Saturday, August 31, 2013

ഉമ്മ, പോലീസുകാരാ ! (ഭാഗം - 1)



വര്‍ഷം 2000-2001, ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം.

ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് ഉള്ളൂരില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് പ്രൈവറ്റ് ബസില്‍ പോകുകയായിരുന്നു.

ബസ്‌ പട്ടം സ്റ്റോപ്പില്‍ നിര്‍ത്തി മുന്നോട്ടെടുക്കുമ്പോള്‍ ആണ് ഞാന്‍ ആ കാഴ്ച കണ്ടത് , എന്‍റെ കൂടെ നേരത്തെ ലോഡ്ജില്‍ താമസിച്ചിരുന്ന മനോജിനെ റോഡരികില്‍ രണ്ടു പേര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ചു നിര്‍ത്തിയിരിക്കുന്നു.

അവന്‍റെ മുഖത്തു നിന്നും വായില്‍ നിന്നുമൊക്കെ ചോര വരുന്നുണ്ട്, തൊട്ടടുത്ത്‌ അവന്‍റെ ബൈക്ക് കിടക്കുന്നു. അതിനടുത്തായി മറ്റൊരാള്‍ കാല്‍മുട്ട് തടവിക്കൊണ്ട് നിലത്തിരിക്കുന്നു.

"ആളിറങ്ങണം" കണ്ടക്ടറുടെയും മറ്റു യാത്രക്കാരുടെയും തുറിച്ചു നോട്ടം വകവെക്കാതെ ഞാന്‍ ബസ് നിര്‍ത്തിച്ച് ഇറങ്ങി.

റോഡ്‌ ക്രോസ് ചെയ്ത് അവന്‍റെ അടുക്കലേക്കു ചെന്നു.

"എന്താടാ മനോജേ ? "

"ഓഹോ, താന്‍ അറിയുന്ന ആളാണോ ?" മനോജിന്‍റെ ഒരു ചുമലില്‍ പിടിച്ചിരുന്ന ആള്‍ ചോദിച്ചു.

"ഇവന്‍റെ കൂടെ നേരത്ത ലോഡ്ജില്‍ താമസിച്ചിരുന്നതാണ് "

"ഇയാള്‍ കുടിച്ചു ബോധമില്ലാതെ ബൈക്കോടിച്ചു വന്ന് റോഡ്‌ ക്രോസ് ചെയ്യുകയായിരുന്ന ഈ മനുഷ്യനെ ഇടിച്ചു വീഴ്ത്തി."

ഞാന്‍ അവന്‍റെ താടി പിടിച്ചു പൊക്കി. മുഖത്തിന്‍റെ ഇടതുവശം മൊത്തം റോഡില്‍ ഉരഞ്ഞു ചുവന്ന നിറമായിരിക്കുന്നു, വായില്‍ നിന്ന് കട്ടച്ചോര ഒലിച്ചിറങ്ങുന്നു.

"ഡാ, ആശുപത്രിയില്‍ പോണോ ?" ഞാന്‍ ചോദിച്ചു.

"വേണ്ടളിയാ"

"ഡാ, നിന്‍റെ വായില്‍ നിന്നൊക്കെ രക്തം വരുന്നു" ഞാന്‍ പറഞ്ഞു.

അതിനു മറുപടിയായി അവന്‍ ഒരു ചിരി ചിരിച്ചു, എന്നിട്ട് രഹസ്യമായി എന്‍റെ ചെവിയില്‍ പറഞ്ഞു - "അളിയാ അത് രക്തവും, മണ്ണാങ്കട്ടയും ഒന്നുമല്ല , പാനാ , പാന്‍"

എന്തായാലും മറ്റാരും കേള്‍ക്കാഞ്ഞത് നന്നായി, ഇവന്‍റെ ദയനീയാവസ്ഥ വിചാരിച്ചാണ് ആളുകള്‍ ഇതുവരെ ഇവനെ കൈവക്കാതെ ഇരുന്നത് - ഞാനോര്‍ത്തു.

ഞാനവനെ അടിമുടി ഒന്ന് നോക്കി - ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ടിന്‍റെ ഷോള്‍ഡര്‍ കീറിപ്പറിഞ്ഞു തോള്‍ സാമാന്യം നല്ലരീതിയില്‍ തന്നെ ഉരഞ്ഞുപൊട്ടിയിട്ടുണ്ട്. അതുകൂടാതെ മുട്ടുകൈയുടെ താഴേക്കും, ഇട്ടിരുന്ന ജീന്‍സ് കീറി തുടയിലും, കാല്‍മുട്ടിലുമൊക്കെ മുറിവുണ്ട്.

അപ്പോഴെക്കും തൊട്ടടുത്തുള്ള പട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു പോലീസുകാരന്‍ സംഭവസ്ഥലത്തെത്തി.

മനോജ്‌ ഇടിച്ചു വീഴ്ത്തിയ ആളെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട ശേഷം പോലീസുകാരന്‍ മനോജിനെ കൊണ്ട് തന്നെ ബൈക്ക് തൊട്ടടുത്തുള്ള പട്ടം പോലീസ് സ്റ്റെഷനിലേക്ക് തള്ളിച്ചു.

അവന്‍റെ വേച്ച് വേച്ചുള്ള നടത്തം കണ്ടു പോലീസുകാരന്‍ ചോദിച്ചു "എന്ത് സാധനമാടാ നീ അടിച്ചത് ?"

"എന്‍റെ ജോലി പോയി സാറേ, ആ വിഷമത്തില്‍ ഞാന്‍ കുടിച്ചതാ. വരുന്ന വഴിക്ക് പാളയത് നിന്ന് ഒരു ചാര്‍ സോ ബീസ് സ്ട്രോംഗ് കൂടി കഴിച്ചു , പിന്നെ പിഎംജി വരെ എത്തിയത് ഓര്‍മ്മയുണ്ട് "

"സാറേ, ഞാന്‍ ഇവന്‍റെ ഫ്രണ്ടാണ്, ബൈക്ക് ഞാന്‍ തള്ളിക്കോട്ടെ ?" മനോജിന്‍റെ ദയനീയാവസ്ഥ കണ്ടു ഞാന്‍ പോലീസുകാരനോട്‌ ചോദിച്ചു.

"അങ്ങനിപ്പം നീ തള്ളണ്ട, നടക്കടാ വേഗം" പോലീസുകാരന്‍ മനോജിനെ നോക്കി പറഞ്ഞു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top