Sunday, February 22, 2015

നര്‍മ്മകഥ : അകവും പുറവും


ടീച്ചര്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.

അച്ചൂസ് എഴുന്നേറ്റു നിന്ന് ചെറുവിരല്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചോദിച്ചു : "ടീച്ചര്‍ എനിക്കൊന്നിനു പോണം"

ടീച്ചര്‍ : "ശരി, പൊയ്ക്കോ. പക്ഷെ കുറച്ചു കഴിഞ്ഞാല്‍ ഡിഇഓ വരും, അതിനു മുന്‍പിങ്ങോടു വന്നേക്കണം കേട്ടോ"

അച്ചൂസ് സമ്മതിച്ചു പുറത്തേക്കുപോയി.

ആ പീരിയഡ് കഴിഞ്ഞിട്ടും അച്ചൂസ് തിരികെ വന്നില്ല. ടീച്ചര്‍ മറ്റൊരു കുട്ടിയെ അന്വേഷിക്കാനായി പറഞ്ഞു വിട്ടു.

അന്വേഷിക്കാന്‍ ചെന്ന കുട്ടിയോട് മൂത്രപ്പുരയില്‍ ഇരുന്ന് അച്ചൂസ് പറഞ്ഞു : "ഞാന്‍ വരുന്നില്ല വേണമെങ്കില്‍ എന്നെ പുറത്താക്കിക്കൊള്ളാന്‍ ടീച്ചറിനോട് പറയ്‌"

പോയ കുട്ടി ക്ലാസില്‍ തിരികെ വന്ന്‍ അച്ചൂസ് പറഞ്ഞതുപോലെ പറഞ്ഞു.

ടീച്ചര്‍ക്ക് ദേഷ്യം വന്നു : "ആഹാ, അത്രക്കായോ, ഞാന്‍ പുറത്താക്കില്ല. അവനോടു വേണേ അച്ഛനേം കൂട്ടിവന്ന് ടീസി വാങ്ങിച്ചു പൊയ്ക്കൊള്ളാന്‍ പറയ്‌"

അങ്ങനെ ടീച്ചറും അച്ചൂസും അയയില്ലെന്ന ഘട്ടത്തിലാണ് ഡിഇഓ കയറി വരുന്നത്.

അറ്റന്‍റന്‍സ് രെജിസ്റ്ററും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും താരതമ്യം ചെയ്തു നോക്കിയപ്പോള്‍ ഒരു കുട്ടിയെ കാണാനില്ല.

ഡിഇഓ - "ഇതില്‍ അച്ചൂസ് എന്ന് പേരുള്ള കുട്ടി എവിടെ ?"

ടീച്ചര്‍ : "ആ കുട്ടി ടോയ്ലറ്റില്‍ പോയിരിക്കുകയാണ് സാര്‍"

ഡിഇഓ ക്ക് എന്തോ സംശയം തോന്നി : - ശരി ഞാന്‍ വെയിറ്റ് ചെയ്യാം"

സ്കൂള്‍ വിടാറായിട്ടും അച്ചൂസ് തിരികെ വരുന്നില്ല.

ഒടുവില്‍ ഗത്യന്തരമില്ലാതെ ടീച്ചര്‍ കാര്യം പറഞ്ഞു : "സാര്‍, അച്ചൂസ് മഹാ വാശിക്കാരനാണ്‌, വേണേ സ്കൂളീന്ന് പറഞ്ഞു വിട്ടോളൂ എന്ന് വാശി പിടിച്ചു ബാത്രൂമില്‍ ഇരിക്കുകയാണ്"

ഡിഇഓ - "എങ്കില്‍പ്പിന്നെ നിങ്ങള്‍ക്കങ്ങനെ ചെയ്തൂടെ. ആകുട്ടിയെ പറഞ്ഞു വിട്ടൂടെ ?"

ടീച്ചര്‍ : " ഒരു ക്ലാസ്സില്‍ ആവശ്യമുള്ള മിനിമം എണ്ണം കുട്ടികളെ ഇപ്പോള്‍ ഈ ക്ലാസ്സില്‍ ഉള്ളൂ സാര്‍. മാത്രവുമല്ല, അച്ചൂസിനെ പറഞ്ഞു വിട്ടാല്‍ കൂടെ ക്ലാസ്സിലെ വേറെയും കുറെ കുട്ടികളും കൂടെപ്പോയി അപ്പുറത്തുള്ള കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ ചേര്‍ന്നേക്കും"

ഡിഇഓ ആദ്യം ഇരുന്നാലോചിച്ചു. പിന്നെ വീട്ടില്‍ പോയി കിടന്നാലോചിച്ചു. പിന്നെ "ആ, അവരായി അവരുടെ പാടായി" എന്ന് പിറുപിറുത്തു കൊണ്ട് ക്ലാസ്സിന്‍റെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടില്‍ 'എല്ലാം ഓക്കേ' എന്ന് എഴുതി ഒപ്പിട്ടയച്ചു കൊടുത്തു.

രണ്ടു ദിവസം മൂത്രപ്പുരയിലിരുന്നു മൂത്രത്തിന്‍റെ മണമടിച്ചു മതിയായപ്പോള്‍ അച്ചൂസ് തിരികെ പോയി ക്ലാസ്സിലിരുന്നു.

ക്ലാസ്സിലെ ഏറ്റവും മിടുക്കനെങ്കിലും ഇനി അച്ചൂസിനെ ലീഡര്‍ ആക്കില്ലെന്ന് ടീച്ചര്‍ മനസ്സില്‍ കരുതിയെങ്കിലും പുറത്തു ചിരിച്ചു കാണിച്ചു.

അച്ചൂസിനെ പുറത്താക്കും, അച്ചൂസ് സ്വയം ടീസി വാങ്ങിപ്പോകും എന്ന് കരുതി കാത്തിരുന്ന ക്ലാസിലെയും മറ്റു ക്ലാസ്സുകളിലെയും കുട്ടികളും അദ്ധ്യാപകരും ഞാന്‍ ജി, എന്‍റെ മകന്‍ ജി പിന്നെ മകള്‍ജി അങ്ങനെ മൂഞ്ചി എന്ന് പറഞ്ഞത് പോലെ ആയി.


മസില്‍ പിടിച്ചു നിന്ന അച്ചൂസിനും ടീച്ചര്‍ക്കും ഒന്നും കിട്ടിയില്ല. കാഴ്ച കണ്ടു നിന്നവര്‍ക്ക് സമയം പോയിക്കിട്ടി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top