Tuesday, August 27, 2013

കഥ : വര്‍ണ്ണഭേദങ്ങള്‍

കോടമഞ്ഞു പുതച്ച മലനിരകള്‍ക്കിടയിലൂടെ ചാഞ്ഞിറങ്ങുന്ന പ്രഭാതത്തിലെ പൊന്‍കിരണങ്ങളേറ്റ് ആ പനിനീര്‍ത്തോട്ടം വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളുടെ ചിരിയില്‍ കുളിച്ചു നിന്നു.

ആ തോട്ടത്തിന്‍റെ ഒത്ത നടുക്കായി വിശേഷപ്പെട്ട ഒരു പനിനീര്‍ച്ചെടിയുണ്ടായിരുന്നു - ഒരേസമയം വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിയുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അതില്‍ പക്ഷെ അന്നുവരെ പിങ്ക്നിറത്തിലുള്ള പൂക്കള്‍ മാത്രമേ വിടര്‍ന്നിരുന്നുള്ളൂ.

എന്നിരുന്നാലും, ആ ഉദ്യാനത്തിലെ ഏറ്റവും മനോഹരങ്ങളായ പൂക്കളായിരുന്നു അവ !

ആ തോട്ടത്തിന്‍റെ പരിപാലകന് അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു, എന്നും രാവിലെ കലാലയത്തില്‍ പോകും വഴി അവളാ പനിനീര്‍ത്തോട്ടത്തിലെത്തും.

ആ വിശേഷപ്പെട്ട പനിനീര്‍ച്ചെടിയില്‍ പൂത്തുനില്‍ക്കുന്ന പുഷ്പങ്ങളിലോന്നിറുത്തെടുത്ത് അവളുടെ മനോഹരമായ കാര്‍കൂന്തലില്‍ തിരുകിവെക്കുമ്പോള്‍ ഹര്‍ഷപുളകിതയായി ആ പനിനീര്‍ച്ചെടി പോലും ഇലകള്‍ പൊഴിച്ചുപോകുമായിരുന്നു.

ആ പനിനീര്‍ച്ചെടിയില്‍ നിന്ന് പൂക്കള്‍ ഇറുക്കുവാന്‍ അവള്‍ക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.

ഒരു ദിവസം തോട്ടക്കാരന്‍ ഞെട്ടിപ്പിക്കുന്ന ആ സത്യമറിഞ്ഞു - തന്‍റെ എല്ലാമെല്ലാമായ ഏകമകള്‍ ഏതോ ഒരു ചെറുപ്പക്കാരനുമായി തീവ്രാനുരാഗത്തിലാണത്രേ !

അനുനയിപ്പിച്ചും, ഉപദേശിച്ചും, ഭീഷണിപ്പെടുത്തിയും അവളെ പിന്തിരിപ്പിക്കാന്‍ അയാള്‍ ശ്രമങ്ങള്‍ നടത്തി - പക്ഷെ മകള്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു.

ഒടുവിലയാള്‍ ആ കടുത്ത തീരുമാനമെടുത്തു - വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാത്ത വിധത്തില്‍ മകളുടെ പഠനം എന്നത്തെക്കുമായി അവസാനിപ്പിക്കപ്പെട്ടു !

അങ്ങനെ അവള്‍ക്കാ ഉദ്യാനത്തിലേക്ക്‌ പോലും വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ ആ പനിനീര്‍ച്ചെടിയില്‍ വെളുത്ത പൂക്കള്‍ മാത്രം വിടരാന്‍ തുടങ്ങി !

ഒരു ദിവസം അതിരാവിലെ ജോലിക്കെത്തിയ തോട്ടക്കാരന്‍ ആ ചെടിയില്‍ വിടര്‍ന്നു നില്‍ക്കുന്ന കടുംചുവപ്പുനിറത്തിലുള്ള പൂക്കളെ കണ്ട് അതിശയിച്ചു പോയി.

അയാള്‍ ഉടന്‍ തന്നെ തോട്ടമുടമയെ കൂട്ടിക്കൊണ്ടുവന്നു രക്തവര്‍ണ്ണമാര്‍ന്ന ആ പൂക്കളെ കാട്ടിക്കൊടുത്തു.

അന്ന് ജോലി കഴിഞ്ഞു വീട്ടിലെത്തിയ തോട്ടക്കാരന്‍ കണ്ടത് വീടിനുള്ളില്‍ കൈത്തണ്ടയിലെ ഞരമ്പറ്റ് രക്തം വാര്‍ന്ന്, ഒരു വെളുത്ത റോസാപുഷ്പം പോലെ മരിച്ചു കിടക്കുന്ന മകളെയാണ്.

മുറിവില്‍ നിന്നും ചീറ്റിത്തെരിച്ച ചോരത്തുള്ളികള്‍, ചുവന്ന പനിനീര്‍പ്പൂക്കളെ പോലെ മുറിക്കുള്ളില്‍ അങ്ങിങ്ങ് ചിതറിക്കിടന്നിരുന്നു.

ആ പനിനീര്‍ച്ചെടി പിന്നീടൊരിക്കലും പുഷ്പിച്ചില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top