Monday, March 17, 2014

കഥ : ഊമക്കത്ത്

സമ്മാനപ്പൊതികള്‍ കുറെയേറെയുണ്ടായിരുന്നു.

ഓരോന്നായി തുറന്നു നോക്കുന്നതിനിടയില്‍ മടുപ്പുതോന്നിത്തുടങ്ങിയപ്പോഴാണ്‌ അവള്‍ പറഞ്ഞത്.

"ഇക്ക, നോക്കൂ - ഞാനിപ്പൊ വരാം"

മേശപ്പുറത്തു വച്ചിരുന്ന ഒഴിഞ്ഞ പാത്രവും ഗ്ലാസ്സുമെടുത്ത് അവള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. കൊലുസ്സുകള്‍ പടവുകളിറങ്ങിപ്പോകുന്ന നേര്‍ത്ത നാദം കേട്ടു.

യാദൃശ്ചികമായി സമ്മാനപ്പോതികള്‍ക്കിടയില്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു കാര്‍ഡ് കണ്ടപ്പോള്‍ താല്പര്യത്തോടെ ഞാനതെടുത്ത് തുറന്നു.

പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന രണ്ടു ചുവന്ന പനിനീര്‍പുഷ്പങ്ങളുടെ പുറംച്ചട്ടയുള്ള മനോഹരമായ ഒരു വിവാഹാശംസാ കാര്‍ഡ്.

തുറന്നപ്പോള്‍ അതിനകത്ത് നാലായി മടക്കിയ ഒരു കടലാസ്.

ഞാനത് തുറന്നു വായിച്ചു.

"പ്രിയ നവവരന്,

വിവാഹമംഗളാശംസകള്‍ !

ഈ ആദ്യരാത്രിയില്‍ തന്നെ നിങ്ങളെ നിരാശനാക്കേണ്ടി വന്നതില്‍ ഖേദമുണ്ട് , പക്ഷെ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ചരക്ക് സെക്കണ്ട് ഹാന്‍റ് ആണ് - എന്ജോയ്‌.

- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി"

അയാളാ കടലാസ് ഒരാവര്‍ത്തികൂടി വായിച്ചു.

കൈയില്‍ ഒരു നിറയെ പഴങ്ങളുള്ള ഒരു തട്ടവുമായി വാതില്‍ തുറന്നവള്‍ മണിയറയിലേക്ക് കടന്നുവന്നു.

"എന്താ ഈ വായിക്കുന്നത് ?"

കട്ടിലില്‍ ചാരിക്കിടക്കുന്ന എന്‍റെ കയ്യില്‍ നിന്നാ കടലാസ് വാങ്ങി അവള്‍ വായിച്ചു. വായിച്ചു തീരവേ അവളുടെ മുഖം വിളറി വെളുത്തു.

നെറ്റിയില്‍ വിയര്‍പ്പ് തുള്ളികള്‍ പൊടിഞ്ഞു.

വിറയ്ക്കുന്ന കരങ്ങളോടെ ആ കടലാസ് എനിക്ക് കൈമാറി അവള്‍ മുഖം താഴ്ത്തിയിരുന്നു.

"അസൂയാലുക്കളായ ആരാധകര്‍ കുറെയുണ്ടായിരുന്നല്ലേ, കോളേജില്‍ നിനക്ക് ?"

അവള്‍ കാണ്‍കെ തന്നെ ആ കടലാസ് ചുരുട്ടിക്കൂട്ടി കട്ടിലിനു താഴെ ഇരുന്ന വേസ്റ്റ് ബാസ്ക്കട്ടിലെക്കിട്ടു കൊണ്ട്, കുസൃതി നിറഞ്ഞ ചിരിയോടെ ഞാനവളെയെന്നിലേക്ക്‌ വലിച്ചടുപ്പിച്ചു. അവളുടെ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി ചുംബിച്ചു.

പിന്നെ താടി പിടിച്ചുയര്‍ത്തി മുഖത്തേക്ക് നോക്കി - കണ്ണുകളില്‍ ഉതിര്‍ന്നു വീഴാന്‍ വെമ്പിനില്‍ക്കുന്ന രണ്ടു മിഴിനീര്‍പ്പൂക്കള്‍.

ഞാനവയെ എന്‍റെ അധരങ്ങളാല്‍ ചുംബിച്ചെടുത്തപ്പോള്‍ ഒരടക്കിപ്പിടിച്ച തേങ്ങലായി അവളെന്നെ ഇറുകെപ്പുണര്‍ന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top