Sunday, August 18, 2013

അനുഭവം ഗുരു

ഇതെനിക്ക് വളരെ അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവത്തെ ആസ്പദമാക്കി എഴുതുന്ന കുറിപ്പാണ്.

അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന സന്തുഷ്ടകുടുംബം.

മൂന്നു മക്കളും പഠിക്കുന്നത് നഗരത്തിലെ ഏറ്റവും മുന്തിയ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലൊന്നില്‍.

എന്നും വൈകുന്നേരം ആയാല്‍ അമ്മ മൂവരെയും പിടിച്ചിരുത്തി പഠിപ്പിക്കും , മൂത്തമകനും, ഏറ്റവും ഇളയ മകളും പഠനത്തില്‍ അതിസമര്‍ത്ഥര്‍ - അവരോടു പഠിക്കാന്‍ പറയേണ്ട കാര്യമൊന്നും ഇല്ല.

എനാല്‍ രണ്ടാമത്തെ മകള്‍ പഠനത്തില്‍ അല്‍പ്പം ഉഴപ്പുന്ന കൂട്ടത്തില്‍ ആയിരുന്നു.

അമ്മ എത്ര വഴക്കുപറഞ്ഞിട്ടും, തല്ലിയിട്ടും അവള്‍ അവളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയില്ല - ഫലം ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവള്‍ ഒരു വിഷയത്തിനു തോറ്റു.

ആ സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഒരു വിഷയത്തിനു തോല്‍ക്കുന്നത് വളരെ ഗൌരവകരമായ കാര്യമാണ് - അവളുടെ മാതാപിതാക്കള്‍ സ്കൂളിലേക്ക് വിളിപ്പിക്കപ്പെട്ടു.

"ഇങ്ങനെ തുടരാന്‍ ആണ് ഭാവമെങ്കില്‍ മകളെ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇരുത്തില്ല" പ്രിന്‍സിപ്പലായ കന്യാസ്ത്രീ തീര്‍ത്തു പറഞ്ഞു.

അമ്മക്ക് ആ വാക്കുകള്‍ ഒരുപാട് ദുഃഖകരമായി.

വീട്ടിലെത്തിയ അമ്മ തീരുമാനിച്ചുറപ്പിച്ചതു പോലെ അവളോട്‌ പറഞ്ഞു - "നിനക്ക് പഠിക്കാനുള്ള എല്ലാ സൌകര്യങ്ങളും, പ്രോത്സാഹനങ്ങളും ഞങ്ങള്‍ നല്‍കി - എന്നിട്ടും നീ അതൊന്നും മനസ്സിലാക്കുകയോ, ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല.

ഇനി നിന്നോട് ഞാന്‍ ഒരിക്കലും പഠിക്കാന്‍ ആവശ്യപ്പെടുകയില്ല.

നിനക്ക് ഒരവസരം കൂടി തരുന്നു, അടുത്ത പരീക്ഷക്കും നീ ഇങ്ങനെ ഉഴാപ്പാനാണ് ഭാവമെങ്കില്‍ അടുത്ത വര്‍ഷം നിന്നെ ഇപ്പോഴത്തെ സ്കൂളില്‍ നിന്ന് മാറ്റി ഇവിടെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കും. കാരണം എന്‍റെ ബാക്കി രണ്ടു മക്കള്‍ക്ക്‌ കൂടി നീ കാരണം നാണക്കെടുണ്ടാകരുത്"

കുനിഞ്ഞ ശിരസ്സോടെ മകള്‍ എല്ലാം കേട്ടുനിന്നു.

ആ വാക്കുകള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.

ഇപ്പോഴത്തെ സ്കൂളില്‍ നിന്ന് മാറ്റി സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കും എന്ന ഭീഷണി അവളുടെ മനസ്സില്‍ സൃഷ്ടിച്ച അപകര്‍ഷതാബോധം മൂലമായിരിക്കണം - അവള്‍ നന്നായി പഠിക്കാന്‍ തുടങ്ങി.

പ്ലസ് ടു പരീക്ഷക്ക്‌ എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടി അവളായിരുന്നു.

ഇന്നിപ്പോള്‍ അവള്‍ കേരളത്തിലെ ഒരു പ്രമുഖബാങ്കില്‍ ജോലി ചെയ്യുകയാണ്.

വെറും ഇരുപത്തിമൂന്നാം വയസ്സില്‍, ഇന്നവള്‍ക്ക്‌ അസിസ്റ്റന്റ്റ് മാനേജര്‍ ആകാനുള്ള പ്രൊമോഷന്‍ ടെസ്റ്റാണ് - "നന്നായി എഴുതാന്‍ കഴിയുവാന്‍ പ്രാര്‍ഥിക്കണേ ഇക്കാക്ക" എന്നെന്നോടവള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളും അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.

പലപ്പോഴും വിനാശകരവും, തീവ്രവുമായ അനുഭവങ്ങളെക്കാള്‍, സന്ദര്‍ഭോചിതമായ ഏതാനും വാക്കുകളായിരിക്കും നമ്മുടെ മനസ്സുകളെ മാറ്റി മറിക്കുക

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top