Wednesday, August 14, 2013

ചില സമരാനന്ത (സ്വാമിയുടെ പേരല്ലാട്ടോ) ചിന്തകള്‍ - അഥവാ ഉമ്മന്‍ചാണ്ടിക്കൊരു തുറന്ന കത്ത്

താഴെ പറയുന്നവയില്‍ ഏതു സിനിമാ ഡയലോഗായിരിക്കും സെക്രട്ടറിയെറ്റ് ഗേറ്റിന് മുന്നില്‍ വന്നു നിന്ന് സമരക്കാരോട് താങ്കള്‍ പറഞ്ഞിട്ടുണ്ടാവുക ?

"മടങ്ങിപ്പോ മക്കളെ - ഉമ്മച്ചനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല !"

അതോ

"മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും - സഖാക്കള്‍ക്ക് പിരിഞ്ഞു പോകാം."

എന്തായാലും ചുവന്ന നിറം കാളകളെ മാത്രമല്ല , ചുരുങ്ങിയപക്ഷം തലസ്ഥാനത്തെയെങ്കിലും കൊതുകുകളെയും ആകര്‍ഷിക്കുമെന്ന് സമരക്കാര്‍ക്ക് ബോധ്യമായിക്കാണും - എന്നാ കുത്തായിരുന്നെന്നോ.....

സിരകളില്‍ അല്‍പ്പം വിപ്ലവവീര്യം നിറച്ചിട്ടെങ്കിലും ഒന്ന് കിടന്നു കണ്ണടക്കാമെന്ന് വിചാരിച്ചപ്പോള്‍ താങ്കള്‍ കാണിച്ച കൊലച്ചതി - ബീവറെജസെല്ലാം അടച്ചിട്ടു
കളഞ്ഞില്ലേ , ഇങ്ങനെയൊരു പ്രതിരോധതന്ത്രം സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല പാവം സമരക്കാര്‍ - ഹോ !

തലസ്ഥാനത്തെ ഹര്‍ത്താല്‍ അന്തരീക്ഷം മുതലെടുക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ കോഴികളെ ഇറക്കുമതി ചെയ്തു ഫ്രീസറില്‍ ഇല്ലാത്ത സ്ഥലമുണ്ടാക്കി കുത്തി നിറച്ച കോള്‍ഡ്സ്റ്റൊരെജ് ഉടമകളുടെ കാര്യമാണ് കഷ്ടം - അടുത്ത ഒരാഴ്ച നഗരത്തില്‍ ഒന്നെടുതാല്‍ ഒന്ന് ഫ്രീ ഓഫര്‍ പ്രതീക്ഷിക്കാം - എങ്ങനെയെങ്കിലും വിറ്റ് തീര്‍ക്കണ്ടേ ?

എന്തായാലും രണ്ടു കച്ചവട സാധ്യതകളും ഈ സമരം മൂലം തുറന്നു കിട്ടി -

- യോഗങ്ങള്‍ക്ക് കൂജയും മിനറല്‍ വാട്ടര്‍ കുപ്പി പാതി മുറിച്ചു വച്ചത് പോലെ തോന്നിക്കുന്ന ഗ്ലാസ്സും സപ്പ്ളെ ചെയ്യല്‍.

- സെക്രട്ടരിയെട്ടിനു മുന്നില്‍ സമരപ്പന്തലിനോടൊപ്പം പോര്‍ട്ടബിള്‍ കക്കൂസുകള്‍ കൂടി വാടകയ്ക്ക് കൊടുക്കല്‍.

പക്ഷെ ഒരു സംശയം - സമരത്തോട് ഐക്യദാര്‍ദ്യം പ്രഖ്യാപിച്ച് തങ്ങള്‍ എങ്ങനെയെങ്കിലും എത്തിച്ചെര്‍ന്നിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ ചാടിപ്പുറപ്പെട്ട കീബോഡ് വിപ്ലവകാരികളുടെ അവസ്ഥ ?

ഈ പാവത്തുങ്ങള്‍ക്ക് വേണ്ടി,അവറ്റകളുടെ നിരാശ മാറ്റാന്‍ തലസ്ഥാനത് വച്ച് തന്നെ ഒരു 5 സ്റ്റാര്‍ ഹോട്ടല്‍ ഉപരോധമെങ്കിലും സംഘടിപ്പിക്കാന്‍ താങ്കള്‍ തന്നെ പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കണം.

കഴിയുമെങ്കില്‍ പിരിച്ചെടുത്ത കാശില്‍ നിന്ന് അതുങ്ങള്‍ക്ക് ചെലവാകുന്ന റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റെങ്കിലും കൊടുക്കാന്‍ പറയണം.

"മുഴുവന്‍ ഇല്ലെങ്കില്‍ ഒരമ്പത് ശതമാനമെങ്കിലും, ഒരിരുപത്തഞ്ച് , ഒരു പത്ത്, ഒരഞ്ച് എങ്കിലും താടെയ്" എന്ന് പാവത്തുങ്ങള്‍ കിടന്നു കരയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ ?

കൂടാതെ ഫേസ്ബുക്കില്‍ ഘോരഘോരം പോസ്റ്റുകളിട്ടു കൊണ്ടിരുന്നവര്‍ക്ക് സമരം എന്തുകൊണ്ട് അവസാനിപ്പിച്ചു എന്നതിന്‍റെ വിശദീകരണം താത്വികമാക്കുന്നതിനു വേണ്ടി സന്ദേശം സിനിമയുടെ ക്ലിപ്പിംഗ് ഇമെയില്‍ വഴിയെങ്കിലും അയച്ചു കൊടുക്കാനും പറയണം.

ഖജനാവില്‍ എല്ലാവന്മാരും കൂടി കയ്യിട്ടു വാരിയതിനു ശേഷം വല്ലോം മിച്ചം ഉണ്ടേല്‍ തലസ്ഥാനനഗരിയില്‍ കൊല്‍ക്കൊത്ത, ചൈന, പോളണ്ട് എന്നിവിടങ്ങളില്‍ ഉള്ളത് പോലെ ചില കെട്ടിടങ്ങള്‍ പണി കഴിപ്പിക്കണം . ഫോട്ടോ എടുക്കാന്‍ വേണ്ടി വെയില്കൊള്ളാന്‍ മടിയന്മാരായ ഏഷ്യാനെറ്റിന്‍റെ അവശഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി അത്രയെങ്കിലും ചെയ്തു കൊടുത്തില്ലെങ്കില്‍ മോശമല്ലേ ?

ക്ഷേത്രങ്ങളില്‍ വെടിവഴിപാട്, ശത്രുസംഹാരപൂജ എന്നിവ പോലെ "സ്വാതന്ത്രദിനാനന്തരം മുഖ്യന്‍റെ രാജി" എന്നൊരു വഴിപാടു കൂടി തുടങ്ങിയാല്‍ ദേവസ്വം ബോഡ് ഇനിയും ലാഭത്തിലേക്ക് കുതിക്കും.

ഇപ്പൊ വെക്കും വെടി എന്നാശിച്ച് വാനിനു മുകളില്‍ കുടയും വിടര്‍ത്തി, സ്റ്റുഡിയോയില്‍ ചുണ്ടത്ത് മെഴുക്കും തേച്ച് കണ്ഡകൌപീന ധാരികളെ ഒരുക്കി നിര്‍ത്തിയ ചാനലുകാര്‍ക്ക് ഒരാശ്വാസത്തിന് വേണ്ടിയെങ്കിലും വന്ന പട്ടാളക്കാര്‍ക്കൊണ്ട് ആകാശത്തെക്കെങ്കിലും ഒരു നാല്റൌണ്ട് ഉണ്ടയില്ലാവെടി വെപ്പിക്കാമായിരുന്നു - കുറഞ്ഞപക്ഷം അഞ്ചാറു പാക്കറ്റ് ഓലപ്പടക്കമെങ്കിലും സെക്രട്ടറിയെറ്റിനു മുന്നിലെ ആ റോട്ടിലിട്ടു പൊട്ടിക്കാമായിര്‍ന്നു.

സമരം മൂലം എന്നെപ്പോലെയുള്ള ചളി പോസ്റ്റ്‌ എഴുത്തുകാര്‍ക്ക് നഷ്ടമായ ആയിരക്കണക്കിന് ലൈക്കുകള്‍ക്ക് വേണ്ടി കാലം നിങ്ങളോട് കണക്കുചോദിക്കട്ടെ ചാണ്ടിക്കുഞ്ഞേ.

അവസാനം ഗത്യന്തരമില്ലാതെ - കിടു തന്നെയായിക്കോട്ടെയെന്നു കരുതി, കരയില്‍ സെക്രട്ടറിയേറ്റ് എഡിറ്റ്‌ ചെയ്തു കയറ്റിയ, ചെങ്കടലിന്റെ ഏരിയല്‍ വ്യൂ ഫോട്ടം പ്രൊഫൈലില്‍ പോസ്റ്റാന്‍ വെമ്പി നിന്ന ഞങ്ങളെ നിങ്ങള്‍ നിരാശരാക്കിയില്ലേ ?

ഇതൊക്കെ കാണുമ്പോള്‍ എനിക്കും പറയാന്‍ തോന്നുന്നതില്‍ അതിശയമില്ല - ഉമ്മന്‍ ചാണ്ടിക്ക് ഒന്ന് രാജി വെച്ചാല്‍ എന്താ ?

സ്ഥിരമായി വെക്കാന്‍ മടിയാണെങ്കില്‍ ഒന്ന് വച്ചിട്ട് അരമണിക്കൂര്‍ കഴിഞ്ഞു വേണേ തിരിച്ചെടുത്തോളൂ.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top