ട്രെയിന്‍ വരാന്‍ പത്തു പതിനഞ്ചു മിനിട്ടുകള്‍ കൂടിയുണ്ട്.
മകന്‍ ഐസ്ക്രീം വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോള്‍ ഭാര്യ അവനെക്കൂട്ടിക്കൊണ്ട് പ്ലാറ്റ്ഫോമില്‍ ഐസ്ക്രീം കിട്ടുന്ന കടതേടി പോയിരിക്കുന്നു.
റെയില്‍വെസ്റ്റേഷനിലെ സിമന്റുബഞ്ചിലിരുന്നു കൊണ്ട് അയാള്‍ ചുറ്റും കടന്നു പോകുന്ന ആളുകളെ വെറുതെ നോക്കിക്കൊണ്ടിരുന്നു.
പെട്ടെന്ന് ക്രച്ചസൂന്നി തന്‍റെ തൊട്ടുമുന്നിലൂടെ കടന്നു പോയ വികലാംഗനായ ലോട്ടറിവില്‍പ്പനക്കാരന്‍റെ മുഖം അയാളുടെ മനസ്സിലുടക്കി.
മുഖത്ത് ഇടതൂര്‍ന്ന നരച്ച താടി വളര്‍ന്നു നിറഞ്ഞിട്ടുണ്ടെങ്കിലും ആ കണ്ണുകള്‍ അയാള്‍ ഞൊടിയിടയില്‍ തിരിച്ചറിഞ്ഞു - അതയാളെ ഒരെക്സ്പ്രസ് തീവണ്ടിയുടെ വേഗതയോടെ പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തീവണ്ടിയില്‍ അപ്പര്‍ ബെര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്നു താന്‍ - പെട്ടെന്നാണ് ഒരു ഘോരശബ്ദത്തോടെ എടുത്തെറിയപ്പെട്ടത്.
ഒന്നും മനസിലാകും മുന്‍പേ വെള്ളത്തില്‍ മുങ്ങിപ്പോങ്ങുകയായിരുന്നു.
പ്രാണവായുവിനായി പിടയുമ്പോള്‍ ദൈവത്തിന്‍റെ കരങ്ങള്‍ ഈ മനുഷ്യന്‍റെ രൂപത്തില്‍ എടുത്തുയര്‍ത്തുന്നതോര്‍മ്മയുണ്ട് - പിന്നെ ബോധം വീഴുമ്പോള്‍ ആശുപത്രിയിലായിരുന്നു.
ദേഹമാസകലം മുറിവുകള്‍ - പക്ഷെ ദൈവാനുഗ്രഹത്താല്‍ ഒന്നും ഗുരുതരമായിരുന്നില്ല.
പിറ്റേന്ന് പത്രത്തില്‍, പ്രത്യേക കോളത്തില്‍ കണ്ട മനുഷ്യന്‍റെ മുഖം അയാള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു - തീവണ്ടിയപകടത്തില്‍ ഒമ്പതുപേരെ രക്ഷിച്ച ട്രെയിനിലെ ലോട്ടറി വില്‍പ്പനക്കാരന്‍.
"കാലിനെന്തു പറ്റി ?" ആ മനുഷ്യനെ വിളിച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു.
"ഒരപകടത്തില്‍ സംഭവിച്ചതാണ്"
"അന്നത്തെ തീവണ്ടിയപകടം ? "
"അതെ"
അയാളുടെ മുഖം വിളറി - ഇക്കാര്യം പത്രങ്ങള്‍ വിസ്മരിച്ചു കളഞ്ഞതോ - അതോ ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ ആഹ്ലാദത്തില്‍ താന്‍ ശ്രദ്ധ കൊടുക്കാതെ വിട്ടുകളഞ്ഞതോ.
"ഇത് കൂടി വച്ചോളൂ" ലോട്ടറി ടിക്കടിനുള്ള പത്തു രൂപയുടെ കൂടെ ആയിരത്തിന്‍റെ അഞ്ചു നോട്ടുകള്‍ കൂടി നീട്ടിക്കൊണ്ടു പറയുമ്പോള്‍ അയാളുടെ ശബ്ദത്തില്‍ നേര്‍ത്ത കുറ്റബോധമുണ്ടായിരുന്നു.
"അന്നത്തെ അപകടത്തില്‍ സാറിനെയും ഞാന്‍ രക്ഷിച്ചിരുന്നല്ലേ? " അയാളുടെ ശബ്ദത്തില്‍ നേരത്ത പരിഹാസത്തിന്‍റെ മൂര്‍ച്ചയുണ്ടായിരുന്നോ?
"എനിക്കീ പൈസ വേണ്ട സാറേ" പത്തുരൂപ മാത്രം വാങ്ങി ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു നിന്നുകൊണ്ട് കയ്യിലിരുന്ന കൊച്ചു തുകല്‍ബാഗില്‍ നിക്ഷേപിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"വികലാംഗനായപ്പോള്‍ എനിക്കിപ്പോള്‍ നല്ല കച്ചവടം കിട്ടുന്നുണ്ട് - ജീവിക്കാന്‍ അതുതന്നെ ധാരാളം. ആരോഗ്യവാനായ ലോട്ടറി കച്ചവടക്കാരന്‍ കാണുന്നവര്‍ക്ക് മുന്നില്‍ ഒരു അപാകതയായിരുന്നിരിക്കണം. "
സംതൃപ്തി നിറഞ്ഞ ചെറുചിരിയോടെ ക്രച്ചസൂന്നി അയാള്‍ നടന്നു നീങ്ങി.








0 comments
Posts a comment