Saturday, May 11, 2013

സുലൈമാനിയുടെ കഥ

പാല് ചേര്‍ക്കാത്ത ചായക്ക്‌ പലയിടങ്ങളില്‍ പല പേരുകളാണ്.

കട്ടന്‍ചായ , കടുംചായ എന്ന് ചിലയിടങ്ങളില്‍ അറിയപ്പെടുമ്പോള്‍ വടക്കന്‍ കേരളത്തില്‍ സുലൈമാനി എന്നൊരു പേരല്ലാതെ ഈ കടും നിറത്തിലുള്ള സുന്ദരനു സങ്കല്‍പ്പിക്കാന്‍ പോലും അന്നാട്ടുകാര്‍ക്കാവില്ല !

ബേപ്പൂര്‍ സുല്‍ത്താന്‍ - കേരളത്തിന്‍റെ ഒരേയൊരു വൈക്കം മുഹമ്മദ്‌ ബഷീര്‍ - ആണ് സുലൈമാനി എന്ന പേര് ജനകീയമാക്കിയത്‌.

ഉസ്താദ് ഹോട്ടലിലെ തിലകന്‍ എന്ന വല്ലുപ്പ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന കൊച്ചു മകനോട്‌ പറയുന്ന ഡയലോഗ് ഏറെ പ്രസിദ്ധമല്ലെ ?

"ഓരോ സുലൈമാനിയിലും ഒരല്‍പം മോഹബ്ബത് കൂടി ചേര്‍ക്കണം"

സുലൈമാനി എന്ന പേരിന്‍റെ ഉത്ഭവം തേടിയുള്ള ചിന്തകളാണ് ഈ കഥക്ക് ആധാരം. ( ദയവായി പണ്ഡിതന്മാര്‍ ആരും തല്ലാന്‍ വന്നേക്കല്ലേ )

പണ്ട് പണ്ട് കേരളത്തില്‍ ആരും പാലില്ലാത്ത ചായ കുടിക്കുമായിരുന്നില്ല.

അക്കാലത്ത് വടക്കന്‍ കേരളത്തില്‍ എവിടെയോ സുലൈമാന്‍ എന്നൊരു ഇക്ക നടത്തുന്ന ചായപ്പീടിക ഉണ്ടായിരുന്നു.

അറുപിശുക്കനായിരുന്നു സുലൈമാന്‍ .

കാശ് ലാഭിക്കാനായി മൂപ്പര്‍ ചായയില്‍ പാല്‍ തീരെ കുറച്ചേ ചേര്‍ത്തിരുന്നുള്ളൂ.

കടും ചായയുടെ കറുപ്പും, പാല്‍ച്ചായുടെ വെളുപ്പും ഇല്ലാതെ രണ്ടും കേട്ട ഒരു നിറത്തില്‍ സുലൈമാന്‍ വിളമ്പിയിരുന്ന ആ വാട്ടച്ചായ അന്നാട്ടുകാര്‍ ഗതികേട് കൊണ്ട് മുറുമുറുപ്പോടെ കുടിച്ചു കഴിഞ്ഞു പോരവേയാണ് തൃശൂരുള്ള ഒരു അച്ചായന്‍ അന്നാട്ടിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ ഒരു ചായക്കട തപ്പി നടക്കവേ സുലൈമാന്‍റെ കട കണ്ടതും കയറി ഒരു ചായക്ക് ഒര്ദര്‍ കൊടുത്തതും.

അച്ചായനും കൊടുത്തു സുലൈമാന്‍ ഒരു വാട്ടച്ചായ.

ചായ ഗ്ലാസ് നോക്കി മുഖം ചുളിച്ച അച്ചായന്‍ വായിലേക്ക് വച്ച ചായ ഗ്ലാസ്സിലേക്ക്‌ തന്നെ തുപ്പിക്കൊണ്ട് സുലൈമാനോട്‌ കയര്‍ത്തു.


"എന്തൂട്ട് ചായയാടോ ഇത് , പാലും ഇല്ല പഞ്ചാരേം ഇല്ല. ഇതിലും ഭേദം പാല് തന്നെ അങ്ങ്ട് ചേര്‍ക്കാതെ ഇരിക്കുന്നതല്ലേ ?"

അപ്പറഞ്ഞത്‌ സുലൈമാന് തീരെ പിടിച്ചില്ല.

എന്നാപ്പിന്നെ ഈ അച്ചായനിട്ടു ഒരു പണി കൊടുത്തിട്ട് തന്നെ കാര്യമെന്ന് കരുതിയ സുലൈമാന്‍ തേയിലയും ,പഞ്ചസാരയും മാത്രമിട്ട് തിളപ്പിച്ച ഒരു വെള്ളം അച്ചായന്‍റെ മുന്നില്‍ കൊണ്ട് വച്ചിട്ട് പറഞ്ഞു.

"എന്നാ പിന്നെ ഇന്നാ താന്‍ പറഞ്ഞ സാധനം - സുലൈമാന്‍റെ ചായ "

സുലൈമാനെ ദേഷ്യത്തോടെ തുറിച്ചു നോക്കിയ അച്ചായന്‍ എന്തായാലും ഈ പുതിയ സാധനം ഒന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

കുടിച്ചു നോക്കിയപ്പോള്‍ അച്ചായന് അത് ഏറെ ഇഷ്ടമായി.

അച്ചായന്‍ രണ്ടാമതും സുലൈമാന്‍റെ ചായ വാങ്ങി കുടിക്കുന്നത് കണ്ടു കടയില്‍ ഉണ്ടായിരുന്ന മറ്റു ചിലരും അത് വാങ്ങി കുടിച്ചു.

അങ്ങനെ സുലൈമാന്‍റെ ചായ അന്നാട്ടില്‍ പ്രസിദ്ധമായി - പിന്നീട് കേരളം മുഴുവനും.

പറയാനുള്ള എളുപ്പത്തിനു ആളുകള്‍ സുലൈമാന്‍റെ ചായ എന്നതിന് പകരം സുലൈമാനി എന്നു പറയാന്‍ തുടങ്ങി.

അങ്ങനെയാണ് പാലോഴിക്കാത്ത ചായക്ക് സുലൈമാനി എന്ന് പേര് വന്നത്

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top