Friday, August 9, 2013

കഥ : വിശ്വാസപ്പതര്‍ച്ചകള്‍

"ദേവീ"

വെളിച്ചപ്പാട് ഇരുകൈകള്‍ കൊണ്ടും തേങ്ങ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് പാതിയടഞ്ഞ കണ്‍പോളകളോടെ ഒരുനിമിഷം ധ്യാനത്തില്‍ മുഴകി , പിന്നെ തേങ്ങ കല്ലിലേക്ക് ശക്തിയായി വലിച്ചെറിഞ്ഞു.

ചിതറിത്തെറിച്ച തേങ്ങാക്കഷണങ്ങള്‍ പെറുക്കാനായി ഓടാന്‍ തുനിഞ്ഞ പേരക്കുട്ടിയെ തന്നോട് ചേര്‍ത്ത് പിടിച്ച് കൊണ്ട് കൃഷ്ണക്കൈമള്‍ അടുത്ത തേങ്ങ കൈമാറി.

"ദേവീ" വീണ്ടും ധ്യാനം, ഏറ് - ആ തേങ്ങയും ഓര്‍മ്മയായി.

മൂന്നാമത്തെ തേങ്ങ നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ ദേവിയെ വിളിച്ചതില്‍ അല്‍പ്പം ആത്മാര്‍ത്ഥതയുടെ കുറവ് വെളിച്ചപ്പാടിനു തന്നെ അനുഭവപ്പെട്ടു - ഏറിനു അല്‍പ്പം ശക്തി കുറവായിരുന്നോ എന്ന സംശയം കൈമളിലും ജനിപ്പിച്ചു കൊണ്ട് തേങ്ങ പൊട്ടാതെ കല്ലില്‍ തട്ടിത്തെറിച്ച് ഇരുളിലേക്ക് ഉരുണ്ടു പോയി.

"എന്താപ്പോദ് - ഈയിടെ ഇതൊരു പതിവായിരിക്കണൂലോ, ഭാഗവതിടെ കോപോ അതോ വെളിച്ചപ്പാടിന്‍റെ ശ്രദ്ധക്കുറവോ"

കൈമള്‍ വെളിച്ചപ്പാടിനെ തെല്ലു നീരസത്തോടെ നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.

പേരക്കിടാവ് കൈമളുടെ പിടിവിടുവിച്ച് ഉരുണ്ടുപോയ തേങ്ങ എടുക്കാന്‍ ഓടാന്‍ തുനിഞ്ഞു.

"അതങ്ങ് പൊയ്ക്കോട്ടേ - മോന്‍ അമ്മൂമ്മയോട് പറഞ്ഞു വേറെ ഒരു നാളികേരം വാങ്ങി വരിക" കൈമള്‍ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.

വെളിച്ചപ്പാട് ഒന്നുമുരിയാടാതെ ഇരുളിലേക്ക് നോക്കി നിന്നു.

"ഊട്ടുപുരയില്‍ നിന്ന് നേദ്യച്ചോറെടുത്തു പാത്രം വെളിയില്‍ വെക്കുമ്പോള്‍ താലം കൊണ്ട് മൂടാന്‍ മറക്കണ്ട - നായ പാത്രത്തില്‍ തലയിടും, പിന്നെ ഊട്ടുപുരയുടെ വാതില്‍ പൂട്ടാനും" ശ്രീകോവില്‍ പൂട്ടി താക്കോല്‍ പൂണൂലിന്‍ തുമ്പില്‍ കോര്‍ത്തിട്ടുകൊണ്ട് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ തിരുമേനി പറഞ്ഞു.

"ആയ്ക്കോട്ടെ" വെളിച്ചപ്പാട് തലയാട്ടി.

പണ്ടെങ്ങോ ഒരിക്കല്‍ താന്‍ ചെമ്പടക്കാന്‍ മറന്നു പോയെന്നത് നേര് തന്നെ - എന്ന് വച്ച് എന്നും ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കേണ്ടതുണ്ടോ ? എന്നത്തേയും പോലെ തികട്ടി വന്ന ചോദ്യം വെളിച്ചപ്പാട് വിഴുങ്ങി.

"എന്താ നമ്പൂരിശാ , ഇന്ന് നല്ല കോളാണെന്നു തോന്നണ്‍ണ്ടല്ലാ" ഹമീദ് തന്‍റെ കൊന്ത്രമ്പല്ല് കാട്ടി സ്വതസിദ്ധമായ ചിരിയോടെ ചോദിച്ചു.

വെളിച്ചപ്പാട് നിസ്സഹായതയുടെ ഒരു നനഞ്ഞ ചിരി ചിരിച്ചു.

"ഞാന്‍ നമ്പൂരിയല്ല , നായരാണ് ഹമീദെ " എന്ന് പറയാന്‍ വിചാരിച്ചെങ്കിലും ഹമീദിന്‍റെ ചോദ്യത്തിന്‍റെ ഉദ്ദേശം അജ്ഞതയല്ല, പരിഹാസമാണെന്നുള്ള തിരിച്ചറിവില്‍ അത് വേണ്ടെന്നു വച്ചു - ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം ഹമീദിന് നമ്പൂരിമാരാണ്.

"എന്താ ഇങ്ങക്ക് വേണ്ടേ?"

വെളിച്ചപ്പാട് ചുറ്റുമൊന്നു കണ്ണോടിച്ചശേഷം തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞിരുന്ന നാളികേരമെടുത്ത് തട്ടില്‍ന്മേല്‍ വച്ചു.

"ഓഹോ - അപ്പൊ ഇന്നും ഇങ്ങക്ക് തേങ്ങയെറിഞ്ഞപ്പോ മനസ്സ് പതറീല്ലേ"

ഹമീദിന്‍റെ വാക്കുകളിലെ പരിഹാസത്തിന്‍റെ മൂര്‍ച്ചയിലുണ്ടായ ഇടനെഞ്ചിലെ നാണക്കേടിന്‍റെ പിടച്ചില്‍, വെളിച്ചപ്പാടിന്‍റെ മുഖത്ത് ജാള്യതയുടെ ഒരു നേര്‍ത്ത വിളറിയ ചിരി തെളിയിച്ചു.

തേങ്ങക്ക് പകരം ഹമീദ് പൊതിഞ്ഞു തന്ന പലഹാരപ്പൊതിയുമായി വീട്ടിലേക്കു നടക്കുമ്പോള്‍ "ഒരു എരിവും പുളീം ഇല്ലാത്ത ഈ ചോറെങ്ങനാ അച്ചാ ദിവസോം കഴിക്കാ" എന്ന മകളുടെ ചോദ്യം ഒഴിവാകുമല്ലോ എന്ന ആശ്വാസത്തില്‍ എല്ലാ പരിഹാസങ്ങളും കുത്തുവാക്കുകളും അയാളുടെ മനസ്സില്‍ നിന്ന് ആവിയായി അലിഞ്ഞില്ലാതായി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top