Wednesday, March 5, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 8 - മരണവുമായൊരു മുഖാമുഖം)

ഏറെ വൈകി കിടന്നിട്ടും പരിഭവിച്ചെന്ന പോലെ നിദ്രയെന്നെ വിട്ടകന്നു തന്നെ നിന്നു.

ഒരു പുസ്തകം തുറന്നു വായിച്ച് അലസമായി കട്ടിലില്‍ നിവര്‍ന്നു കിടക്കുകയായിരുന്ന ഞാന്‍ ആ കിടപ്പില്‍ നിവര്‍ത്തിയ പുസ്തകം കൊണ്ട് മുഖം മറച്ചുവച്ച് മയങ്ങിപ്പോയി.

ആരോ മുഖത്തുനിന്ന് പുസ്തകമെടുത്തു മാറ്റിയപ്പോഴാണ്‌ ഒരു ഞെട്ടലോടെ ഞാന്‍ കണ്ണുതുറന്നു നോക്കിയത് - നിറഞ്ഞ ചിരിയോടെ മെഹര്‍ തലാല്‍ !

"നീയെവിടെയായിരുന്നു , കുറെയേറെ നാളുകളായല്ലോ നിന്നെ കണ്ടിട്ട് ?" കട്ടിലില്‍ എഴുന്നേറ്റിരുന്നു കൊണ്ട് ഞാന്‍ ചോദിച്ചു .

"ഹും. ഒരു നീണ്ട യാത്രയിലായിരുന്നു, വഴിയെ പറയാം. എന്താ നിന്‍റെ വിശേഷങ്ങള്‍ ?"

"ഹും, എനിക്കെന്തു വിശേഷങ്ങള്‍" എന്‍റെ മനസ്സിലെ നിരാശ മുഴുവന്‍ ആ മറുപടിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവന്‍റെ മുഖത്തു തെല്ലും ഭാവമാറ്റം ഉണ്ടായില്ല.

"ഇന്ന് നീ അച്ഛനെ കണ്ടിരുന്നല്ലേ ? അബൂതാഹ എന്നോട് പറഞ്ഞു"

"ഉം" ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

"നിന്നെ അച്ഛന് ബോധ്യപ്പെട്ടെന്ന് അബൂതാഹ പറഞ്ഞു" എന്‍റെ പുറത്തു തട്ടിക്കൊണ്ടു തീന്മേശയിലെ പഴത്തട്ടില്‍ നിന്ന് ഒരു കറുത്ത മുന്തിരിയെടുത്തു വായിലിട്ടു നുണഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു.

"ഞാന്‍ ഓസ്ട്രേലിയയില്‍ ആയിരുന്നു. അവിടെ ഞാന്‍ ഒരു ക്ലബ് വാങ്ങിയിരുന്നു, കഴിഞ്ഞ വര്‍ഷം. അതിന്‍റെ നോക്കിനടത്തിപ്പോക്കെ എന്‍റെ ഒരു സുഹൃത്തായിരുന്നു ചെയ്തിരുന്നത്. പക്ഷെ അവനെക്കുറിച്ചു പലരില്‍ നിന്നും അത്ര ശുഭകരമല്ലാത്ത പലതും കേട്ടപ്പോള്‍ എനിക്ക് അവിടെവരെ പോകേണ്ടി വന്നു. ചെന്നപ്പോള്‍ കേട്ടതെല്ലാം സത്യവുമായിരുന്നു."

ഒന്ന് നിര്‍ത്തി മെഹര്‍ തലാല്‍ തുടര്‍ന്നു.

"മെഹര്‍ തലാലിനോട് വിശ്വാസ വഞ്ചന പുലര്‍ത്തുന്നവര്‍ ജീവിതം മടുത്തവരാണ്. കുറെ കാലം - പകരം പറ്റിയ ഒരാളെ കണ്ടെത്തും വരെ - അവിടെ തങ്ങേണ്ടി വന്നു. ഇവിടെ വിസ്കി ഇരിപ്പില്ലേ ?"

കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് അവന്‍ ചോദിച്ചു. എന്‍റെ മറുപടിക്ക് കാക്കാതെ അവന്‍ തന്നെ തീന്മേശക്ക് പിന്നിലുള്ള ബാര്‍കൌണ്ടറിലേക്ക് നടന്നു.

"എനിക്ക് വേണ്ട" അവന്‍ രണ്ടു ഗ്ലാസുകളിലേക്ക് മദ്യം പകരുന്നത് മടുപ്പോടെ നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"അതുപറ്റില്ല, കുറെ ദിവസങ്ങള്‍ക്കു ശേഷം കാണുന്നതല്ലേ, ഒരു പെഗ്ഗാവാം"
ഒരു ഗ്ലാസ്സിലേക്ക്‌ ഐസ്ക്യൂബുകള്‍ ഇട്ടിളക്കിക്കൊണ്ട് അവന്‍ എനിക്കുനേരെ നീട്ടി, വാങ്ങാതിരിക്കാന്‍ എനിക്കാകുമായിരുന്നില്ല.

കയ്യിലുള്ള ഗ്ലാസ്സില്‍ നിന്ന് കുറേശെയായി മദ്യം നുണഞ്ഞുകൊണ്ട് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ജനാലക്കരികില്‍, പുറത്തേക്ക് നോക്കി കുറേനേരം അവന്‍ നിന്നു.

"നാളെ നിനക്കൊരു പ്രധാനപ്പെട്ട ജോലിയുണ്ട് " എന്‍റെ നേരെ നോക്കാതെ അതുപറയുമ്പോള്‍ അവന്‍റെ ശബ്ദത്തിലെ ഏറ്റക്കുറച്ചിലില്‍ നിന്നുതന്നെ അതിന്‍റെ പ്രാധാന്യം എനിക്ക് ഊഹിക്കാന്‍ സാധിച്ചിരുന്നു.

"എന്താണത് ?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

"നാളെ നീയോരിടം വരെ പോകണം. ഇലിയാനയില്‍ തന്നെയുള്ള ഒരു ക്ലബ്ബാണത്, ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും ഇടയ്ക്കു ഞാനവിടെ സന്ദര്‍ശിക്കും എന്നവര്‍ക്ക് നേരത്തെ വിവരം കൊടുത്തിട്ടുണ്ട്‌. എനിക്ക് പകരം അവിടെ നീ പോകണം"

വരാനിരിക്കുന്ന എന്തോ ഒരപകടത്തെക്കുറിച്ചുള്ള സൂചന എന്‍റെയെല്ലാ രോമാകൂപങ്ങളെയും ചുട്ടുപൊള്ളിച്ചു കൊണ്ട് ഒരു വൈദ്യതസ്ഫുലിംഗം പോലെ എന്‍റെ നാഡികളിലൂടെ പാഞ്ഞുപോയി.

അപരന്‍ എന്ന ജോലിയില്‍ എന്‍റെ ആദ്യ പരീക്ഷണം.

ഇതുവരെ കടന്നുപോയ പരീക്ഷണങ്ങള്‍ വെറും ജീവിതം മാത്രമായിരുന്നു. ഇത് മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ഒരു നൂല്‍പ്പാലമാണ്. ഒരു പിഴവ് വരുത്തിയില്ലെങ്കില്‍ കൂടി ജീവന്‍ പകരം നല്‍കേണ്ടി വന്നേക്കാവുന്ന ഒരു അഗ്നിപരീക്ഷ.

നേരിടുകയല്ലാതെ എനിക്കുമുന്നില്‍ വേറെ വഴികള്‍ ഇല്ലായിരുന്നു.

എന്‍റെ എന്തെങ്കിലും രീതിയിലുള്ള എതിര്‍പ്പോ, പ്രതിരോധമോ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടവന്‍റെ ദുരഭിമാനമായി ചിത്രീകരിച്ചു പരിഹസിക്കപ്പെടുമെന്ന്‍ എനിക്കുറപ്പുണ്ടായിരുന്നു.

എല്ലാത്തിനുമുപരി എന്‍റെ മാതാപിതാക്കള്‍, എന്‍റെ കുടുമ്പം - അവര്‍ക്ക് വേണ്ടി എനിക്കൊരപരന്‍റെ ജീവിതം അഭിനയിച്ചു തീര്‍ക്കേണ്ടിയിരുന്നു.

അന്ന് രാത്രി കിടന്നിട്ടെനിക്കുറക്കം വന്നില്ല. ഒരുവിധത്തില്‍ കിഴക്ക് വെള്ളകീറുന്നതുവരെയെങ്കിലും ഞാന്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കഴിച്ചുകൂട്ടി.

സൈനികക്യാമ്പില്‍ വച്ചു ധ്യാനം പരിശീലിച്ചിരുന്നതിനെക്കുറിച്ചു ഞാനോര്‍ത്തു.

"സംഘര്‍ഷം നിറഞ്ഞ മനസ്സിനെ ലഘൂകരിക്കാന്‍ മനസ്സാന്നിധ്യത്തെക്കാള്‍ മികച്ച മറ്റൊരു പോംവഴിയുമില്ല . മനസ്സിനെ ദൃഡമാക്കാന്‍ ധ്യാനത്തെക്കാള്‍ മികച്ചതും" - എന്‍റെ ട്രെയിനറുടെ വാക്കുകള്‍ ഞാനോര്‍ത്തു.

ഉച്ചക്ക് ഒന്നരയോടെ വസ്ത്രം ധരിച്ചു കൊണ്ടിരിക്കെ കതകില്‍ ആരോ തട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ചെന്ന് വാതില്‍ തുറന്നു.

മെഹര്‍ തലാലിന്‍റെ അംഗരക്ഷകരില്‍ പ്രധാനിയായിരുന്ന ,ക്രിസ്റ്റി എന്ന് വിളിക്കുന്ന ക്രിസ്റ്റഫര്‍ നോലാനോ.

എന്നെ അഭിവാദ്യം ചെയ്ത ശേഷം അയാളെനിക്കു നേരെ ഒരു പ്ലാസ്റ്റിക് കാരിബാഗ് നീട്ടി.

"ഇതണിഞ്ഞോളൂ. ഞാനും കൂടെ വരുന്നുണ്ട്, റെഡിയായി വരുമ്പോഴേക്കും ഞാന്‍ പുറത്തു കാര്‍പോര്‍ച്ചിലുണ്ടാകും"

ഞാന്‍ അത് വാങ്ങി , അയാള്‍ നടന്നു നീങ്ങുന്നത്‌ ഒരുനിമിഷം നോക്കി നിന്നശേഷം ഞാന്‍ അകത്തു കടന്നു വാതിലടച്ചു.

കറുത്ത നിറത്തിലുള്ള, കൈയില്ലാത്ത ഒരു ബുള്ളറ്റ് പ്രൂഫ്‌ കുപ്പയമായിരുന്നു അത്.

സൈന്യത്തില്‍ വച്ച് ഉപയോഗിച്ചു പരിചയമുണ്ടായിരുന്നതിനാല്‍ എനിക്കത് ധരിച്ചപ്പോള്‍ കാര്യമായ അസ്വസ്ഥതകളോന്നും അനുഭവപ്പെട്ടില്ല.

പറഞ്ഞത് പോലെ കാര്‍പോര്‍ച്ചില്‍ അയാള്‍ കാത്തുനിന്നിരുന്നു. ഞാന്‍ പിന്‍സീറ്റിലും ക്രിസ്റ്റി മുന്നിലും കയറിക്കഴിഞ്ഞപ്പോള്‍ കാര്‍ മുന്നോട്ടു നീങ്ങി.

ബവേറിയയുടെ തലസ്ഥാനമായ ഇല്യാനയുടെ ഹൃദയഭാഗത്തായിട്ടായിരുന്നു "സെവന്‍ സീസ് ഗാംബ്ലിംഗ് ക്ലബ്" എന്ന ആ കൂറ്റന്‍ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.

ഹൈവേയില്‍ നിന്ന് നേരെ ക്ലബ്ബിന്‍റെ അണ്ടര്‍ഗ്രൌണ്ട് പാര്‍ക്കിംഗിലേക്ക് ഇറങ്ങിയ കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങാന്‍ തുനിഞ്ഞ എന്നെ ക്രിസ്റ്റി തടഞ്ഞു.

അപ്പോള്‍ മാത്രമാണ് ഞങ്ങളുടെ കാറിനു പിന്നാലെ മെഹര്‍ തലാലിന്‍റെ അംഗരക്ഷകര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാര്‍ കൂടി ഉണ്ടായിരുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

പിന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നും കറുത്ത സ്യൂട്ടും കൂളിംഗ് ഗ്ലാസ്സുകളും ധരിച്ച നാലുപേര്‍ ധൃതിയില്‍ ചാടിയിറങ്ങി നിമിഷനേരം കൊണ്ട് എന്‍റെ കാറിനു ചുറ്റും സുരക്ഷാവലയം തീര്‍ത്തു.

ഏതാനും നിമിഷങ്ങള്‍ കാറിനകത്തു തന്നെയിരുന്ന് പരിസരം സൂക്ഷമായി നിരീക്ഷിച്ച ശേഷം ക്രിസ്റ്റി പുറത്തിറങ്ങി ഞാനിരുന്ന ഭാഗത്തെ ഡോര്‍ തുറന്നു തന്നു.

പെട്ടെന്ന് പ്രതികരിക്കാന്‍ മനസ്സിനെ സജ്ജമാക്കിക്കൊണ്ട് ഒരു കൈ കോട്ടിന്‍റെ പോക്കറ്റില്‍ കിടക്കുന്ന പിസ്ട്ടലിന്‍റെ തണുപ്പില്‍ നിന്നകന്നു പോകാതെ ശ്രദ്ധിച്ച് ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി.

ചുറ്റും നാല് അംഗരക്ഷകരുടെ അകമ്പടിയോടെ ഞാന്‍ ക്രിസ്റ്റിയെ പിന്തുടര്‍ന്നു. ക്ലബ്ബിന്‍റെ പിന്‍വാതിലിലൂടെയാണ് ഞങ്ങള്‍ അകത്തു പ്രവേശിച്ചത്‌.

ക്ലബ്ബിനകത്ത് ഉച്ചത്തിലുള്ള റോക്ക് സംഗീതം ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. മേശകള്‍ക്കു ചുറ്റും കലപില കൂട്ടുന്ന ആണുങ്ങളും പെണ്ണുങ്ങളും പന്തയത്തിന്‍റെ പിരിമുറുക്കം ആഞ്ഞുവലിച്ചു തള്ളുന്ന പുകയിലയിലൂടെയും കുടിച്ചു തീര്‍ക്കുന്ന മദ്യചഷകങ്ങളിലൂടെയും ലഘൂകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

തിരക്കില്‍ നിന്ന് മാറി ഒരൊഴിഞ്ഞ ടേബിളില്‍ ചുവന്ന മുടിയുള്ള ഒരു മധ്യവയസ്കന്‍ ഇരുന്നിരുന്നു.

എന്നെക്കണ്ടപ്പോള്‍ അയാള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ക്രിസ്റ്റി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ അങ്ങോടു നടന്നു.

മുഖത്തു ഭാവവ്യത്യാസം ഒന്നും വരുത്താതെ തന്നെ അയാള്‍ക്ക്‌ ഹസ്തദാനം നല്‍കിക്കൊണ്ട് ഞാന്‍ അയാള്‍ക്കെതിരെയുള്ള ഒഴിഞ്ഞു കിടന്നിരുന്ന കസേരയിലിരുന്നു.

ഞാനെന്തിനാണയാളെ കാണാന്‍ വന്നതെന്നോ, ഹസ്തദാനം നല്കിയതെന്നോ എനിക്കറിയില്ലായിരുന്നു.

ഒരുനിമിഷം - അയാളുടെ കണ്ണുകള്‍ ക്ഷണനേരത്തെക്ക് മിന്നിമറഞ്ഞത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

പൊടുന്നനെ ഇരുന്നിടത്തുനിന്നും താഴേക്ക്‌ കുനിയാനുള്ള ഒരുള്‍വിളി എന്നിലുണ്ടായി. ഞാന്‍ താഴേക്ക്‌ കുനിഞ്ഞതും , എന്‍റെ വലത്തേ ചെവിക്കരികിലൂടെ എന്തോ ഒന്ന് അതിവേഗത്തില്‍ മൂളിപ്പറന്നു പാഞ്ഞു പോയി.

പെട്ടെന്ന് എന്നെ മേശക്കടിയിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് ക്രിസ്റ്റി എന്നെ കവര്‍ ചെയ്ത് നിന്നുകൊണ്ട് ആ വെടിയുണ്ട വന്ന ഭാഗത്തേക്ക് തുടരെ നിറയൊഴിക്കാന്‍ തുടങ്ങി.

അപ്പോള്‍ ക്ലബ്ബിന്‍റെ മറ്റു രണ്ടു ഭാഗത്തുനിന്നും വെടിയുണ്ടകള്‍ ഞങ്ങള്‍ക്ക് നേരെ ചീറിപ്പാഞ്ഞു വന്നു തുടങ്ങി.

ക്രിസ്റ്റി പെട്ടെന്ന് താഴേക്ക്‌ കുനിഞ്ഞ് ഞാന്‍ മറഞ്ഞിരുന്ന മേശ ഞങ്ങള്‍ക്കിരുവര്‍ക്കും വെടിയെല്‍ക്കാത്ത വിധത്തില്‍ ചരിച്ചിട്ട ശേഷം എന്നെ ബലമായി ചേര്‍ത്തു അവനൊപ്പം പിടിച്ചു കിടത്തി.

ഇതിനിടയില്‍ ഞാനും കോട്ടിന്‍റെ പോക്കറ്റില്‍ നിന്ന് എന്‍റെ പിസ്റ്റള്‍ പുറത്തെടുത്തിട്ടുണ്ടായിരുന്നു.

ആളുകള്‍ ക്ലബ്ബിനുള്ളില്‍ ഭയചകിതരായി തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു.

ഇടക്ക് വെടികൊണ്ട് വീഴുന്നവരുടെ ആര്‍ത്തനാദങ്ങളും ആ കൂറ്റന്‍ കെട്ടിടത്തിനുള്ളില്‍ മുഴങ്ങി.

എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ മഞ്ഞുകോരിയിട്ടുകൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തു പോലീസ് വാഹനങ്ങളുടെ സൈറന്‍ മുഴങ്ങിത്തുടങ്ങി.

ഒട്ടും താമസിയാതെ ക്ലബ്ബിനകത്തെക്ക് ഓടിക്കയറുന്ന അസംഘ്യം ബൂട്ടുകളുടെ ശബ്ദവും യന്ത്രത്തോക്കില്‍ നിന്നുള്ള കാതടപ്പിക്കുന്ന വെടിശബ്ദങ്ങളും കൊണ്ട് അവിടം പ്രകമ്പനം കൊണ്ടു.

അവസാനത്തെ ചെറുത്തുനില്‍പ്പിനെയും വെടിയുണ്ടകള്‍ക്കിരയാക്കിക്കൊണ്ട് പോലീസുകാര്‍ വിജയക്കൊടി പാറിക്കാന്‍ അധികസമയം വേണ്ടി വന്നില്ല.

അന്തരീക്ഷം ശാന്തമായപ്പോള്‍ ക്രിസ്റ്റി മേശക്കു പിന്നില്‍ നിന്ന് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു വേഗത്തില്‍ പുറത്തെത്തിച്ചു.

ഞങ്ങള്‍ ക്ലബ്ബിനു പുറത്തെ കാര്‍ പോര്‍ച്ചില്‍ എത്തിയപ്പോഴേക്കും എന്‍റെ ഡ്രൈവര്‍ കാറുമായി എത്തിക്കഴിഞ്ഞിരുന്നു.

ഞൊടിയിടയില്‍ കാറിന്‍റെ പിന്‍വാതില്‍ തുറന്നെന്നെ അകത്തേക്ക് തള്ളി സീറ്റിലേക്ക് കമഴ്ത്തി കിടത്തിയ ശേഷം ക്രിസ്റ്റി മുന്‍വാതിലിലൂടെ കാറിനകത്തേക്ക് ചാടിക്കയറി.

ഒരുനിമിഷം പോലും പാഴാക്കാതെ കാര്‍ ക്യൂബ് ഹൌസ് ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി.

(തുടരും) 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top