"ഇടത്തോട്ട് തിരിക്ക്, മേല്ലെപ്പോയാല്‍ മതി " ശാന്ത പറഞ്ഞു.
ശശി പിറുപിറുത്തുകൊണ്ട് കാര്‍ ഇടത്തേക്ക് തിരിച്ചു.
കാറില്‍ കയറിയത് മുതല്‍ ശശിയുടെ മൊബൈല്‍ ശാന്തയുടെ കയ്യിലാണ്. ഇടയ്ക്കിടെ അതിലേക്കു സൂക്ഷിച്ചു നോക്കുന്നുമുണ്ട്.
ശശിയാകട്ടെ ഇടയ്ക്കിടെ ഡാഷ് തുറന്ന് എന്തോ നോക്കി സീറ്റില്‍ കിടന്നിരുന്ന ടിഷ്യൂ ബോക്സില്‍ ഓരോ തവണയും ഓരോ വരകള്‍ അടയാളപ്പെടുത്തുന്നുമുണ്ട്.
ഒടുവില്‍ ഒരു വളവു തിരിഞ്ഞപ്പോള്‍ ശാന്ത പറഞ്ഞു "സ്റ്റോപ്"
ശശി കാര്‍ നിര്‍ത്തി ചോദ്യഭാവത്തില്‍ ശാന്തയുടെ മുഖത്തേക്ക് നോക്കി.
"ഇതെന്താ മനുഷ്യാ ?" മൊബൈലില്‍ നോട്ടിഫിക്കേഷന്‍ പാനലിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ശാന്ത സംഹാരരുദ്രയെപ്പോലെ ചോദിച്ചു.
"എന്ത് ?" ശശി ഒന്നുമറിയാത്ത നിഷ്കളങ്കനായി.
"നിങ്ങടെ ഫോണില്‍ ഒരു വൈഫൈ കണക്റ്റ് ആയി, പേര് വിലു. ഇവിടെയെവിടെയോ അല്ലെ ആ ഒരുമ്പെട്ടവളുടെ വീട് - നിങ്ങടെ ഓഫീസിലെ ടൈപ്പിസ്റ്റ് ചുന്ദരി വിലാസിനിടെ, അപ്പൊ ഞാന്‍ സംശയിച്ചത് ശരിയായിരുന്നു. തങ്കമ്മ ചേച്ചി ഈ ബുദ്ധി പറഞ്ഞു തന്നതുകൊണ്ടു നിങ്ങളെയെനിക്ക് കയ്യോടെ പിടിക്കാന്‍ പറ്റി"
പിടിക്കപ്പെട്ട പോലെ ഒരുനിമിഷം തലതാഴ്ത്തി ശശി ഇരുന്നു.
അടയിരിക്കുന്നതിനിടെ മുട്ടയെടുക്കാന്‍ കയ്യിട്ട വിക്രുതിച്ചെക്കനെ നോക്കുന്ന തള്ളക്കൊഴിയെപ്പോലെ ശാന്ത ശശിയെ ഫുള്‍ കലിപ്പില്‍ നോക്കി.
"ഇതെന്താണെന്നറിയാമോ ?" കുറെ നേരമായി താന്‍ വരകളിട്ടു കൊണ്ടിരുന്ന ടിഷ്യൂ ബോക്സിലേക്ക് ചൂണ്ടിക്കൊണ്ട് ശശി ചോദിച്ചു.
"ടിഷ്യൂ ബോക്സ് അല്ലെ ?" ശാന്തക്ക് ദേഷ്യം വന്നു.
"അതില്‍ എത്ര വരയുണ്ടെന്നു നോക്കിക്കേ ?"
"മൂന്ന് - അതിന് ?"
ശശി ഡാഷ് തുറന്ന് ഒരു മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.
"ങേ , ഇതെന്‍റെ ഫോണല്ലേ ?" ശാന്ത ചാടിക്കേറി ഫോണ്‍ പിടിച്ചു വാങ്ങി.
"വരുന്ന വഴിക്ക് ഇതില്‍ കണക്റ്റ് ആയ വൈഫൈടെ എണ്ണമാ അത്" ടിഷ്യൂ ബോക്സിലേക്ക് നോക്കി ശശി പറഞ്ഞു.
ശാന്ത ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു.
"ഹും, തങ്കമ്മ നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു" മനസ്സില്‍ പറഞ്ഞുകൊണ്ട് ശശി ആശ്വാസത്തോടെ കാര്‍ മുന്നോട്ടെടുത്തു.








0 comments
Posts a comment