Monday, August 19, 2013

ഉള്ളിയില്ലെങ്കിലും !

"ഇവളെന്താ ചോറും വച്ചോണ്ട് ഇങ്ങനെ ഇരിക്കണേ, വേഗം വാരിത്തിന്നിട്ട് എഴുന്നേറ്റു പോടീ"

ചോറ് കഴിക്കാതെ പാത്രത്തില്‍ ചിത്രപ്പണികള്‍ നടത്തി ഇരിക്കുന്ന മോള്‍ക്ക്‌ ഭാര്യയുടെ വക ശകാരം.

"ഉം ?" ഞാന്‍ ദേഷ്യത്തോടെ മകളെ നോക്കി.

"ഉമ്മി, ഞാന്‍ തിന്നാത്ത കറികള്‍ ഒക്കെയാ ഉണ്ടാക്കി വച്ചിരിക്കണേ"

"അക്കൂ -നിനക്ക് വേറെ പണിയില്ലേ ? അവള്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ കഴിച്ചോളും. ഹും - ഇവള്‍ക്കൊക്കെ തിന്നാന്‍ ഉണ്ടായിട്ടാ - ആ സോമാലിയയില്‍ ഒക്കെ പട്ടിണി കിടക്കുന്ന പിള്ളേരുടെ ഒക്കെ ഫോട്ടോ നീ കണ്ടിട്ടില്ലേ"

ഞാന്‍ ഭാര്യയെ നോക്കി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.

"സോമാലിയയിലെ ആണുങ്ങള്‍ എപ്പോ നോക്കിയാലും ഫേസ്ബുക്കിലും ഇരിക്കാറില്ല, കയ്യീ കാശോണ്ടെങ്കി പോയി മീനും, പച്ചക്കറിയും ഒക്കെ വാങ്ങിക്കൊണ്ട് വരും" മകളുടെ മറുപടി.

നിങ്ങള്‍ക്കങ്ങനെ തന്നെ കിട്ടണം എന്ന മട്ടില്‍ ഒരുമാതിരി ആക്കുന്ന ചിരിയോടെ ഭാര്യയുടെ നോട്ടം - ചോറ് പാതി തിന്നപ്പോള്‍ തന്നെ വയറു നിറഞ്ഞ അവസ്ഥ എനിക്ക്.

"ഉമ്മീ എനിക്കൊരു ഓംലേറ്റ് ഉണ്ടാക്കി താന്നെ"

പണി ഒക്കെ ഒതുക്കിയ ആശ്വാസത്തില്‍ സോഫയില്‍ മടിപിടിച്ചിരിക്കുന്ന ഭാര്യ ദേഷ്യത്തോടെ എഴുന്നേറ്റു.

"ഓംലെറ്റ്‌ ഒക്കെ ഉണ്ടാക്കി തരാം - പക്ഷെ ഉള്ളി ഒന്നും ഇടില്ല. ഇനി ഉള്ളി അരിയാനോന്നും എന്നെക്കൊണ്ട് വയ്യ"

മകള്‍ പറഞ്ഞു - "ഉള്ളി ഇട്ടില്ലെങ്കിലും വേണ്ടില്ല , മുട്ട ഇടാതിരിക്കരുത്"

പകരം വീട്ടാന്‍ ഒരു ചാന്‍സ് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ഭാര്യക്ക്‌, നേരത്തെ അവള്‍ നോക്കിയ അതെ നോട്ടം തിരിച്ചുകൊടുത്തു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top