Tuesday, April 8, 2014

കഥ : വേശ്യ - 1


അതിരാവിലെ ആയിരുന്നെങ്കിലും ഗുരുവായൂര്‍ നിന്ന് തൃശൂര്‍ക്കുള്ള പ്രൈവറ്റ് ബസില്‍ നല്ല തിരക്കുണ്ടായിരുന്നു.

തൃശൂര്‍ ബോര്‍ഡ് വച്ച് ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നു നിര്‍ത്തുമ്പോഴേ ഞാനവിടെ ഉണ്ടായിരുന്നതാണ് , എന്നിട്ടും തിക്കിത്തിരക്കി അകത്തുകയറിയപ്പോഴേക്കും സീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു.

ഏകദേശം മധ്യഭാഗത്തായി കുത്തനെയുള്ള കമ്പിയില്‍ ചാരി ഇടുപ്പ്, സൈഡ് സീറ്റില്‍ കൊള്ളിച്ചു കൊണ്ട് നിന്നു. ചിലപ്പോള്‍ തൃശൂര്‍ വരെ ഈ നില്‍പ്പ് നില്‍ക്കേണ്ടി വന്നേക്കും എന്നതുകൊണ്ടാണ് സ്ത്രീകളുടെ സീറ്റ് അവസാനിക്കുന്ന വരിയില്‍ ഈ സ്ഥലം തന്നെ നില്‍ക്കാനായി തിരഞ്ഞെടുത്തത്.

ഇനി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം ആളുകള്‍ കയറിക്കഴിഞ്ഞിട്ടും അരമണിക്കൂര്‍ കഴിഞ്ഞാണ് ബസ് എടുത്തത്.

ഇടക്ക് ചെറിയ കുണ്ടുകളില്‍ ചാടുമ്പോള്‍ ശരീരം മുന്നോട്ടാഞ്ഞു തിരികെ കമ്പിയില്‍ വന്നിടിച്ചു ചെറുതായി വേദനിക്കുന്നു - ഹൈവേയില്‍ കയറും വരെ അല്‍പ്പം ശ്രദ്ധിച്ചു നില്‍ക്കണം. പോരാത്തതിന് ഇന്നലത്തെ തലവേദനയും മുഴുവനായി വിട്ടുമാറിയിട്ടില്ല.

എന്നാലും "ആ തെണ്ടി" - അങ്ങനെതന്നെയാണ് വായില്‍ വന്നത് - എന്ത് പണിയാണ് കാണിച്ചത്.

ഇന്നലെ വൈകിട്ട് ശക്തന്‍ സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ടതാണ് അയാളെ. ഇതിനു മുന്‍പ് കണ്ടതായി ഓര്‍മ്മയില്ല.

വിലകൂടിയ ലിനന്‍ ഷര്‍ട്ടും, വെള്ള കസവുമുണ്ടും ആയിരുന്നു വേഷം.

നെറ്റിയിലേക്ക് കയറിത്തുടങ്ങിയ കഷണ്ടി മറക്കാന്‍ പരത്തി ചീകി വച്ച കറുത്ത നീളന്‍ മുടി. ഭംഗിയായി കത്രിച്ച കട്ടിമീശ. ക്ലീന്‍ ഷേവ് ചെയ്തു പച്ചനിറത്തില്‍ തിളങ്ങുന്ന താടി . കയ്യില്‍ സ്വര്‍ണ്ണത്തിന്‍റെ ബ്രേസ്ലെറ്റ്‌, കഴുത്തിലെ ചെറുവിരല്‍ വണ്ണമുള്ള സ്വര്‍ണ്ണമാല കാണുംവിധത്തില്‍ ഷര്‍ട്ടിന്‍റെ മുകളിലെ രണ്ടു ബട്ടണുകള്‍ തുറന്നിട്ടിരിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ കണ്ണഞ്ചിപ്പോയതു കൊണ്ട് റേറ്റ് പോലും പറഞ്ഞുറപ്പിക്കാതെയാണ് അയാള്‍ പറഞ്ഞ ബസ്സിലേക്ക് കയറിയത്.

കയറും മുന്നേ കയ്യിലിരുന്ന, ഇടത്തരം വലിപ്പമുള്ള ഒരു ബ്രീഫ് കേസ് എന്‍റെ കയ്യിലേക്ക് തന്നു. ഫാമിലിയാണെന്ന് തോന്നിപ്പിക്കാന്‍ പലരും പ്രയോഗിക്കുന്ന അടവാണത്. പക്ഷെ തൃശൂര്‍ ബസ്സ്റ്റാന്‍ഡില്‍ ബ്രീഫ് കേസില്‍ ഒളിച്ചാല്‍ പോലും എന്നെ തിരിച്ചറിയുന്ന മുഖങ്ങള്‍ ഒരുപാടുണ്ടെന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ചിരിച്ചുപോയി.

ഗുരുവായൂര്‍ക്കുള്ള ബസ്സായിരുന്നു അത്. ഏകദേശം മധ്യഭാഗത്തായി ജനലിനോട്‌ ചേര്‍ന്നുള്ള സീറ്റില്‍ എന്നെയിരുത്തി തൊട്ടടുത്തുതന്നെ അയാളും ഇരുന്നു.

പതിവില്ലാതെ നീലയില്‍ മഞ്ഞപൂക്കളുള്ള തീരെ വിലകുറഞ്ഞതല്ലാത്ത ഷിഫോണ്‍ സാരിയും അതിനു ചേരുന്ന കടുംനീല ബ്ലൌസും ആയിരുന്നു എന്‍റെ വേഷം.

ഇരുന്നപ്പോള്‍ തന്നെ അയാള്‍ ഇടതുകൈ എന്‍റെ തലക്കുപിന്നിലൂടെ നീട്ടി തോളിലിട്ടു. ഇടക്ക് എന്തോ സ്വകാര്യം പറയാനെന്നോണം, എന്‍റെ ചെവിക്കടുത്തെക്ക് മുഖം കൊണ്ടുവന്ന് ഞാന്‍ തലയിലണിഞ്ഞിരുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം നുകര്‍ന്നുകൊണ്ടിരുന്നു.

അപ്പോഴൊക്കെ ഞാന്‍ അയാളെ നോക്കി മന്ദഹസിച്ചു. അടുത്ത തവണ അയാള്‍ മുഖവുമായി വന്നപ്പോള്‍ ഞാന്‍ മന്ത്രിക്കും പോലെ ചോദിച്ചു "എന്താ പേര് ?"

മുല്ലപ്പൂകളുടെ ഗന്ധം ആവോളം വലിച്ചു കയറ്റി പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നെ നോക്കിയിരുന്നതല്ലാതെ അയാളൊന്നും തന്നെ പറഞ്ഞില്ല.

ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. ഒരു ടാക്സിയില്‍ കയറി - അയാള്‍ ഡ്രൈവറോട് ഏതോ ഒരു ഹോട്ടലിന്‍റെ പേര് പറഞ്ഞു.

ഒരു വലിയ ഹോട്ടലിനു മുന്നിലെ കാര്‍പോര്‍ച്ചില്‍ ടാക്സി വന്നു നിന്നു.

ഗുരുവായൂരില്‍ പല ഹോട്ടലുകളിലും ലോഡ്ജുകളിലും, പലരോടോപ്പവും, പലപ്പോഴും വന്നിട്ടുണ്ടെങ്കിലും ഇത്രയും മുന്തിയ ഈ ഹോട്ടലില്‍ ഇതിനു മുന്‍പ് വന്നിരുന്നില്ല.

"ജയചന്ദ്രന്‍, കൊട്ടക്കല്‍, മലപ്പുറം" അയാള്‍ ഹോട്ടല്‍ രജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ ഞാന്‍ ആകാംക്ഷയോടെ എത്തിനോക്കി. എന്‍റെ നോട്ടം കണ്ടു കൌതുകം തോന്നിയ മട്ടില്‍ റിസപ്ഷനിസ്റ്റ് എന്നെ നോക്കി ഉപചാരപൂര്‍വ്വം മന്ദഹസിക്കുന്നുണ്ടായിരുന്നു.

"എത്ര ദിവസം ഉണ്ടാകും സാര്‍ " റിസപ്ഷനിസ്റ്റ് ചോദിച്ചു.

"ഒരു ദിവസം, നാളെ രാവിലെ നടതുറക്കും മുന്നേ ഞങ്ങള്‍ വെക്കേറ്റ് ചെയ്യും."

ഒരുദിവസത്തെ വാടക അഡ്വാന്‍സായി കൊടുത്ത്, റിസപ്ഷനിസ്റ്റ് കൈമാറിയ മുറിയുടെ താക്കോല്‍ ചൂണ്ടുവിരലിലിട്ടു കറക്കിക്കൊണ്ട് അയാള്‍ ലിഫ്റ്റിനു നേരെ നടന്നു. കയ്യില്‍ ബ്രീഫ്കേസുമായി "മിസിസ് ജയചന്ദ്രന്‍" എന്ന ഞാന്‍ അയാളുടെ പിന്നാലെയും.

അപ്രതീക്ഷിതമായി സാമാന്യം വലിയ കുണ്ടില്‍ ചാടിയ ബസ് പെട്ടെന്ന് ബ്രെക്കിടുകയും ചെയ്തപ്പോള്‍ ഞാന്‍ പെട്ടെന്ന് മുന്നോട്ടാഞ്ഞു. തിരികെ നടു കമ്പിയില്‍ ഇടിക്കാതിരിക്കാന്‍ സാവധാനം കമ്പിയിലേക്ക് ചാരുമ്പോള്‍ പ്ലാസ്റ്റിക് ആവരണമുള്ള കമ്പിയുടെ സ്നിഗ്ദതക്ക് വിരുദ്ധമായി ഒരാളുടെ ചുരുട്ടിയ കൈപോലെ എന്തോ ആണ് എന്‍റെ പിന്‍ഭാഗത്ത് തടഞ്ഞത്. ഞാന്‍ മുന്നോട്ടാഞ്ഞു തിരിഞ്ഞു നോക്കി - ഇളിഞ്ഞ ചിരിയുമായി ഒരു ഞരമ്പുരോഗി.

കത്തുന്ന ഒരുനോട്ടത്തില്‍ കമ്പിയില്‍ പിടിച്ചിരുന്ന അയാളുടെ കൈ താനേ അയഞ്ഞു - അയാള്‍ കമ്പിയിലെ പിടുത്തം വിട്ടു അല്‍പ്പം നീങ്ങി നിന്നു.

വീണ്ടും ചാരിനിന്ന്‍ ഇന്നലത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ നഗ്നമായ ഇടുപ്പില്‍ എന്തോ ഇഴയുന്ന പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ വീണ്ടും അയാള്‍.

"തനിക്കെന്തു വേണം ?" അല്‍പ്പം ഉച്ചത്തില്‍ ആണ് ചോദിച്ചത്.

തൊട്ടടുത്തുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ ഒരു കള്ളച്ചിരിയോടെ അയാളെയും എന്നെയും മാറിമാറി നോക്കുന്നുണ്ട്. ചിലര്‍ "ഇവളെ മാത്രേ കിട്ടിയുള്ളൂടെ ?" എന്ന മട്ടില്‍ പുച്ഛത്തോടെ അയാളെ നോക്കുന്നു. അയാള്‍ ജാള്യത നിറഞ്ഞ ഒരിളിഞ്ഞ ചിരിയോടെ കുറച്ചു പിന്നിലേക്ക്‌ നീങ്ങിപ്പോയി.

"ഓരോരുത്തന്മാര്‍ കാലത്തെ ഇറങ്ങിക്കൊള്ളും മനുഷ്യരെ ശല്യം ചെയ്യാന്‍" കാഴ്ചയില്‍ മാന്യനെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍ അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയ ശേഷം എന്നെ നോക്കി ചിരിച്ചു. ഞാനും പേരിനു ചിരിച്ചെന്നു വരുത്തി.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്‍ഭാഗത്ത് വീണ്ടും ആരുടെയോ വിരലുകള്‍ ഇഴഞ്ഞു നടക്കുന്നു.

"വീണ്ടും തുടങ്ങിയോ, ഇയാള്‍ക്ക് കിട്ടിയാലേ മതിയാകൂ" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നേരത്തെ ചിരിച്ചു കാണിച്ച മാന്യന്‍.

എന്‍റെ മനസ്സിന്‍റെ അടിത്തത്തില്‍ ക്ഷമയുടെ നെല്ലിപ്പലക തെളിഞ്ഞു വന്നു.

"ചേട്ടാ, തോണ്ടി ബുദ്ധിമുട്ടണമെന്നില്ല, എവിടെയാ ഇറങ്ങെണ്ടാതെന്നു പറഞ്ഞാല്‍ മതി, ഇറങ്ങികൂടെ വരാം. എന്നിട്ട് താന്‍ എവിടെയാണെന്ന് വച്ചാല്‍ കൊണ്ടുപോയി ഇഷ്ടമുള്ളതെന്താന്നു വച്ചാല്‍ ചെയ്തോ - ഞാന്‍ റെഡിയാ"

അല്‍പ്പം മുന്‍പ് വരെ വര്‍ണ്ണങ്ങള്‍ വാരിവിതറി വിരാജിച്ചിരുന്ന അയാളുടെ മുഖം ഒറ്റനിമിഷം കൊണ്ട് ഒന്നുമെഴുതാത്ത കാല്‍പ്പായ കടലാസു പോലെ ശൂന്യമായി.

ബസ്സിലുണ്ടായിരുന്ന ആളുകള്‍ ഒരു വിചിത്രവസ്തുവിനെയെന്നോണം എന്നെ തുറിച്ചു നോക്കി. ബസ് ഇളകുമ്പോള്‍ എന്നെ അറിയാതെ ഇടയ്ക്കിടെ മുട്ടിനിന്നിരുന്ന ഒരു വൃദ്ധന്‍ കൈയെത്തിച്ചാലും തൊടാനാവാത്തത്ത്ര അകലത്തിലേക്ക് നീങ്ങി നിന്നു.

അതുവരെ എനിക്കുവേണ്ടി കുശുകുശുത്തവരും വാദിച്ചവരും ഞാന്‍ കേള്‍ക്കത്തക്ക വിധത്തില്‍ തന്നെ എന്നെനോക്കി"തേവിടിശ്ശി"യെന്നു പരസ്പരം മന്ത്രിച്ചു.

എനിക്കുറക്കെ വിളിച്ചു പറയാന്‍ തോന്നി - "ഞാനൊരു വേശ്യയാണ്, സമ്മതിക്കുന്നു. പക്ഷെ അതിനര്‍ത്ഥം ആര്‍ക്കും എപ്പോഴും തോണ്ടാനും, പിടിക്കാനും, മാന്താനും ഒക്കെയുള്ള ഒരു പൊതുമുതലാണ് ഞാനെന്നാണോ. വയറ്റിപ്പിഴപ്പിനാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത് , പക്ഷെ എന്നെത്തെടിയെത്തുന്ന മാംസദാഹികള്‍ എപ്പോഴും സമൂഹത്തിനു മുന്നില്‍ നല്ലവരാകുകയും ഞാന്‍ മാത്രം നീചയും നിക്രുഷ്ടയുമാകുകയും ചെയ്യുന്നതെന്തു കൊണ്ടാണ് ?"

എന്‍റെ മനസ്സില്‍ രോഷം തിളച്ചു മറിയുന്നുണ്ടായിരുന്നു.

ഞാന്‍ ചാരിനിന്നിരുന്ന സീറ്റില്‍ ഇരുന്നിരുന്ന വൃദ്ധദമ്പതികള്‍ ഇറങ്ങാനായി എഴുന്നേറ്റു. ജനറല്‍ സീറ്റായിരുന്നിട്ടും ഞാന്‍ ജനലിന്നടുത്തെക്ക് മാറിയിരുന്നിട്ടും, സ്ത്രീകള്‍ അടക്കം ആരും ഒഴിഞ്ഞു കിടന്ന എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നില്ല.

ചിലരൊക്കെ ഒരു നിക്സൃഷ്ടജീവിയെയെന്നോണം ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ടു നോക്കി. എന്‍റെ കണ്ണുകളുമായി ഇടയേണ്ട ഘട്ടത്തില്‍ അവര്‍ താല്‍പര്യക്കുറവോടെയെന്നോണം കണ്ണുകള്‍ പുറത്തെ കാഴ്ചകളിലേക്ക് പിന്‍വലിച്ചു.

പക്ഷെ സമൂഹത്തിനു മുന്നില്‍ ഉണര്‍ന്നെഴുന്നെല്‍ക്കാനാവാതെ ഞെരിപിരികൊള്ളുന്ന ക്രൂരനായ ഒരു ചെന്നായയുടെ വികൃതമുഖത്തിന്‍റെ നിരാശ അവരുടെ ഉള്ളില്‍ അലയടിക്കുന്നുണ്ടെന്നെനിക്കറിയാമായിരുന്നു.

"ഇവിടെ ഇരുന്നോളൂ അമ്മച്ചി" സീറ്റിനടുത്ത്‌ നില്‍ക്കുന്ന പ്രായം ചെന്ന സ്ത്രീയെ ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ചു.

അവര്‍ മറുപടി പറയാതെ എന്തോ പിറുപിറുത്തുകൊണ്ട് അല്‍പ്പം അകലേക്ക്‌ നീങ്ങി നിന്നു.

"ആ ഇരിക്കണ്ടേല്‍ ഇരിക്കണ്ട" ഞാന്‍ ചിന്തകളെ തലേ രാത്രിയിലേക്ക്‌ കെട്ടഴിച്ച് വിട്ടു.

സാധാരണ ക്ലയന്റ്റ്സിനെപ്പോലെയെ ആയിരുന്നില്ല അയാള്‍ - ലിഫ്റ്റില്‍ വച്ച് , ഞങ്ങള്‍ രണ്ടാളും മാത്രം തനിച്ചായിരുന്നിട്ടും - എന്നെയൊന്നു ആര്‍ത്തിയോടെ നോക്കിയത് പോലുമില്ല. പകരം എന്തോ ഒരു അസ്വഭാവീകത ഓരോ ചലനത്തിലും ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ഓരോനിമിഷവും അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

മുറിയില്‍ കയറി കതകു കുറ്റിയിട്ടു കഴിഞ്ഞയുടനെ അയാളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

വിളിച്ച നമ്പര്‍ കണ്ടപ്പോള്‍ അയാളുടെ മുഖം വിവര്‍ണ്ണമായത് ഞാന്‍ ശ്രദ്ധിച്ചു. കൂടുതലാലോചിക്കാതെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷെ അയാളുടെ മനസ്സ് സംഘര്‍ഷഭരിതമായിരുന്നെന്ന്‍ മുഖത്തു വലിഞ്ഞു മുറുകിയ മാംസപേശികള്‍ എന്നോട് വിളിച്ചു പറഞ്ഞു.

അടുത്ത നിമിഷം വീണ്ടും ഫോണ്‍ ശബ്ദിച്ചു.

ഇത്തവണ ഫോണെടുത്തു അയാള്‍ ദേഷ്യത്തോടെ "ഹലോ" പറഞ്ഞു. അപ്പുറത്ത് നിന്നുള്ള ആള്‍ എന്തോ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ - "ഞാന്‍ നിന്നോട് പറഞ്ഞില്ലേ, എനിക്കൊരു വിഷമവും ഇല്ല, എനിക്ക് നിന്നോടോന്നും സംസാരിക്കാനും ഇല്ല. എന്നെ ശല്യപ്പെടുത്തരുത്- പ്ലീസ്" എന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തശേഷം സ്വിച്ച് ഓഫാക്കി മേശപ്പുറത്തേക്കിട്ടു.

റൂം ബോയിയെ വരുത്താന്‍ ബെല്ലടിച്ചു.

അവന്‍ വരാന്‍ കാത്തിരിക്കുമ്പോള്‍ അയാളെന്നോട് ചോദിച്ചു "നീ മദ്യപിക്കുമോ ?"

"ഉം" ഞാന്‍ തലയാട്ടി.

"നിനക്കെന്താ വേണ്ടേ ?"

"നിങ്ങള്‍ കുടിക്കുന്ന എന്തായാലും മതി"

"ഉം" മറുപടി ഒരു മൂളല്‍ മാത്രം.

കുപ്പിയും രണ്ടു ഗ്ലാസ്സുകളും ഐസും സോഡയുമൊക്കെ കൊണ്ടുവന്നു വച്ചശേഷം റൂം ബോയ്‌ പോയി.

മുറിക്കുള്ളില്‍ നിന്നിറങ്ങി വാതില്‍ ചാരുമ്പോള്‍ അവനെന്നെയൊന്നിരുത്തി നോക്കി - ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് വേഗം മനസ്സിലായി, കാലങ്ങളായി ഓരോ ഹോട്ടലിലെയും, ലോഡ്ജിലെയും പയ്യന്മാരുടെ മുഖത്തു ഞാനാ നോട്ടം കണ്ടിട്ടുണ്ട് , അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അസൂയ കലര്‍ന്ന അതിയായ ആഗ്രഹത്തോടെയുള്ള നോട്ടം.

എനിക്ക് പേരിനൊരല്‍പ്പം ഗ്ലാസ്സില്‍ ഒഴിച്ച് തന്ന ശേഷം അയാള്‍ ഒന്നിന് പിറകെ ഒന്നായി തുടരെത്തുടരെ മൂന്ന് പെഗ് അകത്താക്കി. തല അങ്ങോട്ടുമിങ്ങോട്ടും കുടഞ്ഞ് ശക്തിയായി "ഫുഫ്" എന്നൂതിക്കൊണ്ട് ഗ്ലാസ് മേശപ്പുറത്ത്, പൊട്ടിപ്പോകും വിധം, ശക്തിയായി അടിച്ചു വച്ചു.

"എന്താടീ നിന്‍റെ പേര് ?"

തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് "കൂടെപ്പോരുന്നോ, എങ്കില്‍ ആ ഗുരുവായൂര്‍ വണ്ടിയിലേക്ക് കയറിക്കോളൂ" എന്ന് പറഞ്ഞതിന് ശേഷം മൂന്നോ നാലോ മണിക്കൂറുകള്‍ക്കു ശേഷം എന്നോടുള്ള ആദ്യ വാക്കുകള്‍ !

"വിലാസിനി"

"ഉം" ശക്തമായ ഒരു മൂളലായിരുന്നു മറുപടി.

"വിലാസിനി - നിനക്ക് കെട്ട്യോന്‍ ഉണ്ടോടീ ?" നാവു കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു സ്ഥിരം മദ്യപാനിയല്ലെന്നു വ്യക്തം.

"ഇല്ല" ഞാന്‍ കളവുപറഞ്ഞു.

അല്ലങ്കില്‍ത്തന്നെ അതൊരു കളവാകുന്നതെങ്ങനെ ? വേശ്യകളുടെ ഭര്‍ത്താക്കന്മാര്‍ എന്ന പദവിക്ക് ആയുസ്സു കൂടിപ്പോയാല്‍ രണ്ടു വര്‍ഷമാണ്‌ .

എങ്ങോട്ട് പോയി ? എന്നറിയാത്ത ഒരു ഭര്‍ത്താവ് ജീവിച്ചിരുന്നിട്ട് ഏതു ഭാര്യക്കാണ് പ്രയോജനം - അവളെ സംബന്ധിച്ച് അയാള്‍ മരിച്ചതിനു തുല്യമാണ്.

അല്ലെങ്കില്‍ തന്നെ ഒരുരാത്രി കൂടെക്കിടക്കാന്‍ വിളിച്ചവളുടെ ചരിത്രവും, ഭൂമിശാസ്ത്രവും അറിഞ്ഞിട്ടെന്ത് - അറിയാഞ്ഞിട്ടെന്ത് ? എങ്കിലും ചിലര്‍ ചോദിക്കും - ഒന്നുകില്‍ ഉള്ളില്‍ ഊറുന്ന ഒരു പരിഹാസച്ചിരി എന്നിലേക്ക്‌ കുടഞ്ഞിടാന്‍. ഇല്ലെങ്കില്‍ എന്തെങ്കിലും ചോദിക്കണ്ടേ എന്ന സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഒഴിവാക്കാന്‍.

"നിനക്ക് വേണേ ആവശ്യത്തിനോഴിച്ചു കുടിച്ചോട്ടോ?" ഒരു പെഗ് കൂടി ഗ്ലാസിലേക്കു പകര്‍ന്ന്‍ ഐസിട്ടു സോഡാ ഒഴിച്ച് കൊണ്ട് അയാള്‍ പറഞ്ഞു.

ഞാന്‍ ഗ്ലാസ്സിലൊഴിച്ചു തന്നത് പകുതിപോലും കുടിച്ചിട്ടുണ്ടായിരുന്നില്ല.

ക്ലയന്‍റ് സിനോടൊപ്പം പോകുമ്പോള്‍ അവരെ മുഷിപ്പിക്കാതിരിക്കാന്‍ കമ്പനി കൊടുക്കുമെന്നല്ലാതെ ഞാന്‍ കാര്യമായി മദ്യപിച്ചിരുന്നില്ല. അതും മാന്യന്മാരെന്നു ബോധ്യപ്പെട്ടാല്‍ മാത്രം. തുടക്കത്തില്‍ ഒരിക്കല്‍ ഒരു ദുരനുഭവം ഉണ്ടായതാണ്. അന്ന് കുടിപ്പിച്ചു കിടത്തി മുറിവാടക പോലും കൊടുക്കാതെ ഒരുത്തന്‍ മുങ്ങിക്കളഞ്ഞു.

ബോയ്‌ വരാന്‍ അയാള്‍ വീണ്ടും ബെല്ലടിച്ചു.

"നിനക്ക് കഴിക്ക്കാന്‍ എന്താ വേണ്ടെന്നു വച്ചാല്‍ പറഞ്ഞോളൂ" എന്നെനോക്കി പറഞ്ഞിട്ട് അയാള്‍ എഴുന്നേറ്റ് ബാത്രൂമിലേക്ക് പോയി.

ഞാന്‍ രണ്ടാള്‍ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്തു - കാമം കരഞ്ഞു തീര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കഴുതയെപ്പോലെ വീണ്ടുമാ പഴയ ആ നോട്ടം നോക്കിക്കൊണ്ട്‌ പയ്യന്‍ ഭക്ഷണം കൊണ്ടുവരാനായി പോയി.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top