Saturday, March 15, 2014

ശശിയും, ഷിബുവും അമേരിക്കന്‍ എംബസിയില്‍.

"ഹോ ആളോള് പറേണ നെരാട്ടോ, അവമ്മാരുടെ ഒടുക്കത്തെ ഒരു പരിശോധന തന്നെ"

റിസപ്ഷനില്‍ തനിക്കടുത്തുള്ള കസേരയിലേക്ക് വന്നിരിക്കുന്ന ശശിയെ നോക്കി സെബാള്‍ട്ടി പറഞ്ഞു.

"എന്താ മച്ചാനെ കാര്യം?"

"ഹോ, ആ ഗേറ്റിലെ സെക്യൂരിറ്റിക്കാര്‍ എന്‍റെ പാന്‍റ് വരെ ഊരി പരിശോധിച്ചു. വിസക്കുള്ള ഇന്‍റര്‍വ്യൂവിനിതാണ് അവസ്ഥയെങ്കില്‍ അമേരിക്കയില്‍ ചെന്നിറങ്ങുമ്പോള്‍ എന്തായിരിക്കും ?"

"ങേ എന്നെക്കൊണ്ട് പാന്റൊന്നും ഊരിച്ചില്ലല്ലോ , മലയാളി ആണോന്നു ചോദിച്ചു - ആണെന്ന് പറഞ്ഞപ്പോ പോയ്ക്കൊള്ളാന്‍ പറഞ്ഞു"

"ങാ, അതെന്നെ ആദ്യം പരിശോധിച്ചത് കൊണ്ടായിരിക്കും, പരിശോധന കഴിഞ്ഞപ്പോ എന്നോട് താന്‍ ഏതു നാട്ടുകാരനാണെന്ന് ചോദിച്ചാരുന്നു - ഇനി മലയാളിയെന്നു കേട്ടാ അവന്മാര് ആരുടേം പാന്റൂരിപരിശോധിക്കില്ല"

"ഹഹ...അളിയന്‍ സ്വതന്ത്രനായിരുന്നല്ലേ ?" ശശി ചിരിയോടെ ചോദിച്ചു.

സെബു നാവു പുറത്തിട്ട സ്മൈലി പോലെ തലയാട്ടി.

"അളിയാ ആ എജന്റ്റ് പറ്റിക്കത്തില്ലല്ലോ ല്ലേ, രൂപ നാല് ലക്ഷമാ കൊടുക്കുന്നെ. അമേരിക്കയില്‍ എത്തിക്കിട്ടിയാല്‍ പിന്നെ രക്ഷപ്പെട്ടെന്നാ പറഞ്ഞിരിക്കുന്നെ . അവിടേം നമ്മുടെ പേപ്പര്‍ ഒക്കെ ശരിയാക്കി തരാന്‍ ഇവരുടെ ആള്‍ക്കാര്‍ ഉണ്ടത്രേ ."

"ഒരുപാട് പേര് ഗാനമേള, മിമിക്രി ട്രൂപ്പിന്‍റെ ഒക്കെ കൂടെ മുങ്ങുന്നത് കൊണ്ട് അമേരിക്കന്‍ എംബസ്സിയിലെ ഇന്‍റര്‍വ്യൂ അല്‍പ്പം കട്ടിയാന്നാ എജന്‍റ് പറഞ്ഞെ. നമ്മളുപോകുന്നത് മിമിക്രി ട്രൂപ്പിന്‍റെ കൂടെയായതോണ്ട് എന്നോട് അല്‍പ്പസ്വല്‍പ്പം മിമിക്രിയൊക്കെ പഠിച്ചു കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്"

"ആഹ, അളിയാ, എന്നോടും പറഞ്ഞിട്ടുണ്ട്. ആട്ടെ നീയെന്ത് മിമിക്രിയാ പഠിച്ചേ ?"

"ഞാന്‍ നമ്മടെ അച്ചുമാമന്‍റെ ശബ്ദം അനുകരിക്കാന്‍ പഠിച്ചിട്ടുണ്ട്"

"ആഹ, ഞാനും അതന്നെയാ പഠിച്ചേ.,അതാകുമ്പോ പ്രത്യേകിച്ച് പഠിക്കാന്‍ ഒന്നും ഇല്ലല്ലോ. ചുമലും രണ്ടും മേപ്പോട്ടു കേറ്റി കൈ രണ്ടും ചുരുട്ടിപ്പിടിച്ചു സ്റ്റെഡിയായി നിന്ന് എന്തേലും കോപ്രായം കാട്ടിയാ മതിയല്ലോ"

കറുത്ത സ്യൂട്ടിട്ട വെളുവെളാ വെളുത്ത ഒരു സായിപ്പ് അവര്‍ക്ക് മുന്നിലൂടെ നടന്നു പോയി.

വെള്ളിപോലെ വെളുത്ത നീണ്ട മുടി.ബുള്‍ഗാന്‍ താടി.

പോകുന്ന പോക്കില്‍ സായിപ്പ് രണ്ടാളെയും ഒന്ന് സൂക്ഷിച്ചു നോക്കി.

അല്‍പ്പം സമയത്തിനകം ഇന്‍റര്‍വ്യൂ നടക്കുന്ന അടച്ചിട്ട മുറിക്കു മുന്നിലെ ഡിസ്പ്ലേ "ടിംഗ്ടോംഗ്" എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്‌ സെബാള്‍ട്ടിയുടെ പേരെഴുതി കാണിച്ചു.

രേഖകളൊക്കെ അടങ്ങിയ ഫയലുമായി സെബു കൌണ്ടറിലേക്ക് നടന്നു. ശശി സെബുവിനു ഷേക്ക്‌ ഹാന്‍ഡ് കൊടുത്ത് ഓള്‍ ദി ബെസ്റ്റ് പറയാന്‍ മറന്നില്ല.

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ശശിയുടെ പേര് വിളിച്ചു.

"മേ ഐ കമിന്‍ സാര്‍ ?" ചെറുക്കനെ കാണാന്‍ നില്‍ക്കുന്ന കല്യാണപ്പെണ്ണിനെ പോലെ വാതില്‍ തുറന്നു പിടിച്ചു കൊണ്ട് ശശി ചോദിച്ചു.

"കമിന്‍" സായിപ്പ് പറഞ്ഞു.

"ഇരിക്കൂ" സായിപ്പ് കസേര ചൂണ്ടിക്കൊണ്ട് ഇംഗ്ലിഷില്‍ ശശിയോട് പറഞ്ഞു.

"രേഖകള്‍ കാണിക്കൂ" സായിപ്പ് ആവശ്യപ്പെട്ടപ്പോള്‍ ശശി ഫയല്‍ സായിപ്പിന് കൈമാറി.

സായിപ്പ് രേഖകള്‍ ഓരോന്നായി സൂക്ഷമായി പരിശോധിച്ചു കൊണ്ടിരിക്കെ ശശി വെറുതെ മുറിയൊക്കെ നോക്കിക്കാണാന്‍ വേണ്ടി തിരിഞ്ഞപ്പോഴാണ് പിന്നില്‍ ഭിത്തിയോട് ചേര്‍ന്നുള്ള കസേരയിലിരിക്കുന്ന സെബാള്‍ട്ടിയെ കണ്ടത്.

ശശി സെബുവിനോട്‌ "എന്തായി" എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു.

"ഒന്നും ആയില്ല, ഇന്‍റര്‍വ്യൂ കഴിഞ്ഞു, ഇവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു" സെബു  ആംഗ്യഭാഷയില്‍ത്തന്നെ മറുപടി നല്‍കി.

"ശരി, എന്തിനാണ് മിസ്റ്റര്‍ ശശി അമേരിക്കയില്‍ പോകുന്നത് ?" പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ സായിപ്പ് ചോദ്യങ്ങള്‍ തുടങ്ങി.

"ഞാന്‍ ഒരു മിമിക്രി കലാകാരനാണ്. ഞങ്ങളുടെ ട്രൂപ്പിന്‍റെ പ്രോഗ്രാം ഉണ്ട്"

"ഓഹോ" സായിപ്പ് മുട്ടനാടിന്‍റെ താടിപോലെയുള്ള ബുള്‍ഗാന്‍ ഉഴിഞ്ഞ് ഒരു വക്രിച്ച ചിരിയോടെ ശശിയെ നോക്കി കടിച്ചാല്‍ പൊട്ടാത്ത ആംഗലേയത്തില്‍ ചോദിച്ചു..

"താങ്കള്‍ മിമിക്രിക്കാരന്‍ ആണെന്നതിന് എന്താണ് തെളിവ് ?"

സായിപ്പിന്‍റെ ചോദ്യം കാത്തിരുന്നത് പോലെ ശശി ചാടിയെഴുന്നേറ്റു.

ഇരുതോളുകളും മുകളിളിലേക്ക് കൊച്ചിപ്പിടിച്ചു മുഖം വക്രിച്ച് അച്ചുമാമന്‍റെ ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങി.

സായിപ്പ് ഒരുചിരിയോടെ എല്ലാം കണ്ടുകൊണ്ടിരുന്നു. ശശിയുടെ മിമിക്രി പ്രകടനം കഴിഞ്ഞപ്പോള്‍ സായിപ്പ് ചോദിച്ചു.

"ഇത് മാത്രമേയുള്ളോ ?" പച്ച മലയാളത്തിലുള്ള ചോദ്യം കേട്ട് ശശിയും സെബുവും ഒരേപോലെ ഞെട്ടി.

"ഇങ്ങോട്ട് വാ മോനെ സെബൂ"

പിന്നില്‍ അന്തം വിട്ടിരിക്കുന്ന സെബുവിനെ നോക്കി സായിപ്പ് പച്ച മലയാളത്തില്‍ പറഞ്ഞു.

സദസ്സിനെ കണ്ട് അമ്പരന്ന, ആദ്യമായി പ്രസംഗിക്കാന്‍ വരുന്ന സ്കൂള്‍ കുട്ടിയെപോലെ പരുങ്ങിക്കൊണ്ട് സെബാള്‍ട്ടി വന്നു കസേരയിലിരുന്നു.

"മോനെ, ശശി , നീയൊക്കെ റിസപ്ഷനിലിരുന്നു മലയാളത്തില്‍ പറഞ്ഞതൊക്കെ ഞാന്‍ കേട്ടിരുന്നു.നിന്നെപ്പോലെയുള്ള ഫ്രോഡ്കളെ പിടിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കെടുത്ത പച്ചമലയാളി തന്നാ ഞാന്‍ - പേര് കുണ്ടറ സോമന്‍. തലയിലെ വെള്ളിമുടി വിഗ് ഊരിമാറ്റിക്കൊണ്ട് സോമന്‍ 'സായിപ്പ്' പറഞ്ഞു.

മിമിക്രി ട്രൂപ്പിന്‍റെ കൂടെ വിസിറ്റ് വിസയില്‍ അമേരിക്കയില്‍ എത്തിപ്പറ്റിയശേഷം മുങ്ങാനല്ലെ , ഇന്ത്യക്കാരുടെ വിലകളയാന്‍ നടക്കുന്നവന്മാര്‍."

"നിന്നെയൊക്കെ കണ്ടുപിടിക്കാന്‍ സാക്ഷാല്‍ മലയാളികളെക്കൊണ്ടേ പറ്റൂ എന്ന് സാക്ഷാല്‍ ഒബാമക്ക് പോലും മനസ്സിലായി. അതോണ്ട് മക്കള്‍ വേഗം ഫയലും ബാഗും ഒക്കെ എടുത്തു സ്ഥലം വിട്ടോ. ഇനി മേലാല്‍ ഈ ഏരിയയില്‍ കണ്ടു പോകരുത്"

സെബുവിന്‍റെയും ശശിയുടെയും പേര് വീണ്ടും അന്വര്‍ഥമായി, പക്ഷെ ഇത്തവണ സോമന്‍ മാത്രം ഊളയായില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top