Thursday, March 13, 2014

ദൈവവചനം

"ഡാ ക്ലീറ്റസേ - പൊന്നുമോനെ , നീ മാര്‍ക്കറ്റീ പോയി അമ്മച്ചിക്ക് കൊറച്ച് മീന്‍ മേടിച്ചോണ്ട് വന്നെടാ"

രാവിലെ മുതല്‍ ടീവിയുടെ മുന്നിലിരുന്നു ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുന്ന മകനോടായി അടുക്കളയില്‍ നിന്ന് മറിയക്കുട്ടി വിളിച്ചു പറഞ്ഞു.

"എനിക്കെങ്ങും പറ്റൂല, വേണോങ്കി ആ ലൂയീസിനോട് പറ"

"നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കത്തില്ലഡാ നശിച്ചവനെ" മറിയക്കുട്ടി ഉച്ചത്തില്‍ പ്രാകി.

ഇത് കേട്ടുകൊണ്ടാണ് മറിയക്കുട്ടിയുടെ കെട്ട്യോന്‍ ഔത കയറിവന്നത്.

"ഡീ മാറിയേ, മക്കളെ വളര്‍ത്തണതിനെക്കെ ഒരു മരുങ്ങോണ്ട്. ഇതുപോലെ വെട്ടുപോത്തിനെ പോലെ വിളിച്ചു കാറിയാലോന്നും അവറ്റ കേക്കൂല്ല. എങ്ങനാ അനുസരിപ്പിക്കണ്ടേന്ന്‍ ഞാങ്കാണിച്ചു തരാ"

"ആ ചെല്ല്, ഇതിയാനങ്ങു ചെന്ന് പറയേണ്ട താമസമേയുള്ളൂ"
മറിയക്കുട്ടി പുച്ഛം മുഴുവന്‍ അടുപ്പില്‍ കത്താതെ കിടന്നു പുകയുന്ന വിറകിനോട് ഊതിത്തീര്‍ത്തു.

"ഡാ, ക്ലീറ്റസേ ,ഇങ്ങട് വന്നെടാ ഗെട്യെ"

കസേരയില്‍ ഇരുന്നു കൊണ്ട് ഔത സ്നേഹത്തോടെ മകനെ വിളിച്ചു.

വിളി കേട്ട ഉടനെ "പണ്ടാരം , ഇതു വെല്യ കുരിശായല്ല" എന്ന് പിറുപിറുത്തു കൊണ്ട് ക്ലീറ്റസ് അപ്പന്‍റെ അരികിലേക്ക് ചെന്നു. കാരണം അപ്പനെ പിണക്കാന്‍ അവനു താല്പര്യമില്ല, കാര്യം കാണണമെങ്കില്‍ അപ്പനെ സഹായിക്കാനുള്ളൂ.

"ഡാ ക്ലീറ്റസേ, നീയിങ്ങനെ കാലത്തെ മൊതലേ ടീവീം കണ്ടോണ്ടിരുന്നാ അമ്മക്ക് ആരാടാ സഹായത്തിന്? ഇന്ന് മ്മട മോളിക്കുട്ടീനെ പെണ്ണുകാണാന്‍ ചെക്കന്‍കൂട്ടര് വരണ ദോവ്സോണ്ന്നു നിനക്കറിയില്ലേ ?"

"അപ്പാ, ഞാന്‍ കളി കാണുവല്ലേ. ആ ലൂയീസവിടെ ചുമ്മാ കെടന്നൊറങ്ങണ്ണ്ട്. അവനോടു പോവാന്‍ പറ" തലമാന്തിക്കൊണ്ട് ക്ലീറ്റസ് പറഞ്ഞു.

"ദൈവവിചാരം ഇല്ലാഞ്ഞിട്ടാ ഇങ്ങനോക്കെ തോന്നണേ. അതെന്തിനാ മക്കളെ പറെണേ, തള്ള നേരം ഇരുട്ട് വീണാ പിന്നെ സീരിയലെന്നും പറഞ്ഞ് ഇതിന്‍റെ മുന്നീ തന്നെല്ലേ ഇരുപ്പും കേടപ്പോക്കെ. നീപോയാ ബൈബിളിങ്ങ് എട്ത്തോണ്ട് വന്നെഡാ"

"ചന്തേ പോകാന്‍ എന്തിനാപ്പോ ബൈബിള്‍" - ക്ലീറ്റസ് ആകെ കണ്ഫ്യൂഷനായി തലമാന്തിക്കൊണ്ട് ബൈബിള്‍ എടുക്കാന്‍ പോയി.

"നീയതിന്‍റെ ഏതേലും പേജ് തൊറന്ന്‍ ആദ്യം കാണുന്ന വാക്യം അങ്ങ്ട് വായിക്ക്. എന്നും പുറത്തേക്കിറങ്ങും മുമ്പ് ഞാന്‍ അങ്ങനെ ചെയ്യണത് നീ കണ്ടിട്ടില്ലേ? ഉം വായിക്ക്"

മനസ്സില്ലാ മനസ്സോടെ ബൈബിള്‍ തുറന്നു ക്ലീറ്റസ് ആദ്യം കണ്ട വാക്യം വായിച്ചു. അവന്‍റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.

"അപ്പാ, ബൈബിളില്‍ പറയണതൊക്കെ സത്യോല്ലേ ?"

"നീയെന്തുട്ടു സത്യാക്രിസ്ത്യായാണ്‍ടാ. ബൈബിള്‍ ദൈവവചനല്ലേ, ദൈവവചനന്നച്ചാ പിന്നെ സത്യല്ലാണ്ട് എന്തൂട്ടാണ്" ഔതക്ക് ദേഷ്യം വന്നു.

"എന്നാ ചന്തേ ലൂയിസിനെത്തന്നെ വിട്ടാ മതി, കാര്യങ്ങളൊക്കെ ഞാന്‍ കര്‍ത്താവിനോടു നേരിട്ട് പറഞ്ഞിട്ടൊണ്ട്‌" ക്ലീറ്റസ് ബൈബിള്‍ അപ്പന്‍റെ കൈയിലേക്ക്‌ കൊടുത്ത് താന്‍ വായിച്ച വാക്യം ചൂണ്ടിക്കാണിച്ചു കൊടുത്ത് കൊണ്ട് തുള്ളിച്ചാടി ടീവിയുടെ മുന്നിലോക്കോടി.

ഔത ആകാംക്ഷയോടെ അത് വായിച്ചു.

പുറപ്പാട് 4:13
പക്ഷെ മോശെ പറഞ്ഞു . "എന്‍റെ കര്‍ത്താവേ , എന്നെയല്ലാതെ മറ്റൊരുവനെ അയക്കേണമേ എന്ന് ഞാനപേക്ഷിക്കുകയാണ്"

"ന്‍റെ കര്‍ത്താവേ, നീയും എനിക്കിട്ടു പണിയേണല്ലേ ?" ഔത ഭിത്തിയിലെ ഫോട്ടോയിലേക്ക്‌ നോക്കി നിരാശയോടെ ചോദിച്ചു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top