Monday, May 26, 2014

ടോണിയേട്ടന്‍ : ഇതാണ് പാര , ഇതായിരിക്കണമെടാ പാര !


എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ പുതിയതായി വന്ന ഹരിയാനക്കാരന്‍ പ്രവീണ്‍ കുമാര്‍ തീരെ മനുഷ്യപ്പറ്റില്ലാത്ത ജാതിയാണ്.

കുട്ടികള്‍ കളി കഴിഞ്ഞു ഇടനാഴിയില്‍ ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ അയാള്‍ക്ക്‌ നിയന്ത്രിക്കാനാവാത്ത കോപം വരും. കലികയറി സ്റ്റെയര്‍കേസിലെക്കും താഴത്തെ നിലയിലേക്കുമൊക്കെ അയാളവയെടുത്ത് വലിച്ചെറിയും.

കളി കഴിയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ഒതുക്കി വെക്കണം എന്ന് എത്രതവണ പറഞ്ഞു കൊടുത്താലും കുട്ടികള്‍ കേള്‍ക്കുകയുമില്ല, ചെറിയ കുട്ടികളല്ലേ, കളിയുടെ രസത്തില്‍ അവരെപ്പോഴും അക്കാര്യം മറന്നു പോകും.

അയാളുടെ മകള്‍ എന്‍റെ മോള്‍ടെ ക്ലാസ്സിലാണ് പഠിക്കുന്നത്. എന്‍റെ വൈഫും അയാളുടെ വൈഫും ആണെങ്കില്‍ നല്ല സുഹൃത്തുക്കളും - അതുകൊണ്ട് ഒരു വഴക്ക് ഒഴിവാക്കാന്‍ പലപ്പോഴും പലതും കണ്ടില്ലെന്നു നടിച്ചു ഞാന്‍ മിണ്ടാതിരുന്നു.

കഴിഞ്ഞ ദിവസം മോള്‍ക്ക്‌ പുതിയതായി വാങ്ങിക്കൊടുത്ത മുച്ചക്ര സൈക്കിള്‍ പിറ്റേന്ന് രാവിലെ സ്റ്റെപ്പിന് താഴെ ആരോ ചവിട്ടി ഓടിച്ച നിലയില്‍ കാണപ്പെട്ടു. അന്നേരത്തെ ദേഷ്യത്തിന് സൈക്കിള്‍ സൂക്ഷിക്കാത്തതിന്‍റെ പേരില്‍ മോള്‍ക്ക്‌ ഞാന്‍ രണ്ടു പെട വച്ചു കൊടുത്തു. മോള്‍ സെറ്റിയില്‍ വന്നു വീണു കിടന്നു കരഞ്ഞപ്പോള്‍ വൈഫ് ദേഷ്യത്തോടെ പറഞ്ഞു - "നിങ്ങള്‍ എന്‍റെ കൊച്ചിനെ തല്ലിയിട്ടെന്താ കാര്യം, ആ ഹിന്ദിക്കാരന്‍ പ്രവീണ്‍ കുമാര്‍ ആയിരിക്കും അതു ചെയ്തത്"

എനിക്ക് ദേഷ്യവും സങ്കടവും ഒക്കെക്കൂടി വന്നു.

രാവിലെ ഓഫീസിലേക്ക് വരും വഴി ഞാന്‍ ടോണിയെട്ടനോട് കാര്യം പറഞ്ഞു.

"അപ്പോള്‍ അയാള്‍ക്കിട്ട്‌ പണികൊടുക്കണം -പക്ഷെ അയാള്‍ അതറിയാനും പാടില്ല ?"

"യെസ്, അതന്നെ"

"അത് ഞാനേറ്റു"

എനിക്ക് കുറച്ചു സമാധാനമായി, ടോണിയേട്ടന്‍ ഏറ്റാല്‍ ഏറ്റതാണ്.

എന്‍റെ ഫ്ലാറ്റിനടുത്തായി ഒരു സൌദി താമസിക്കുന്നുണ്ട്.

അയാളുടെ വീടിന് മുന്നില്‍ റോഡരികില്‍ പബ്ലിക് പാര്‍ക്കിംഗ് ആണ്.

സൌദിക്ക് രണ്ടു കാറുകളുണ്ട്. അതിലൊരെണ്ണം എപ്പോഴും അവിടെ പാര്‍ക്ക് ചെയ്തിരിക്കും.

വണ്ടിയെടുത്തു കൊണ്ട് പോകും മുന്നേ, ഒഴിഞ്ഞു കിടക്കുന്ന പാര്‍ക്കിംഗില്‍ മറ്റാരും പാര്‍ക്ക്‌ ചെയ്യാതിരിക്കാന്‍ അറബി റോഡരികിലുള്ള കുറ്റികളില്‍ കുറുകെ ഒരു കയര്‍ വലിച്ചു കെട്ടുകയും ചെയ്യും.

ഇന്ന് രാവിലെ ഞാന്‍ വണ്ടിയെടുക്കാന്‍ വന്നപ്പോള്‍ നമ്മുടെ ഹിന്ദിക്കാരന്‍ അറബിയുടെ വീടിനു മുന്നില്‍ ആരോ കുത്തിക്കീറിയ അവന്‍റെ കാറിന്‍റെ നാല് ടയറും നോക്കി നെടുവീര്‍പ്പിട്ടു നില്‍ക്കുന്നു.

"കിസ്നെ കിയാ ഭയ്യാ ?" ഉള്ളില്‍ നുരഞ്ഞുപൊന്തിയ സന്തോഷം അടക്കിവച്ചു കൊണ്ട് വേണ്ടപെട്ട ആരോ മരിച്ച ഭാവം മുഖത്തു വരുത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

"പതാ നഹി ഭായി" കരയുന്നപോലെ അവന്‍ പറഞ്ഞു.

അവനോടു യാത്ര പറഞ്ഞുകാറില്‍ കയറുമ്പോള്‍ ടോണിയേട്ടന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു - "പോരെ?"

"ങേ ടോണിയേട്ടാ , നിങ്ങള്‍ ? ഇതെങ്ങനെ സാധിച്ചു" അടക്കാനാവാത്ത ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഇന്നലെ രാത്രി ഞാന്‍ ഞാന്‍ സിഗരറ്റ് വലിക്കാന്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്‍റെ അയല്‍വാസി കാറും കൊണ്ട് എവിടെക്കോ പോകുന്നത് കണ്ടു. റോഡിരികില്‍ സിഗരറ്റും വലിച്ചു നില്‍ക്കുമ്പോള്‍ ആ അറബിടെ ചേട്ടന്‍ രണ്ടാമത്തെ കാറും എടുത്ത് , ഒഴിഞ്ഞു കിടന്ന പാര്‍ക്കിംഗ് സ്ഥലം റിസര്‍വ് ചെയ്തു വട്ടം കയറും കെട്ടിവച്ചു പോയി. ആ സമയത്ത് എല്ലാവരും വീടുകളിലേക്ക് തിരികെ വരുന്ന സമയമായതിനാല്‍ തന്‍റെ അയല്‍വാസി പ്രവീണ്‍ കുമാര്‍ പാര്‍ക്കിംഗ് കിട്ടാതെ കറങ്ങി നടക്കുമെന്ന് എനിക്ക് മനസ്സിലായി. ദൂരെ നിന്ന് അവന്‍റെ കാര്‍ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ അറബി കെട്ടിയിരുന്ന കയര്‍ അഴിച്ചു താഴെയിട്ട് ഒന്നുമറിയാത്ത മട്ടില്‍ റൂമിലേക്ക്‌ പോയി"

ടോണിയേട്ടന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാക്കി നടന്ന സംഭവങ്ങള്‍ ഞാന്‍ ഊഹിച്ചു.

ഫ്രീ ആയിക്കിടക്കുന്ന പാര്‍ക്കിംഗില്‍ ആക്രാന്തത്തോടെ പാര്‍ക്ക് ചെയ്തു പോകുന്ന പ്രവീണ്‍ കുമാര്‍.

രാത്രി കറക്കമോക്കെ കഴിഞ്ഞു തിരികെ വരുമ്പോള്‍ താന്‍ കെട്ടിവച്ചിട്ടു പോയ കയര്‍ അഴിച്ചുമാറ്റി പാര്‍ക്ക്‌ ചെയ്ത "ഹിന്ദി ഹിമാറിന്‍റെ" കാറിന്‍റെ ടയര്‍ നാലും കത്തികൊണ്ട് കുത്തിക്കീറുന്ന അറബിയുടെ പകവീട്ടലിന്‍റെ ആത്മസംതൃപ്തി നിറഞ്ഞ മുഖം.

"എന്നാലും നിങ്ങള്‍ ചെയ്തത് അല്‍പ്പം കടന്നു പോയി കേട്ടോ" ഹിന്ദിക്കാരന്‍റെ നാല് ടയറുകളുടെയും ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാന്‍ ടോണിയേട്ടന് ഒരു ഷേക്ക്‌ഹാന്‍ഡ് കൊടുത്തു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top