Thursday, August 8, 2013

ഗള്‍ഫ് ഗേറ്റ് - ആദ്യം പ്യാരാ , പിന്നെ പാര !

"എന്‍റെ സ്കൂളിലും ആനിവേര്‍സറിക്ക് വാപ്പി വരണ്ട, എന്‍റെ കൂട്ടുകാരൊക്കെ കളിയാക്കും"

ടീവിയില്‍ ഗള്‍ഫ്ഗേറ്റിന്‍റെ പരസ്യത്തിലെ നായകനൊപ്പം ഞാനും അറിയാതെ തലതടവിപ്പോയത് കണ്ട് മകള്‍ പറഞ്ഞു.

ധനനഷ്ടം സംഭവിച്ചാലും വേണ്ടില്ല, മാനഹാനി തീരട്ടെ - അടുത്ത ആഴ്ച തന്നെ ഞാനും തല ഗള്‍ഫ്ഗേറ്റ് ആക്കി.

പിറ്റേന്ന് ഓഫീസില്‍ പോകാന്‍ സ്റ്റൈലില്‍ മുടിയൊക്കെ ചീകി ഒരുങ്ങിയിറങ്ങുമ്പോള്‍, സാധാരണ സ്കൂള്‍ ബസ്സില്‍ പോകുന്ന മകള്‍ ബാഗും തൂക്കി എന്നെകാത്തു നില്‍ക്കുന്നു.

"സ്കൂള്‍ ബസ്സില്‍ ഭയങ്കര റഷാ, വാപ്പി എന്നെ സ്കൂളില്‍ വിട്ടാല്‍ മതി"

പരസ്യത്തിലെ പപ്പയെ പോലെ ഒരു ചിരിയോടെ ഞാനും സമ്മതിച്ചു - ശ്രീമതിയുടെ മുഖത്തും ഭര്‍ത്താവ് ചുള്ളനായതിന്‍റെ കള്ളച്ചിരി.

സ്കൂളിന്‍റെ അടുത്തെത്താറായപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്‌ - റോഡില്‍ മണ്ണിട്ടാല്‍ താഴാത്തത്ര ട്രാഫിക് ബ്ലോക്ക് !

364 ദിവസവും വൈകി മാത്രം ഓഫീസില്‍ വരുന്ന മാനേജര്‍ നേരത്തെ വരാനായി അന്നേ ദിവസം തന്നെ തെരഞ്ഞെടുത്തതിനാലും , സാധാരണ ഓഫീസിലേക്ക് വരുന്ന വഴിക്ക് സാന്‍ഡ്വിച് വാങ്ങാന്‍ സമയം കിട്ടാതിരുന്നതിനാലും, രാവിലെ തന്നെ മാനേജരുടെ തെറികള്‍ കേട്ട് വയറു നിറച്ചു.

അടുത്ത ദിവസം അമളി പറ്റാതിരിക്കാന്‍ നേരത്തെ ഇറങ്ങി - കാറെടുക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച - എന്‍റെ കാറിനെ മുന്നില്‍ നിന്നൊരു കൊറോളയും പിന്നില്‍ നിന്നൊരു കാമ്രിയും കിസ് ചെയ്തു കിടക്കുന്നു - പീഡനത്തിന് കേസ് കൊടുത്താലോ എന്നാണു ആദ്യം ചിന്ത പോയത് !

എന്‍റെ കാറാണെങ്കില്‍, ആ കള്ളകശ്മലന്മാര്‍ അവിടന്നു മാറാതെ ഒരടി മുന്നോട്ടു നീങ്ങില്ല എന്നമട്ടില്‍ ഒരു കള്ളച്ചിരിയോടെ മുട്ടിയുരുമ്മി നാണിച്ചു കിടക്കുന്നു - കാത്തു നിന്നാല്‍ മോളുടെ സ്കൂളില്‍ ബെല്ലടിക്കും - ടാക്സി വിളിച്ചു - അമ്പത് റിയാല്‍ ഗോവിന്ദ !

മൂന്നാം ദിവസം അമളി പറ്റാതിരിക്കാന്‍, ഒരുത്തനും വന്നു കിസ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ റോഡിന്‍റെ ഒരറ്റത്താണ് പാര്‍ക്ക് ചെയ്തത്.

നേരത്തെ ഇറങ്ങിയതിനാല്‍ സ്കൂള്‍ പരിസരത്ത് അത്രയ്ക്ക് ട്രാഫിക് ബ്ലോക്കും ഇല്ലായിരുന്നു , പക്ഷെ റിവേര്‍സെടുക്കുമ്പോള്‍ എന്‍റെ കാര്‍ , ഇന്ന് ഉമ്മ കിട്ടാത്ത വാശി തീര്‍ക്കാനെന്നോണം , റോഡരികില്‍ വെറുതെ വല്ലിടത്തും മാറിക്കിടന്നിരുന്ന മീഡിയനിട്ട് സാമാന്യം നല്ലൊരു ഉമ്മ കൊടുത്തു - കാറിന് പള്ള ചളുങ്ങി കുറച്ച് പെയിന്‍റ് നഷ്ടപ്പെട്ടപ്പോള്‍ - എനിക്കുണ്ടായ നഷ്ടം അഞ്ഞൂറ് റിയാല്‍ !

അന്ന് വൈകിട്ട് ഓഫീസില്‍ നിന്ന് വരും വഴി വീട്ടിലേക്കു കയറും മുന്‍പു തന്നെ ഗള്‍ഫ് ഗേറ്റ് ബലദിയയുടെ ചവറ്റുവീപ്പയിലേക്ക് വലിച്ചൊരൊറ്റയേറു വച്ചു കൊടുത്തു.

വീട്ടിലേക്കു കയറിവന്ന എന്‍റെ പഴയതുപോലെ വെട്ടിത്തിളങ്ങുന്ന കഷണ്ടിത്തല കണ്ടു വാപൊളിച്ചു നിന്ന മകളോടു ഞാന്‍ പറഞ്ഞു - "നിന്‍റെ കൂട്ടുകാരികള്‍ കളിയാക്കിയാലും വേണ്ടില്ല , ഈ വയസ്സാംകാലത്തിനിയിത്രക്കൊക്കെ ഗ്ലാമര്‍ മതി."

ഉടനെ വന്നു മറുപടി "അല്ലെങ്കിലും ഞാന്‍ വാപ്പീനോട് പറയാനിരിക്കുവാരുന്നു, എന്‍റെ കൂട്ടുകാരൊക്കെ അനുപംഖേറിന്‍റെ ആരാധകരാത്രേ - വാപ്പിടെ വിഗ് വച്ച തലേയെക്കാള്‍ അവര്‍ക്കിഷ്ടം ഈ കഷണ്ടിത്തല തന്നെയാണെന്ന് - വാപ്പി തന്നെ ഇനിയെന്നും എന്നെ സ്കൂളില്‍ കൊണ്ടാക്കിയാല്‍ മതി. "

ഗള്‍ഫ് ഗേറ്റ് പരസ്യം സംവിധാനം ചെയ്തവനെയും , അനുപം ഖേറിനെയും ആ നിമിഷം കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ !!

എന്തായാലും ഒരുകാര്യം വ്യക്തമായി - ധനനഷ്ടം ഒരിക്കലും മാനഹാനി മാറ്റില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top