Friday, March 28, 2014

വീണുകിട്ടുന്ന എഫ്ബി കഥകള്‍

"അമ്മാ.... തായേ"

ഫേസ്ബുക്കില്‍ ഇന്നെന്തു പോസ്റ്റുമേന്നാലോചിച്ചു തലപുകച്ചിരിക്കുമ്പോഴാണ്, വീടിനു വെളിയില്‍ ആ ശബ്ദം കേട്ടത്.

അത് ഗൌനിക്കാതെ വീണ്ടും ആലോചിച്ചു തുടങ്ങിയപ്പോള്‍ പിന്നെയും അതെ വിളി "അമ്മെ, തായേ"

"ഇത് വല്യ ശല്യമായല്ലോ എന്ന് കരുതി പേര്‍സില്‍ നിന്ന് ഒന്നുരണ്ടു ചില്ലറ നാണയവും എടുത്തു വരാന്തയിലേക്ക്‌ വന്നു.

നീട്ടിവളര്‍ത്തിയ നരച്ചമുടിയുള്ള, കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രം ധരിച്ച എല്ലുന്തിയ ഒരു കറുത്ത രൂപം ഒരു പിച്ചച്ചട്ടിയുമായി മുറ്റത്ത് - പൊടുന്നനെ തലക്കുള്ളില്‍ ഐഡിയയുടെ ബള്‍ബ് മിന്നി - പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

അടുക്കളയില്‍ കറിക്കരിഞ്ഞു കൊണ്ടിരുന്ന ഭാര്യ എന്‍റെ ഗാലക്സി ഫോണുമായി അടുക്കളക്കാരിയില്‍ നിന്ന് കാമറവുമണ്‍ ആയി പെട്ടെന്ന് പ്രൊമോഷനായി.

ഉള്ളതില്‍ വടിവൊത്ത ഒരു നൂറുരൂപാ നോട്ടെടുത്ത് യാചകന് നേരെ നീട്ടിക്കൊണ്ട് അവളോട്‌ ചോദിച്ചു - "ഡീ - എല്ലാം ഓക്കേയല്ലേ ?".

"ചേട്ടാ, മുഖത്തല്‍പ്പം കാരുണ്യം കൂടി വരുത്തിയാല്‍ നന്നായിരിക്കും"

പച്ചാളം ഭാസിയെ മനസ്സില്‍ ധ്യാനിച്ച്‌ മുഖത്തൊരുമാതിരി പശു അറിയാതെ വളിച്ച കാടിവെള്ളത്തില്‍ തലയിട്ട ഭാവം വരുത്തിയപ്പോള്‍ ഭാര്യയുടെ അടുത്ത കമന്‍റ്.

"അങ്ങേരോട് സ്ഥാനാര്‍ഥി വോട്ടറെ കണ്ടപോലെയുള്ള ആ ഇളി മാറ്റി മുഖത്ത് അല്‍പ്പമൊരു ദയനീയഭാവം വരുത്താന്‍ പറ"

അപ്പോഴാണ്‌ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയത് - നൂറുരൂപാനോട്ടില്‍ കണ്ണുടക്കി, പട്ടിണിക്കാരന്‍ ചായക്കടയിലെ ചില്ലമാരയില്‍ പലതരം പലഹാരങ്ങള്‍ കണ്ട പോലെ ആക്രാന്തത്തില്‍ നില്‍ക്കുകയാണയാള്‍ - ഒരുതരത്തിലും സീന്‍ മാച്ചാവില്ല.

"അണ്ണേയ് , ഇപ്പടി സിരിച്ചിടാതുങ്കോ, മോന്തയില്‍ ദുഃഖം പോതും" തമിഴില്‍ ഞാന്‍ പണ്ടേ വീക്കാ.

എന്തായാലും അണ്ണന് കാര്യം മനസ്സിലായി - മേജര്‍ രവിയുടെ പടം ആദ്യദിവസം തന്നെ ഇടിയുണ്ടാക്കി കണ്ടിറങ്ങുന്ന മോഹന്‍ലാല്‍ ഫാനിനെപ്പോലെ അണ്ണന്‍റെ മുഖത്തും സീന്‍ ശോകമായി (അണ്ണനും ഉദയനാണ് താരത്തിന്‍റെ തമിഴ് റീമേയ്ക്ക് കണ്ടിട്ടുണ്ടെന്നു തോന്നുന്നു.)

"ഇപ്പൊ എല്ലാം ഓക്കെയല്ലേ - എങ്കില്‍ എടുത്തോളൂ" മുഖത്തു കാരുണ്യം വാരിവിതറിക്കൊണ്ട് ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.

"അയ്യോ ചേട്ടാ" അവളുടെ കരച്ചില്‍.

"ഇനിയെന്താടീ ?" എനിക്ക് ദേഷ്യം വന്നു. അടുക്കളയില്‍ കറിക്കരിഞ്ഞു കൊണ്ട് നിന്നവളെയൊക്കെ പിടിച്ചു കാമറയെല്‍പ്പിച്ചാല്‍ ഇങ്ങിനിരിക്കും - ഞാന്‍ അവള്‍ കേള്‍ക്കാതെ പിറുപിറുത്തു.

"ചേട്ടാ, മൊബൈല്‍ ബാറ്ററി തീര്‍ന്നു ഓഫായിപ്പോയല്ലോ"

അപ്പോഴാണ് ഞാന്‍ അക്കാര്യം ഓര്‍ത്തത്, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നു പോയി !

"സാര്‍ കൊടുക്കുങ്കോ സാര്‍ " ഭിക്ഷക്കാരന്‍ എന്‍റെ കയ്യിലെ നൂറുരൂപയിലേക്ക് നോക്കി വെള്ളമിറക്കിക്കൊണ്ട് ചോദിച്ചു.

"അണ്ണേയ്, ഒരു ഒന്നര മണിക്കൂര്‍ വെയ്റ്റ് പണ്ണുങ്കോ - മൊബൈല്‍ ബാറ്ററി ചാര്‍ജ് ആവട്ടും, അപ്പറം പണം കൊടുക്കലെ"

ഒരുനിമിഷം എന്‍റെ മുഖത്തേക്ക് നോക്കി പപല്ലിറുമ്മിനിന്ന ശേഷം തമിഴില്‍ എന്തൊക്കെയോ പച്ചത്തെറികള്‍ വിളിച്ചു പറഞ്ഞു കൊണ്ട് അയാള്‍ പടികടന്നു വേഗത്തില്‍ നടന്നു പോയി.

എനിക്കും ഭാര്യക്കും കൂടുതല്‍ തമിഴ് അറിയാത്തത് ഭാഗ്യം !

എന്തായാലും ഇന്നത്തേക്കൊരു സ്റ്റാറ്റസ് ആയ സന്തോഷത്തോടെ ഞാന്‍ കമ്പ്യൂട്ടറിന് മുന്നിലേക്കും സുക്കര്‍ബര്‍ഗിനെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അവള്‍ അടുക്കളയിലേക്കും പോയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top