Sunday, April 13, 2014

കഥ : ദീപനാളങ്ങള്‍ ഈയാംപാറ്റകളോട് ചെയ്യുന്നത് ! (ഭാഗം 1)


"ഇക്കാ, എണീറ്റെ, ഇല്ലേ പെണ്ണു വന്നിട്ടില്ലാട്ടോ, കട തൊറക്കണില്ലേ ?"

"ങേ, അവള് വന്നില്ലേ ?" ഉറക്കത്തില്‍ എപ്പോഴോ അഴിഞ്ഞുപോയ മുണ്ട് തപ്പിയെടുത്തുടുത്തുടുത്ത് ഒരു കോട്ടുവായിട്ടു കൊണ്ട് സിറാജ് കിടക്കയില്‍ നിന്നെഴുന്നേറ്റു. ഇന്നലെ രാത്രി വൈകിയാണ് കിടന്നത് - അതുകൊണ്ട് നല്ല ഉറക്കക്ഷീണം.

"അതെന്താണാവോ അവള് വരാഞ്ഞേ ?" സുഹറയോട് ചോദിച്ചു കൊണ്ട് അയാള്‍ ബ്രഷും പേസ്റ്റും എടുത്തുകൊണ്ടു അടുക്കളമുറ്റത്തേക്കിറങ്ങി.

സുഹറ മുറ്റമടിച്ചു കൊണ്ടിരിക്കുന്നു.

"ആ, ആര്‍ക്കറിയാം" അവള്‍ പറഞ്ഞു.

"നാശം ,എനിക്കാണേലിന്ന് എറണളത്തു പോകാണ്ടിരിക്കാന്‍ പറ്റെമില്ല, ഇവറ്റകളുടെ ഒരുകാര്യം" അയാള്‍ പിറുപിറുത്തുകൊണ്ട് ധൃതിയില്‍ പല്ലുതേച്ചു മുഖം കഴുകി.

കുളിക്കാനൊന്നും നേരമില്ല , കുറച്ചു വെള്ളമെടുത്തു തലയില്‍ പുരട്ടി അയയില്‍ കിടന്നിരുന്ന തോര്‍ത്തുമുണ്ട് കൊണ്ട് തല അമര്‍ത്തിത്തുടച്ചു.

കണ്ണാടിയുടെ മുന്നില്‍ നിന്ന് ഇരുകൈയിലെയും വിരലുകള്‍ കോര്‍ത്ത് പിടിച്ചു തലയോട്ടിയില്‍ നന്നായൊന്നു മസ്സാജ് ചെയ്ത് മുടി ചീകിവച്ചു - ഇനിയിപ്പോള്‍ കുളിച്ചില്ലെന്നു ആരും പറയില്ല.

വേഗം ഷര്‍ട്ട് എടുത്തിട്ട് ബൈക്കെടുത്തു കോളനിയിലേക്ക് വിട്ടു.

കോളനിയില്‍ ഉള്ളിലേക്കിറങ്ങി അഞ്ചാറിടവഴികള്‍ താണ്ടണം അവളുടെ വീടെത്താന്‍ . പോകുന്ന വഴിക്ക് ഒന്ന് രണ്ടു പരിചയക്കാര്‍ കൈകാണിച്ചു ചിരിച്ചു. അവരോടു തിരിച്ചും ചിരിച്ചു കാണിച്ചു. അവളുടെ വീടിന്നു മുന്നിലെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി.

ആ കോളനിയില്‍ എല്ലാ വീടുകള്‍ക്കും ഒരേ ഛായയാണ്.

ഒരു ചെറിയ വരാന്ത. സ്വീകരണമുറി പോലെ ഒന്ന്. ഒരു കിടപ്പുമുറി, പിന്നെ ഒരടുക്കളയും.

പണ്ട് സര്‍ക്കാര്‍ വീടില്ലാത്തവര്‍ക്ക് സൌജന്യമായി അനുവദിച്ചു കൊടുത്തതാണ്. ചിലരൊക്കെ ഇന്നും അവിടെ താമസിക്കുന്നുണ്ട്. വിറ്റ് പോയവരാണ് അധികവും.

പുതുതായി വാങ്ങിയവരില്‍ ചിലര്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും ഒന്നോ രണ്ടോ മുറികള്‍ കൂട്ടിച്ചേര്‍ത്തും ഒക്കെ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാലും അതിനൊന്നും കഴിയാത്ത പാവപ്പെട്ടവരാണ് കോളനിയിലെ താമസക്കാരില്‍ അധികവും.

കൂലിപ്പണിക്കാര്‍, തെങ്ങുകയറ്റതൊഴിലാളികള്‍, വീട്ടുവേലക്കു പോകുന്നവര്‍, കടകളില്‍ സഹായത്തിനു നില്‍ക്കുന്നവര്‍, ഓട്ടോറിക്ഷാത്തോഴിലാളികള്‍ തുടങ്ങി ജീവിതത്തിന്‍റെ താഴേത്തട്ടിലെ എല്ലാത്തരം ആളുകളും ഉള്ള ഒരിടം.

പല വീടുകളും വേലി കെട്ടിത്തിരിച്ചിട്ടു പോലുമില്ല. ജാതിയുടെയും ,മതത്തിന്‍റെയും അതിരുകള്‍ അവരുടെ മനസ്സുകളില്‍ പോലും ഇല്ല. കോളനിയിലെ ഒരാളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കാണാന്‍ കഴിയുന്ന ഒരുകൂട്ടം ആളുകള്‍.

മുറ്റത്ത്, തലേന്ന് രാത്രി പെയ്ത മഴ മണ്ണില്‍ വീഴ്ത്തിയ ചാലുകളില്‍ ആരുടെയൊക്കെയോ നഗ്നപാദങ്ങള്‍ പതിഞ്ഞ അടയാളങ്ങള്‍ തിണര്‍ത്തു കിടക്കുന്നു.

"ഇവിടെയാരുമില്ലേ ?" സിറാജ് അകത്തേക്ക് നോക്കി വിളിച്ചു.

ഒരുനിമിഷം കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ വാതില്‍ തുറന്നു.

"ആ ഇക്കയോ ?" അയാളെ കണ്ടപ്പോള്‍ അവളുടെ മുഖത്തു രക്തയോട്ടം നിലച്ചതുപോലെ വിളറി.

"എന്താ ശ്രീക്കുട്ടി, ഇന്ന് കടയിലേക്ക് വരാഞ്ഞേ ?"

"അത് ഇക്ക, എനിക്ക് നല്ല സുഖമില്ല. ഞാനിനി വരുന്നില്ല."

"ങേ, വരുന്നില്ലെന്നോ. അങ്ങനെ പറഞ്ഞാല്‍ എങ്ങനാ? ചുമ്മാ ഒന്നുമറിയാത്ത ഒരാളെ പെട്ടെന്നൊരു ദിവസം ഒരിന്‍റെര്‍നെറ്റ് കഫെയിലൊക്കെ ജോലിക്ക് പിടിച്ചു നിര്‍ത്താനൊക്ക്വോ? ശ്രീക്കുട്ടിയെ തന്നെ ഞാന്‍ എത്ര ദിവസം മെനക്കെട്ട് പഠിപ്പിച്ചിട്ടാ ഈ നിലയില്‍ എത്തിയത്, എന്നിട്ട് പെട്ടെന്നിട്ടേച്ച് പോകുന്നെന്നൊക്കെ പറഞ്ഞാല്‍ പകരം ആളെ ഞാനെവിടെ പോയി കണ്ടുപിടിക്കും ?"

"ഞാന്‍ അച്ഛനെ വിളിക്കാം, ഇക്ക കയറിയിരിക്കൂ." വരാന്തയില്‍ കിടന്നിരുന്ന കീറിയ പ്ലാസ്റ്റിക് വരിഞ്ഞ ഇരുമ്പ് കസേര നീക്കിയിട്ടുകൊണ്ട് അവള്‍ അകത്തേക്ക് പോയി.

സിറാജ് ചെരുപ്പൂരിയിട്ടു വരാന്തയിലേക്ക്‌ കയറി അവിടെത്തന്നെ തിരിഞ്ഞുകളിച്ചു നിന്നതേയുള്ളൂ.

അകത്തുനിന്നു അടുത്തടുത്ത് വരുന്ന ചുമകളുടെ പരമ്പര കേട്ടു - വെളുവെളാ നരച്ച താടിയില്‍ മുറുക്കിതുപ്പലിന്‍റെ ചുവന്ന വരകള്‍. തലയുടെ പകുതിയിലേറെ കവര്‍ന്നെടുത്ത കഷണ്ടി. മെലിഞ്ഞു മെലിഞ്ഞ്, ഇനി മെലിയാന്‍ സാധിക്കാത്ത വിധം എല്ലുന്തിയ ഒരു കോലം - ദിവാകരന്‍ - ശ്രീക്കുട്ടിയുടെ അച്ഛന്‍.

"മോന്‍ ഇരിക്കൂ" ചിലമ്പിച്ച ശബ്ദത്തില്‍ ദിവാകരന്‍ പറഞ്ഞു.

"നല്ല ചുമയാണല്ലോ ചേട്ടാ - ഡോക്ടറെ കാണായിരുന്നില്ലേ" കസേരയിലെക്കിരുന്നു കൊണ്ട് സിറാജ് ചോദിച്ചു.

"ഓ-ഇതിനിയെന്നെ കുഴീലെക്കെടുക്കുമോ എന്നേം കൊണ്ടേ പോകൂ, ആട്ടെ മോനെന്താ രാവിലെ ?"

"അല്ല ദിവാകരേട്ടാ , ഈ പെണ്ണിതെന്തൂട്ടാ കളി, ഇന്നലെ വരെ ഒരു കൊഴപ്പോം ഇല്ലാരുന്നു.ഇന്നിപ്പോ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നപ്പോ പറയാ - അവളിനി കടെലേക്ക് വരണില്ലാന്ന്‍ . ഇതിപ്പോ എന്താ സംഭവം ?"

"ങേ, എന്നിട്ട് ഇന്ന് കട അവധിയാണെന്നാണല്ലോ അവളിവിടപ്പറഞ്ഞത് ?"

സിറാജ് അമ്പരന്നു - "ങേ - കട അവധ്യാ ?"

"ഡീ ശ്രീക്കുട്ട്യെ" അകത്തേക്ക് നോക്കി ദിവാകരന്‍ ഉറക്കെ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല.

"ഡീ ശ്രീക്കുട്ട്യെ"

"വെറുതെ വിളിച്ചു തൊണ്ട കീറണ്ട, അവളവിടെ അടുക്കളയില്‍ വന്നിരുന്നു കരയുന്നുണ്ട്. എന്താ കാര്യോന്നു ഞാന്‍ ഒത്തിരി ചോദിച്ചിട്ടും പറഞ്ഞില്ല" ശ്രീക്കുട്ടിയുടെ അമ്മ ലീലച്ചേച്ചി അവിടേക്ക് വന്നു.

"അവളോട്‌ കാര്യം എന്താന്നു അന്വേഷിച്ചിട്ട് അങ്ങോട്ട്‌ പറഞ്ഞു വിട്ടേക്കാം, മോന്‍ പൊയ്ക്കോ"

സിറാജിനെ നോക്കി പറഞ്ഞിട്ട്, വായില്‍ക്കിടന്ന മുറുക്കാന്‍ ചണ്ടി മുറ്റത്തെ അരക്കൊപ്പം വളര്‍ന്നു നിന്നിരുന്ന ചെടികള്‍ക്കിടയിലേക്ക് ചൂണ്ടുവിരലിനും നടുവിരലിനും നടുവിലൂടെ നീട്ടിത്തുപ്പി അകത്തേക്ക് നടക്കുമ്പോള്‍ ദിവാകരന്‍ പറഞ്ഞു.

"ശരി, വേഗം വരാന്‍ പറയണേ, അവള് വന്നിട്ട് വേണം കടയെല്‍പ്പിച്ചിട്ടെനിക്കോന്നെറണാളത്തു പോകാന്‍" ചെരുപ്പിട്ട് പടിക്കലേക്കു നടക്കുമ്പോള്‍ പിന്നിലേക്ക്‌ നോക്കി സിറാജ് പറഞ്ഞു - അയാളുടെ പോക്കു നോക്കി ഭിത്തിയില്‍ ചാരി എന്തോ ആലോചിച്ചു നിന്ന ലീലച്ചേച്ചി തലയാട്ടി.

അയാള്‍ കട തുറന്ന്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്രീക്കുട്ടി വന്നു. ഏറെ സമയം കരഞ്ഞതുപോലെ അവളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

അയാള്‍ ഒന്നും ചോദിക്കാന്‍ പോയില്ല. വന്നപാടെ കൌണ്ടറിനു താഴെ നിന്ന് ചൂലെടുത്ത് അവള്‍ കടക്കകം വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ സിറാജ് പറഞ്ഞു -

"ശ്രീക്കുട്ട്യെ, ഞാനൊന്നെറണാളം വരെ പോയിട്ട് വരാം. സ്കൂളോള്ളത് കൊണ്ട് ഗെയിമു കളിക്കാന്‍ വരണ പിള്ളേരുടെ തെരക്കൊന്നും കാണാന്‍ വഴിയില്ല. നിനക്കുച്ചക്ക് ചോറുണ്ണാന്‍ പോകാറാകുമ്പോ സുഹറാനെ വിളിച്ചാ മതി, നീ വരുംവരെ അവള്‍ നിന്നോളും ട്ടാ"

ശ്രീക്കുട്ടി തലകുലുക്കി.

അവളുടെ ഉന്മേഷം ആകെ വറ്റിപ്പോയത് പോലെയുള്ള മുഖഭാവം കണ്ടയാള്‍ക്ക്‌ സങ്കടം തോന്നി. ഇന്നലെ വരെ എന്ത് പ്രസരിപ്പുണ്ടായിരുന്ന കുട്ടിയായിരുന്നു, ഒരൊറ്റ ദിവസം കൊണ്ട് ഇങ്ങനെ മാറ്റം സംഭവിക്കാന്‍ എന്തായിരിക്കും കാരണം ?

എന്തായാലും ഇടിപിടീന്ന് ഒന്നും ചോദിക്കണ്ട, ഇപ്പോള്‍ അവളുടെ മനസ്സാകെ കലുഷമാണ്, എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ, സാവകാശം ചോദിക്കാം.

ഗേറ്റ് തുറന്നിട്ട ശേഷം പോര്‍ച്ചില്‍ കിടന്നിരുന്ന കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ രണ്ടുതവണ ഹോണടിച്ചു. മൂന്നാമത്തെ തവണ അടിക്കാന്‍ ഹോണിലേക്ക് കൈകൊണ്ട് ചെല്ലുമ്പോള്‍ നീരസം നിറഞ്ഞ മുഖത്തോടെ കയ്യില്‍ ചൂലുമായി സുഹറ പുറത്തേക്കുവന്നു.

"മതി ഹോണടിച്ചു മനുഷ്യേനെ ചെവിതല കേപ്പിക്കാതെ ബഹളം കൂട്ടീത് - പൊയ്ക്കോ, ഗെറ്റ് ഞാനടച്ചോളാം"

നേരെ തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കില്‍ പോയി ഫുള്‍ടാങ്ക് പെട്രോളടിച്ചു, ഇന്ന് രാത്രി പെട്രോള്‍ വിലകൂടാന്‍ സാധ്യതയുണ്ടെന്ന് ന്യൂസില്‍ കേട്ടായിരുന്നു. പെട്രോള്‍ സ്റ്റോക്ക് ഉണ്ടോന്നു സംശയിച്ചാണ് ചെന്നത്, ഭാഗ്യത്തിന് ഉണ്ടായിരുന്നു.

സാധാരണ വിലകൂടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞാല്‍ ഇവന്മാര്‍ സ്റ്റോക്ക് തീര്‍ന്നെന്ന ബോര്‍ഡും വച്ച് സാധനം പൂഴ്ത്തി വെക്കാറാന് പതിവ് - ഒരുദിവസം കച്ചോടം നടന്നില്ലെങ്കിലെന്ത് - ലിറ്ററിന് ഒരു രൂപ കൂടിയാല്‍ ടാങ്കില്‍ സ്റ്റോക്കിനനുസരിച്ച് നാല്‍പ്പതും അമ്പതും ആയിരങ്ങളാണ് ഒന്നുമറിയാതെ ലാഭം കിട്ടുക.

പെട്രോളടിച്ച ശേഷം കാര്‍ മെയിന്‍ റോഡിലേക്ക് കയറി.

ഈ സമയത്ത് ഹൈവേയില്‍ വാഹനങ്ങള്‍ തീരെ കുറവായിരിക്കും - ഡ്രൈവ് ചെയ്യാന്‍ സുഖമാണ്.

ഒരുമാസം മുന്‍പ് , നേരത്തെ നിന്നിരുന്ന പെണ്‍കുട്ടിയെ പറഞ്ഞു വിടേണ്ടി വന്നപ്പോഴാണ് താന്‍ പുതിയ സ്റ്റാഫിനെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് ഉറ്റസുഹൃത്ത്‌ റഫീക്ക് ശ്രീക്കുട്ടിയുടെ കാര്യം പറഞ്ഞത്.

നേരത്തെ നിന്നിരുന്ന പെണ്ണു മഹാകള്ളിയായിരുന്നു.

അത് അറിഞ്ഞു കൊണ്ട് തന്നെ സഹിച്ചു നില്‍ക്കുകയായിരുന്നു.

പക്ഷെ കഫെയില്‍ വരുന്ന ചെക്കന്മാരുമായി വേണ്ടാത്ത ഇടപാടൊക്കെ ഉണ്ടെന്ന് പലരും പരാതി പറഞ്ഞു തുടങ്ങിയപ്പോഴാണ് ഒരുദിവസം അവള്‍ ഊണ് കഴിക്കാന്‍ പോയ സമയത്ത് മൊബൈല്‍ വീഡിയോ കാം ഓണാക്കി ഷെല്‍ഫില്‍ ഒളിച്ചു വച്ചത് - ഒരുമണിക്കൂറിനുള്ളില്‍ തന്നെ അവള്‍ടെ കള്ളത്തരങ്ങള്‍ കയ്യോടെ പൊക്കി. അന്നുതന്നെ പറഞ്ഞും വിട്ടു.

കടയില്‍ നില്‍ക്കാന്‍ സിറാജിനു തീരെ ഇഷ്ടമില്ല, എങ്കിലും ഇമ്മാതിരി നാറ്റക്കേസുകള്‍ സഹിക്കാന്‍ തീരെ കഴിയില്ല. നാട്ടില്‍ ഒരു നിലയും വിലയും ഉള്ളത് കളഞ്ഞുകുളിച്ചു കൊണ്ട്‌ ഒരു വരുമാനവും വേണ്ട എന്നാണയാള്‍ക്ക്.

അന്നാട്ടിലെ പേരുകേട്ട തറവാട്ടുകാരാണ്. വാപ്പ ഇപ്പോഴും പള്ളിക്കമ്മറ്റി പ്രസിഡന്‍റ്.

ഗള്‍ഫില്‍ നിന്ന് ലീവിനു വന്ന മകന്‍ ഇന്‍റര്‍നെറ്റ് കഫെ തുടങ്ങി നാട്ടീത്തന്നെ കൂടുന്നു എന്നറിഞ്ഞപ്പോള്‍ വാപ്പ പറഞ്ഞു - "അവനിവിടെ നിക്കണതിനോന്നും യാതൊരു വിരോധോമില്ല, പക്ഷെ ഈ പറഞ്ഞ പണിക്കു എന്‍റെ കടമുറി കിട്ടൂല"

ഉമ്മാടെ അടുത്തു കൂടി ചാക്കിട്ടാണ് ഒരുവിധത്തില്‍ വാപ്പാനെ പറഞ്ഞു സമ്മതിപ്പിച്ചത് - അതിന്നിടെ ഇമ്മാതിരി കാര്യങ്ങള്‍ എങ്ങാനും വാപ്പാടെ ചെവീല്‍ എത്തിയാലോ.

എങ്കിലും വാപ്പ അറിഞ്ഞിട്ടില്ല എന്ന കാര്യത്തില്‍ സിറാജിനു അത്ര വിശ്വാസമില്ല. തീര്‍ച്ചയായും വാപ്പ അറിഞ്ഞിരിക്കണം. കാരണം പള്ളിക്കമ്മറ്റിയില്‍ സെയ്താലിക്കുട്ടിയെപ്പോലെ ഉള്ള അംഗങ്ങള്‍ ഉള്ളതുകൊണ്ട് വിശേഷിച്ചും - അമ്മാതിരി ഒരു വിത്താണ് അയാള്‍.

ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടു കാണിച്ചതാകണം, പണ്ടേ പുകഞ്ഞ കൊള്ളിയായ മകനെ ഉപദേശിച്ചു നന്നാക്കാന്‍ ഇനിയീ വയസ്സാം കാലത്ത് തന്നെക്കൊണ്ടാവതില്ലെന്നു ഉമ്മാനോട് പറഞ്ഞിട്ടും ഉണ്ടാകും - ഉമ്മ തന്നോട് പറയാഞ്ഞിട്ടാണ്.

ശ്രീക്കുട്ടിയും കുടുംബവും കോളനിയില്‍ ആ വീട് വാങ്ങി താമസം തുടങ്ങിയിട്ട് നാലഞ്ചു മാസങ്ങളെ ആയിട്ടുള്ളൂ .

അതിനു മുന്‍പെ അവിടെ താമസിച്ചിരുന്നത് ഐസ് മിട്ടായി വില്‍ക്കുന്ന കുഞ്ഞാപ്പൂ ആയിരുന്നു.

ആറുമാസം മുന്നേ കുഞ്ഞാപ്പൂ ഐസ് വണ്ടിയുമായി സ്കൂളിനടുത്തുള്ള മെയിന്‍ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു പോയി.

കുഞ്ഞാപ്പൂന്‍റെ ഭാര്യ ചെറിയ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് വീട് വിറ്റ് ഫോര്‍ട്ട്‌ കൊച്ചിയിലുള്ള അവരുടെ വീട്ടിലേക്കു പോയി. ആ കൊച്ചുങ്ങടെ കാര്യം ആണെങ്കില്‍ ബഹുകഷ്ടമാണ് - ഒരെണ്ണം ജന്മനാ അരക്കുകീഴ്പ്പോട്ടു തളര്‍ന്നതാണ്, മറ്റേതൊരു മന്ദബുദ്ധിയും - ഇപ്പോള്‍ എന്തെടുക്കുന്നോ എന്തോ.

പീരുമേട്ടില്‍ തോട്ടം ജോലിക്കാരനായിരുന്നു ശ്രീക്കുട്ടിയുടെ അച്ഛന്‍ ദിവാകരന്‍. ക്ഷയം പിടിച്ചു ചുമച്ചു ചുമച്ചു ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവശതയിലായപ്പോഴാണ് അവിടെയുള്ളതൊക്കെ വിറ്റുപെറുക്കി ഇവിടേയ്ക്ക് വന്നത്.

അയാളുടെയോ ഭാര്യയുടെയോ ബന്ധുക്കളോ, സ്വന്തക്കാരോ, പരിച്ചയക്കാരോ ആരും തന്നെയീ നാട്ടിലില്ല. എന്നിട്ടും ഇങ്ങോട്ട് വരാന്‍ എന്തായിരിക്കും കാരണമെന്നോര്‍ത്തു തലപുകച്ച് ആ നാട്ടിലെ പല ഏഷണി പരദൂഷണക്കമ്മറ്റിക്കാരും ഒരുപാട് ബീഡികള്‍ എരിച്ചു തീര്‍ത്തിട്ടുണ്ട് - പക്ഷെ തൃപ്തികരമായ ഒരു മറുപടി അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. അയല്‍പക്കം എന്നതില്‍ കവിഞ്ഞ് റഫീക്കിനും അവരുടെ കാര്യത്തില്‍ വലിയ പിടിപാടില്ലായിരുന്നു.

വൈകുന്നേരമാകുമ്പോള്‍ ഒരുകുപ്പി അന്തിക്കള്ള് കുടിക്കുന്ന ശീലമുണ്ട് ദിവാകരന്. ഒരുദിവസം, നാട്ടിലെ പരദൂഷണക്കമ്മറ്റി സ്ഥാപക അംഗങ്ങളായ ഓട്ടോറിക്ഷ ഓടിക്കുന്ന പപ്പനും, തെങ്ങുകയറ്റക്കാരന്‍ ചന്ദ്രനും കൂടി ഒരു പദ്ധതിയിട്ടു - ദിവാകരനെ കള്ളു വാങ്ങിക്കൊടുത്തു പൂസാക്കി സത്യം പറയിക്കുക എന്നതായിരുന്നു ആ ഗൂഢപദ്ധതി.

ദിവാകരന്‍ അവരുടെ ക്ഷണം സസന്തോഷം സ്വീകരിച്ചു. പക്ഷെ ഒടുക്കം കുടിച്ചു കുടിച്ചു പപ്പനും, ചന്ദ്രനും പാമ്പായി വീണതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. അന്നും ദിവാകരന്‍ കൂളായി, ഒരിഞ്ച് അങ്ങോട്ടും ഇങ്ങോട്ടും ആടാതെ നടന്നുതന്നെ വീട്ടിലേക്കു പോയി.

പക്ഷെ അവള്‍ ശ്രീക്കുട്ടി മിടുമിടുക്കിയാണ്. പത്താം ക്ലാസ് വരെയേ പഠിപ്പുള്ളൂ - അതും എസ്എസ്എല്‍സി പരീക്ഷ എഴുതിയില്ല.

പരീക്ഷ എഴുതാതിരുന്നതിന്‍റെ കാരണം ഒന്നു രണ്ടുതവണ ചോദിച്ചപ്പോഴോക്കെ എന്തൊക്കെയോ സംശയങ്ങള്‍ തിരിച്ചയാളോട് ചോദിച്ചു വിഷയം മാറ്റി സമര്‍ത്ഥമായി അവള്‍ ഒഴിഞ്ഞു മാറിയത് അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

പക്ഷെ, എന്തുകാര്യവും ഒരിക്കല്‍ പറഞ്ഞു കൊടുത്താല്‍ അവള്‍ക്കത് മനപാഠമാണ്.

തൊട്ടടുത്തുള്ള ഡെന്‍റല്‍ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ ആണ് കഫേയിലെ സ്ഥിരം ഇടപാടുകാര്‍, കൂടുതലും പെണ്‍കുട്ടികള്‍.

ആദ്യമൊക്കെ ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയും ചേര്‍ന്നു ഒരു കാബിന്‍ എടുക്കുമായിരുന്നു. ഓരോ കാബിനിലും കാമറ വച്ചിട്ടുണ്ടെന്ന് ഒരു കടലാസില്‍ പ്രിന്‍റ് എടുത്തു ചുമ്മാ കാബിനിനുള്ളിലെല്ലാം ഒട്ടിച്ചു വച്ചതോടെ കൂടെയുള്ള ആണ്‍കുട്ടികള്‍ വരവ് നിര്‍ത്തി.

വരുന്നവര്‍ക്ക് പലതരം സംശയങ്ങളാണ് -

"ചേച്ചീ ഈ വെബ് കാം വര്‍ക്കാകുന്നില്ലല്ലോ ?

ചേച്ചി, ഈ മൈക്കില്‍ പറഞ്ഞിട്ട് അപ്പുറത്ത് കേള്‍ക്കുന്നില്ലെന്നു പറയുന്നു.

കീബോര്‍ഡില്‍ ചില കീകള്‍ സ്റ്റക്കാകുന്നു.

നെറ്റ് തീരെ സ്പീഡ് ഇല്ല" അങ്ങനെയങ്ങനെ.

ഇതൊക്കെ പരിഹരിച്ചു കൊടുക്കണമെങ്കില്‍ കാര്യം ശരിയായില്ലെങ്കിലും കുറഞ്ഞപക്ഷം വരുന്നവരെക്കാള്‍ അറിവ് കടയില്‍ നില്‍ക്കുന്നവര്‍ക്കുണ്ടെന്ന ധാരണ അവരുടെ മനസ്സില്‍ ജനിപ്പിക്കാന്‍ വാചകമടിക്കാനുള്ള കഴിവെങ്കിലും വേണം - അക്കാര്യത്തില്‍ ശ്രീക്കുട്ടി ബഹുമിടുക്കിയാണ്.

"നെറ്റിനു ഈയടുത്ത കാലത്തൊന്നും ഇത്ര സ്പീഡ് ഉണ്ടായിട്ടേ ഇല്ല,

ആ മറ്റേ കഫേയില്‍ പോയി നോക്കണം - ഇത്രേം നല്ല കീബോര്‍ഡും, വെബ്കാമും, മൈക്കുമോന്നും വേറെ ഒരു സ്ഥലത്തും കാണില്ല,

ചിലപ്പോ അപ്പുറത്തെ ആള്‍ടെ നെറ്റ് സ്ലോ ആയിരിക്കും" എന്നൊക്കെ അവള്‍ അടിച്ചു കാച്ചിക്കോളും.

ചുരുക്കിപ്പറഞ്ഞാല്‍ പാറിനടക്കുന്ന ഒരു വര്‍ണ്ണത്തുമ്പിയെപ്പോലെയായിരുന്നു അവള്‍.

എന്നാല്‍ കടയില്‍ വന്നു തുടങ്ങിയ ആദ്യദിവസങ്ങളില്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല സ്ഥിതി - ഒരു വലിയ നാണക്കാരിയുടെ മട്ടായിരുന്നു. എന്തെങ്കിലും അങ്ങോട്ട്‌ പറഞ്ഞു കൊടുത്താല്‍ മൂളിക്കേള്‍ക്കും, അല്ലാതെ ഇങ്ങോടു സംശയങ്ങള്‍ ചോദിക്കലൊന്നും ഇല്ല. എപ്പോഴും വിഷാദമയമായ മുഖത്തോടെ എന്തോ ആലോചിച്ചിരിക്കും.

എന്നാല്‍ ഒരുമാസം കൊണ്ട് ആളാകെ മാറി, അയാള്‍ക്കും ഏറെ സന്തോഷകരമായിരുന്നു ആ മാറ്റം.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top