മദ്യത്തിന്‍റെ വീര്യം തൊണ്ട കത്തിയിറങ്ങിയപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കിടക്കയിലേക്ക് മലര്‍ന്നു വീണു.
നോക്കിക്കിടക്കെ - മുറിയുടെ സീലിംഗില്‍ തൂക്കിയിരുന്ന അലങ്കാരവിളക്ക് സാവധാനത്തില്‍ തിരിഞ്ഞു കറങ്ങിത്തുടങ്ങി.
മെല്ലെ തല ചരിച്ച് അയാളെ നോക്കി - കസേരയില്‍ കൈയില്‍ തല താങ്ങിയിരുന്നയാള്‍ ഊഞ്ഞാലിലെന്നോണം ആടുന്നു.
മെല്ലെ മെല്ലെ എന്‍റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി - ഉറക്കമെന്ന മരണത്തിന്‍റെ പാതി സഹോദരന്‍ തന്‍റെ സുഖമുള്ള പിടുത്തത്താല്‍ എന്നെ വരിഞ്ഞു മുറുക്കി, ഞാനറിയാതെ തന്നെ ഗാഡമായ നിദ്രയുടെ ലോകത്തെക്കെന്നെ കൂട്ടിക്കൊണ്ടു പോയി.
വാതിലില്‍ ആരോ ശക്തിയായി മുട്ടുന്നത് കേട്ടാണ് കണ്ണുതുറന്നത്.
ഉറക്കച്ചടവോടെ പോയി വാതില്‍ തുറന്നു - വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മുന്നില്‍ റൂം ബോയ് - "അമ്പലത്തില്‍ പോകണമെങ്കില്‍ വിളിക്കാന്‍ വന്നതാണ്" - അവന്‍റെ മുഖത്തൊരു കള്ളച്ചിരി. വെളുപ്പാന്‍ കാലത്താണ് ചെറുക്കന്‍റെയൊരു ശൃംഗാരം , എനിക്ക് ദേഷ്യം വന്നു.
വാതുറന്നാല്‍ മദ്യത്തിന്‍റെ നാറ്റം അവന്‍റെ മുഖത്തെക്കടിച്ചെക്കും, അതുകൊണ്ട് "ശരി"യെന്നു തലകുലുക്കി വാതില്‍ അടച്ചു കുറ്റിയിട്ടു.
അപ്പോഴാണ് മുറിക്കുള്ളില്‍ അയാളില്ലെന്ന കാര്യം ശ്രദ്ധിച്ചത്.
മുറിയില്‍ ഉണ്ടായിരിന്ന അയാളുടെ ബ്രീഫ് കേസ് കാണാനില്ല. അലമാര തുറന്നു നോക്കി - അതിനകത്ത് മാറ്റി ഹാംഗറില്‍ തൂക്കിയിരുന്ന ഷര്‍ട്ടും ഇല്ല.
മേശപ്പുറത്ത്, ഗ്ലാസ്സിനടിയില്‍ മടക്കി വച്ചിരുന്ന പണം അപ്പോഴാണ് കണ്ണില്‍പ്പെട്ടത് - എടുത്തു നോക്കിയപ്പോള്‍ രണ്ടായിരം രൂപയുണ്ട്.
മൊബൈലെടുത്തു സമയം നോക്കി - നാലുമണിക്ക് അഞ്ചു മിനിറ്റ് കൂടിയുണ്ട്. ഉറക്കച്ചടവും, നല്ല തലവേദനയും - കൂടുതലോന്നുമാലോചിക്കാതെ മൊബൈലില്‍ ആറുമണിക്ക് അലാം വച്ച് വീണ്ടും കിടന്നുറങ്ങി.
അലാം അടിച്ചപോള്‍ എഴുന്നേറ്റ് കുളിച്ചു. അപ്പോഴും നേരിയ തലവേദനയുണ്ടായിരുന്നു. അത് വകവെക്കാതെ റൂം ബോയിയെ വരുത്തി പ്രഭാതഭക്ഷണം വരുത്തി കഴിച്ചു.
പത്തുമിനിട്ടിനുള്ളില്‍ മുറി പൂട്ടി താക്കോല്‍ റിസപ്ഷനില്‍ കൊടുത്തിറങ്ങി.
"ഹസ് നേരത്തെ പോയല്ലേ ?" റിസപ്ഷനിസ്റ്റിന്റെ അര്‍ഥം വച്ചുള്ള ചോദ്യം ഗൌനിക്കാതെ വേഗം നടന്നു ഹോട്ടലിനു പുറത്തിറങ്ങി. അവിടെ കിടന്നിരുന്ന ഓട്ടോ പിടിച്ചു പ്രൈവറ്റ് ബസ് സ്ട്ടാന്‍റിലെത്തി.
തൃശൂര്‍ എത്തും വരെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു തന്നെ കിടന്നിരുന്നു.
അതുകൊണ്ട് ആരുടേയും ശല്യമില്ലാതെ സുഖമായി ഒന്നു മയങ്ങാല്‍ പറ്റി - ഞാന്‍ ആലോചിച്ചു. അടുത്തിരിക്കുന്നത് പെണ്ണായാല്‍ മതി - അറിയാത്ത മട്ടില്‍ ഒന്ന് തട്ടുകയെങ്കിലും ചെയ്യാതെ കടന്നുപോയില്ലെങ്കില്‍ സമാധാനമുണ്ടാകില്ലെന്ന് തോന്നും ചിലരുടെ കണ്ണുകളിലെ ആര്‍ത്തി കണ്ടാല്‍. എല്ലാവരും അത്തരക്കാരല്ല - എങ്കിലും കെട്ടിലും, മട്ടിലും നിന്ന് ആരെയും വിശ്വസിക്കാനാവുന്നില്ല.
തൃശൂരില്‍ വന്നിറങ്ങുമോള്‍ പത്തുമണിയായിട്ടുണ്ടായിരുന്നു.
നേരെ വീട്ടിലേക്കു പോയി കുറേനേരം നന്നായോന്നുറങ്ങണം. ഉറക്കക്ഷീണം മാത്രമല്ല, ഇപ്പോഴും തലയ്ക്കു പിന്നില്‍ ചെറിയൊരു വേദനയും മരവിപ്പും ഉണ്ട്. വലതുകൈയുടെ ചൂണ്ടുവിരല്‍ കൊണ്ട് അമര്‍ത്തി തടവിനോക്കി - മുഴച്ചിട്ടൊന്നുമില്ല.
"ചേച്ചീ, പത്രം വാങ്ങിക്ക് ചേച്ചി" കൈയില്‍ എടുത്താല്‍ പൊങ്ങാത്ത പത്രക്കെട്ടുമായി തനിക്കൊപ്പമെത്താനായി ഓടിക്കൊണ്ട് ദയനീയമായ മുഖത്തോടെ ഒരു കൊച്ചു പയ്യന്‍.
നെഞ്ചില്‍ വേര്‍തിരിച്ചെണ്ണിയെടുക്കാവുന്ന വിധത്തില്‍ എഴുന്നു നില്‍ക്കുന്ന വാരിയെല്ലുകള്‍.
പറക്കമുറ്റും മുന്നേ ജീവിതമെന്ന നുകം തോളില്‍ ബലമായി ഇറക്കിവക്കപ്പെട്ട വണ്ടിക്കാളയുടെ മുഖച്ഛായ - മുക്രയിടുന്നില്ലെന്നും, നുരയും, പതയുമൊലിപ്പിക്കുന്നില്ലെന്നുമേയുള്ളൂ.
"ഇന്നാ" ഹാന്‍ഡ്ബാഗില്‍ നിന്ന് നൂറിന്‍റെ ഒരു നോട്ടെടുത്ത് നീട്ടിയപ്പോള്‍ അവന്‍റെ മുഖഭാവം ഒന്നുകൂടി ദയനീയമായി - "ചില്ലറയില്ല ചേച്ചി. ഇത്രേം നേരം ഓടിനടന്നിട്ട് ആകെ അഞ്ചെയഞ്ചു പേപ്പറാ വിറ്റത്" വാചാലമായ വാക്കുകള്‍ കരഞ്ഞു.
"നീ വച്ചോ" അത് പറയുമ്പോള്‍ അവന്‍റെ മുഖം വിടരുമെന്നാണ് പ്രതീക്ഷിച്ചെങ്കിലും അനിഷ്ടമായതെന്തോ കേട്ട ഭാവത്തോടെ അപ്രതീക്ഷിതമായി ആ മുഖം മങ്ങുകയാണ് ചെയ്തത്.
"വച്ചോടാ, ബാക്കി ഇനിയെപ്പോഴേലും ചില്ലറ ഉണ്ടാവുമ്പോ തന്നാ മതി - ഉം" നിര്‍ബന്ധിച്ചെന്ന പോലെ പണം അവനെയേല്‍പ്പിച്ച്, അവന്‍ തന്നപത്രവുമായി നടന്നു.
സ്റ്റാന്‍ഡില്‍, വരിയില്‍ ഏറ്റവും മുന്നിലെ ഓട്ടോറിക്ഷയില്‍ കയറിയിരുന്നപ്പോള്‍ പരിചയക്കാരനായ ഡ്രൈവറുടെ അര്‍ഥം വച്ചുള്ള ചോദ്യം - "എവിടാരുന്നു ചേച്ചി, മുഖത്ത് നല്ല ഉറക്കക്ഷീണമുണ്ടല്ലോ ?"
മറുപടി പറയാതെ ചിരിക്കുകമാത്രം ചെയ്തു. മുഖഭാവം കണ്ടപ്പോള്‍ അവന് തൃപ്തിയായത് പോലെ തോന്നി - അവനത്രയുമേ വേണ്ടൂ - മനക്കൊട്ട കെട്ടി കുത്തുവാക്കുപയോഗിക്കുമ്പോള്‍, തിരിച്ചു കിട്ടുന്ന നിവൃത്തികേടിന്‍റെ ചിരിയില്‍ സുഖം കണ്ടെത്തുന്നവര്‍.
വീടെത്താന്‍ നേരിയ കുണ്ടുംകുഴിയുമുള്ള ഉള്‍റോഡിലൂടെ ഏതാണ്ട് ഇരുപതു മിനിട്ടോളം ഓടണം.
ഉറക്കം വരാതിരിക്കാനായി കൈയിലിരുന്ന പത്രമെടുത്ത് നിവര്‍ത്തി.
പത്രം വായന മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു കൃത്യമായിപ്പറഞ്ഞാല്‍ ഒമ്പത് വര്‍ഷങ്ങള്‍ - അച്ഛന്‍റെ മരണശേഷം.
ചെറുതായിരിക്കുമ്പോള്‍ ,അതിരാവിലെ പത്രം വന്നാല്‍ ആരും വായിക്കും മുന്നേ വായിക്കണമെന്നെനിക്ക് വാശിയായിരുന്നു.
അതിരാവിലെ ഉണര്‍ന്നെഴുന്നെറ്റ് പത്രക്കാരനെ നോക്കിയിരിക്കും - അച്ഛന്‍ എഴുന്നേറ്റു വരും മുന്‍പേ വായിച്ചു തീര്‍ക്കാന്‍. അച്ഛന്‍റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ രക്ഷയില്ല , അതൊരു കാണേണ്ട കാഴ്ച തന്നെയാണ് - പത്രം അരിച്ചു പെറുക്കി, ബാക്കിയാര്‍ക്കും അതില്‍ നിന്നൊരു പൊട്ടും പൊടിയും പോലും കണ്ടുപിടിക്കാന്‍ സാധിക്കരുതെന്നു വാശിയുള്ളത് പോലെ, അതീവശ്രദ്ധയോടെയാണ് അച്ഛന്‍റെ പത്രവായന.
ജീവിതപ്രാരാബ്ദങ്ങളുടെ സൈക്കിള്‍ പെഡലിലൂന്നി പത്രക്കാരന്‍ വീശിയെറിയുന്ന പത്രം - ചിലപ്പോഴത് നാലഞ്ചു കഷണങ്ങളായി ചിതറി അപ്പൂപ്പന്‍താടികള്‍ പോലെയയായിരിക്കും മുറ്റത്തു വന്നു വീഴുക -
ഓരോ പേജും തമ്മില്‍ മില്ലീമീറ്ററിന്‍റെ ഏറ്റക്കുറച്ചിലില്ലാതെ ,കണിശതയോടെ അടുക്കിപ്പെറുക്കി , മുതിര്‍ന്നവരെപ്പോലെ കൈയില്‍ നിവര്‍ത്തിപ്പിടിച്ച് വായിക്കാന്‍ സാധിക്കാത്തതിനാല്‍ കോലായില്‍ നിവര്‍ത്തിയിട്ട് അതില്‍ കയറി മുട്ടുകുത്തിയിരുന്നാണ് വായന.
ഏറ്റവും അവസാനത്തെ സ്പോര്‍ട്സ് പേജായിരുന്നു വായിക്കാന്‍ ഏറെയിഷ്ടം.
വായന കഴിഞ്ഞാല്‍, പത്രം ഭംഗിയായി മടക്കിവച്ച് ഇരുകൈകളിലേക്കും നോക്കും - അച്ചടിച്ച് കൂട്ടിയ വാര്‍ത്തകളിലെ അര്‍ദ്ധസത്യങ്ങള്‍ പോലെ ഇരുകൈകളിലും പുരണ്ട അച്ചടിമഷിയുടെ കറുപ്പ് മണപ്പിച്ചു നോക്കും, പിന്നെ കൈകള്‍ കഴുകി വൃത്തിയാക്കും വരെ ഒരസ്വസ്തതയാണ് - അമ്മയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങും - "അച്ചടിമഷി വിഷമാണ്, കൈയിലായാല്‍ ഉടനെ തന്നെ കഴുകിക്കളഞ്ഞോണം. വയറ്റില്‍ പോയാല്‍ മരിച്ചു പോകും"
ഇന്നത്തെ പത്രത്തിന്‍റെ മുന്‍പേജില്‍ നിറയെ ആസന്നമായ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ത്തകളാണ് - സ്ഥാനാര്‍ഥിക്ക് ഭാര്യ പ്രാതല്‍ വിളമ്പിക്കൊടുക്കുന്നതും, സ്റ്റേജില്ലാത്തതിനാല്‍ ,ദേശീയനേതാവ് പോലീസ് ജീപ്പിനു മുകളില്‍ കയറിനിന്നു ജനങ്ങളെ അഭിസംബോധന ചെയ്തതുമൊക്കെയാണ് പ്രധാന വാര്‍ത്തകള്‍.
അച്ഛന്‍റെ മരണത്തോടെയാണ് ഞാന്‍ രാഷ്ട്രീയം വെറുത്തു തുടങ്ങിയത്.
ജീവിച്ചിരുന്നപ്പോള്‍ ഒരു കറതീര്‍ന്ന ഒരു പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു അച്ഛന്‍ - മരണശേഷം അച്ഛന്‍റെ വിശ്വാസപ്രമാണങ്ങളെല്ലാം തീര്‍ച്ചയായും മാറിയിരിക്കണം.
തങ്ങള്‍ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് ആരോപിച്ചാല്‍ ഒരു പാര്‍ട്ടിയും വകവച്ചു തരില്ല - അന്ന് രണ്ടു പ്രമുഖപാര്‍ട്ടികളും സംയുക്തമായി പ്രഖ്യാപിച്ച ഹര്‍ത്താലായിരുന്നു.
ഹര്‍ത്താല്‍ അല്ലാത്ത എത്രയോ ദിവസങ്ങളുണ്ടായിരുന്നു അച്ഛന് നെഞ്ചു വേദന വരുവാന്‍ - എന്നിട്ടും ആ ദിവസം തന്നെ അച്ഛനെ വേദനിപ്പിക്കണമെന്ന്‍ ആ ക്രൂരനായ ഹൃദയം അങ്ങ് തീരുമാനിച്ചു കളഞ്ഞു. ഒരുപാട് ഹൃദയങ്ങളിലെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞ ഹൃദയമില്ലാത്ത അച്ഛന്‍റെ ഹൃദയം !
അകത്തെ പേജിലെ ഒരു വാര്‍ത്തയുടെ തലക്കെട്ടില്‍ കണ്ണുകള്‍ ഉടക്കി നിന്നു - വീട്ടമ്മ കുഞ്ഞിനേയും കൊണ്ട് ജീവനൊടുക്കി.
വാര്‍ത്തയോടൊപ്പം ഉള്ള ചിത്രത്തിലെ പേരുകള്‍ വായിച്ചുനോക്കി - ജാനകി (36 വയസ്)അനുമോള്‍ (11 വയസ്സ്). പെട്ടെന്ന് മനസ്സിലൂടെ എന്തോ ഒരശുഭചിന്ത മിന്നായം പോലെ കടന്നുപോയി. വാര്‍ത്ത ആദ്യം മുതലേ വായിച്ചു.
പാലക്കാട് : കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി.
പാലക്കാട് അനുനിവാസില്‍ അജയന്‍റെ ഭാര്യ ജാനകി , മകള്‍ അനുമോളെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊന്നശേഷം തൂങ്ങി മരിച്ചു. ഭര്‍ത്താവ് അജയന്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം. കുടുംബവഴക്കാണെന്നു സംശയിക്കുന്നു. പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരുനിമിഷം മനസ്സ് ഗുരുവായൂരിലെ ആ ഹോട്ടല്‍ മുറിയിലേക്ക് പാഞ്ഞു.
ഞാന്‍ മദ്യലഹരിയില്‍ ബോധം കെട്ടു കിടന്നുറങ്ങുമ്പോള്‍ അയാള്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കാം. അപ്പോഴായിരിക്കാം, തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരുന്ന ആരുടെയോ - ഒരുപക്ഷെ സഹോദരന്‍റെയോ, അടുത്ത ബന്ധുവിന്‍റെയോ - കോള്‍ അയാള്‍ക്ക് വന്നത് .
"വേഗം വരണം, ജാനകിക്ക് അല്ലെങ്കില്‍ അനുമോള്‍ക്ക് ഒരപകടം പറ്റി - പേടിക്കാനൊന്നുമില്ല, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്." എന്നവര്‍ പറഞ്ഞിട്ടുണ്ടാകണം.
"പേടിക്കാനോന്നുമില്ലല്ലോ?" എന്ന് വീണ്ടും വീണ്ടും എടുത്തു ചോദിച്ചപ്പോഴും, ഇല്ലെന്ന്‍ ആവര്‍ത്തിച്ചു പറയുന്ന അവരുടെ മറുപടിയിലും സംശയത്തിന്‍റെയും, ഭയത്തിന്‍റെയും വിത്തുകള്‍ അയാളുടെ ഹൃത്തടത്തില്‍ മുളപോട്ടിയിട്ടുണ്ടാകാം.
അതുവരെ കഴിച്ച മദ്യമൊക്കെ ആവിയായിപ്പോയതു പോലെ തെളിഞ്ഞ അയാളുടെ ഉണര്‍ച്ച, സംഭവിച്ചേക്കാനിടയുള്ള ഒരു ദുരന്തത്തിന്‍റെ ചിത്രം മനസ്സില്‍ വരഞ്ഞിട്ടിരിക്കാം. ഒരുപക്ഷെ നിയന്ത്രണം വിട്ടയാള്‍ ആര്‍ത്തുനിലവിളിച്ചിട്ടു പോലുമുണ്ടായിരിക്കാം.
ധൃതിയില്‍ ഷര്‍ട്ട് വാരിവലിച്ചിട്ട്, ബ്രീഫ് കേസ് കൈയിലെടുത്തപ്പോഴായിരിക്കാം എന്നെക്കുറിച്ചോര്‍ത്തത്.
ബോധം കെട്ടുറങ്ങുന്ന എന്നെ കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ , ആ ഒരു മാനസികാവസ്ഥയിലും താനോരാളെ പറ്റിച്ചു എന്ന കുറ്റബോധം ഒഴിവാക്കാന്‍ ,ഞാന്‍ പരമാവധി ചോദിക്കാന്‍ സാധ്യതയുള്ളതിന്‍റെ ഇരട്ടിയോളം തുക മേശപ്പുറത്ത് വച്ച് എത്രയും വേഗം വീട്ടിലെത്താനായി പാഞ്ഞിറങ്ങിപ്പോയിരിക്കാം.
കണ്ണുകളില്‍ നിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ പത്രത്തിലേക്ക് അടര്‍ന്നു വീണപ്പോള്‍ "ചേച്ചീ , വീടെത്തി - ഇറങ്ങുന്നില്ലേ?" എന്ന ഓട്ടോഡ്രൈവറുടെ വിളികേട്ടു ഞാന്‍ ഞെട്ടി.
പത്രം ഉയര്‍ത്തിപ്പിടിച്ചു തന്നെ അയാള്‍ കാണാതെ സാരിത്തുമ്പ് കൊണ്ട് കണ്ണുകള്‍ തുടച്ചു.
പത്രം മടക്കി ഓട്ടോറിക്ഷയില്‍ തന്നെയിട്ടു പുറത്തിറങ്ങി പണം കൊടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അയാള്‍ വിളിച്ചു ചോദിച്ചു - "ചേച്ചി, പത്രം എടുക്കാന്‍ മറന്നു. വേണ്ടേ ?"
മറുപടി പറയാതെ വാതില്‍ തുറന്ന് വീട്ടിനകത്തേക്ക് കയറി വാതിലടകുമ്പോള്‍ ഓട്ടോ തിരിച്ചുപോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.
ഹാന്‍ഡ് ബാഗിനുള്ളില്‍ നിന്ന് കൊച്ചു പെര്‍സെടുത്ത് തുറന്ന് അതിനുള്ളില്‍ നിന്ന് അയാള്‍ മേശപ്പുറത്തു വച്ചിട്ടുപോയ പണത്തില്‍, ഞാന്‍ ചെലവാക്കിയതിന്‍റെ ബാക്കി നോട്ടുകള്‍ ഇരുകൈകളിലും ചുരുട്ടിക്കൂട്ടിപ്പിടിച്ച്, ഭിത്തിയില്‍ ചാരിനിന്ന് ഞാന്‍ ശബ്ദമുണ്ടാക്കാതെ ഞാന്‍ തേങ്ങിത്തേങ്ങി കരഞ്ഞു - മനസ്സിലെ സങ്കടങ്ങള്‍ മുഴുവന്‍ കണ്ണുകളിലൂടെ കലങ്ങിയോഴുകിത്തീര്‍ന്നു പോകും വരെ !
(അവസാനിച്ചു)








0 comments
Posts a comment