Saturday, March 8, 2014

കഥ : സന്യാസിയുടെ താടിയും, ഉറുമ്പും !

പണ്ടൊരിടത്തോരിക്കല്‍ ഒരു സന്യാസിയുണ്ടായിരുന്നു.

പരമസാത്വികന്‍, കറകളഞ്ഞ അഹിംസാവാദി - നടക്കുന്ന വഴിയിലുള്ള പുല്‍ക്കൊടികളെ വേദനിപ്പിക്കാതിരിക്കുവനായി മെതിയടിപോലും ഉപേക്ഷിച്ചവന്‍.

കാലില്‍ മുള്ള് കൊണ്ടാല്‍ ആ മുള്ളിന് വേദനിച്ചോ എന്നോര്‍ത്ത് വിഷമിക്കുന്ന ശുദ്ധാത്മാവ്.

ഒരിക്കല്‍ ഒരു മരച്ചുവട്ടിലിരുന്നു തപസ്സു ചെയ്യവേ എങ്ങനെയോ സന്യാസിയുടെ താടിയില്‍ ഒരു ഉറുമ്പ് കടന്നുകൂടി.

വര്‍ഷങ്ങളുടെ പഴക്കമുള്ള താടിയാണ്‌ - ജട പിടിച്ച് ആകെ കെട്ടുപിണഞ്ഞത്.

അതിനിടയില്‍ നിന്നും ഉറുമ്പിനെ പിടിക്കാന്‍ പോയാല്‍ അത് ചത്തു പോയാലോ എന്ന് സന്യാസിക്കൊരു പേടി.

ഉറുമ്പിനെ സുരക്ഷിതനായി ഇറക്കിവിടാന്‍ എന്താണൊരു വഴി , സന്യാസി ചുറ്റും നോക്കിയപ്പോള്‍ അതാ ഒരു ഉറുമ്പിന്‍ കൂട്.

കൂടുതലൊന്നും ആലോചിക്കാതെ , താടിയില്‍ കയറിയ ഉറുമ്പ് ഇറങ്ങിപ്പോയ്ക്കോട്ടേ എന്ന് വിചാരിച്ച് അദ്ദേഹം താടി ആ ഉറുമ്പിന്‍കൂട്ടില്‍ വച്ചു കൊടുത്തു.

പിന്നത്തെ കഥ പറയണോ - കൂട്ടിലുള്ള ഉറുമ്പുകള്‍ തള്ളേം, പിള്ളേം, കുഞ്ഞും, കുട്ടീം എന്നുവേണ്ട എല്ലാം കൂടി സന്യാസിയുടെ താടിയിലേക്ക് കയറി തലങ്ങും വിലങ്ങും കടിതുടങ്ങി.

കടിയുടെ വേദനകൊണ്ട് "ഹൌഫ്...ശ്ശ്" എന്നൊക്കെ പറഞ്ഞു സന്യാസി തുള്ളാന്‍ തുടങ്ങി.

അവസാനം ഉറുമ്പുകളുടെ കടി സഹിക്കാന്‍ വയ്യാതെ എല്ലാത്തിനെയും തിരുമ്മി കൊല്ലേണ്ടി വന്നു.
______________________________________________________
ചിന്താവിഷയം : പറയാത്ത നിരുപദ്രവകാരിയായ ഒരു സത്യം, പറയാന്‍ നിര്‍ബന്ധിതമായിപ്പോയേക്കാവുന്ന ആയിരം കള്ളങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചേക്കും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top