Thursday, August 1, 2013

കഥ : ആദര്‍ശും മീരയും

ഓഫീസില്‍ ഇരിക്കുമ്പോഴാണ്‌ നീനയുടെ കോള്‍ വന്നത് -

"ഡാ, ഞാനിന്നത്തെ പത്രത്തിലൊരു പരസ്യം കണ്ടു, മനോരമ - പേജ് നമ്പര്‍ 5, വായിച്ചപ്പോള്‍ അത് നിന്നെക്കുറിച്ചാണോ എന്ന് തോന്നി. നീ ഒന്ന് നോക്കിക്കോളൂട്ടോ"

"പരസ്യമോ എന്നെക്കുറിച്ചോ ?"

അപ്പോഴേക്കും നീന ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു - അവള്‍ ഓഫീസില്‍ തിരക്കിലാവും.

ബെല്ലടിച്ചപ്പോള്‍ പ്യൂണ്‍ വന്നു.

"ഇന്നത്തെ മനോരമ ഒന്നെടുത്തുകൊണ്ട് വരാമോ കുമാര്‍"

കുമാര്‍ മുറിവിട്ടു പോയി, ഏതാനും നിമിഷങ്ങള്‍ക്കകം പത്രവുമായി വന്നു.

അയാള്‍ ആകാംക്ഷയോടെ അഞ്ചാം പേജ് തുറന്നു - ക്ലാസ്സിഫൈഡ് പേജാണ്‌ - അയാള്‍ ആദ്യം മുതലേ വായിച്ചു തുടങ്ങി.

ഏകദേശം അവസാനമായി ആ പരസ്യം.

"പഴയ സുഹൃത്തിനെ തേടുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ 1992-95 BA ഹിസ്റ്ററി ബാച്ചില്‍ കൂടെ പഠിച്ച ആദര്‍ശ് കുമാര്‍ എന്ന സുഹൃത്തിനെ തേടുന്നു.

ആദര്‍ശ് ഈ പരസ്യം വായിക്കുകയാണെങ്കില്‍ ദയവായി ഇതോടൊപ്പം കൊടുത്തിട്ടുള്ള വിലാസത്തില്‍ ബന്ധപ്പെടുക.

മീര."

"മീര" അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു - ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം !

പരസ്യത്തില്‍ കൊടുത്തിരിക്കുന്നത്‌ പത്രമോഫീസിന്‍റെ വിലാസമാണ് - ആദര്‍ശ് ഒരു കത്തെഴുതി - അഡ്രസ്സെഴുതി കവറിലാക്കി ഒട്ടിക്കുമ്പോള്‍ അയാളോര്‍ത്തു - എത്രയോ നാളുകളായി താന്‍ ഒരു കത്തെഴുതിയിട്ട് !

വീണ്ടും ബെല്ലടിച്ചു വരുത്തി അയാള്‍ കത്ത് പോസ്റ്റ്‌ ചെയ്യാന്‍ കുമാറിനെ ഏല്‍പ്പിച്ചു.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ക്ക് ഏതോ ലാന്‍ഡ്ലൈന്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു.

അത് മീരയുടെ കോള്‍ ആയിരുന്നു !

"മീര , തന്‍റെ മൊബൈല്‍ നമ്പര്‍ തരൂ, ഞാന്‍ അങ്ങോട്ട്‌ വിളിക്കാം"

"സാരമില്ല ആദര്‍ശ്, സംസാരിച്ചോളൂ" അവള്‍ പറഞ്ഞു.

അവര്‍ ഏറെ നേരം സംസാരിച്ചു. അവരുടെ കോളേജ് ജീവിതം, പ്രണയം, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച ശേഷം പിരിയേണ്ടി വന്നതിനെക്കുറിച്ച്. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് , കുടുംബങ്ങളെക്കുറിച്ച്....

"എനിക്ക് നേരിട്ട് കാണണം മീര, നാളെ വൈകിട്ട് മറൈന്‍ഡ്രൈവിലുള്ള സീ വ്യൂ റെസ്റ്റോറെആന്‍റില്‍ വരാമോ, ഏഴു മണിക്ക് - ഞാന്‍ കാത്തിരിക്കും"

ഫോണ്‍ വെക്കും മുന്നേ അയാള്‍ അഭ്യര്‍ഥിച്ചു.

അവള്‍ സമ്മതിച്ചു.

ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ അയാളുടെ മനസ്സ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. ഒക്കെ ഒരു സ്വപ്നം പോലെ അയാള്‍ക്ക്‌ തോന്നി - അയാള്‍ സീറ്റില്‍ ചാരിയിരുന്ന് കണ്ണുകളടച്ചു - ഓര്‍മ്മകള്‍ തിരശ്ശീലയിലെന്ന വണ്ണം അയാള്‍ക്ക്‌ മുന്നിലൂടെ കടന്നു പോയി.

പിറ്റേന്ന് കൃത്യ സമയത്ത് തന്നെ അയാളെത്തി, നേരത്തെ പറഞ്ഞു ബുക്ക് ചെയ്തിരുന്ന ടേബിളില്‍ അയാള്‍ മീരയെ കാത്തിരുന്നു. എഴാകാന്‍ പത്തു മിനിറ്റ് കൂടിയുണ്ട്.

"സാറിന്‍റെ പേര് ആദര്‍ശ് എന്നാണോ ?"

വെയിറ്റര്‍ കടന്നു വന്നു കൊണ്ട് ചോദിച്ചു.

"അതെ ?"

"സാറിനു തരാന്‍ ഒരു മാഡം ഏല്‍പ്പിച്ചതാണ്" അയാള്‍ ഒരു എന്‍വലപ്പ് കൈമാറിക്കൊണ്ട് നടന്നു പോയി.

എന്‍വലപ്പിനു പുറത്തു മനോഹരമായ അക്ഷരങ്ങളില്‍ അയാളുടെ പെരെഴുതിയിരുന്നു - മീരയുടെ കൈയക്ഷരം - എത്രയോ പ്രണയലേഖനങ്ങളിലൂടെ അയാള്‍ ഹൃദയത്തിലേറ്റിയ ആ കൈയക്ഷരം !

അകത്ത് മനോഹരമായ കൈപ്പടയില്‍ അവളുടെ കത്ത് -

"പ്രിയപ്പെട്ട ആദര്‍ശ് ,

വീണ്ടും കണ്ടുമുട്ടാമെന്ന ചിന്ത നിന്‍റെ ഹൃദയത്തിനു നല്‍കിയേക്കാവുന്ന പ്രതീക്ഷ - അത് തകരാതിരിക്കാന്‍ വേണ്ടി മാത്രമാണ് വീണ്ടും കാണണമെന്ന് നീ ആഗ്രഹം പറഞ്ഞപ്പോള്‍ ഞാന്‍ വരാമെന്ന് സമ്മതിച്ചത് , (ഒരുനിമിഷം ഞാനും അതാഗ്രഹിച്ചു പോയി എന്നത് സത്യം.)

എന്നാല്‍ അതിനു സാധിക്കാത്തതിന്‍റെ നിരാശ തീര്‍ക്കാന്‍ ഈ കത്തിന് കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ.

ആദര്‍ശ് ,നീ ഈ ലോകത്തില്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നു എന്ന് അറിയാന്‍ മാത്രമായിരുന്നു എന്‍റെ ആഗ്രഹം, ഒരിക്കല്‍ കൂടി നിന്നോടൊന്നു സംസാരിക്കാന്‍. നമ്മുടെ ആ പഴയ ജീവിതം നിന്‍റെ ശബ്ദത്തില്‍ കേള്‍ക്കാന്‍.....!

നിന്നെ കണ്ടു കഴിഞ്ഞാല്‍ എന്‍റെ ഇപ്പോഴുള്ള ജീവിതം എങ്ങനെയായിത്തീരുമെന്ന് പ്രവചിക്കാനും എനിക്കാവില്ല - കാരണം ഞാന്‍ ആദ്യമായി പ്രണയിച്ച പുരുഷനാണ് നീ , ആദ്യമായി പ്രണയിച്ച പുരുഷനെ ഹൃദയത്തില്‍ നിന്ന് പറിച്ചെറിയാന്‍ ഒരു സ്ത്രീക്കും ആവില്ല !

നമുക്കൊരിക്കലും ഈ ജന്മത്തില്‍ ഒന്നുചേരാനും കഴിയില്ല ആദര്‍ശ് - കാരണം എന്‍റെ ഭര്‍ത്താവ്, മക്കള്‍ - അവരെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു.

നിന്നെ പറഞ്ഞു പറ്റിച്ചു എന്ന ചിന്ത, നിന്‍റെ മനസ്സില്‍ എന്നോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടാക്കരുത് - ഇല്ലെന്നെനിക്കറിയാം.

അടുത്ത ജന്മത്തിലെങ്കിലും ഒന്നായിത്തീരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ബൈ.........

സസ്നേഹം സ്വന്തം മീര.....

ഒരുവട്ടം കൂടി അയാളാ കത്ത് വായിച്ചു.

പിന്നെ മൊബൈലെടുത്ത് തലേദിവസം മീര വിളിച്ച ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് ഡയല്‍ ചെയ്തു.

മറ്റെയറ്റത്ത്‌ ഒരു പെണ്‍കുട്ടി ഹലോ പറഞ്ഞു.

"ഹലോ, മീരയെ ഒന്ന് കിട്ടുമോ ?"

"ഇത് പബ്ലിക് ബൂത്താണല്ലോ, ഇവിടെ ഒരു മീരയുമില്ല" ഫോണ്‍ ഡിസ്കണക്റ്റ് ആയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top