Monday, March 3, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 7 - ഒരു കൂടിക്കാഴ്ച )

ജനല്‍ച്ചില്ലിലൂടെ കടന്നുവന്ന സൂര്യകിരണങ്ങള്‍ മുഖത്തെ ചൂടുപിടിപ്പിച്ചു തുടങ്ങിയപ്പോഴാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നെറ്റത്.

കിടക്കയില്‍ അവളുണ്ടോയെന്നാണ് ആദ്യം നോക്കിയത് - ഇന്നലെ രാത്രി അവളീ മുറിയില്‍ ഉണ്ടായിരുന്നതിന്‍റെ ഒരു സൂചന പോലും എങ്ങും അവശേഷിച്ചിരുന്നില്ല.

പത്തുമണിയോടെ ,ഞാന്‍ കുളിക്കുവാന്‍ പോയ സമയത്താണ് തന്‍റെ പതിവുവേഷമായ കറുത്ത സ്യൂട്ടിലും ചരിഞ്ഞ ഇളം നീല വരകളുള്ള ടൈയിലും അബൂതാഹയെത്തിയത്.

"ഉണരാന്‍ ഒരുപാട് വൈകിയല്ലേ, ഇന്നലെ രാത്രി ഒരുപാടു മദ്യപിച്ചോ ?"

ടര്‍ക്കിഷ് ടവ്വല്‍ മാത്രമുടുത്ത് കണ്ണാടിക്ക് മുന്നില്‍ നിന്ന് മുടിചീകുകയായിരുന്ന എന്നോട് ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അബൂതാഹ ചോദിച്ചു.

ഞാന്‍ മറുപടി പറയാതെ അയാളെ നോക്കിച്ചിരിച്ചു.

"ഇന്ന് നമ്മളൊരാളെ കാണാന്‍ പോകുന്നു. ആളൊരു വിഐപിയാണ് ,അതുകൊണ്ട് ഇന്ന് നിനക്കണിയാനുള്ള വസ്ത്രം ഞാന്‍ തെരഞ്ഞെടുത്തു തരാം"

വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ചുവരലമാരികളിലോരെണ്ണം വലിച്ചുതുറന്ന് ഏറെ പരതിയശേഷം ഒരു കറുത്ത സില്‍ക്ക് സ്യൂട്ടും, ഇളം നീല ഷര്‍ട്ടും, കടും നീല നിറത്തിലുള്ള ടൈയും കൈയിലെത്ത് അബൂതാഹ എനിക്ക് നേരെ നീട്ടി.

അബൂതാഹ ഒരു സിഗരറ്റ് വലിച്ചു തീര്‍ത്ത സമയം കൊണ്ട് ഞാന്‍ വസ്ത്രം ധരിച്ചു കഴിഞ്ഞിരുന്നു.

"പോകാം" ഞാന്‍ അയാളെ നോക്കി പറഞ്ഞു.

അയാളെന്നെ അടിമുടി നോക്കി. തൃപ്തനായത് പോലെയുള്ള മുഖഭാവത്തോടെ മുന്നില്‍ നടന്നു.

ഞങ്ങള്‍ കാര്‍പോര്‍ച്ചിലേക്കെത്തിയപ്പോള്‍ ഒരു കറുത്ത റോള്‍സ് റോയ്സ് പോര്‍ച്ചില്‍ വന്നു നിന്നു. യൂണിഫോം അണിഞ്ഞ ഡ്രൈവര്‍ ഇറങ്ങിവന്നു ഡോര്‍ തുറന്നു. ഞങ്ങള്‍ ഇരുവരും അകത്തു കയറിക്കഴിഞ്ഞപ്പോള്‍ കാര്‍ നീങ്ങിത്തുടങ്ങി.

"എങ്ങോട്ടാ നമ്മള്‍ പോകുന്നത് ?" ഞാന്‍ ചോദിച്ചു.

മറുപടി പറയാതെ അബൂതാഹ ജനാലയിലൂടെ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചുകൊണ്ടിരുന്നു. ഉത്തരം പ്രതീക്ഷിച്ചു ഏതാനും നിമിഷം അയാളുടെ മുഖത്തേക്ക് നോക്കിയിരുന്ന ശേഷം ഞാനും കാറിനു പുറത്തുള്ള ലോകത്തേക്ക് എന്‍റെ കണ്ണുകളെ വഴിതിരിച്ചു വിട്ടു.

കാര്‍ പ്രധാന നിറത്തില്‍ നിന്ന് ഇടതുവശത്തുള്ള ഒരു റോഡിലേക്ക് പ്രവേശിച്ചു. ദൂരെ നിന്നെ ബവേറിയക്കാര്‍ക്കെല്ലാം ചിരപരിചിതമായ ആ കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം ദൃശ്യമായി.

"പാര്‍ലമെന്‍റ് ? അപ്പോള്‍ നമ്മള്‍ പോകുന്നത് പ്രസിഡന്‍റിനെ കാണാനാണോ ?" എന്‍റെ ചോദ്യത്തില്‍ നിറഞ്ഞു നിന്ന ആകാംക്ഷയും, അമ്പരപ്പും അബൂതാഹ കേട്ടില്ലെന്നു നടിച്ചു.

അയാള്‍ ഗഹനമായ എന്തോ ആലോചനയിലായിരുന്നെന്ന് അയാളുടെ കൃഷ്ണമണികളുടെ ധൃതഗതിയിലുള്ള ചലനത്തില്‍ നിന്നും നെറ്റിയുടെ ഒരു വശത്ത്‌ പിടച്ചു നിന്ന ഞരമ്പുകളുടെ സാന്നിധ്യത്തില്‍ നിന്നും ഞാനൂഹിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ കാര്‍ ബവേറിയന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പ്രധാന കവാടം കടന്ന് അകത്തു പ്രവേശിച്ചു. ഗേറ്റില്‍ കാവല്‍ നിന്നിരുന്ന രണ്ടു സൈനികര്‍ കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ ധൃതി വച്ച് അറ്റന്‍ഷനായി നിന്ന് സല്യൂട്ട് ചെയ്തു.

കാര്‍ കടന്നുപോകുമ്പോള്‍ വീഥിയുടെ ഇരുവശത്തും നിന്നവരും, എതിരെ കടന്നു പോയ്‌ കൊണ്ടിരുന്നവരും സണ്‍ഫിലിമിലൂടെ കാറിനകത്തേക്ക് നോക്കി അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു.

പോര്‍ച്ചില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അബൂതാഹക്ക് പിന്നാലെ ഞാനും ഇറങ്ങി.

ഞങ്ങള്‍ പടിക്കെട്ടുകള്‍ കയറി മന്ദിരത്തിന്‍റെ പ്രധാന വാതിലിനു മുന്നിലുള്ള തളത്തില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വാതില്‍ക്കല്‍ കാവല്‍ നിന്നിരുന്ന പട്ടാളക്കാര്‍ എന്നെ നോക്കി സല്യൂട്ട് ചെയ്തു. അബൂതാഹയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയുടെ അര്‍ഥം എനിക്ക് മാത്രമേ മനസ്സിലായുള്ളൂ. അതെന്നില്‍ ഒരുപാട് ആത്മവിശ്വാസം കുത്തിവച്ചു.

ഇരുളും വെളിച്ചവും ഇണചേരുന്ന ഇടനാഴികളും , മുറികളും പിന്നിട്ടു ഞങ്ങള്‍ ഒരു വലിയ മുറിക്കു മുന്നില്‍ എത്തിച്ചേര്‍ന്നു.

അവ്യക്തമായി മാത്രം അകത്തേക്ക് കാഴ്ചയുള്ള കട്ടിയുള്ള ഗ്ലാസ് ഡോറിനടുത്തുള്ള കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയശേഷം അതിനടുത്തു കിടന്നിരുന്ന സോഫയില്‍ അബൂതാഹ ഇരുന്നു. എന്നോടും ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു.

ഒരുനിമിഷം കഴിഞ്ഞപ്പോള്‍ ടീപ്പോയില്‍ ഇരുന്നിരുന്ന പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന കറുത്ത ടെലിഫോണ്‍ ശബ്ദിച്ചു.

ഫോണെടുത്ത അബൂതാഹ എന്തോ ശ്രവിച്ച ശേഷം റിസീവര്‍ തിരികെ വച്ച് എന്നോട് കൂടെ വരാന്‍ ആവശ്യപെട്ടു കൊണ്ട് ആ മുറിയുടെ വാതില്‍ തുറന്നകത്തു കയറി.

മനോഹരമായി അലങ്കരിച്ച മുറിയുടെ മധ്യത്തിലായി വലിപ്പമുള്ള ഒരു മേശയിട്ടിരുന്നു. മേശപ്പുറത്തുള്ള സ്റ്റാന്‍ഡില്‍ ബവേറിയയുടെ ദേശീയ പതാകകള്‍ വിപരീത ദിശകളില്‍ ചരിച്ചു വച്ചിരുന്നു.

മേശക്കു പിന്നില്‍ കറുത്ത സ്യൂട്ട് ധരിച്ച ഒരു മനുഷ്യന്‍ ഇരുന്നിരുന്നു. അല്‍പ്പം കഷണ്ടി കയറിയ നെറ്റി. കുറേശ്ശെ നര കയറിത്തുടങ്ങിയ എണ്ണയിട്ടു വൃത്തിയായി ചീകിവച്ച നീളന്‍ തലമുടി. ഭംഗിയായി ഷേവ് ചെയ്ത മുഖം. കട്ടിമീശ.

ആ മനുഷ്യന്‍ എന്നെ തികഞ്ഞ അത്ഭുതത്തോടെ ഒരുനിമിഷം നോക്കിയിരുന്ന ശേഷം കസേരയില്‍ നിന്നെഴുന്നേറ്റു എന്‍റെ അടുത്തേക്ക് നടന്നു വന്നു.

എന്‍റെ മുഖത്തു സൂക്ഷിച്ചു നോക്കിയശേഷം അത്ഭുതം നിറഞ്ഞ മുഖത്തോടെ അബൂതാഹയെ നോക്കി. അബൂതാഹയുടെ മുഖത്തു അപൂര്‍വ്വമായി വിടരുന്ന ആ പുഞ്ചിരി തെളിഞ്ഞു.

"അവിശ്വസനീയം !"

എനിക്ക് ചുറ്റും ഒരു ചുറ്റ് നടന്നശേഷം അപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ലാത്ത മുഖത്തോടെ ആ മനുഷ്യന്‍ തിരികെ കസേരയില്‍ ചെന്നിരുന്നു - അതായിരുന്നു ഞാന്‍ ചെറുപ്പം മുതലേ ഏറെ ആദരിക്കുന്ന - ബവേറിയയിലെ ഓരോ മണല്‍ത്തരിയും സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റ് - അഹ്മദ് തലാല്‍ !

"കാര്യങ്ങളോക്കെ പിന്നീട് വിശദമായി അബൂ താഹ പറഞ്ഞു തരും." പരിചാരകന്‍ കൊണ്ടുവന്ന ചായ രുചിച്ചുകൊണ്ട് അഹ്മദ് തലാല്‍ പറഞ്ഞു തുടങ്ങി.

"മെഹര്‍ ഇങ്ങനെയൊരു പദ്ദതിയിടുമ്പോള്‍ ആദ്യം ഞാന്‍ എതിര്‍ത്തിരുന്നു.പക്ഷെ പിന്നീട് അബൂതാഹയാണ് ഇതിലെ ചില നല്ല വശങ്ങള്‍ പറഞ്ഞു തന്നത്. അതെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനും അനുകൂലിക്കുകയായിരുന്നു" അദ്ദേഹം തുടര്‍ന്നു.

"എന്താണ് നിന്‍റെ പേര് ?" എന്‍റെ നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു.

"മെഹര്‍ തലാല്‍" ഞാന്‍ നിസ്സംശയം മറുപടി പറഞ്ഞു.

അദ്ദേഹം ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ അബൂതാഹയെ നോക്കി പറഞ്ഞു.

"എല്ലാം കൊണ്ടും, നിങ്ങളുടെ സെലക്ഷന്‍ നന്നായിരിക്കുന്നു അബൂതാഹ"

ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങാന്‍ തിനിയുമ്പോള്‍ അദ്ദേഹം എന്‍റെയടുത്തെക്ക് വന്നു. എന്‍റെ മുഖത്തേക്ക് -കണ്ണുകളിലേക്ക് - ഒരുനിമിഷം സൂക്ഷിച്ചു നോക്കി, പിന്നെ ഇരുകൈകളും കൊണ്ട് എന്‍റെ ചുമലില്‍ പിടിച്ചു കൊണ്ട് വിറകൊള്ളുന്ന ശബ്ദത്തില്‍ പറഞ്ഞു.

"നിന്നെക്കുറിച്ചു ഒരുപാടു പ്രതീക്ഷിക്കുന്നു മോനെ, നീ ഞങ്ങളെ നിരാശരാക്കരുത്"

അത് പറഞ്ഞ ശേഷം എന്തോ ശ്രദ്ധിക്കപ്പെടാതിരിക്കാനെന്നോണം പെട്ടെന്ന് തിരിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്‍റെ കണ്ണുകളായിരുന്നു.

സ്വന്തം പുത്രന്‍റെ കൊള്ളരുതായ്മകള്‍ ഓര്‍ത്തു കണ്ണുകള്‍ നിറയേണ്ടി വന്ന ഈ മനുഷ്യന്‍ ഒരു സാധാരണക്കാരനല്ല - ബവേറിയയുടെ അനിഷേധ്യനേതാവാണ് !

ഒരര്‍ത്ഥത്തില്‍ തന്‍റെ മകന്‍റെ കൊള്ളരുതായ്മകള്‍ മൂടിവെക്കാനായി അവനൊരപരനെ പരോക്ഷമായെങ്കിലും സൃഷ്ടിക്കേണ്ടി വന്ന നിസ്സഹായന്‍.

മക്കളുണ്ടാകാനായി പ്രാര്‍ഥനയില്‍ മുഴുകി ഉരുകിത്തീരുന്ന മാതാപിതാക്കള്‍ ഈ ലോകത്തുണ്ട്. ഉണ്ടായിപ്പോയ മക്കളുടെ പ്രവൃത്തിദോഷങ്ങളില്‍ നീറുന്ന മാതാപിതാക്കളും !

മുറിവിട്ട്‌ പുറത്തിറങ്ങി നടക്കുമ്പോള്‍ , മുന്നില്‍ നടക്കുകയായിരുന്നതിനാല്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് പക്ഷെ അബൂതാഹ കണ്ടില്ല .

അതുപക്ഷേ ബവേറിയയുടെ പരമാധികാരിയുടെ നിസ്സഹായാവസ്ഥ കണ്ടിട്ടായിരുന്നില്ല. തന്‍റെ പ്രിയപുത്രനെ എവിടെ വച്ചാണ് നഷ്ടമായതെന്നോര്‍ത്തു വിഷമിക്കുന്ന എന്‍റെ സ്വന്തം മാതാപിതാക്കളെ ഓര്‍ത്തായിരുന്നു.

അവരോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമായിരുന്നു ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ സ്വതന്ത്രമായ ആ തടവറയില്‍ അനുസരണയുള്ള ഒരാട്ടിന്‍കുട്ടിയെപ്പോലെ ശ്വാസംമുട്ടി കഴിഞ്ഞു കൂടിയത്.

എന്‍റെ പിഴക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ - അതെന്‍റെ പ്രിയപ്പെട്ട മാതാപിതാക്കളെയും സഹോദരിയും കൊലപ്പെടുത്തുന്നതിന് തുല്യയായിരിക്കും.
പീഡനകാമ്പില്‍ വച്ച് എന്നെ നിര്‍ബന്ധിച്ചു കാണിച്ച ദൃശ്യങ്ങള്‍ എന്തിനു വേണ്ടിയായിരുന്നെന്നെനിക്കിപ്പോള്‍ വ്യക്തമാവുന്നുണ്ട് !

ഒരുദിനം വരും , അന്ന് ഞാനെന്‍റെ മനസ്സിന് മീതെ അവന്‍ അണിയിച്ച ചങ്ങലയുടെ കണ്ണികള്‍ അറുത്തെറിയും.

എന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ അവന്‍ വലിച്ചിട്ട പാരതന്ത്രത്തിന്‍റെ , എന്‍റെ നിസ്സഹായതയുടെ - ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് , സ്വാതന്ത്രത്തിന്‍റെ വായു മതിയാവോളം ശ്വസിക്കും.

ആ ഒരു ദിനം - അതിലെക്കായി കാത്തിരിക്കുകയാണ് ഇനിയെന്‍റെ വിധി.

(തുടരും) 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top