Wednesday, February 4, 2015

കുഞ്ഞാലിക്കുട്ടിയും പോത്തും


ദുബായിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടി പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കൂടാന്‍ തീരുമാനിച്ചു.

സെറ്റിലാകുന്നതിന്‍റെ ആദ്യപടിയായി കുഞ്ഞാലിക്കുട്ടി നാട്ടില്‍ കണ്ണായ ഒരു സ്ഥലം വാങ്ങി കൂറ്റനൊരു വീടുവച്ചു. ദീര്‍ഘചതുരാകൃതിയിലുള്ള സ്ഥലം നേര്‍പകുതിയില്‍ വീടും ബാക്കി പകുതി ബിസിനസ് തുടങ്ങിയ ഭാവി പരിപാടികള്‍ക്കായി പ്ലാന്‍ ചെയ്തു തല്‍ക്കാലം ഒഴിച്ചിട്ടു.

കുഞ്ഞാലിക്കുട്ടിയുടെ അയല്‍വാസിയായ അയ്‌മുട്ടി ബലിപെരുന്നാളിന് അറുക്കാന്‍ പാകത്തിന് വില്‍ക്കാനായി തമിഴ്നാട്ടില്‍ നിന്നൊരു പോത്തിനെ വാങ്ങി വളര്‍ത്തുന്നുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പറമ്പിലെ വളര്‍ന്നു നില്‍ക്കുന്ന പുല്ല് കണ്ടപ്പോള്‍ അയ്‌മുട്ടി തന്‍റെ പോത്തിനെ അവിടെ കെട്ടിക്കോട്ടേ എന്ന് അനുവാദം ചോദിച്ചു.

അയല്‍പക്കക്കാരനായതിനാല്‍ മുടക്കം പറയാനുള്ള വൈമുഖ്യത്താലും പോത്ത് തിന്ന് പറമ്പ് വൃത്തിയായാല്‍ അത്രേം ലാഭമായി എന്ന ലാഭേച്ഛ മനസ്സില്‍ കണ്ടും കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.

അങ്ങനെ അയ്‌മുന്‍റെ പോത്ത് കുഞ്ഞാലിക്കുട്ടിയുടെ പറമ്പിലെ നീളന്‍ പുല്ല് തിന്നുതിന്ന് ആളൊരു മുട്ടനായി.

വല്യ പെരുന്നാള്‍ അടുത്തു.

പോത്തിനെ നോക്കാന്‍ ആളുകള്‍ വന്നുതുടങ്ങി. പക്ഷെ അയ്‌മു പറഞ്ഞ മോഹവില കൊണ്ട്‌ ഒക്കാതെ വന്നപ്പോള്‍ കച്ചവടമെല്ലാം മുടങ്ങിപ്പോയി. വരുന്നവരുടെയെല്ലാം കൂടെപ്പോയി പോത്തിനെക്കാണിച്ചു കൊടുത്തുകൊടുത്ത് അയ്‌മുനും മടുപ്പായി.

പിന്നെപ്പിന്നെ വരുന്നവരോടൊക്കെ അയ്‌മു "പോത്ത് കുഞ്ഞാലിക്കുട്ടിടെ പറമ്പിലുണ്ട്, പോയ്‌ കണ്ടോളിന്‍" എന്ന് പറഞ്ഞയക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരുദിവസം ദൂരെയുള്ള ഒരാള്‍ പോത്തിനെ വാങ്ങാനെത്തി. പതിവുപോലെ അയ്‌മു അയാളെയും കുഞ്ഞാലിക്കുട്ടിയുടെ പറമ്പിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ അയാള്‍ പോയി നോക്കിയപ്പോള്‍ പറമ്പില്‍ പോത്തിനെ കണ്ടില്ല. പോത്തിനെ കാടി കൊടുക്കാന്‍ അയ്‌മുവിന്‍റെ ഭാര്യ തൊട്ടുമുന്നേ അഴിച്ചു കൊണ്ട് പോയിരുന്നു. അപ്പോഴൊരു വഴിപോക്കന്‍ അതിലെ വന്നു.

"ഈ കുഞ്ഞാലിക്കുട്ടി ?" അയാള്‍ വഴിപോക്കനോടു ചോദിച്ചു.

"ദാ, ആ കാണുന്ന വീടാ" വഴിപോക്കന്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.

പോത്തിനെ വാങ്ങാന്‍ വന്നയാള്‍ കോളിംഗ് ബെല്ലടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ ഖദ്ജാത്ത വാതില്‍തുറന്നു.

"ഈ വീട്ടിലൊരു പോത്തുണ്ടെന്നു കേട്ടിട്ട് വന്നതാണ്" വന്നയാള്‍ പറഞ്ഞു.

"ഏയ്‌ ഇവിടെ അങ്ങനെയൊരു പോത്തില്ല, നിങ്ങള്‍ക്ക് വീട് തെറ്റിയതാവും ?" ഖദ്ജാത്ത പറഞ്ഞു.

"ഏയ്‌, എനിക്കുറപ്പാണ്, ഈ വീട്ടില്‍ തന്നെയാണ് പോത്തുള്ളത് ?"

"ഉറപ്പാണോ ?"

"അതെ, ഉറപ്പാണ്"


ഖദ്ജാത്ത അകത്തേക്ക് നോക്കിക്കൊണ്ട്‌ നീട്ടി വിളിച്ചു - "ദേ ഒന്നിങ്ങോട്ടു വന്നെ, നിങ്ങളെക്കാണാന്‍ ഒരാള് വന്നിരിക്ക്ണു"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top