Friday, February 13, 2015

ആഘോഷിക്കപ്പെടെണ്ട മരണങ്ങള്‍

"യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടേണ്ടത് മരണങ്ങളല്ലേ ?"

ജന്മദിനത്തില്‍ ഫേസ്ബുക്കിലൂടെയും ഇമെയിലിലൂടെയും വന്ന അഭിനന്ദനപ്രവാഹങ്ങള്‍ക്ക് മറുപടികൊടുത്തു കൊണ്ടിരുന്ന എന്നോട് സുര്‍ജിത്ത് ചോദിച്ചു.

"അതെങ്ങനെ ശരിയാകും ? മരണങ്ങള്‍ ദുഃഖകരമായ വേര്‍പാടുകള്‍ മാത്രമല്ലേ സമ്മാനിക്കുന്നുള്ളൂ , സന്തോഷം കൊണ്ട് വരുന്നത് ജനനങ്ങളല്ലേ ?"

എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ അവനെന്തോ ആലോചനയില്‍ മുഴുകി.

വാക്കുകളും പ്രവൃത്തികളുമെന്ന അവനിലെ ലോകമറിയുന്ന മനുഷ്യന്‍റെ മുഖംമൂടികള്‍ തകര്‍ത്ത് മനസ്സും ചിന്തകളും എന്ന അവനിലെ അറിയപ്പെടാത്ത മനുഷ്യനെ തേടാനോരു ശ്രമം ഞാന്‍ നടത്തി. മാതാപിതാക്കളാരെന്നറിയാതെ ഏതോ ഒരു തെരുവില്‍ ജനനം. കര്‍മ്മനിരതരാകാനുള്ള വ്യഗ്രതയില്‍ ഹൃദയാര്‍ദ്രത കൈമോശം വന്നതറിയാന്‍ മറന്നു പോയ കന്യാസ്ത്രീകള്‍ക്കിടയില്‍ അനാഥാലായത്തിലെ ജീവിതം. ഒടുവില്‍ രാജ്യത്തെ തന്നെ അറിയപ്പെടുന്ന കോര്‍പ്പറെറ്റ് കമ്പനിയില്‍ അമിത സ്വാതന്ത്രത്തിന്‍റെ ലൈസന്‍സുപോലെ വന്നുചേര്‍ന്ന ജോലി. അതുവരെ നഷ്ടമായ ജീവിതം ഒരുമിച്ച് ആസ്വദിച്ചു ജീവിച്ചു തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ കടന്നു വന്ന സൌഹൃദങ്ങളും പ്രണയങ്ങളും ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോഴും അടുത്തതില്‍ എല്ലാം തിരിച്ചു പിടിക്കാമെന്നുള്ള ശുഭാപ്തിവിശ്വാസത്തിലധിഷ്ഠിതമായ അഭിനിവേശം. ഒടുവില്‍ ഓടിത്തളര്‍ന്ന് ആര്‍ക്കും വേണ്ടാത്ത മുടന്തന്‍ പന്തയക്കുതിരയെപ്പോലെയായി അവന്‍ - സുര്‍ജിത്ത്.

"മരിക്കുന്ന സമയം മുന്‍കൂട്ടി അറിയിക്കുമെങ്കില്‍ നിങ്ങളില്‍ എത്രപേര്‍ എനിക്ക് ആശംസകള്‍ അറിയിക്കും , മരണദിനാശംസകള്‍ അല്ലെങ്കില്‍ ഹാപ്പി ഡെത്ത് ഡേ എന്ന് ?" - അതിനടുത്ത ദിവസം അവന്‍ തന്‍റെ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ എഴുതി പോസ്റ്റ്‌ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ അവന്‍റെ ഏഴു സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍ എന്നെത്തേടിയെത്തി.

"സുര്‍ജിത്തിനെ സൂക്ഷിക്കണം, അവനതു ചെയ്തു കളയും"

"എന്ത് ?"

"അവന്‍റെ എഫ്ബി വാള്‍ കണ്ടില്ലേ ? അവന്‍ ആത്മഹത്യചെയ്തേക്കും."

"ഏയ്‌, അവനതു ചെയ്യില്ല. പരിചയപ്പെട്ട നാള്‍ മുതല്‍ അവനെന്നോട് മരണത്തെക്കുറിച്ചല്ലാതെ ഒന്നും തന്നെ സംസാരിച്ചിട്ടേയില്ല !" അങ്ങനെ പറഞ്ഞെങ്കിലും അന്നും അതിനടുത്ത രണ്ടു ദിവസങ്ങളിലും ഞാന്‍ നിഴല്‍പോലെ സുര്‍ജിത്തിന്‍റെ കൂടെത്തന്നെയുണ്ടായിരുന്നു. ഇടക്കൊരുവട്ടം അക്കാര്യം പറഞ്ഞ് അവനെന്നെ കളിയാക്കുക പോലും ചെയ്തു.

രണ്ടു മാസങ്ങള്‍ക്ക് ശേഷം വീണ്ടുമവന്‍ അതേ വാക്കുകള്‍ എഴുതിയിട്ടു. അന്നെനിക്ക് ഫോണ്‍ ചെയ്ത സുഹൃത്തുക്കളുടെ എണ്ണം രണ്ടിലൊതുങ്ങി. എങ്കിലും രണ്ടു ദിവസങ്ങള്‍ ഞാനൊരു നിഴല്‍ പോലെ അവന്‍റെ കൂടെ കൂടി.

അടുത്ത മാസം വീണ്ടും അവന്‍ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ എഴുതി - "നാളെ എന്‍റെ മരണമാണ്, നിങ്ങളെല്ലാവരും എനിക്ക് മരണദിനാശംസകള്‍ നേരൂ - വിഷ് മി ഹാപ്പി ഡെത്ത് ഡേ !"

അന്നെന്നെയാരും ഫോണില്‍ വിളിച്ചില്ല. പകരം അവരവന്‍റെ പോസ്റ്റിനു താഴെ ലൈക്കും കമന്‍റുകളും ഇട്ടു. പെട്ടെന്നുതന്നെ ആ പോസ്റ്റ്‌ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. അവന്‍റെ സൌഹൃദവലയത്തില്‍ ഇല്ലാതിരുന്നവര്‍ പോലും അവനു മരണദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങളയച്ചു. ആദ്യമായി ഒരു മരണം ആഘോഷിക്കുന്നതിന്‍റെ ത്രില്ലില്‍ ജനങ്ങള്‍ ഉന്മത്തരായതുപോലെ തോന്നി. തനിക്ക് പേര്‍സണല്‍ മെസ്സേജായെത്തിയ ഓരോ സന്ദേശവും എന്നെ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു - ജീവിതിത്തിലിന്നേ വരെ ആസ്വദിച്ചിട്ടില്ലാത്തതില്‍ ഏറ്റവും വലിയൊരു തമാശ പോലെ. അതിലെ കറുത്ത നര്‍മ്മം എന്‍റെ മനസ്സിലെ ആകുലതകളുമായി ഏറ്റുമുട്ടി മരിച്ചു വീണു !

പിറ്റേന്ന് രാവിലെ സുര്‍ജിത്ത് മരിച്ചു, ഒരാത്മഹത്യ !


അവന്‍റെ മേശമേല്‍ എനിക്കായെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു - "എന്‍റെ അവസാനത്തെയാഗ്രഹം - എന്‍റെ ലാപ്ടോപ്‌ കൂടി എനിക്കൊപ്പം അടക്കം ചെയ്യണം. പേടിക്കണ്ട, എനിക്ക് മാത്രമേ അതിന്‍റെ പാസ്സ്‌വേര്‍ഡ്‌ തുറക്കാനാകൂ. എന്‍റെ മരണം സോഷ്യല്‍മീഡിയകള്‍ ആഘോഷിക്കുന്നത് കാണുവാന്‍ കൂടിയാണ് ഞാന്‍ മരിച്ചത് !"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top