Wednesday, August 7, 2013

കഥ : വിശപ്പെന്ന വിശ്വാസം

ഉച്ചയൂണിനു ശേഷം പതിവ് പോലെ ബീവാത്തുമ്മ ഉമ്മറത്തിരുന്ന് വെറ്റില മുറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് ഒക്കത്ത് ഒരു കൈക്കുഞ്ഞുമായി ആ നാടോടി യുവതി ഗേറ്റ് തുറന്നകത്തേക്ക് കയറി വന്നത്.

"ഈടിപ്പോ ഒന്നും ഇരിപ്പില്ലല്ലാ പുള്ളെ, നീ പോയിട്ട് പിന്നെ വാ"

യുവതി എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ ചാരുകസേരയില്‍ നിന്നെഴുന്നേറ്റു ചൂണ്ടുവിരലും നടുവിരലും ചുണ്ടത്തു ചേര്‍ത്തു പിടിച്ച് മുറ്റത്തേക്കു നീട്ടിത്തുപ്പിക്കൊണ്ട് ബീവാത്തു പറഞ്ഞു.

എന്നാല്‍ അപ്പറഞ്ഞത്‌ കേള്‍ക്കാത്തതു പോലെ യുവതി നടന്നുവന്ന് വരാന്തയുടെ അരമതിലിനോട് ചേര്‍ന്ന് നിന്നു.

ബീവാത്തു അവളെ സൂക്ഷിച്ചു നോക്കി - ഏകദേശം ഇരുപത്തഞ്ചിനോടുത്ത പ്രായം. ഒന്ന് നന്നായി കുളിപ്പിച്ചെടുത്താല്‍ സിനിമാനടികള്‍ തോറ്റ് പോകുന്ന വെളുപ്പും, സൌന്ദര്യവും.

അവളുടെ മാറില്‍ ഒട്ടിക്കിടന്ന് തള്ളവിരല്‍ ഈമ്പിക്കുടിക്കുന്ന കുഞ്ഞിന് അവളുടെ അതെ ഛായ.

കാടുപോലെ വളര്‍ന്ന ചെമ്പന്‍ മുടിക്കുള്ളില്‍ ഇരുകൈകളും കയറ്റി ചൊറിഞ്ഞുകൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടിക്കാകട്ടെ അവളുടെ യാതൊരു മുഖച്ഛായയുമില്ല.

"അന്നോടല്ലേ പറഞ്ഞെ, ഈടോന്നും ഇരിപ്പില്ലാന്ന്‍, നീ പോയി പിന്നെ വാ" ബീവാത്തു ആവര്‍ത്തിച്ചു.

യുവതി ദയനീയതയോടെ ബീവാത്തുവിന്‍റെ മുഖത്തേക്ക് തന്നെ ദൈന്യമായി നോക്കിക്കൊണ്ട്‌ നിന്നതേയുള്ളൂ.

"ദെന്താപ്പോ കഥ ? അനക്ക് ചെവി കേട്ടൂടെ ? ബീവാത്തുവിനു ദേഷ്യം വന്നു തുടങ്ങി.

"ഉമ്മാ , വിശക്കുന്നുമ്മാ.... മുല പോലും ചുരത്തുന്നില്ല , ഈ കുഞ്ഞിനെങ്കിലും കൊടുക്കാന്‍" നേര്‍ത്ത ശബ്ദത്തില്‍ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

ഒരുനിമിഷം - ബീവാത്തുവിന്‍റെ മനസ്സലിഞ്ഞു. മാതൃസഹജമായ വാത്സല്യം ആ കണ്ണുകളില്‍ ഒരുനിമിഷം മിന്നിമറഞ്ഞു.

"ഇജ്ജവിടെ നില്ലട്ടാ, ഞാനൊന്ന് നോക്കട്ടെ" അവര്‍ അകത്തേക്ക് കയറിപ്പോയി.

ചുറ്റും പരതി നടന്ന യുവതിയുടെ കണ്ണുകള്‍ ഉമ്മറത്ത്‌ ടീപ്പോയില്‍ കിടന്നിരുന്ന മണിപേര്‍സില്‍ ഉടക്കി നിന്നു.

ഒരു മിന്നായം പോലെ അകത്തേക്ക് കയറി പേര്‍സ് കൈക്കലാക്കി മൂത്ത കുഞ്ഞിനേയും വലിച്ചു വേഗത്തില്‍ അവള്‍ ഗെറ്റ് കടന്നോടിപ്പോയി.

ബീവാത്തുമ്മ ഒരു കൈയില്‍ ചോറും മറുകൈയില്‍ കറിയുമായി വന്നപ്പോള്‍ അവിടെ ആരെയും കണ്ടില്ല.

"ഈ പെണ്ണിതെങ്ങോട്ടാ പോയെ ആവോ" അവര്‍ പത്രങ്ങള്‍ അരമതിലില്‍ വച്ച് മുറ്റത്തേക്കിറങ്ങി നാലുപാടും നോക്കി, പിന്നെ തെല്ലാശ്ചാര്യത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പാത്രങ്ങളുമായി വീടിനകത്തേക്ക് കയറിപ്പോയി.

"ഉമ്മാമാ, ന്‍റെ പേര്‍സ് കാണാനില്ല" ബീവാത്തുവിന്‍റെ പേരക്കുട്ടി ഉമ്മറത്തു കിടന്നു കരഞ്ഞു ബഹളം കൂട്ടിത്തുടങ്ങി.

"അനക്കെവടന്നാടാ പുള്ളെ പേയ്സ് ?"

"നിക്ക് കളിക്കാന്‍ ഇന്നലെ വാപ്പ വാങ്ങിത്തന്ന പേര്‍സ്‌....... ദാ ഈ മേശപുറത്താ വച്ചിരുന്നെ, ഇപ്പൊ കാണുന്നില്ല"

"ആരാപ്പോവടെ അന്‍റെ പേയ്സെടുക്കാന്‍ , അവടെങ്ങാനും കാണും , നീ ഒന്നോടെ ആട്യൊക്കെ നല്ലോണം നോക്കിക്കേ"

ബീവാത്തു ക്ഷീണത്തോടെ ചാരുകസേരയില്‍ കിടന്നു കണ്ണുകളടച്ചു.

"നെറച്ചും നെയിം സ്ലിപ്പോണ്ടാരുന്നതാ .....ങ്ങീ...." ചെക്കന്‍ കരഞ്ഞു തുടങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top