"ഇക്ക, ഇക്ക ..."
തൊട്ടടുത്ത് ആരോ മന്ത്രിക്കുന്നത് കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്.
മടിയില്‍ ലാപ്ടോപ്പുമായി സിറ്റൌട്ടില്‍ സെറ്റിയിലിരുന്നു ടൈപ് ചെയ്തു കൊണ്ടിരുന്നതിനിടയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയതാണ്.
ലാപ് താഴെ വീണോ എന്നാണ് ആദ്യം നോക്കിയത്, ഭാഗ്യം ഭദ്രമായി മടിയില്‍ത്തന്നെയുണ്ട്.
പെട്ടെന്നാണ് തൊട്ടുമുന്നില്‍ ഒരു വെളുത്ത സാരി ശ്രദ്ധയില്‍പ്പെട്ടത്.
ഞെട്ടലോടെ ഇരുന്നിടത്തു നിന്ന് തലയുയര്‍ത്തി നോക്കി - മുന്നില്‍ വെളുത്ത സാരിയുടുത്ത്, അഴിച്ചിട്ട മുടിയും, കണ്ണുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു തിളക്കവും, തറയില്‍ത്തൊടാത്ത കാലുകളും ഹൃദയത്തില്‍ തൊടുന്ന പുഞ്ചിരിയുമായി ഒരു സുന്ദരിയായ പെണ്‍കുട്ടി.
"ഹാരാ , എന്താ ?"
വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി തട്ടിത്തടഞ്ഞു തെറിച്ചു വീണു.
കാല്‍പ്പാദങ്ങളിലൂടെ ഒരു വിറയല്‍ ശരീരത്തിലെ ഓരോ അണുവിനെയും പിടിച്ചു കുലുക്കിക്കൊണ്ട് മേലേക്ക് പടര്‍ന്നു കയറി.
"എന്നെ മനസ്സിലായില്ലേ , ഞാന്‍ അനു. ഇന്നുരാവിലെ ഇക്ക എന്‍റെ വീട്ടില്‍ വന്നിരുന്നല്ലോ ?"
ഈ പെണ്‍കുട്ടിക്ക് ആദ്യമേ തന്നെ കണ്ടുമറന്ന ആരുടെയോ മുഖച്ഛായ തോന്നിയിരുന്നു, ദൈവമേ, ഇതിന്ന് രാവിലെ ആത്മഹത്യ ചെയ്ത സുധാകരേട്ടന്‍റെ മകള്‍ അനുവല്ലേ - ഒരുള്‍ക്കിടിലത്തോടെ അയാളോര്‍ത്തു .
കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നതിനാല്‍ നാട്ടിലെ ആളുകളെയൊന്നും അത്രയടുത്തു പരിചയമില്ല. പ്രത്യേകിച്ച് കുട്ടികളെ.
രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തേക്കുള്ള ഓരോ വരവിലും എന്നോ എവിടെയോ കണ്ടുമറന്ന മുഖങ്ങള്‍ മാത്രമായേ കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കാറുണ്ടായിരുന്നുള്ളൂ.
"നിനക്കെന്തു വേണം ?" അയാളുടെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു.
മറുപടിപറയാതെ ആദ്യം അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
പിന്നെ മൃദുവായ ശബ്ദത്തില്‍ പറഞ്ഞു - "ഇക്ക പേടിക്കണ്ട. ഞാന്‍ ഉപദ്രവിക്കാനൊന്നും വന്നതല്ല. എനിക്കിക്കയുടെ ഒരു സഹായം വേണം"
"എന്‍റെ എന്ത് സഹായം ?" അയാളുടെ ശബ്ദത്തില്‍ ഇനിയുമടങ്ങിയിട്ടില്ലാത്ത വെപ്രാളമുണ്ടായിരുന്നു.
"ഇക്ക എഴുത്തുകാരനല്ലേ, എന്‍റെ കഥ ഇക്ക എഴുതണം. എനിക്കെന്താണ് സംഭവിച്ചതെന്ന സത്യം ലോകമറിയണം. എന്നെ നശിപ്പിച്ചു സുഖിച്ചു നടക്കുന്നവന്മാര്‍ അത്രയെളുപ്പത്തില്‍ രക്ഷപ്പെട്ടു കൂടാ."
അയാള്‍ അടിമുടി വിയര്‍ത്തു കുളിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് നീണ്ട പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു വിരാമമിട്ടുകൊണ്ട് അയാള്‍ നാട്ടിലേക്ക് തിരിച്ചു വന്നത്.
പ്രതീക്ഷിച്ചത് പോലെ അയാള്‍ പോകും മുന്‍പുള്ളതോ, ഒരുമാസത്തെ ലീവിന്‍റെ ഇടവേളകളില്‍ കണ്ടതോ ആയ നാടായിരുന്നില്ല അയാളെ സ്വാഗതം ചെയ്തത്.
എന്നാല്‍ അയാളെ ഏറ്റവുമധികം നിരാശനാക്കിയത് അതൊന്നുമായിരുന്നില്ല.
പ്രവാസത്തിന്‍റെ ചൂടില്‍ ഹൃദയം തിളച്ചു മറിയുമ്പോള്‍ അതിനെയൊന്നു തണുപ്പിക്കാനായി അയാള്‍ ഫേസ്ബുക്കിലെഴുതിക്കൂടിയ കഥകളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ കെട്ടിപ്പൊക്കിയ ഇരിപ്പിടം, അതിന്ന് ഏതു നിമിഷവും മറിഞ്ഞു വീഴാവുന്നൊരു ആടുന്ന കസേരയായി മാറിയിരിക്കുന്നു എന്ന സത്യം.
നാട്ടില്‍ എത്തിയശേഷം ലാപ്ടോപ് തുറന്ന്‍ എഴുതാനിരുന്നാല്‍ ഒരുവരി പോലും തൃപ്തികരമായി എഴുതാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല.
അയാള്‍ വാച്ചിലേക്ക് നോക്കി.
"ഇനിയിപ്പോള്‍ എനിക്കെഴുതാനൊന്നും സമയമില്ല, മണി മൂന്നായി. ഏഴുമണിക്ക് എനിക്കൊരു ഇന്‍റര്‍വ്യൂവിനു പോകേണ്ടതാണ്. രണ്ടു മണിക്കൂറെങ്കിലും കിടന്നോന്നുറങ്ങണം" അയാളുടെ വാക്കുകള്‍ കേട്ടവള്‍ ചിരിച്ചു.
"ഇക്ക എഴുതേണ്ട, ലാപ്ടോപ് എനിക്ക് തന്നിട്ട് ഇക്ക കിടന്നുറങ്ങിക്കൊള്ളൂ, എനിക്ക് പറയുവാനുള്ളത് ഒരു കഥയായി എഴുതി ഡെസ്ക് ടോപ്പില്‍ സേവ് ചെയ്തിട്ടെക്കാം"
അയാള്‍ മനസ്സില്ലാ മനസ്സോടെ ലാപ്ടോപ് അവള്‍ക്കു കൈമാറിയിട്ട് സെറ്റിയില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
അവള്‍ ലാപ്ടോപ്പുമായി നടയില്‍ ചെന്നിരുന്നു ടൈപ് ചെയ്യുന്നത് നോക്കിക്കിടക്കേ അധികം താമസിയാതെ അയാള്‍ ഉറങ്ങിപ്പോയി.
"ഇങ്ങേര്‍ക്കെന്തിന്തിന്‍റെ കേടാ, ഈ മഞ്ഞു കൊണ്ട് സിറ്റൌട്ടില്‍ വന്നു കിടക്കാതെ അകത്തെങ്ങാനും വന്നു കിടന്നൂടെ മനുഷ്യാ ?"
ഭാര്യയുടെ ശകാരം കേട്ടാണ് കണ്ണുകള്‍ തുറന്നത്. ആദ്യം നോട്ടം നീണ്ടത് ലാപ്ടോപ് തേടിയാണ് - അത് ടീപ്പോയില്‍ ഭദ്രമായി ഇരിപ്പുണ്ട്.
അയാള്‍ വാച്ച് നോക്കി - ആറര മണി.
അപ്പോഴാണ് അയാള്‍ രാത്രിയിലെ സംഭവങ്ങള്‍ ഓര്‍ത്തത്, ആകാംക്ഷയോടെ അയാള്‍ ലാപ് തുറന്നു.
"മരണം" എന്ന് പേരിട്ട ഒരു ഫയല്‍ അയാള്‍ ഡെസ്ക് ടോപ്പില്‍ കണ്ടു. നെഞ്ചിടിപ്പോടെ അയാളത് തുറന്നു.
അനു എന്ന യുവതിയുടെ മരണവും, മരിച്ചുപോയ യുവതി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ആ കേസ് അന്വേഷിക്കുന്ന കുറ്റാന്വേഷകന് തന്‍റെ മരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതും അവസാനം അയാള്‍ കുറ്റവാളികളെ പിടികൂടുന്നതുമായിരുന്നു കഥ.
നല്ലൊരു ഇരുത്തം വന്ന എഴുത്തുകാരന്‍റെ തഴക്കവും കൈയടക്കവും ഉണ്ടായിരുന്ന ആ ചെറുകഥയില്‍ ഒരു വാക്കുപോലും തിരുത്താന്‍ ഉണ്ടായിരുന്നില്ല.
"കഥ : മരണം" എന്ന തലക്കെട്ടോടെ തന്നെ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംതൃപ്തിയോടെ അയാള്‍ കുളിക്കാന്‍ പോയി.
ഇന്‍റര്‍വ്യൂ പതിവുപോലെ കടുകട്ടിയായിരുന്നു.
അറിയിക്കാം എന്ന് ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് തീരെ പ്രതീക്ഷയില്ലായിരുന്നു.
പത്തുകൊല്ലത്തെ സമ്പാദ്യത്തിലെ നീക്കിയിരിപ്പുകള്‍ ദിനംപ്രതി ശോഷിച്ചു വരുന്ന യാഥാര്‍ത്ഥ്യം അയാളെ നോക്കി പല്ലിളിച്ചു.
വീട്ടിലെത്തിയ അയാള്‍ ലാപ്പെടുത്ത് ഫേസ്ബുക്ക് പേജ് തുറന്നു.
രാവിലെ ഇട്ട പോസ്റ്റിലെ കമന്‍റുകള്‍ വായിച്ച അയാള്‍ ഞെട്ടിപ്പോയി - എല്ലാ കമന്‍റുകളിലും പരിഹാസവും ചീത്തവിളിയും മാത്രം.
"നാട്ടില്‍ പോയപ്പോള്‍ ഉളുപ്പില്ലാതെ അടിച്ചു മാറ്റാന്‍ തുടങ്ങിയല്ലേ ?"
"നാണമില്ലല്ലോ ?"
"അപ്പൊ ഇങ്ങനെയായിരുന്നല്ലേ താന്‍ ഇത്രേം നാളും പോസ്റ്റിട്ടു ഞങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരുന്നത് ?" എന്നിങ്ങനെ കമന്‍റുകള്‍ വായിച്ചയാള്‍ക്ക് തലച്ചുറ്റുന്നത് പോലെ തോന്നി.
"ഓ എത്ത്യാ, നിങ്ങളെന്തു പണിയാ കാണിച്ചു വച്ചേ, ഗള്‍ഫിലുള്ള സുറുമിക്കയച്ചു കൊടുക്കാന്‍ വേണ്ടി ഞാന്‍ നിങ്ങളെ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്തു വച്ചിരുന്ന ഇന്നലെ വാരികയില്‍ വായിച്ച ഓ.മുകുന്ദന്‍റെ ചെറുകഥ നിങ്ങള്‍ സ്വന്തം പേരില്‍ ഫേസ്ബുക്കില് പോസ്റ്റിയാ ?"
"ങേ വാരികയില്‍ വന്നതോ ? അപ്പൊ നീയാണോ അത് അതെന്‍റെ ലാപ്പില്‍ ടൈപ് ചെയ്തു വച്ചിരുന്നത് ?"
"അതല്ലേ ഇപ്പൊ പറഞ്ഞെ"
"ങേ, അപ്പോള്‍ ഇന്നലെ രാത്രി ....അനുവിന്‍റെ പ്രേതം...."
"ഇന്നലെ രാത്രി ആരുടെ പ്രേതം ? . വെറുതെയല്ല പുറത്തു മഞ്ഞുകൊണ്ട് കിടന്നിട്ടാ ഇങ്ങനെ ചുമ്മാ പിച്ചും പേയുമൊക്കെ പറയേം പ്രവര്‍ത്തിക്കേമൊക്കെ ചെയ്യണേ. വേഗം കൈകഴുകി വന്നാ ചോറ് വിളമ്പിത്തരാം"
അയാള്‍ കസേരയിലേക്ക് തളര്‍ന്നിരുന്നു.
ഇത്രയും നാള്‍ സ്നേഹത്തോടെ ഇക്കായെന്നു വിളിച്ച നാവുകൊണ്ട് തന്‍റെ പ്രിയപ്പെട്ട ആരാധകര്‍ വിളിച്ച പുളിച്ചചീത്തകള്‍ അയാളെ ഭീകരമായി വേട്ടയാടി.
ഇനിയെന്താനൊരു വഴി, അയാള്‍ തലപുകഞ്ഞാലോചിച്ചു.
പോസ്റ്റ് ഡിലീറ്റ് ചെയ്‌താല്‍ കൂടുതല്‍ നാണക്കേടാണ്. പെട്ടെന്നയാളുടെ മനസ്സില്‍ ഒരൈഡിയ മിന്നിമറഞ്ഞു.
അയാള്‍ ആ പോസ്റ്റ് എഡിറ്റ് ചെയ്തു താഴെ ഇങ്ങനെ എഴുതിച്ചേര്‍ത്തു - കടപ്പാട് : വാട്സ്ആപ്.
പ്രശ്നം പരിഹരിച്ച സമാധാനത്തോടെ അയാള്‍ ഊണുകഴിക്കാന്‍ പോയി.








0 comments
Posts a comment