പാപ്പിച്ചേട്ടന്‍റെ വീടിനടുത്തായി ഒരു കോളെജുണ്ട്.
കോളെജിനു പിന്നിലായി, പാപ്പിച്ചെട്ടന്‍റെ വീടിനടുത്തുള്ള പറമ്പില്‍ കോളേജിലെ കുട്ടികള്‍ ബീഡി വലിക്കാനും ഇന്‍റെര്‍വെല്‍ സമയത്ത് വര്‍ത്തമാനം പറയാനും വന്നിരിക്കുമായിരുന്നു.
ആയിടെ പറമ്പിന്‍റെ ഉടമസ്ഥനായ പി.ഡബ്ലിയു.ഡി കോണ്ട്രാക്റ്റര്‍ കുറെ ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ അവിടെ കൊണ്ട് വന്നിട്ടു. പിള്ളേര്‍ ആ വീപ്പകളിലെല്ലാം കോല് കൊണ്ടടിച്ചു ശബ്ദമുണ്ടാക്കി പാട്ടുകച്ചേരി നടത്താന്‍ തുടങ്ങി.
ഉച്ചയൂണ് കഴിഞ്ഞു പാപ്പിച്ചെട്ടന്‍ മയങ്ങുന്ന സമയത്തായിരിക്കും പിള്ളേരുടെ കൊട്ടുംപാട്ടും - മൂപ്പര്‍ക്ക് ആകെ സ്വൈര്യക്കെടായി.
"ശബ്ദമുണ്ടാക്കല്ലേ മക്കളെ" എന്ന് നേരിട്ട് ചെന്നു പറഞ്ഞാല്‍ പിള്ളേരുടെ സൈക്കോളജി വച്ച് അവന്മാര്‍ "എന്നാ പിന്നെ കെളവനെ ശല്യം എന്താണെന്ന് അറിയിച്ചിട്ടെ ഉള്ളൂ" എന്ന മട്ടില്‍ കൂടുതല്‍ ബഹളം ഉണ്ടാക്കും.
എന്താണൊരു വഴി - പാപ്പിച്ചേട്ടന്‍ തലപുകഞ്ഞാലോചിച്ചു - മൂപ്പര്‍ക്കൊരു ഐഡിയ കിട്ടി.
പിറ്റേ ദിവസം പതിവ് പോലെ പിള്ളേര്‍ വീപ്പയില്‍ അടിച്ചു പാട്ടുകച്ചേരി തുടങ്ങിയപ്പോള്‍ പാപ്പിച്ചെട്ടന്‍ പറമ്പിലേക്ക് ചെന്നു.
പാപ്പിച്ചേട്ടനെ കണ്ടപ്പോള്‍ പിള്ളേര്‍ കലാപരിപാടികള്‍ നിര്‍ത്തി.
"എന്താ നിര്‍ത്തിയത്, കൊട്ടൂ, നല്ല രസമുണ്ട് കേള്‍ക്കാന്‍"
ആദ്യം സംശയിച്ചു പരസ്പരം നോക്കിയെങ്കിലും അവന്മാര്‍ പൂര്‍വ്വാധികം ശബ്ദത്തില്‍ കൊട്ടും,പാട്ടും തുടര്‍ന്നു.
പിള്ളേര് കൊട്ടി ക്ഷീണിച്ചപ്പോള്‍ പാപ്പിച്ചേട്ടന്‍ പറഞ്ഞു.
"നിങ്ങളുടെ പ്രായത്തില്‍ ഞാനും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. എനിക്ക് നിങ്ങളുടെ കൊട്ടും പാട്ടുമൊക്കെ ഒത്തിരി ഇഷ്ടമായി. ഞാനാണെങ്കില്‍ വീട്ടില്‍ തനിച്ചിരുന്ന് ആകെ ബോറടിക്കുന്നു.എന്നും ഇങ്ങനെ ഇവിടെ വന്നു കൊട്ടിപ്പാടിയാല്‍ നിങ്ങള്‍ക്ക് ഞാന്‍ ദിവസവും പത്തു രൂപ വച്ച് തരാം."
കുട്ടികള്‍ക്ക് പെരുത്ത് സന്തോഷമായി, ഇങ്ങനത്തെ ഒരു പ്രാന്തന്‍ കെളവനെ ആദ്യമായിട്ടാ കാണുന്നെ - അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു.
വാക്ക് പറഞ്ഞതനുസരിച്ച് പിറ്റേന്ന് മുതല്‍ പാപ്പിച്ചേട്ടന്‍ പിള്ളേര്‍ക്ക് പത്തു രൂപ വീതം നല്‍കി പാട്ട് കേള്‍ക്കാന്‍ തുടങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പതിവ് പോലെ പൈസ കൊടുക്കുന്ന സമയത്ത് പാപ്പിച്ചെട്ടന്‍ പറഞ്ഞു - മക്കളെ വിലക്കയറ്റമൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ ? സാധനങ്ങള്‍ക്കൊക്കെ വിലകൂടി, എന്നും പത്തു രൂപ വീതം തരാന്‍ എന്നെക്കൊണ്ട് സാധിക്കില്ല, അതുകൊണ്ട് നാളെ മുതല്‍ ഞാന്‍ അഞ്ചു രൂപ വീതം തരാം - നിങ്ങള്‍ വരാതിരിക്കരുത്."
അഞ്ചു രൂപയെങ്കില്‍ അഞ്ചു രൂപ - ചുമ്മാ കിട്ടുന്നതല്ലേ - കുട്ടികള്‍ സമ്മതിച്ചു.
വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ പാപ്പിച്ചേട്ടന്‍ പറഞ്ഞു
"ഈയിടെയായി എന്‍റെ മക്കള്‍ വിദേശത്ത് നിന്ന് പണമൊന്നും അയച്ചു തരുന്നില്ല, പെന്‍ഷന്‍ കാശ് കൊണ്ട് മാത്രം ജീവിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാ. അതുകൊണ്ട് നിങ്ങള്‍ക്ക് തരാന്‍ എന്‍റെ കയ്യില്‍ പൈസയൊന്നും ഇല്ല. പൈസ തന്നില്ലെന്നു കരുതി നിങ്ങള്‍ വന്നു കൊട്ടിപ്പാടാതിരിക്കരുത് - എന്‍റെ അഭ്യര്‍ത്ഥനയാണ് - പ്ലീസ്"
"ഹും, ഒന്ന് പോ കാര്‍ന്നോരെ..ആദ്യം പത്തായിരുന്നു, പിന്നെ അഞ്ചാക്കി, ഇപ്പൊ ഒന്നും തരാതെ ഫ്രീ ആയി പാടണമെന്നോ - അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി, നാളെ മുതല്‍ താന്‍ അങ്ങനെയിപ്പം പാട്ട് കേട്ട് സുഖിക്കണ്ട" പാപ്പിച്ചേട്ടനെ ചീത്ത വിളിച്ചു കൊണ്ട് പിള്ളേര്‍ സ്ഥലം വിട്ടു.
പിറ്റേന്ന് പതിവുപോലെ പാപ്പിച്ചെട്ടന്‍ പറമ്പില്‍ പോയി പിള്ളേരെ കാത്തു നിന്നു.
ദൂരെ നിന്ന് ഇതുകണ്ട പിള്ളേര്‍ പരസ്പരം പറഞ്ഞു "നോക്കിക്കെടാ കെളവന്‍ ഫ്രീ ആയി പാട്ട് കേള്‍ക്കാമെന്ന് കരുതി വന്നു നില്‍ക്കുന്നു. കുറെ നിന്നിട്ട് പൊയ്ക്കോളും"
പിറ്റേന്നും ഇതാവര്‍ത്തിച്ചു. അതിനു ശേഷം പിള്ളേരാരും ആ പറമ്പിലേക്ക് വരാതായി.
അങ്ങനെ പിള്ളേരുടെ ശല്യം അവസാനിച്ചു. — feeling ഒരു ചെറിയ കടപ്പാടുണ്ട്.








0 comments
Posts a comment