപിടിച്ച ഭ്രാന്തമായ പ്രതികാരമാര്‍ഗ്ഗം.

അവള്‍ ഒരന്യപുരുഷനുമായി കിടക്ക പങ്കിട്ടപോലെ ഞാനും ഒരന്യസ്ത്രീയുമായി ബന്ധപ്പെടുക. എന്നിട്ടക്കാര്യം അവളെ അറിയിക്കുക. അവളുടെ കുറ്റബോധം കലര്‍ന്ന നിസ്സഹായമായ മുഖത്തുനോക്കി അട്ടഹസിച്ചു ചിരിക്കുക.

പക്ഷെ ഇവിടെക്കു വന്നു കയറിയ ഉടനെ ഒരു കോള്‍ വന്നില്ലേ ? - അതവളായിരുന്നു.

ഫോണിലൂടെ മാപ്പ് പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു.

ഇനിയൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും , നമ്മുടെ മോളെ ഓര്‍ത്തെങ്കിലും ക്ഷമിക്കണമെന്നും അവള്‍ കരഞ്ഞു പറഞ്ഞപ്പോള്‍ ഒരുനിമിഷം ഞാനും ഒന്നുമറിയാത്ത എന്‍റെ പൊന്നുമോളെക്കുറിച്ചോര്‍ത്തു പോയി.

ചെയ്യാത്ത തെറ്റിന് അവളെന്തിനു ശിക്ഷിക്കപ്പെടണം ?

അങ്ങനെയാണ് - എന്തായാലും മുറിയെടുത്ത സ്ഥിതിക്ക് ഇന്നത്തെ ദിവസം മനസ്സിനെ സമാശ്വസിപ്പിക്കാന്‍ ആവോളം മദ്യപിച്ച് ഒരുദിവസം ഇവിടെ കഴിച്ചു കൂട്ടിയശേഷം നാളെ വീട്ടിലേക്കു മടങ്ങാമെന്ന് തീരുമാനിച്ചത്.

അക്കാര്യം പക്ഷെ അവളോട്‌ പറഞ്ഞില്ല - പറയാന്‍ എന്‍റെ അഭിമാനബോധം എന്നെ അനുവദിച്ചില്ല. അത്രയെങ്കിലും ശിക്ഷ കൊടുക്കാതിരിക്കാന്‍ - അത്രയെളുപ്പത്തില്‍ ക്ഷമിക്കാവുന്ന ഒരു തെറ്റല്ലല്ലോ അവളെന്നോട് ചെയ്തത് ?"

വിറയാര്‍ന്ന ശബ്ദത്തോടെ പറഞ്ഞു നിര്‍ത്തിയതും ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാള്‍ തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി.

ഒരു വലിയ മനുഷ്യന്‍ - അതും ഓരൊത്ത പുരുഷന്‍ - എന്‍റെ മുന്നിലിരുന്നിത്രയും നിസ്സഹായതയോടെ കരയുന്നത് ഞാനോരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരവസ്ഥയയിരുന്നു, എന്ത് ചെയ്യണം , അയാളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാനൊരു നിമിഷം പതറിപ്പോയി.

എട്ടു വര്‍ഷങ്ങളായി ഞാനീ തൊഴിലില്‍ ഇറങ്ങിയിട്ട് - ഇതിനോടകം പലതരം ആളുകളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ടായിരുന്നു - പണക്കാര്‍, ഉദ്യോഗസ്ഥര്‍, ദരിദ്രവാസികള്‍, പ്രായം ചെന്നവര്‍, കൌമാരം പിന്നിട്ടില്ലാത്തവര്‍, ശരീരം കൊണ്ട് ഒന്നിനും സാധ്യമല്ലാത്ത പടുവൃദ്ധര്‍ വരെ.

അവരില്‍ പലരും വിചിത്രമായി പെരുമാറുന്നവരായിരുന്നു -

ചിലര്‍ക്ക് സംസാരിക്കാന്‍ മാത്രമായിരുന്നു.

മറ്റുചിലര്‍ക്ക് വെറും ലൈംഗികാസക്തി തീര്‍ക്കല്‍ മാത്രം.

ചിലര്‍ക്ക് വേണ്ടത് സാന്ത്വനം ആയിരുന്നെങ്കില്‍ ചിലര്‍ ഉപദേശം തേടി വന്നു.

വേശ്യയെന്ന, കേട്ടുകേള്‍വി മാത്രമുള്ള അത്ഭുതജീവിയെ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം വന്നവരുണ്ട്.

ചിലര്‍ എന്‍റെ ജീവിത കഥ കേട്ട് കഥയെഴുതാന്‍ വന്നവര്‍.

മൊബൈല്‍ ഫോണ്‍ ഒളിച്ചുവച്ച് നീലച്ചിത്രം പിടിക്കാന്‍ വന്നവര്‍ വരെയുണ്ട് - പക്ഷെ ഇതുപോലെ ഒരനുഭവം ആദ്യമായിട്ടായിരുന്നു.

അയാള്‍ കൊച്ചുകുഞ്ഞിനെപ്പോലെ നിര്‍ത്താതെ കരയുകയാണ്.

എന്‍റെ കണ്ണുകളും ഈറനായി.

എനിക്കടുത്തു ചെല്ലണമെന്നുണ്ട് - അയാളുടെ ചുമലില്‍ കൈവച്ച് , തലമുടിയില്‍ തലോടി "സാരമില്ല, എല്ലാം ശരിയാകും" എന്നുപറഞ്ഞാശ്വസിപ്പിക്കണമെന്നുണ്ട്.

പക്ഷെ പലതവണ അതിനായോരുമ്പെട്ടിറങ്ങിയ മനസ്സിനെ ഞാന്‍ ഏറെ പ്രയാസപ്പെട്ടു നിയന്ത്രിച്ചു - അതിനൊക്കെ ഞാനര്‍ഹയല്ല. ഞാന്‍ വെറുമൊരു വേശ്യപ്പെണ്ണാണ് - മനസ്സ് കരയുമ്പോഴും പുറമേ ചിരിച്ച് ഇടപാടുകാരെ സന്തോഷിപ്പിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടവള്‍ - സാന്ത്വനമേകലല്ല - സുഖം പകര്‍ന്നു കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവള്‍. ഒഴുകുന്ന അരുവിപോലെ സ്വച്ഛവും ശുദ്ധവുമായ മനസ്സ് വേണ്ട - അടിഞ്ഞുകൂടിയ അഴുക്കുചാല്‍ പോലെയുള്ള ഒരു ശരീരം മാത്രമേ വേണ്ടൂ.

സ്വന്തം ഭാര്യ ഒരന്യ പുരുഷനോടൊപ്പം കിടന്നത് സഹിക്കാനാവാതെ അവരോടു പകവീട്ടാന്‍ വേണ്ടി മാത്രം എന്നെ സമീപിച്ച ആള്‍ക്ക്, മനസ്സില്‍ തിര തള്ളുന്ന രോഷത്തിലും , പ്രതികാരമൂര്‍ച്ഛയിലും സ്വന്തം മകളെയോര്‍ത്ത് എല്ലാം ക്ഷമിക്കാന്‍ മാത്രം മനസ്സില്‍ നന്മയുള്ളയാള്‍ക്ക് - ഞാനെന്ന ചീത്ത സ്ത്രീയുടെ സാന്ത്വനം പോലും എത്ര അസഹയനീയമായിരിക്കണം ?

എത്ര പെട്ടെന്നാണ് മനസ്സ് ദുര്‍ഗന്ധം വഹിക്കുന്ന ചിന്തകളുടെ ഒരു വിഴുപ്പുഭാണ്ഡമായി മാറിയത്.

മനസ്സിലെ ചിന്തകള്‍ക്ക് ദുഖത്തിന്‍റെ കനം വച്ചു തുടങ്ങിയപ്പോള്‍, ഹൃദയം അസഹനീയമായ വികാരതീവ്രതയില്‍ വെന്തുരുകിയപ്പോള്‍ ഒരു പ്രതികാരബുദ്ധിയോടെയെന്നോണം ഞാന്‍ എന്‍റെ ഗ്ലാസ്സില്‍ അവശേഷിച്ചിരുന്ന മദ്യം ഒരൊറ്റ വലിക്കു കുടിച്ചു തീര്‍ത്തു.

ഒരുന്മാദിനിയെപ്പോലെ ഗ്ലാസ്സില്‍ പാതിയോളം മദ്യം നിറച്ചു വെള്ളം ചേര്‍ക്കാതെ രണ്ടു തവണ കൂടി കുടിച്ചു.

മദ്യത്തിന്‍റെ വീര്യം തൊണ്ട കത്തിയിറങ്ങിയപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കിടക്കയിലേക്ക് മലര്‍ന്നു വീണു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top