Tuesday, February 17, 2015

കന്യക


ചായസല്‍ക്കാരാനന്തരം ന്യൂജനറേഷന്‍റെ പുതിയ രീതികള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതെന്നു പഴയ തലമുറ തെല്ലുപരിഹാസപൂര്‍വ്വം കുശുകുശുക്കുന്ന ചെറുക്കന്‍റെയും പെണ്ണിന്‍റെയും സ്വകാര്യ സംഭാഷണങ്ങള്‍ക്കായി അനുവിനെയും രാകേഷിനെയും തനിയെ വിട്ടുകൊണ്ട് ബാക്കിയുള്ളവര്‍ അകത്തെ മുറിയിലേക്ക് പോയപ്പോള്‍ അനു ചോദിച്ചു “ഇവിടെയിരിക്കണോ അതോ ടെറസിലേക്ക് പോകണോ ?”
അറിയപ്പെടുന്നൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ അസിസ്റ്റന്‍റ് പ്രോജക്റ്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന അനുഭവപരിചയത്തിനും പ്രദാനം ചെയ്യാന്‍ സാധിക്കാതിരുന്ന ആദ്യപെണ്ണുകാണലിന്‍റെ പരിഭ്രമത്തില്‍ പെട്ടുപോയ രാകേഷ് അതൊരു നല്ല അവസരമായി കണ്ടു “അതൊരു നല്ല ഓപ്ഷനാണ്, ഇവിടിരുന്നാല്‍ സംസാരിക്കാനൊരു പ്രൈവസി കിട്ടില്ലല്ലേ, നമുക്ക് ടെറസിലേക്ക് പോയേക്കാം”

സമയം ഉച്ചതിരിഞ്ഞിരുന്നു. ടെറസില്‍ ഉയര്‍ത്തിക്കെട്ടിയ പച്ച ഷേഡ് നെറ്റിനുള്ളിലൂടെ ഒരായിരം തിളങ്ങുന്ന ചിലന്തി നൂലുകള്‍ പോലെ വെളിച്ചം അകത്തേക്ക് വീണു കൊണ്ടിരുന്നു. ഇടയ്ക്കിടെ നേര്‍ത്ത നടപ്പാതകളോരുക്കിക്കൊണ്ട് ഇടം പിടിച്ച ഓര്‍ക്കിഡുകളും ആന്തൂറിയങ്ങളും നട്ടുപിടിപ്പിച്ച മണ്‍ചട്ടികള്‍ക്കിടയിലൂടെ അവയോരോന്നും സശ്രദ്ധം വീക്ഷിക്കും പോലെ രാകേഷ് നടന്നു. ഉയരം കൂടിയ ചതുരാകൃതിയിലുള്ള ചെടിച്ചട്ടിക്കുള്ളില്‍ വളര്‍ച്ച മുരടിപ്പിച്ചതിന്‍റെ വാശി തീര്‍ക്കാനെന്നോണം പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധവര്‍ണ്ണങ്ങളിലുള്ള ബോഗൈന്‍വില്ലകളെ സാന്ത്വനപ്പെടുത്താനെന്നോണം തൊട്ടുതലോടിക്കൊണ്ട് പിന്നാലെ വരുന്ന അനുവിനു നേരെ തിരിഞ്ഞു നിന്ന് രാകേഷ് ചോദിച്ചു “ആരാ ഇതൊക്കെ മെയിന്‍റെയിന്‍ ചെയ്യുന്നേ ?”

“അങ്ങനെ പ്രത്യേകിച്ചിന്നയാളെന്നൊന്നുമില്ല, എല്ലാവരും സമയം പോലെ നോക്കും”

പോസ്റ്റ്‌ഗ്രാജ്വുവേഷന് ശേഷം അവളുടെ അടുത്ത പരിപാടിയെക്കുറിച്ചും, വിവാഹശേഷം പഠനത്തില്‍ ശ്രദ്ധയില്ലാതായിത്തീരാന്‍ സാധ്യതയുണ്ടെന്നതിനുദാഹരണമായി പിഎച്ഡിക്ക് തയ്യാറെടുത്തു കൊണ്ടിരിക്കെ വിവാഹിതയായി പെട്ടെന്ന് തന്നെ ഗര്‍ഭിണിയായതുമൂലം കരിയറില്‍ തടസ്സം വന്ന ഓഫീസിലെ സുഹൃത്തിന്‍റെ ഭാര്യയുടെ അനുഭവം പങ്കുവച്ചും രാകേഷ് വാചാലനാവാന്‍ ശ്രമിച്ചു. ഒപ്പം തന്‍റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും അസിസ്റ്റന്റ്റ് മാനേജര്‍ എന്ന ന്യൂനതയില്‍ നിന്ന് മുക്തിനേടണമെങ്കില്‍ കഠിനപ്രയത്നം നടത്തേണ്ടതിന്‍റെ ആവശ്യകതയേയും അത് കുടുംബജീവിതത്തില്‍ വരുത്തിയെക്കാന്‍ സാധ്യതയുള്ള താളപ്പിഴകളുടെ സാധ്യതകളെക്കുറിച്ചും ഒരു മുന്‍‌കൂര്‍ ജാമ്യമെടുക്കല്‍ പോലെ രാകേഷ് സംസാരിച്ചു.

ഒടുവില്‍ പിരിയാന്‍ നേരം, ഈ ചോദ്യത്തിലെക്കെത്തിച്ചെരാനായുള്ള മുഖവുരകള്‍ മാത്രമായിരുന്നു ഇതുവരെയുള്ള തന്‍റെ സംസാരങ്ങളെല്ലാം എന്ന സംശയം അനുവിന്‍റെ മനസ്സില്‍ സൃഷ്ടിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ട് അതുവരെ തുടര്‍ന്ന ലാഘവത്വം വാക്കുകളില്‍ വരുത്താന്‍ ബോധപൂര്‍വ്വം ശ്രദ്ധിച്ചു കൊണ്ട് അവന്‍ ചോദിച്ചു – “എല്ലാം തുറന്നു സംസാരിക്കാനാണെനിക്കിഷ്ടം. ഐ ആം നോട്ട് എ വെര്‍ജിന്‍, വാട്ട് എബൌട്ട് യു.”

“യെസ് ഐ ആം എ വെര്‍ജിന്‍” അനുവിന്‍റെ മറുപടി രാകേഷ് പ്രതീക്ഷിച്ചതിലും ഒരുപാടു നേരത്തെയായിരുന്നു. അതിലെ ഉള്ളടക്കത്തെക്കാള്‍ അവള്‍ പ്രതികരിക്കാനെടുത്ത സമയക്കുറവിലെ ഉറപ്പാണ് അവന്‍റെ ആത്മവിശ്വാസം അമ്പേ കെടുത്തിക്കളഞ്ഞത്, പെട്ടെന്നോരമ്പരപ്പിലെക്കവനെ തള്ളിയിട്ടു കളഞ്ഞതും !

പെട്ടെന്ന് വാച്ചിലേക്ക് നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു – “സമയം ഒരുപാടായി. നമുക്ക് പോയേക്കാം”

ശാന്തമായ ഭാവം കൈവെടിയാതെ തന്നെ സാധ്യമായതില്‍ പരമാവധി വേഗതയോടെ രാകേഷ് സ്റ്റെയര്‍കേസിന് നേരെ നടക്കാന്‍ തുടങ്ങിയപ്പോള്‍ അനുവിന്‍റെ അപ്രതീക്ഷിതമായ ചോദ്യം പെട്ടെന്നവനെ തേടിയെത്തുകയായിരുന്നു “എത്ര തവണ ?”

ആരോ ബലമായി പിടിച്ചു നിര്‍ത്തിയതുപോലെ അവന്‍ നിശ്ചലനായി. കാല്‍ക്കീഴിലെ കോണ്ക്രീറ്റ് പ്രതലം ഇളകിയടരുന്നതായും രൂപപ്പെട്ട ഒരഗാധഗര്‍ത്തത്തിലേക്ക് താന്‍ പതിക്കുന്നതായും അവന്‍ ഭയപ്പെട്ടു. രാകേഷ് മറുപടി പറയാത്ത സെക്കണ്ടുകള്‍ കടന്നുപോയി. ഒരുപക്ഷെ അവന്‍റെ മനസ്സിലൂടെ തന്നോടൊപ്പം കിടക്കപങ്കിട്ട സ്ത്രീകളുടെ മുഖങ്ങള്‍ കടന്നു പോയ്ക്കൊണ്ടിരുന്നതായിരിക്കാം. അനുവിന്‍റെ ചോദ്യം അവനില്‍ അവശേഷിച്ചിരുന്ന ദുര്‍ബലമായ ആത്മവിശ്വാസം കൂടി ചോര്‍ത്തിക്കളഞ്ഞിരുന്നു. ഒരുപക്ഷെ തനിക്കില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച് ഒരു പെണ്‍കുട്ടിക്കുമുന്നില്‍ പൌരുഷം പ്രകടിപ്പിക്കാന്‍ തനിക്ക് തോന്നിയ തികച്ചും അശാസ്ത്രീയമായ ഒരബദ്ധമായിരുന്നു ചാരിത്രത്തെക്കുറിച്ചുള്ള അനുവിനോടുള്ള ചോദ്യമെന്ന് പോലും അവനോരുവേള ചിന്തിച്ചു പോയി.

“ഒരെയോരിക്കല്‍, വൈ ?” താന്‍ പതറിയിട്ടില്ലെന്നു കാണിക്കാന്‍ അവസാനം ഒരു ചോദ്യം കൊരുത്ത ചൂണ്ട, കോളില്ലാത്ത സമയത്ത് നേര്‍ത്ത പ്രതീക്ഷയോടെ വെള്ളത്തിലെക്കെറിഞ്ഞതുപോലെ അവന്‍റെ വിളറിയ വാക്കുകള്‍ അവള്‍ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന നോട്ടത്താല്‍ തീര്‍ത്ത ഓളങ്ങളില്‍ അലിഞ്ഞില്ലാതായി. അര്‍ത്ഥഗര്‍ഭമായ മൌനത്താല്‍ അവള്‍ കെട്ടിയുയര്‍ത്തിയ കോട്ട ഭേദിക്കാന്‍ ശേഷിയില്ലാതെ തന്‍റെ വാക്കുകള്‍ ദുര്‍ബലമായി പിന്‍വാങ്ങുന്നത്‌ തിരിച്ചറിഞ്ഞത് കൊണ്ടാവണം അവള്‍ പിന്തുടരുന്നുണ്ടോ എന്നുപോലും ശ്രദ്ധിക്കാതെ അവന്‍ വേഗത്തില്‍ പടികളിറങ്ങിപ്പോയത്.

തീരുമാനം ഫോണ്‍ ചെയ്തറിയിക്കാം എന്ന അവളുടെ അച്ഛന്‍റെ ഉറപ്പിന്മേല്‍ രാകേഷും വീട്ടുകാരും യാത്രപറഞ്ഞിറങ്ങി. പോകാന്‍ നേരം കാറില്‍ കയറിയിരുന്നു കൊണ്ട് അവന്‍ അവള്‍ക്കുനേരെ കൈ വീശിക്കാണിച്ചെങ്കിലും നിര്‍വ്വികാരമായ ഒരു മുഖഭാവത്തോടെ വെറുതെ നോക്കി നില്‍ക്കുക മാത്രമേ അവള്‍ ചെയ്തുള്ളൂ.

“ഈ പെണ്ണിനിതെന്തു പറ്റി ? സാധാരണ പെങ്കുട്ട്യോള്‍ക്കോക്കെ കല്യാണമടുത്താല്‍ ഒരു പ്രസരിപ്പും ഉത്സാഹവും നാണവുമോക്കെയാ, ഇവളൊരുജാതി നനഞ്ഞ കോഴിയെപ്പോലെ ?” അന്ന് രാത്രി വീട്ടില്‍ നിന്നവസാനമായി യാത്ര പറഞ്ഞിറങ്ങിയ വിരുന്നുകാരിയായ കുഞ്ഞാന്‍റി കളിയായിച്ചോദിച്ചു.

“അവള്‍ക്കു ടെന്‍ഷനായിക്കാണും” അമ്മമ്മ അവളെ ചേര്‍ത്തുനിര്‍ത്തി അവളുടെ മുടിയിലൂടെ കൈയോടിച്ചു കൊണ്ട് പറഞ്ഞു. മറുപടിയായി അവളൊരു വിളറിയ ചിരി ചിരിച്ചു.

അത്താഴമേശയില്‍ പപ്പാ പതിവില്ലാതെ വാചാലനായിരുന്നു. തങ്ങളുടെ പാത്രങ്ങളില്‍ നടക്കുന്നത് സവിശേഷശ്രദ്ധ ആവശ്യമുള്ള എന്തോ പരീക്ഷണമാണെന്ന മുഖഭാവത്തോടെ ഒന്നും മിണ്ടാതെ, ഒന്ന് ചിരിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു പോകുന്ന കുടുംബാങ്ങളെയോര്‍ത്ത് ഇന്നലെ വരെ അവളെ വല്ലാതെ അലോസരപ്പെടുത്തുമായിരുന്നു. എന്നാലിന്ന് പപ്പയുടെ പതിവില്ലാത്ത പ്രസരിപ്പിന്‍റെയും സന്തോഷത്തിന്‍റെയും കാരണം താനാനെന്നുള്ള ചിന്ത അവളില്‍ അകാരണമായ അകുലത നിറച്ചു. ആ സന്തോഷം നഷ്ടപ്പെടുത്താനുള്ള എന്തോ ഒന്ന് തന്‍റെ ഉള്ളിന്‍റെയുള്ളില്‍ മുളപോട്ടുന്നത് അവളെ അങ്ങേയറ്റം അസ്വസ്ഥയാക്കുകയും ചെയ്തു. എന്തോ കഴിച്ചെന്നു വരുത്തി അവള്‍ എളുപ്പം എഴുന്നേറ്റു പോയപ്പോള്‍ പപ്പ സംശയം നിറഞ്ഞ നോട്ടം മമ്മിക്കു നേരെ അയക്കുന്നത് കണ്‍കോണിലൂടെ കണ്ടിട്ടും അവളതു കണ്ടില്ലെന്നു നടിച്ചു.

പതിവുപോലെ പാല്‍ കൊണ്ട് വന്നു വച്ചിട്ട് പോകും മുന്നേ ഏതോ ഒരു പുസ്തകം നിവര്‍ത്തി മാറില്‍ കമഴ്ത്തി വച്ച് എന്തോ ആലോചനയില്‍ മുഴുകിക്കിടക്കുന്ന അവളുടെ അരികിലുരുന്നു മുടിയിഴകളെ മാടിയൊതുക്കി അമ്മമ്മ പറഞ്ഞു – “എന്താ ഇത്ര ആലോചന ? നിനക്കെന്തെങ്കിലും വിഷമമുണ്ടോ ?”

“ഏയ്‌ ഒന്നുമില്ല” പെട്ടെന്നങ്ങനെ പറഞ്ഞുകൊണ്ട് കിടന്നു കൊണ്ട് തന്നെ അമ്മാമ്മയെ അരയിലൂടെ കൈ ചുറ്റി പിടിക്കുമ്പോള്‍ അവളുടെ മനസ്സ് അകാരണമായെന്തിനോ വേണ്ടി പിടഞ്ഞു. അമ്മമ്മ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു. വാതില്‍ സാധാരണ ചാരിയിടാറാണ് പതിവ്. അല്‍പസമയം കട്ടിലില്‍ എന്തോ ചിന്തിച്ചിരുന്നശേഷം ലാപ് ഓണ്‍ചെയ്ത് അവള്‍ മുഖപുസ്തകത്തില്‍ ലോഗിന്‍ ചെയ്തു.

പൊള്ളയായ ചിരിക്കുന്ന മുഖങ്ങള്‍ക്കിടയില്‍ നിന്ന് മുഖത്തു ഗൌരവം നിഴലിക്കുന്ന രാകേഷിന്‍റെ പ്രൊഫൈല്‍ ഫോട്ടോ അവള്‍ക്ക് തെല്ലാശ്വാസം പകര്‍ന്നു. രാകേഷിന്‍റെ പ്രൊഫൈലില്‍ അധികം ആക്റ്റിവിറ്റികളോന്നും തന്നെയില്ല. പണ്ടെങ്ങോ അപ്പ്‌ലോഡ് ചെയ്ത ഒരേയൊരു പ്രൊഫൈല്‍ ഫോട്ടോയും ഷെയര്‍ ചെയ്ത ഏതാനും മ്യൂസിക് വീഡിയോകളും മാത്രം. അവന്‍റെ പ്രൊഫൈല്‍ ഫോട്ടോ ഡൌണ്‍ലോഡ് ചെയ്തശേഷം അവളാ ഫോട്ടോ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്തിട്ടു. പിന്നെ അവളുടെ ഫോട്ടോയും അതിനടുത്തായി തുറന്നിട്ട്‌ ഇരുഫോട്ടോകളിലെക്കും നോക്കി ഏറെ നേരമിരുന്നു. അവന്‍റെ ചിത്രത്തിലേക്ക് നോക്കുമ്പോഴോക്കെ “ആര്‍ യു എ  വെര്‍ജിന്‍” എന്ന വാചകം അവളുടെ തലക്കുള്ളില്‍ കറങ്ങിത്തിരിഞ്ഞു.

ഫോട്ടോഷോപ്പ് മിനിമൈസ് ചെയ്തിട്ട് അവളൊരു ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് തുറന്നു. അത് മുഖമില്ലാത്ത മനുഷ്യരുടെ ഫേസ്ബുക്കിനെക്കാള്‍ തീവ്രമായൊരു സാങ്കല്‍പ്പികലോകമായിരുന്നു. വ്യാജപേരില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി അവളും മുഖമില്ലാത്തവരിലൊരാളായി മാറി. അഡ്വാന്‍സ്ഡ് സര്‍ച് സെറ്റിംഗ്സില്‍ 25 നും 35 നും ഇടയിലുള്ള പുരുഷന്മാര്‍ എന്ന് നല്‍കി സര്‍ച് ചെയ്തപ്പോള്‍ ലഭിച്ചതില്‍ അഞ്ചോ പേരുടെ സ്വകാര്യ ഇന്‍ബോക്സുകളിലേക്ക് അവളുടെ ഹായ് മെസ്സേജ് എത്തി. അഞ്ചു പേര്‍ക്ക് സന്ദേശം അയച്ച് അതില്‍ പ്രതികരിക്കുന്നവരില്‍ നിന്നൊരാളെ തെരെഞ്ഞടുക്കാം എന്നായിരുന്നു അവള്‍ തീരുമാനിച്ചിരുന്നത്. എന്തടിസ്ഥാനത്തിലാണ് ആ അഞ്ചുപെരെത്തന്നെ തെരഞ്ഞെടുത്തതെന്നോര്‍ത്തവളത്ഭുതപ്പെടുകയും ചെയ്തു. ഒരുപക്ഷെ അവര്‍ സ്വീകരിച്ച വ്യാജപേരോ പ്രൊഫൈലില്‍ ഉപയോഗിച്ച ചിത്രമോ അവളെ ആകര്‍ഷിച്ചിരിക്കണം. പേരോ ചിത്രമോ സ്വന്തമല്ലെങ്കില്‍പ്പോലും അവ തെരഞ്ഞെടുക്കുന്നതില്‍ അയാളുടെ വ്യക്തിത്വത്തിന്‍റെ കയ്യോപ്പുണ്ടാകുമെന്നവള്‍ക്കറിയാം. ഉടനെ പ്രതികരണങ്ങളോന്നും കാണാതിരുന്നത് താല്‍ക്കാലികമായി അവളെ ബോറടിപ്പിച്ചപ്പോള്‍ ലാപ് അടച്ചു വച്ച് അവള്‍ ഉറങ്ങാന്‍ കിടന്നു.

അവള്‍ മെസ്സെജയച്ച അഞ്ചില്‍ നാലുപേരുടെയും മറുപടികള്‍ പിറ്റേന്ന് ഇന്‍ബോക്സില്‍ ഉണ്ടായിരുന്നു. അവളെല്ലാം തുറന്നു വായിച്ചു. ഒരു പെണ്‍കുട്ടി സൗഹൃദം സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തതില്‍ പുരുഷാധിപത്യബോധത്തിന്‍റെ ഭാഗമായ സ്വാഭാവികമായ അനിഷ്ടവും നേര്‍ത്ത അമ്പരപ്പും അവയിലെല്ലാം നിഴലിച്ചിരുന്നെങ്കിലും അതൊന്നും തന്‍റെ മനസ്സിലുള്ള ലക്ഷ്യത്തെ ബാധിക്കാത്തവയായിരുന്നതിനാല്‍ അവളവഗണിച്ചു. അതിലേറ്റവും അവളെ ആകര്‍ഷിച്ചയാള്‍ക്ക് മാത്രം അവള്‍ മറുപടിയയച്ചു. ബാക്കിയുള്ളവരില്‍ ഒരാള്‍ മാത്രം ഒരിക്കല്‍ക്കൂടി അവളുടെ ഇന്ബോക്സ് തേടി വന്നെങ്കിലും അവളുടെ പ്രതികരണമില്ലയ്മയുടെ നിരാശ തന്നെ ബാധിക്കുന്നതല്ലെന്നു മനസ്സിനെ വിശ്വസിപ്പിക്കുവാന്‍ അയാള്‍ ആസന്നമായ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി. ശേഷിച്ച രണ്ടുപേര്‍ അവളുടെ മൌനത്തില്‍ നിന്ന് രതിമൂര്‍ച്ഛ കണ്ടെത്തി അവളെ മറന്നുകളഞ്ഞിരിക്കണം.

“റെഡ് റോസ്” -  അതായിരുന്നു അവള്‍ സ്വീകരിച്ച പേര്. അയാളുടെ പേര് “സ്ട്രെയ്ഞ്ചര്‍” എന്നും. ചുവന്ന പനിനീര്‍ പുഷ്പത്തെക്കുറിച്ചു നല്ലൊരു കവിത തന്നെ ആദ്യമെസ്സേജില്‍ അയാളെഴുതിയയച്ചിരുന്നു. ആ വാക്കുകളില്‍ പെരുത്തുനില്‍ക്കുന്ന പൊള്ളത്തരത്തിന്‍റെ യാഥാര്‍ത്ഥ്യബോധത്തിനിപ്പുറവും വരികള്‍ക്കിടയിലവിടിവിടെ ചിതറിക്കിടന്ന കടുംനിറമുള്ള പ്രണയബിംബങ്ങള്‍ ഒരു ലഹരിപോലെ അവളെ കൊതിപ്പിച്ചു. കടും തവിട്ടു നിറമുള്ള കൌബോയ്‌ ഹാറ്റണിഞ്ഞ്, അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനാവാത്ത വിധം പശ്ചാത്തലത്തിലെക്കിഴുകിച്ചെര്‍ന്ന കറുത്ത ലെതര്‍ ജാക്കറ്റിന്‍റെ അവ്യക്തയാല്‍ നിഴല്‍ മൂടിയ മുഖം അയാളുടെ വാക്കുകളിലെ ആകര്‍ഷണീയത പോലെ തന്നെ വിവേചിച്ചറിയാനാവാത്ത ദുരൂഹതയാല്‍ ഒരു മാന്ത്രികനിലെക്കെന്നോണം അവളെ അയാളിലേക്കാകര്‍ഷിപ്പിക്കുന്നതായിരുന്നു.

അടുത്ത രണ്ടു ദിവസത്തെ ചാറ്റില്‍ ആളെ തിരിച്ചറിയാന്‍ അത്യാവശ്യമായവയോഴികെയുള്ള വിവരങ്ങളോക്കെ അവര്‍ പരസ്പരം കൈമാറി. അയാള്‍, അവള്‍ താമസിച്ചിരുന്നതിനു തൊട്ടടുത്തുള്ള പട്ടണത്തില്‍ നിന്നായിരുന്നു. വയസ് 27, അവിവാഹിതന്‍. എന്ത് പേര് വിളിക്കണമെന്ന അവളുടെ ചോദ്യത്തിന് ഒരുനിമിഷം ആലോചിച്ചിരുന്ന ശേഷം “ജാക്ക്” എന്ന് മറുപടി നല്‍കുമ്പോള്‍ അയാള്‍ ചിരിച്ചു. പിന്നെ അയാള്‍ കൂട്ടിച്ചേര്‍ത്തു – “റോസും ജാക്കും റെഡി , ഇനി മുങ്ങാന്‍ തയ്യാറായൊരു ടൈറ്റാനിക്ക് മാത്രം മതി. എവിടെയെന്‍റെ മഞ്ഞുമല ? എനിക്കതിലിടിച്ചു തകരണം. ചിതറിക്കിടക്കുന്ന ഹിമഫലകത്തില്‍ രക്തം മരവിപ്പിക്കുന്ന പസഫിക്കിന്‍റെ ആഴങ്ങളിലേക്ക് കാലുകള്‍ തൂക്കിയിട്ടു നിന്‍റെ കൈകളുടെ ദുര്‍ബലമായ പിടുത്തത്തിന്‍റെ അസ്ഥിരതയില്‍ ആശങ്കപ്പെടാതെ നിന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ഞാന്നു കിടക്കണം. പിന്നെ ക്ഷീണം നീപോലുമറിയാതെ നിന്‍റെ കണ്ണുകളെയുറക്കിക്കളയുമ്പോള്‍ നിന്നെയുണര്‍ത്താതിരിക്കാന്‍ നേര്‍ത്തുവരുന്ന എന്‍റെ ഹൃദയമിടിപ്പിന് മുകളിലൂടെ അവസാനമായി നിന്നെയൊന്നു ചാഞ്ഞു നോക്കണം. പിന്നെ മരിച്ചിട്ടും നിന്‍റെ കൈവിടുവിക്കാന്‍ മടിച്ച് അതിന്‍റെയിളംചൂടില്‍ കുപ്പിയിലക്കപ്പെട്ട ചിത്രശലഭത്തെപ്പോലെ ജീവിച്ച് പുലരും വരെ മരവിച്ചു കിടക്കണം. പിന്നെ ഉണര്‍ന്നെഴുന്നേറ്റു നീ ചലനമറ്റയെന്നെ നോക്കി ‘ജാക്ക് ജാക്ക്’ എന്ന് വിളിച്ചു വിതുമ്മിക്കരയുമ്പോള്‍ കൊതിച്ചിട്ടും ചിരിക്കാനാവാത്ത വിളറിയ മുഖത്തോടെ ആഴങ്ങളിലേക്കാണ്ടാണ്ടു പോകണം”

“ഹഹ” അവള്‍ ചിരിച്ചു പോയി. പിന്നെ പെട്ടെന്നയാളെ അമ്പരപ്പിച്ചു കൊണ്ടവള്‍ ചോദിച്ചു.

“ഞാനൊരാഗ്രഹം പറഞ്ഞാല്‍ നിനക്കതു സാധിച്ചു തരാന്‍ കഴിയുമോ ?”

“അത് പറയാന്‍ പോകുന്ന ആഗ്രഹത്തിന്‍റെ തീവ്രതയനുസരിച്ചിരിക്കും. അത് സാധിക്കാതെ ജീവിതം തുടരാന്‍ സാധ്യമല്ലെന്ന് നീ പറഞ്ഞാല്‍ എന്‍റെ മരണം കൊടുത്തും ഞാനത് നേടിത്തരും”

“വിവാഹത്തിനു മുന്‍പെനിക്കെന്‍റെ കന്യകാത്വം നഷ്ടപ്പെടുത്തണം. ഇല്ലെങ്കില്‍ അമിതയോഗ്യതയെന്ന ഭാരം ഒരു വിഴുപ്പുഭാണ്ഡമായി എന്നുമെന്‍റെ തോളിരുന്നു ചെവി തിന്നുകൊണ്ടിരിക്കും.”

“നീ സീരിയസാണെങ്കില്‍ ?” ഏതാനും നിമിഷങ്ങളെടുത്തു ആ ചോദ്യം വരാന്‍.

“ഒരു പാട്”

ശ്രദ്ധ കേന്ദ്രീകരിക്കാതെ പരിഹരിക്കാന്‍ ശ്രമിക്കുന്ന അലസന്‍റെ കയ്യിലെ ജിഗ്സോപസില്‍ കഷണങ്ങള്‍ പോലെ നഗരം എവിടേക്കൊക്കെയോ ഇളകിക്കൊണ്ടിരുന്നു. നഗരത്തിലെ മുന്തിയ ആഡംബരഹോട്ടലിന് മുന്നില്‍ റോഡിനെതിര്‍വശം ഒരുനിമിഷം അവള്‍ നിന്നു. മനസ്സിന്‍റെ ഗ്രീന്‍റൂമില്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ചുള്ള ചിത്രം കഴുകി അവ്യക്തമായവശേഷിച്ച എന്തിനെയോ വ്യര്‍ത്ഥമായെന്ന ഉറപ്പോടെ ഒരിക്കല്‍ക്കൂടി തിരഞ്ഞു. പിന്നെ പച്ച ലൈറ്റിന്‍റെ സുരക്ഷിതത്വത്തിനായി കാത്തുനില്‍ക്കാനുള്ള അക്ഷമയോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങളുടെ ഒഴുക്കിനെ വിടര്‍ത്തിപ്പിടിച്ച കൈകളാല്‍ വകഞ്ഞുമാറ്റി നടന്നു. ഹാമെലിനിലെ കുഴലൂത്തുകാരനെ കൌതുകത്തോടെ വീക്ഷിക്കുന്ന എലികളെപ്പോലെ ഓരോ വാഹനങ്ങളുടെയും ഓരോ ജോഡി കണ്ണുകളെങ്കിലും അവളെ മനസ്സില്‍ ആരാധനയോളിപ്പിച്ച് പുച്ഛം നിറച്ച മുഖഭാവത്തോടെ നോക്കി.

ഹോട്ടല്‍ ലോബി പ്രൌഡഗംഭീരമായ ഒരു രാജസദസ്സിനെ അനുസ്മരിപ്പിച്ചു. അവള്‍ ചങ്കുറ്റത്തോടെ റിസപ്ഷനിലേക്ക് നടന്നു.

“റൂം നമ്പര്‍ 321 “

റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി ഉറപ്പുവരുത്താനെന്നോണം ചോദിച്ചു – “യു വാണ്ട് ടു മീറ്റ്‌ മിസ്റ്റര്‍ സജയ് ?

“യെസ്”

“ജസ്റ്റ് എ മിനിറ്റ് മാം, പ്ലീസ് ബീ സീറ്റഡ്”

അവള്‍ ലോബിയിലെ സോഫയിലേക്കിരുന്നു. അവളുടെ ഭാരം താങ്ങാനാവാതെയെന്നോണം കപടനാട്യങ്ങളോടെ സോഫ ഒരടി താഴേക്കു കുഴിഞ്ഞു താണു. തോട് പൊട്ടിയിട്ടും വിരിഞ്ഞിരങ്ങാന്‍ മടിച്ച് പുറത്തേക്ക് തലനീട്ടി മുട്ടക്കുള്ളിലെ സുഖലോലുപതയില്‍ അഭിരമിക്കുന്ന കോഴിക്കുഞ്ഞിനെപ്പോലെ അവളിരുന്നു. റിസപ്ഷനിസ്റ്റ് ഇന്റര്‍കോമിലൂടെ സംസാരിച്ച ശേഷം അവളെ നോക്കി പറഞ്ഞു. “തേഡ് ഫ്ലോര്‍ മാഡം. ലിഫ്റ്റ്‌ ഈസ്‌ ഓണ്‍ ദാറ്റ് സൈഡ്”

അവള്‍ നന്ദി പറഞ്ഞെഴുന്നെറ്റ് ലിഫ്റ്റിനു നേരെ നടന്നു. റിസപ്ഷനിസ്റ്റിന്‍റെ കണ്ണുകളിലെ പുച്ഛം അനുഭവപരിചയമെന്ന നേര്‍ത്ത അഹങ്കാരത്തിന്‍റെ അകമ്പടിയോടെ തന്നെ പിന്തുടരുന്നതവള്‍ ഗൌനിച്ചതേയില്ല. ലിഫ്റ്റിനുള്ളില്‍ കയറിയശേഷം അവള്‍ മൂന്നാം നിലയിലേക്കുള്ള ബട്ടണില്‍ വിരലമര്‍ത്തി. തുടര്‍ന്നു വരാനുള്ള ആസന്നമായ പതനത്തിനു മുന്നോടിയായ താല്‍ക്കാലികമായ വിജയം പോലെ ലിഫ്റ്റ്‌ അവളെയും കൊണ്ടുയര്‍ന്നു.

321 നമ്പര്‍ മുറിയുടെ വാതിലില്‍ ഒരു വട്ടം തട്ടിയ ശേഷം പ്രതികരണം കാണാഞ്ഞ് അവള്‍ മെല്ലെ ഹാന്‍ഡില്‍ പിടിച്ചു തിരിച്ചു. ഒരു നേര്‍ത്ത ഞരക്കത്തോടെ വാതില്‍ തുറന്നു.

“കമിന്‍” എവിടെയോ കേട്ടുമറന്നത് പോലെയുള്ള നേര്‍ത്ത ശബ്ദം. മുറിയില്‍ ബെഡ്ലാമ്പില്‍ നിന്നുള്ള അരണ്ട വെളിച്ചം മാത്രം. കിടക്കയില്‍ തനിക്കെതിരായിരിക്കുന്ന “സ്ട്രെയ്ഞ്ചര്‍”ക്കു പിന്നില്‍ അവള്‍ നിന്നു. ബെഡ് ലാമ്പില്‍ നിന്നുള്ള പ്രകാശം വീഴുന്ന അയാളുടെ ശരീരത്തിന്‍റെ പാതിയില്‍ നിന്നും അയാളൊരു ഇളംനീല നിറമുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നതെന്ന് അവളൂഹിച്ചു. അതോ ഇളം പിങ്കോ ? നീളമുള്ള മുടി എണ്ണപുരട്ടി ചീകി വച്ചിരിക്കുന്നു. ആരോഗ്യമുള്ള ഒതുങ്ങിയ ശരീരം. അയാളൊന്നു തിരിഞ്ഞിരുന്നെങ്കില്‍ മുഖം കാണാമായിരുന്നു – അവളോര്‍ത്തു.

അപ്പോഴവളുടെ മനസ്സുവായിച്ചതുപോലെ അയാള്‍ എഴുന്നേറ്റു നിന്നു. അവള്‍ മുറിക്കുള്ളില്‍ ചുറ്റും നോക്കി. വാതിലിനോടു ചേര്‍ന്ന് ഭിത്തിയില്‍ സ്വിച്ചുകളുടെ ഒരു നിര തന്നെയുണ്ട്‌. മൂന്നാമത്തെ സ്വിച്ചില്‍ വിരലമര്‍ത്തിയപ്പോള്‍ മുറിക്കുള്ളില്‍ വെളിച്ചം വീണു. അയാള്‍ അവള്‍ക്കുനേരെ തിരിഞ്ഞു – അത് രാകേഷായിരുന്നു !
ഒരുനിമിഷം ഉള്ളില്‍ അലയടിച്ചുയര്‍ന്ന ഉദ്വേഗവും അത്ഭുതവും അമ്പരപ്പും അടുത്ത നിമിഷം പരിഹാസം നിറഞ്ഞൊരു ചിരിയായി അവളില്‍ തെളിഞ്ഞപ്പോഴും രാകേഷ് ഞെട്ടലില്‍ നിന്ന് മോചിതനായിട്ടുണ്ടായിരുന്നില്ല. സംസാരിക്കാനാവാതെ അയാള്‍ കട്ടിലേക്കിരുന്നപ്പോള്‍ അനുവും നടന്നു ചെന്ന് കട്ടിലില്‍ അയാള്‍ക്കരികിലിരുന്നു.

“നീ” ആ അവസ്ഥയിലും അയാളുടെ അത്ഭുതത്തിലെ മെയില്‍ ഷോവനിസ്റ്റിന്‍റെ അധികാരവും സ്ത്രീത്വത്തിലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നിര്‍ബന്ധിത അടിമത്വവും അവള്‍ക്കിഷ്ടപ്പെട്ടില്ല.

“അതെ ഞാനും നിങ്ങളും” അവള്‍ കൂസലില്ലാതെ പറഞ്ഞു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന മുഖഭാവം വരുത്താന്‍ കഷ്ടപ്പെട്ടുകൊണ്ടയാള്‍ സന്ദര്‍ഭം ലഘൂകരിക്കുവാനായി ചിരിക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

“നോക്കൂ, എനിക്കുടനെ പോകണം” അവള്‍ അക്ഷമയായി. അയാളവളെ അത്ഭുതത്തോടെ നോക്കി.

“നീ ഭക്ഷണമൊന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലേ  , എനിക്ക് നന്നായി വിശക്കുന്നുണ്ട്. കൃത്യസമയത്തിവിടെ എത്തിപ്പെടുവാനുള്ള ധൃതിയില്‍ ഞാന്‍ ബ്രേക്ക്ഫാസ്റ്റ് പോലും കഴിച്ചിട്ടില്ല” അവള്‍ ചോദിച്ചു.

അയാള്‍ ടെലിഫോണിനടുത്തു കിടന്നിരുന്ന കാര്‍ഡില്‍ നിന്നും കിച്ചണിലെ നമ്പര്‍ തപ്പിയെടുത്തു ഡയല്‍ ചെയ്ത ശേഷം റിസീവറിന്‍റെ മൌത്ത്പീസ്‌ അമര്‍ത്തിപ്പിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു – “നിനക്കെന്താണ് വേണ്ടത് ?”

“തിരിച്ചു കടിക്കാത്തതെന്തായാലും കുഴപ്പമില്ല” അതുപറയുമ്പോള്‍ അവളുടെ ചുണ്ടിന്‍റെ വലിഞ്ഞു മുറുകിയ കോണുകള്‍ രണ്ടും പരിഹാസം നിറഞ്ഞ ഒരു ചിരിയില്‍ പങ്കുചേര്‍ന്നതയാളെ വീണ്ടും അസ്വസ്ഥനാക്കി.

പതിനഞ്ചു മിനിട്ടിനുള്ളില്‍ ഭക്ഷണം വന്നു. അത് കഴിച്ചു കഴിഞ്ഞവള്‍ അയാള്‍ കുടിച്ചു കൊണ്ടിരുന്ന വോഡ്‌കയുടെ കുപ്പിയും ഒരു ഗ്ലാസ്സും കയ്യിലെടുത്തു.

“നീ മദ്യപിക്കുമോ ?” അവള്‍ ഗ്ലാസ്സിലേക് വോഡ്ക പകരുമ്പോള്‍ അത്ഭുതത്തോടെ അയാള്‍ ചോദിച്ചു.

“ഫസ്റ്റ് ടൈം” കൂസലില്ലാതെ പറഞ്ഞു കൊണ്ടവള്‍ പൊട്ടിച്ചിരിച്ചു. ആ മറുപടിയിലെ ആക്ഷേപത്തില്‍ താന്‍ അലിഞ്ഞില്ലാതാകുന്നതുപോലെ രാകേഷിനു തോന്നി. ഓരോ തവണയും അവള്‍ മുഖം ചുളിച്ചു പിടിച്ച് ഒറ്റ വലിക്കാണ് വോഡ്ക കുടിച്ചിറക്കിയത്. ഓരോ ഗ്ലാസ്സിനു ശേഷവും ചിരപരിതയെപ്പോലെ കൈത്തണ്ടയില്‍ കുടഞ്ഞിട്ടിരുന്ന ഉപ്പ് നാവുകൊണ്ട് നക്കിയെടുക്കുകയും പാതി ചെറുനാരങ്ങയില്‍ നിന്ന് വായിലേക്ക് നേരിട്ട് പിഴിഞ്ഞൊഴിച്ച് അതിന്‍റെ പുളിയില്‍ പല്ലുകടിച്ചു ചുണ്ടുകളും നാവും കൊണ്ട് നൊട്ടിനുണയുന്ന ശബ്ദമുണ്ടാക്കുകയും ചെയ്തു. അവളുടെ ഓരോ ചലനങ്ങളും മനപൂര്‍വ്വം അയാളിലെ പുരുഷനെ വിളറി പിടിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നതു പോലെ അയാള്‍ക്ക് തോന്നി.

രണ്ടാമത്തെ പെഗ്ഗും കുടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ ഇരുന്നയിരിപ്പില്‍ അയാളുടെ ദേഹത്തേക്ക് ചാരിയിരുന്നുകൊണ്ട് തോളിലേക്ക് തല ചായ്ച്ചു. പ്രകടമായ നീരസത്തോടെ രാകേഷിരുന്നു.

“കമോണ്‍ മാന്‍ കിസ് മീ” തലയുടെ പിന്‍ഭാഗത്തിലൂടെ കയ്യിട്ട് അയാളുടെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടതു പറയുമ്പോള്‍ അവളുടെ നാവുകുഴഞ്ഞു.
“നോ” വോഡ്കക്കിത്ര ദുര്‍ഗന്ധമോയെന്നയാള്‍ അത്ഭുതം കൂറിക്കൊണ്ട് അയാളവളെ തള്ളി മാറ്റി.

“വൈ ?” അവള്‍ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.

“കാരണം നീയെന്‍റെ ഭാര്യയാകാനുള്ളതാണ്” അയാളുടെ വാക്കുകളില്‍ അമര്‍ഷമുണ്ടായിരുന്നു.

അതിനു മറുപടിയായി അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി പ്രതിധ്വനികള്‍ ഉതിര്‍ത്തുകൊണ്ട് കാതങ്ങളോളം സഞ്ചരിക്കുന്നതായും തന്നെ അപകര്‍ഷതയുടെ പടുകുഴിയിലേക്ക് കശക്കിയെരിയുന്നതായും അയാള്‍ക്ക്‌ തോന്നി.

“അനു, പ്ലീസ് സ്റ്റോപ്പിറ്റ്” അയാള്‍ തെല്ലുറക്കെത്തന്നെയാണത്‌ പറഞ്ഞത്.

“ദെന്‍ കമോണ്‍” അയാളെ വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവള്‍ പറഞ്ഞു. അവളുടെ കണ്ണുകളില്‍ വികാരങ്ങള്‍ കത്തിത്തുടങ്ങി. അവളുടെ കൈകള്‍ അയാളുടെ വസ്ത്രങ്ങള്‍ക്ക് മീതെ സര്‍പ്പങ്ങളെപ്പോലെ ഇഴഞ്ഞു നടന്നു. അയാളുടെ ശരീരം മെല്ലെ വിറച്ചു തുടങ്ങി. അവളയാളെ ചേര്‍ത്താലിംഗാനം ചെയ്തപ്പോള്‍ അവളുടെ മൃദുലമായ നിമ്നോന്നതങ്ങള്‍ ഇളംചൂടോടെ അയാളുടെ ശരീരത്തിന്‍റെ ആക്രുതിയുമായി ഇഴുകിച്ചേര്‍ന്നു. മെല്ലെമെല്ലെ അവരോന്നായി.

ആലസ്യത്തോടെ അവളുടെ നഗ്നമായ തുടകളില്‍ തലവച്ചു മലര്‍ന്നു കിടക്കുമ്പോള്‍ മുറിയുടെ സീലിംഗിലേക്ക് നോക്കി അവന്‍ പറഞ്ഞു – “ലൈംഗിക സുഖം എന്നോന്നില്ലായിരുന്നെങ്കില്‍ ഈ ലോകം എത്ര വിരസമായിരുന്നെനെ അല്ലെ ?”

അവള്‍ പറഞ്ഞു – “അതെ , ഏറെ നന്മനിറഞ്ഞതും”

അവന്‍ സംശയത്തോടെ അവളെ നോക്കി. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു ബാത്ത്റൂമിലേക്ക്‌ പോയി. വസ്ത്രം ധരിച്ചു വാതിലിനു നേരെ നടക്കുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കാതെ അവനോടു പറഞ്ഞു “നിന്നെ വിവാഹം ചെയ്യാന്‍ സമ്മതമല്ലെന്ന് ഞാനിന്നെന്‍റെ വീട്ടുകാരോടു പറയും”

“അനു !” അവന്‍റെ ശബ്ദം മുറിക്കുള്ളില്‍ മുഴങ്ങി. വാതിലിനു നേരെ നടക്കുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിയില്ല.

സാവധാനം മുറി തുറന്നവള്‍ പുറത്തേക്കിറങ്ങി. പിന്നെ നഗരത്തിന്‍റെ തിരക്കിലേക്ക് അവളും മെല്ലെ അലിഞ്ഞു ചേര്‍ന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top