Thursday, January 9, 2014

അറബിക്കഥ : അദേല്‍ - പറയാത്ത കഥ

ഓഫീസിലെ ഫിലിപ്പിനോ സഹപ്രവര്‍ത്തകന്‍ മൈക്കല്‍ ഫാം വില്ലി കളിക്കുന്നത് കണ്ടു കൌതുകം തോന്നിയാണ് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയത്.

കമ്പ്യൂട്ടര്‍ ഗെയിമുകള്‍ എനിക്കൊരിക്കലും ഹരമല്ലയിരുന്നു - അക്കാര്യം പറഞ്ഞപ്പോള്‍ മൈക്കല്‍ പറഞ്ഞു "എനിക്കും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഇഷ്ടമൊന്നുമല്ല, പക്ഷെ ഈ ഗെയിം കളിച്ചു തുടങ്ങിയാല്‍ ഒരു ലഹരി പോലെ ഇത് നിന്നെയും കീഴടക്കും"

മൈക്കല്‍ പറഞ്ഞത് പോലെ കുറേക്കാലം ഫാംവില്ലി എനിക്കൊരു വികാരം തന്നെയായിരുന്നു.

ട്രാക്റ്റര്‍ ഉഴുതും, വിത്തുവിതച്ചും, സമയാസമയങ്ങളില്‍ വിളവെടുത്തുമൊക്കെ ഞാനും വെര്‍ച്വല്‍ നിലങ്ങള്‍ വാങ്ങിക്കൂട്ടി ഒരു ഫാം മുതലാളിയായി. പക്ഷെ മറ്റെന്ത് കാര്യവും പോലെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അതും മടുത്തു.

അപ്പോഴേക്കും ഫേസ്ബുക്കില്‍ കുറച്ചു സുഹൃത്തുക്കളൊക്കെ ആയിക്കഴിഞ്ഞിരുന്നു.

പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ കഥകളും കവിതകളും എഴുതാന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ ഒരിക്കല്‍ കടലാസില്‍ എഴുതി പിന്നെയത് വെട്ടിത്തിരുത്തി രണ്ടും മൂന്നും തവണ മാറ്റിയെഴുതുക എന്നതൊക്കെ ഒരു ഭൂലോക മടിയനായ എന്നെ സംബന്ധിച്ച് ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു.

അങ്ങനെ പല കഥകളും വെളിച്ചം കാണാതെ എന്‍റെ മനസ്സിന്‍റെ ഉള്ളറകളില്‍ തന്നെ പിടഞ്ഞു വീണന്ത്യശ്വാസം വലിച്ചു.

എന്നിട്ടും തീരെ നിവൃത്തിയില്ലാതെ, മനസ്സിനെ അത്രക്ക് അലട്ടിയ ചിലതൊക്കെ എഴുതി - പക്ഷെ അതൊക്കെ കളിയാക്കില്ലെന്ന്‍ അത്രയും ഉറപ്പുള്ള, അടുത്ത സുഹൃത്തുക്കളുടെ മനസ്സുകളില്‍ മാത്രമേ വെളിച്ചം കണ്ടിരുന്നുള്ളൂ.

ഫേസ്ബുക്കിലെ എഴുത്തുകാരില്‍ ഞാന്‍ ആദ്യമായി ശ്രദ്ധിച്ച വ്യക്തി സിറാജ്ക്ക ആയിരുന്നു.

സിരാജിക്കയുടെ തൃശൂര്‍ ചുവയുള്ള സരസവും ഹൃദ്യവുമായ മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത് എന്‍റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന എഴുത്തുകാരനെ വീണ്ടും തട്ടിയുണര്‍ത്തി.

സിരജിക്കയുടെ സൌദി അറേബ്യന്‍ കാണ്ഡം വായിച്ചപ്പോള്‍ - 'ഇതുപോലെയൊക്കെ എഴുതാന്‍ ആര്‍ക്കു പറ്റും , എഴുന്നേറ്റു പോയത്കൊണ്ട് മുള്ളിയെച്ചു വീണ്ടും പോയി കിടന്നുറങ്ങിയാലോ' എന്നാണാദ്യം ആലോചിച്ചത്. എങ്കിലും മനസ്സില്‍ അറിയാതെ തന്നെ എഴുതണം എന്ന ആഗ്രഹം മുളപൊട്ടി.

അക്കാലത്തു കൂണുകള്‍ പോലെ ഗ്രൂപ്പുകള്‍ മുളച്ചു പൊന്തുകയും ഫേസ്ബുക്കിലെ സാന്നിധ്യം ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തിരുന്നതിനാല്‍ എന്നില്‍ നിന്ന് കാര്യമായ എഴുത്തുകള്‍ ഒന്നും ഉണ്ടായില്ല.

പിന്നീട് ഗ്രൂപ്പുകള്‍ മടുത്തപ്പോള്‍ (അടിച്ചു പിരിഞ്ഞപ്പോള്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) മെയിന്‍ വാളിലേക്ക് സ്വയം പറിച്ചു നടപ്പെടാന്‍ നിര്‍ബന്ധിതനായി. അപ്പോഴേക്കും നന്നായി എഴുതുന്ന ഒരുപറ്റം ആളുകള്‍ ഫേസ്ബുക്കില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

അന്നൊക്കെ ചെറിയ ചെറിയ സ്ട്ടാട്ടസുകള്‍ ആയിരുന്നു എഴുതിയിരുന്നത്. പിന്നെപ്പിന്നെ പതിയെ ആത്മവിശ്വാസവും താളവും കണ്ടെത്തിയപ്പോള്‍ കുറച്ചു കൂടി നീണ്ട കഥകള്‍ എഴുതാന്‍ ധൈര്യം വന്നു.

സുഹൃത്തുക്കളുടെയും സഹൃദയരുടെയും അകമഴിഞ്ഞ സഹകരണം എന്നിലെ എഴുത്തുകാരന് വെള്ളവും വളവും നല്‍കി സാവധാനം വളര്‍ത്തി.

കുറച്ചു കഥകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ പലരെയും പോലെ ഞാനും തുടങ്ങി ജാഡക്കൊരു ബ്ലോഗ്‌ (ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ & CEO ആയ Sreelakshmi Suresh ആണ് എന്‍റെ ബ്ലോഗ്‌ ഡിസൈന്‍ ചെയ്തു തന്നതെന്ന് തെല്ലഭിമാനത്തോടെ പ്രത്യേകം സ്മരിക്കുന്നു

മുഖപുസ്തകത്തിനപ്പുറത്തേക്ക് വളര്‍ന്ന സൌഹൃദത്തിലൂടെ എന്‍റെ പ്രിയപ്പെട്ട സിയാദ് ഇക്കയുടെയും Sabiത്തയുടെയും അളവറ്റ പ്രോത്സാഹനവും സഹായങ്ങളും കൊണ്ട് അമ്പലപ്പുഴ ബി-ബുക്സ് എന്‍റെ ഏതാനും കഥകളുടെ ഒരു സമാഹാരം പുറത്തിറക്കിയത് ജീവിതത്തില്‍ ഏറെ അഭിമാനം നല്‍കിയ നേട്ടമായി.

എന്നാല്‍ എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ചതും അതേസമയം നഷ്ടബോധം നല്‍കിയതും ഇക്കഴിഞ്ഞ ജനുവരി നാലിന് എന്‍റെ ഫേസ്ബുക്ക് വാളില്‍, യാതൊരു മുന്‍വിധിയുമില്ലാതെ ആരംഭിച്ച്, ഇന്നലെ അവസാനിച്ച "ഒരു അറബിക്കഥ" എന്ന നീണ്ട കഥയാണ്‌.

ഈ കഥയുടെ ആദ്യ ഭാഗം ജനുവരി നാലിന് പോസ്റ്റ്‌ ചെയ്ത അന്ന് മുതല്‍ എന്‍റെ ഇന്‍ബോക്സിലേക്ക് സന്ദേശങ്ങള്‍ ഒഴുകി. അവരില്‍ ഉറ്റസുഹൃത്തുക്കളും, ആദ്യമായി കാണുന്നവരും ഒക്കെ ഉണ്ടായിരുന്നു - എല്ലാവര്‍ക്കും ഒരൊറ്റ ചോദ്യം മാത്രം - ഇത് ശരിക്കും സംഭവിച്ച കഥയാണോ ?

നിങ്ങള്‍ കാണിച്ച ഈ സ്നേഹവും പ്രോത്സാഹനവും കേവലം ഒരു കമന്‍റിലോ, നന്ദി പറച്ചിലിലോ ഒതുങ്ങില്ല എന്ന തോന്നലാണ് നീണ്ട ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കൂടാതെ ഒരു അറബിക്കഥയിലെ പറയാത്ത കഥയെക്കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയും അല്‍പ്പം.

ആദ്യത്തെ അധ്യായം എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലായിരുന്നു - ക്ലൈമാക്സില്‍ എന്തെങ്കിലും കോമഡിയെഴുതി അന്ന് തന്നെ അവസാനിപ്പിക്കാം എന്ന് കരുതിയാണ് എഴുതിത്തുടങ്ങിയത്. പക്ഷെ എഴുതുന്തോറും എന്‍റെ മനസ്സില്‍ "ഇതിങ്ങനെ എഴുതിത്തീര്‍ക്കേണ്ട ഒരു കഥയല്ല" എന്ന്‍ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി.

എന്തോ ഒരു ധൈര്യത്തില്‍ അവസാനം തുടരും എന്നെഴുതി ആദ്യദിവസത്തെ എഴുത്ത് അവസാനിപ്പിച്ചപ്പോള്‍ പിറ്റേന്ന് എന്തെഴുതുമെന്ന കാര്യത്തില്‍ മനസ്സില്‍ യാതൊരു ഐഡിയയും ഇല്ലായിരുന്നു.

പിറ്റേന്ന് പകല്‍ മുഴുവന്‍ എന്‍റെ ചിന്തകള്‍ ആ കഥയെ ചുറ്റിപ്പറ്റിയായിരുന്നു. നായികക്ക് അദേല്‍ എന്ന്‍ പേര് കണ്ടെത്തിയപ്പോള്‍ എന്തോ ഒരു ഊര്‍ജ്ജം എന്‍റെ സിരകളിലൂടെ കടന്നുപോയത് പോലെ അനുഭവപ്പെട്ടു.

ഈയടുത്ത് ഒരു സുഹൃത്ത്‌ ഷെയര്‍ ചെയ്ത , തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച "Blue is the warmest color" എന്ന ഫ്രഞ്ച് സിനിമയുടെ റിവ്യൂ വായിച്ച ഞാന്‍ ആ സിനിമ ടോറന്‍റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു കണ്ടിരുന്നു.

അതിലെ നായികാകഥാപാത്രമായ അദേല്‍ എന്‍റെ മനസ്സില്‍ തറച്ചു കയറിയിരുന്നു - അതിമനോഹരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ആ സിനിമയില്‍ അദേല്‍ ഇല്ലാത്തഒരൊറ്റ ഫ്രെയിം പോലുമില്ലായിരുന്നു.

അദേല്‍ എന്നാല്‍ അറബി വാക്കാണെന്നും അതിന്‍റെ അര്‍ത്ഥം നീതി എന്നാണെന്നും ഓര്‍മ്മ വന്ന നിമിഷം ഞാന്‍ എന്‍റെ അദേലിന്‍റെ രൂപം മനസ്സില്‍ വരച്ചിട്ടു കഴിഞ്ഞിരുന്നു. പിന്നെ എഴുതി പൂര്‍ത്തിയാക്കേണ്ട താമസം മാത്രമേയുണ്ടായിരുന്നുള്ളൂ - ഇതാദ്യമായിട്ടാണ് തുടക്കത്തില്‍ പ്ലാന്‍ ചെയ്തതില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ ഇത്രയും നീണ്ട ഒരുകഥ ഞാന്‍ പൂര്‍ത്തിയാക്കുന്നത്.

ഫേസ്ബുക്കിലെ ഭൂരിപക്ഷം വായനക്കാരുടെ നീണ്ട പോസ്റ്റുകള്‍ വായിക്കാനുള്ള സമയക്കുറവ് , നീണ്ട കഥ ഉണ്ടാക്കിയേക്കാവുന്ന വിരക്തി എന്നിവ പരിഗണിച്ച് 'ഇന്നെഴുതിത്തീര്‍ക്കാം' എന്ന ചിന്തയോടെയാണ് ഓരോ ദിവസവും എഴുതാനിരുന്നത്‌.

പക്ഷെ അദേല്‍ എന്‍റെ മനസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. അവളോട്‌ നീതി പുലര്‍ത്തണം എന്ന് എന്‍റെ മനസ്സ് പറഞ്ഞു. വായിക്കാന്‍ ഇഷ്ടമുള്ളവര്‍ വായിക്കട്ടെ - പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടേ അവസാനിപ്പിക്കൂ എന്ന് ഞാന്‍ ദൃഡനിശ്ചയം ചെയ്തു. എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാരുടെ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു.

എന്തായാലും ഇന്നലെ എന്‍റെ ജീവിതത്തില്‍ സമ്മിശ്രവികാരങ്ങള്‍ സമ്മാനിച്ച ഒരപൂര്‍വ്വ ദിവസമായിരുന്നു.

കമന്റുകളിലും, മെസ്സേജുകളിലും കൂടി അദേലിന്‍റെ കഥയ്ക്ക് അഭിനന്ദനങ്ങള്‍ ഒഴുകിയെത്തിയപ്പോഴും ഏറ്റവും പ്രിയപ്പെട്ട ആരെയോ വേര്‍പിരിഞ്ഞ ദുഖത്തോടെ എന്‍റെ മനസ്സ് പിടയുകയായിരുന്നു.

പലപ്പോഴും പല കഥകളിലെയും, സിനിമകളിലെയും കഥാപാത്രങ്ങള്‍ എന്‍റെ കണ്ണു നനയിച്ചിടുണ്ട് - പക്ഷെ ആദ്യമായി എന്‍റെ തന്നെ ഒരു കഥാപാത്രം എന്നെ കരയിപ്പിച്ചു - അത് അദേല്‍ ആയിരുന്നു.

എന്‍റെ കഥ വായിച്ച, എന്നെ പ്രോത്സാഹിപ്പിച്ച, എന്നെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ - സത്യമായും - നിങ്ങളോട് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top