"എന്തോന്നാ ഇക്കാ ഇത് ?"
ഉച്ചയൂണ് കഴിഞ്ഞ് ഷർട്ടിടാതെ ഹാളിലേക്ക് വന്ന എന്നെ നോക്കി ആശ്ചര്യം നിറഞ്ഞ മുഖഭാവത്തോടെ ഭാര്യയുടെ ചോദ്യം .
"എന്ത് ? " കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു.
"ഇതെന്തൂട്ട് വയറാ. നിങ്ങള്‍ക്കിങ്ങനെ ഏതു നേരോം കമ്പ്യൂട്ടറിന്‍റെ മുന്നില് അനങ്ങാണ്ടിതിരിക്കാതെ സന്ധ്യാകുമ്പോ ആ ബീച്ചീപ്പോയി വല്ല നടക്ക്വെ, ഓട്വോക്കേ ചെയ്തൂടെ മനുഷ്യാ ?"
ഓ - അപ്പൊ അതാണ് കാര്യം. ഞാൻ ഫേസ്ബുക്കിൽ ഇരിക്കുന്നതാണ് പ്രശ്നം - ഞാന്‍ പിറുപിറുത്തു.
"നിനക്കെന്നെക്കാൾ വയറുണ്ടല്ലോ ?"
അങ്ങനെ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന മട്ടില്‍ അരക്കിലോ പുച്ഛം ചേർത്ത് അവളോട് ചോദിച്ചു.
"അത് പിന്നെ മൂന്നു മക്കളെയൊക്കെ പ്രസവിച്ചു കഴിയുമ്പോ ഏതു പെണ്ണായാലും കുറച്ചു വയറൊക്കെ വരും" അവള്‍ ദേഷ്യത്തോടെ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.
"അപ്പൊ ഈ ഐശ്വര്യാ റായിയൊക്കെ പ്രസവിച്ചിട്ടും വയറോന്നും ഇല്ലല്ലോഡീ ?" എന്ന നാവിന്‍റെ തുമ്പത്ത് വന്ന ചോദ്യം ഞാന്‍ മനപൂര്‍വ്വം തൊണ്ടതൊടാതെ വിഴുങ്ങി - കാരണം അവള്‍ പറയാന്‍ പോകുന്ന മറുപടി ചോദ്യം ചോദിക്കാതെ തന്നെ എന്‍റെ മനസ്സില്‍ കത്തി - "ഓഹോ, അപ്പൊ കമ്പ്യൂട്ടർ വിട്ടാൽ ടീവിടെ മുന്നില് വന്നിരിക്കുന്നത് കണ്ടവളുമാരുടെ വയറു നോക്കാനാല്ലേ ?".
പകരം ഇങ്ങനെ പറഞ്ഞു "നീയീ പശൂനേം ആടിനേം ഒക്കെ കണ്ടിട്ടില്ലേ. അൽപ്പം വയറുവേണമെടീ - അത് പ്രകൃതി എല്ലാ ജീവജാലങ്ങള്‍ക്കും നല്കിയിട്ടുള്ള ഒരു പ്രത്യേകതയാണ്"
അവൾ തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
രാത്രി അത്താഴത്തിനു കൈയും കഴുകി വന്നിരിക്കുമ്പോള്‍ ചപ്പാത്തിയും കറിയും കൊണ്ട് വന്നുവച്ചിട്ട് കൃത്രിമദേഷ്യം മുഖത്തു വരുത്തിക്കൊണ്ടവള്‍ പറഞ്ഞു - "വല്ല പുല്ലോ, വൈക്കൊലോ, പിണ്ണാക്ക് കലക്കീതോ ഒക്കെ തരാന്നാ ആദ്യം വിചാരിച്ചേ , അതാവുമ്പോ പ്രകൃതീന്നു നേരിട്ട് കിട്ടണ ഐറ്റംസാണല്ലോ. പിന്നെ പാവല്ലെന്നു കരുതിയാ"
അതു പറഞ്ഞു കൊണ്ട് അവളെന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
"നിനക്കുള്ളത് ഞാന്‍ വച്ചിട്ടോണ്ടെഡീ" എന്ന മനസ്സില്‍ കണക്കുകൂട്ടിക്കൊണ്ടു തലകുലുക്കി ഒരിന്നച്ചന്‍ ചിരി ഞാനും അങ്ങോടു വച്ചുകൊടുത്തു.








0 comments
Posts a comment