തഴക്കം വന്ന ചിത്രകാരനെപ്പോലെ ചായങ്ങള്‍ കൊണ്ട് സന്ധ്യയെ ചുവപ്പിച്ച് പകല്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നു.
മറവിയുടെ ആഴങ്ങളിലെ സുരക്ഷിതത്വം വെടിഞ്ഞ് ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളെപ്പോലെ ജലോപരിതലത്തിലെക്കെത്തി നോക്കുന്ന ചെറുമീനുകളെ ലക്ഷ്യം വച്ച് മുകളില്‍ വട്ടമിട്ടു പറക്കുന്ന കടല്‍ക്കാക്കകളെപ്പോലെ ഓര്‍മ്മകള്‍.
കരയെന്ന ദേവന്‍റെ അഹങ്കാരത്തിന്‍റെ അഗ്നികുണ്ഡം അണക്കാനായി, അലമുറയിടുന്ന ആയിരം കൈകളെ പറഞ്ഞുവിടുന്ന അസുരനെപ്പോലെ രൌദ്രഭാവം പൂണ്ട് കടല്‍.
മുഖങ്ങളേറെ കടന്നുപോയിട്ടും ചുറുച്ചുരുക്ക് കൈമോശം വന്നില്ലെന്ന് ഭാവത്തോടെ, എന്നാല്‍ തന്‍റെ ഗതികേടോര്‍ത്ത് നിശ്ശബ്ദമായി പരിതപിച്ചു കൊണ്ട്, ഇനിയുമൊരുപാട് പേര്‍ക്ക് സ്വാഗതമോതും മട്ടില്‍ താംബൂലം ചവച്ചു ചുവപ്പിച്ച ചുണ്ടുകളോടെ അലസമായി ചരിഞ്ഞു കിടക്കുന്ന വേശ്യയെപ്പോലെ തീരം.
ഇപ്പോഴവള്‍ ചിന്തകളിലേക്ക് ചേക്കെറിയെതെന്തിനാണ് ?
മണല്‍ത്തിട്ടകളില്‍ തട്ടി ആവേശം നശിക്കുന്ന തിരമാലകളെപ്പോലെ തകര്‍ന്ന ആത്മവിശ്വാസം തന്‍റെ സിരകളിലേക്ക് പകര്‍ത്താനോ ?
അവള്‍ !
ഓര്‍മ്മകള്‍ വിശ്രമിക്കാതെ ഓടിയെത്തിയത് ആ പഴയ ബസ്സ്റ്റോപ്പിലേക്കായിരുന്നു , പതിനാലു വര്‍ഷങ്ങള്‍ മാറ്റങ്ങള്‍ വരുത്തും മുന്നേ നിലനിന്നിരുന്ന ആ ബസ് സ്റ്റോപ്പിനെ ഏതോ വാഹനക്കമ്പനിയുടെ ഷോറൂം ആകെ വിഴുങ്ങിയിരിക്കുന്നു. അതിന്നുള്ളില്‍ , തെരുവില്‍ അംഗലാവണ്യം കാട്ടി ആണുങ്ങളെ ആകര്‍ഷിക്കുന്ന ഗണികകളെപ്പോലെ വാങ്ങാനെത്തുന്നവരെ പ്രതീക്ഷിച്ച് നിരന്നു കിടക്കുന്ന അനേകം വാഹനങ്ങള്‍.
എവിടെയോ പോകാനായി ആ ബസ്സ്റ്റോപ്പില്‍ തനിയെ നില്‍ക്കുമ്പോഴായിരുന്നു ഒരു സ്വപ്നത്തിലെക്കെന്ന പോലെ അവള്‍ അവിടേക്ക് നടന്നുകയറിയത്.
ഇണചേരുന്ന പാമ്പുകളുടെ സീല്‍ക്കാരത്തോടെ ഒരുനിമിഷം ചുറ്റിപ്പിണഞ്ഞ കണ്ണുകള്‍ അടുത്ത നിമിഷം അമ്പില്‍ നിന്നൊഴിഞ്ഞു മാറുന്ന പേടമാനിന്‍റെ ചാതുര്യത്തോടെ തെന്നിമാറി - എന്നത്തെയും പോലെ !
ഏകാന്തതയെ ആട്ടിയോടിക്കാന്‍ മടിച്ചുമടിച്ച് കൊഴിഞ്ഞു പോയ കുറെ നിമിഷങ്ങള്‍.
"പോയി സംസാരിക്കൂ" ആകാംക്ഷയടക്കാനാവാതെ ഇടതുകൈകൊണ്ടെന്നെ ഉന്തിത്തള്ളി വിടുമ്പോഴും ജാള്യതയുടെ വലതുകൈയാലെന്നെ തടഞ്ഞു നിര്‍ത്തുന്ന മനസ്സ്.
ഇടയ്ക്കിടെ കൊളുത്തിവലിക്കും പോലെ ഇടയുന്ന രണ്ടുജോഡി കണ്ണുകള്‍ക്കിടയില്‍ക്കിടന്നു വീര്‍പ്പുമുട്ടുന്ന ഞങ്ങളുടെ ഹൃദയങ്ങളെ ഇനിയും പരീക്ഷിക്കാന്‍ ധൈര്യമില്ലാതെയെന്നോണം ഒടുവില്‍ വിധി ഒരു ബസ്സിന്‍റെ രൂപത്തില്‍ അവതരിച്ചു.
മനസ്സ് വീണ്ടും പിന്നോട്ട് - കൃത്യമായിപ്പറഞ്ഞാല്‍ ആ ബസ്സ്റ്റോപ്പില്‍ നിന്ന് മൂന്നുവര്‍ഷങ്ങള്‍ പിന്നിലേക്ക്.
രാവിലെ, അട്ടിയിട്ടത് പോലെ കുത്തിത്തിരുകിയ ആളുകള്‍ക്കിടയില്‍ അവളുടെ കടക്കണ്ണിന്‍ കടാക്ഷത്തില്‍ അസ്വാസ്ഥ്യം ആനന്ദമായി മാറുന്ന നിലംതൊടാത്ത ബസ് യാത്രകള്‍. ഇടയ്ക്കിടെ വിടരുന്ന ആ നുണക്കുഴികളില്‍ വട്ടമിട്ടു തുഴയുന്ന പരല്‍മീനുകളെ ഉള്ളംകൈകൊണ്ടു കോരിയെടുത്തു ചുംബിക്കാന്‍ തോന്നിപ്പോകുന്ന ആവേശത്തില്‍ പലപ്പോഴും ബസ് സ്റ്റൊപ്പിലെത്തിയതറിയാതെ.
ഇറങ്ങിയശേഷം കോളെജിലേക്ക് അവള്‍ക്കൊരു പത്തടിമാത്രം പിന്നില്‍ , അവളുടെ മുടിയിഴകളില്‍ തട്ടിത്തഴുകി വരുന്ന കാറ്റ് അര്‍പ്പിക്കുന്ന ചുംബനങ്ങളെറ്റ് ചുണ്ടുകള്‍ പുളയുമ്പോള്‍, ഇടക്കെപ്പോഴെങ്കിലും ആരെയോ തിരയുന്നതുപോലെ, "എന്നോടൊന്നു മിണ്ടിക്കൂടെ നിനക്കെന്ന്" എന്നോടുമാത്രം പറയുന്നത് പോലെ അവളുടെ തിരിഞ്ഞു നോട്ടം.
കോളെജിലെക്കുള്ള വഴിയില്‍ നിന്നും ഓര്‍മ്മകള്‍ വീണ്ടും ഒരു പത്തുവര്‍ഷങ്ങള്‍ പിന്നിലേക്ക്.
പള്ളിസ്കൂളില്‍, രണ്ടാം ക്ലാസ്സിലെ കാലൊടിഞ്ഞ ബെഞ്ചില്‍ നീല നിക്കറും, എന്നോ വെള്ളനിറമായിരുന്ന ഷര്‍ട്ടുമിട്ട്, സ്കൂളിലേക്ക് പോരും വഴി തൊട്ടുവക്കത്ത് ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ സാഹസികമായി തൂങ്ങിക്കിടന്നു പറിച്ചെടുത്ത മഷിത്തണ്ട് അതെ നീളത്തിലുള്ള പെന്‍സിലിനു പകരം ക്ലാസ്സിലെ കുട്ടികള്‍ക്ക് കൊടുക്കല്‍വാങ്ങല്‍ നടത്തുമ്പോള്‍ "എനിക്കൊരു പച്ച വേണമെന്ന്" അവളൊന്നു പറഞ്ഞിരുന്നെങ്കില്‍ കയ്യിലുള്ള എല്ലാ മഷിത്തണ്ടും അവള്‍ക്കായി നല്‍കാന്‍ തയ്യാറായി നിന്നിരുന്ന ഒരു ഏഴുവയസ്സുകാരന്‍റെ മനസ്സ് !
ജീവിതത്തില്‍ പിശുക്കുകാട്ടിയ, ഏറ്റവും എളുപ്പമുള്ള, ഏക കാര്യമായിരുന്നു പറയാതെ പോയ ആ വാക്കുകള്‍.
വെളിച്ചത്തിന്‍റെ അവസാനകണികയേയും അരദിവസം തടവറയിലേക്ക് പറഞ്ഞയച്ചിട്ട് ഇരുളിന്‍റെ പടയാളികള്‍ ഓരോ അണുവിലും വിജയമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
എഴുന്നേല്‍ക്കുമ്പോള്‍ ഒരുപിടി പൂഴിമണ്ണ്‍ കൈക്കുള്ളില്‍ വാരിയെടുത്തു.
മുഖത്തിനുനേരെ ഉയര്‍ത്തിയ കൈക്കുള്ളില്‍ ചുരുട്ടിപ്പിടിച്ച മണല്‍ത്തരികളെ വരിഞ്ഞു മുറുക്കി, ഉള്ളില്‍ കനപ്പെട്ടുവന്ന നീറ്റലിനെ വിരലുകള്‍ക്കിടയിലേക്ക് വച്ചുമാറാന്‍ മനസ്സൊരു വിഫലശ്രമം നടത്തി.
മുറുകുന്തോറും വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന മണല്‍ത്തരികള്‍ എന്‍റെ പിടിയില്‍ നിന്ന് കുതറി രക്ഷപ്പെട്ടുകൊണ്ടിരുന്നു. - അവളോട് പറയാതെ പോയ വാക്കുകളെപ്പോലെ !








0 comments
Posts a comment