ഗ്ലാസ് ഡോറിലൂടെ, ഇരുകൈകളിലും ഒരു കുടന്ന മൌനവുമേന്തി നവോഢയെപ്പോലെ നാണിച്ചു കടന്നുവന്ന പോക്കുവെയില്‍ , ശ്രീക്കുട്ടിയുടെ കഥ കേള്‍ക്കാനെന്നോണം, തിളങ്ങുന്ന മഞ്ഞവിരിപ്പു വിരിച്ച് വെറും നിലത്ത് പടര്‍ന്നു കിടന്നു.
ചുവരില്‍ മുന്‍പെപ്പോഴോ എന്തോ കൊളുത്തിയിട്ടിരുന്ന ആണിയിലേക്ക് നോക്കി ശ്രീക്കുട്ടി ഏതാനും നിമിഷങ്ങള്‍ ഇരുന്നു. അവളുടെ മനസ്സിലൂടെ കടന്നുപോകുന്ന സംഘര്‍ഷം നിറഞ്ഞ ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെയെന്നോണം ഇടയ്ക്കിടെ മിഴികള്‍ ചിമ്മിത്തുറക്കുന്നുണ്ടായിരുന്നു.
ഒരു പെണ്‍കുട്ടിക്ക് ഒരു പുരുഷനോട് ഇങ്ങനെയൊക്കെ തുറന്നു സംസാരിക്കാന്‍ സാധിക്കുമോ ? സിറാജ് ഒരുനിമിഷം ആലോചിച്ചു പോയി.
ഇതുവരെ പറഞ്ഞ അവളുടെ കഥ മനസ്സില്‍ ഒരു നീറുന്ന വടുവായി വീണുകിടക്കുമ്പോഴും, മൌനം കുടഞ്ഞിട്ട ചിന്തകളുടെ വിടവില്‍ ഒരുനിമിഷം അയാളും എല്ലാവിധ ദൌര്‍ബല്യങ്ങളുമുള്ള ഒരു സാധാരണമനുഷ്യനായി മാറിപ്പോയി.
"ശ്രീ" സിറാജ് മെല്ലെ വിളിച്ചു. ഉണര്‍ത്തപ്പെടാന്‍ ഇഷ്ടമില്ലാത്ത ഒരുസ്വപ്നത്തില്‍ നിന്നെന്ന പോലെ അവള്‍ ഞെട്ടി വിളികേട്ടു.
"എന്നിട്ട് ?"
പതറിത്തുടങ്ങിയ ശബ്ദം ചെറിയൊരു മുരടനക്കത്തിലൂടെ ശരിപ്പെടുത്തി അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
"പിറ്റേന്ന് രാവിലെ അവര്‍ വന്നു - സൂസന്‍. കാഴ്ചയില്‍ എന്‍റെ അമ്മയുടെ പ്രായം തോന്നിക്കുന്ന സ്ത്രീ. സത്യത്തില്‍ അവര്‍ ആദ്യമായി ആ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ എനിക്ക് തോന്നിയവികാരം അത്യധികമായ ആശ്വാസമായിരുന്നു.
എന്നാല്‍ എന്‍റെ നേരിയ പ്രതീക്ഷകളെപ്പോലും തകിടം മറിക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എനിക്ക് സമ്മാനിച്ച അനുഭവങ്ങള്‍. ലോകത്തൊരു പെണ്‍കുട്ടിയും ദുസ്വപ്നങ്ങളില്‍ പോലും കാണാന്‍ ഇഷ്ടപ്പെടാത്ത അമ്പതിലേറെ ദിവസങ്ങള്‍ !
ഒരുസ്ത്രീക്ക് മറ്റൊരു സ്ത്രീയോട് ഇത്രയും ക്രൂരത കാണിക്കാന്‍ കഴിയുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. വിശന്നുവലഞ്ഞ് ഇരതെടാനിറങ്ങിയ സിംഹം പോലും നിസ്സഹായയും, നിരാലംബയുമായിപ്പോയ ഒരു കന്നുകുട്ടിയോട് അനുകമ്പ കാണിക്കുന്നത് ഞാന്‍ ടീവിയില്‍ കണ്ടിട്ടുണ്ട് - ഒരു മൃഗത്തിന് പോലും സ്വപ്നം കാണാന്‍ കഴിയാത്ത ക്രൂരത - അതായിരുന്നു അവര്‍.
വീടുകളില്‍ നിന്ന് വീടുകളിലെക്കും, ഹോട്ടല്‍ മുറികളിലെക്കും ഞാന്‍ ഇടയ്ക്കിടെ പറിച്ചു നടപ്പെട്ടു.
അവിടെ വച്ചെല്ലാം മുഖം നഷ്ടപ്പെട്ട അനേകം ശരീരങ്ങള്‍ എന്നിലേക്ക് വലിഞ്ഞു കയറി, എന്‍റെ മനസ്സില്‍ തകര്‍ന്നു വീണു കിടന്നിരുന്ന ഹൃദയത്തിന്‍റെ ഓരോ നുറുങ്ങുകളായി പെറുക്കിയെടുത്തവര്‍ കൊണ്ട് പോയി.
ഒടുവില്‍ 'എന്നെങ്കിലും എനിക്കൊരു മനസ്സുണ്ടായിരുന്നോ' എന്ന് പോലും സംശയം തോന്നുന്ന രൂപത്തില്‍ ഞാന്‍ ഈ ഭൂമിയില്‍ ഒന്നും അല്ലാതായി.
ഒരു പുല്‍ക്കൊടിക്ക് പോലും എന്നെക്കാള്‍ വിലയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.
നിസ്സഹായയായ എന്‍റെ മരിച്ച മനസ്സും, അഴുകിത്തുടങ്ങിയ ശരീരവും പങ്കിട്ടു തിന്നുന്ന ചെകുത്തന്മാര്‍ക്കിടയില്‍ ഞാന്‍ മറ്റേതോ ലോകത്ത് മരിച്ചു ജീവിച്ചു.
കോടതിയില്‍ വച്ച് വിചാരണക്കിടയില്‍ ഒരിക്കല്‍ ജഡ്ജ് ചോദിച്ചു - "ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റപ്പെടുന്ന അവസരങ്ങളില്‍ ഒച്ചവച്ചാളെക്കൂട്ടാനും, ഓടിരക്ഷപ്പെടാനും അവസരം ലഭിച്ചിട്ടും എന്തുകൊണ്ടങ്ങനെ ചെയ്തില്ല ?"
എനിക്കതിന് മറുപടി പറയാനായില്ല. ഞാന്‍ വെറും നിസ്സഹായയായി നിന്നുപോയി. എന്തുകൊണ്ടായിരുന്നു ഞാന്‍ അവസരം കിട്ടിയിട്ടും ബഹളം കൂട്ടി സഹായം തേടാതിരുന്നത് ?
ഓടി രക്ഷപ്പെടാതിരുന്നത് ?
പക്ഷെ അത് ചെയ്യാതിരുന്നത് കൊണ്ട് മാത്രം, എന്നെ വേട്ടയാടിയ ചെന്നായ്ക്കളെ കുറ്റവിമുക്തരാക്കി എന്നെ കുറ്റവാളിയാക്കാന്‍ മാത്രം മതിയായ കാരണമാണോ അത് ?
ആ നിമിഷം ഞാന്‍ ബഹളം വെക്കാന്‍ ശ്രമിച്ചിരിക്കാം , ശബ്ദം പോലും, വെളിയില്‍ വരാതെ എന്നോട് കരുണ കാണിക്കാതിരുന്നതാകാം - അതോ ഞാന്‍ ശ്രമിച്ചില്ലേ ?
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എന്നോട് എന്‍റെ കാലുകള്‍ ചലിക്കാന്‍ വിസമ്മതിച്ചിരിക്കാം - അതോ അതിനും ഞാന്‍ മനപൂര്‍വ്വം ശ്രമിക്കാഞ്ഞിട്ടായിരുന്നോ ?
പക്ഷെ അതൊരിക്കലും , കത്തിപ്പടരുന്ന അഗ്നി പോലെ, ഓരോതവണയും ചുട്ടുപൊള്ളുന്ന വേദന പേറി എന്നിലെക്കിറങ്ങുന്ന ഷണ്ഡത്വം നിറഞ്ഞ പൌരുഷം എന്നെങ്കിലും എനിക്ക് എന്തെങ്കിലും സുഖം പകര്‍ന്നു നല്‍കുമെന്ന് വ്യാമോഹിച്ചിട്ടായിരുന്നില്ല എന്ന് മാത്രമേ എനിക്കുറപ്പു പറയാനാകൂ -
എനിക്കറിയില്ല - സത്യമായും !
പക്ഷെ - ആ ഒരൊറ്റ ചോദ്യത്തിന്‍റെ പേരിലായിരുന്നു ഞാന്‍ അനുഭവിച്ച ശാരീരിക പീഡനങ്ങളെക്കാള്‍ കൂടുതല്‍ മാനസിക പീഡകള്‍ എനിക്കനുഭവിക്കേണ്ടി വന്നത്. വേണ്ടപ്പെട്ടവരെന്നു ഞാന്‍ വിശ്വസിച്ചിരുന്നവര്‍, എന്‍റെ അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ - അവര്‍ക്കുമുന്നില്‍ ഞാന്‍ വെറുക്കപ്പെട്ടവളായി.
കോടതിമുറിയില്‍, ജനിപ്പിച്ച സ്വന്തം മാതാപിതാക്കള്‍ക്ക് മുന്നില്‍, ജഡ്ജിക്കും, അഭിഭാഷകര്‍ക്കും, പ്രതികള്‍ക്കും, സാക്ഷികള്‍ക്കും, അലിവെന്ന കാപട്യം നിറഞ്ഞ മുഖംമൂടിക്കു താഴെ വെറിപിടിച്ച മനസ്സുമായി ആരാന്‍റമ്മക്ക് ഭ്രാന്തുപിടിക്കുന്ന നാടകം കാണാന്‍ തടിച്ചു കൂടിയ കുറെ കാണികള്‍ക്കും മുന്നില്‍ എതിര്‍ഭാഗം വക്കീലിന്‍റെ തലനാരിഴ കീറിമുറിക്കുന്ന വൃത്തികെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നതിനേക്കാള്‍ ഭേദം നിന്നനില്‍പ്പില്‍ ഭൂമി പിളര്‍ന്നില്ലാതാവുകയായിരുന്നെന്ന്‍ എത്രയോ വട്ടം തോന്നിപ്പോയിട്ടുണ്ട്.
പക്ഷെ അര്‍ദ്ധപ്രാണനായ എലിക്കുഞ്ഞിനെ എത്ര തട്ടിക്കളിച്ചിട്ടും മതിവരാത്ത പൂച്ചയെപ്പോലെ വിധി എന്നെ കൊല്ലാതെ കൊന്നു സ്നേഹിച്ചു കൊണ്ടിരുന്നു .
ശരീരത്തിന് മരിക്കാന്‍ പേടിയാണ് ഇക്ക - മനസ്സുകൊണ്ട് ഞാന്‍ ഇതിനോടകം എത്രയോ വട്ടം ആത്മഹത്യ ചെയ്ത് കഴിഞ്ഞു !
കോടതി പ്രതികളെ ശിക്ഷിച്ച ശേഷം , എന്‍റെ അച്ഛന്‍ രോഗം മൂര്‍ച്ചിച്ചു ജോലിക്ക് പോകാനാവാതെ വീട്ടില്‍ കിടപ്പിലായ സമയം, എന്‍റെ അമ്മ ആളുകളുടെ മുനവച്ച നോട്ടങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ പതറി മടുത്തു പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍ - പട്ടിണി കിടന്നു മരിക്കാതിരിക്കാന്‍ ഗതികെട്ട്, ഒടുവില്‍ ഞാന്‍ അയല്‍പക്കത്തെ ഒരടുത്ത ബന്ധുവിനോട് സഹായം തേടി.
"ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം നിനക്കങ്ങ് ചത്തൂടെടീ ? മേലാല്‍ ഈ വീടിന്‍റെ പടി ചവിട്ടി പോകരുത്. ഞങ്ങള്‍ക്കിനീം ഈ നാട്ടില്‍ മാനം മര്യാദക്ക് ജീവിക്കണം" പുഴുത്ത പട്ടിയെപ്പോലെ അവരെന്നെ ആട്ടിയിറക്കി.
പക്ഷെ ഞാന്‍ കരഞ്ഞില്ല, കണ്ണീര്‍ എന്നോ വറ്റിപ്പോയവളുടെ കരച്ചിലെ നിരര്‍ത്ഥകത എന്‍റെ ചുണ്ടില്‍ പകരം ഒരു പുഞ്ചിരി തെളിയിച്ചു - അതവരുടെ മനസ്സില്‍ എനിക്ക് തന്ന സംശയത്തിന്‍റെ നേരിയ ആനുകൂല്യം കൂടി മായ്ച്ചു കളഞ്ഞ് ഉറച്ച വിധിയെഴുതിച്ചു - ഒരുമ്പെട്ടവള്‍."
"പിന്നെ നീയെങ്ങനെ അവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടു ?" സിറാജ് ചോദിച്ചു.
അയാളുടെ ചോദ്യം കേട്ട് അവള്‍ ചിരിച്ചു - "അതോ, എന്നെക്കൊണ്ട് ഇനിയൊന്നിനും കൊള്ളില്ലെന്ന് അവര്‍ക്ക് തന്നെ തോന്നിക്കാണും. ഒരുദിവസം രാത്രി സജിയും ഡോക്ടറും സൂസനും കൂടി ജീപ്പില്‍ കയറ്റി എവിടെക്കോ കൊണ്ടുപോയി. ഇടക്ക് വണ്ടി നിര്‍ത്തി പുറത്തിറങ്ങാന്‍ പറഞ്ഞു. എന്നെ കയറ്റാതെ അവര്‍ ഓടിച്ചു പോയി.
അധികസമയം നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ആ റോഡരികില്‍ കിടന്നു.
പലരും അതിലെ കടന്നു പോയി.
ചിലര്‍ പുഴുത്ത പട്ടിയെ കാണും പോലെ എന്നെക്കണ്ട് ദൂരെ മാറിപ്പോയി.
ചിലര്‍ കൌതുകത്തോടെ അടുത്തു വന്നു നോക്കി, പേരിനുപോലും മാംസമില്ലാത്ത ഉണങ്ങിയ എല്ലിന്‍കഷണം കണ്ട തെരുവുനായയുടെ നിരാശയോടെ മുരടനക്കി കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് പുച്ഛത്തോടെ കടന്നു പോയി.
ചിലര്‍ സഹതാപം നിറഞ്ഞ മുഖത്തോടെ ഒരുനിമിഷം നിന്ന്, പിന്നെ ഇടപെട്ടുപോയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചോര്‍ത്തിട്ടോ, എന്തോ തിരിഞ്ഞു തിരിഞ്ഞു നോക്കി നോക്കി കടന്നു പോയി.
ഒടുവില്‍ സ്കൂട്ടറില്‍ വന്ന ഒരു സ്ത്രീയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. അവരൊരു വനിതാവിമോചന പ്രവര്‍ത്തകയായിരുന്നു.
കേസ് കൊടുക്കാനും, കേസ് നടത്താനുമൊക്കെ അവരാണ് മുന്‍കൈയെടുത്തത്. അവര്‍ ഒരുപാട് സഹായിച്ചു. പക്ഷെ ഒടുവില്‍ അവരെന്നെ സ്വന്തം പ്രശസ്തിയിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കുന്നു എന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍ അതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അവരെ ഒഴിവാക്കി.
പീരുമേട്ടിലെ തുടര്‍ന്നുള്ള ജീവിതം നരകതുല്യമായി മാറിക്കഴിഞ്ഞിരുന്നു.
തുടര്‍പഠനം എന്ന സ്വപ്നം ഞാന്‍ എപ്പോഴേ ഉപേക്ഷിച്ചിരുന്നു.
പുറത്തിറങ്ങിയാല്‍ ഞാന്‍ എല്ലാവരുടെയും കണ്ണില്‍ ഒരു കാഴ്ചവസ്തുവായി.
നോട്ടം കൊണ്ട് മാനഭംഗപ്പെടാന്‍ തീറെഴുതപ്പെട്ടിരിക്കും പോലെ എന്‍റെ ശരീരത്തെ അവര്‍ കണ്ണുകള്‍ കൊണ്ട് ഉപയോഗിച്ചു. അഭിമാനം എന്ന വാക്ക് ഈ ഭൂമിയില്‍ എനിക്ക് മാത്രം വിലക്കപ്പെട്ടതായി.
അങ്ങനെ കിട്ടിയ വിലക്ക് നാലുസെന്‍റ് സ്ഥലവും എന്‍റച്ഛന്‍റെ വിയര്‍പ്പുകൊണ്ട് പണിത , ഞാന്‍ ജനിച്ചുവീണ ഞങ്ങളുടെ കൊച്ചു വീടും വിറ്റു.
ദൂരെ എവിടെയെങ്കിലും, എന്‍റെ നാട്ടുകാരുടെ കണ്‍വെട്ടം എത്താന്‍ സാധ്യമല്ലാത്ത ഒരിടം എന്നത് മാത്രമായിരുന്നു ലക്ഷ്യം - ഒടുവില്‍ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ഇവിടെയെത്തപ്പെട്ടു.
അച്ഛനാണ് റഫീക്കിക്കയോട് എനിക്കെന്തെങ്കിലും ജോലിക്കാര്യം ശരിയാക്കണമെന്നാവശ്യപ്പെട്ടത്. അങ്ങനെ ഞാന്‍ ഇവിടെ ഇക്കയുടെ അടുത്തെത്തപ്പെട്ടു.
ഞാന്‍ ഇത്ര വിശദമായി ഇക്കയോട് ഇതൊക്കെ പറഞ്ഞതെന്തിനെന്ന്‍ ഒരുനിമിഷമെങ്കിലും ഇക്ക സംശയിച്ചു കാണണം.
ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഇക്കാ - കോടതിയില്‍ വക്കീലന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞവള്‍ക്ക് ഇതൊന്നും വലിയ സംഭവമല്ല. ഒരു കണക്കിന് കോടതിമുറിയിലെ ആ വിസ്താരത്തെക്കാള്‍ വലിയൊരു പീഡനവും ഞാന്‍ അനുഭവിച്ചിട്ടില്ല.
ഇക്ക കാണിച്ച സ്നേഹവും, ഒരു സഹോദരിയോടെന്ന പോലെയുള്ള വാത്സല്യവും കണ്ടപ്പോള്‍ പലതവണ എല്ലാം തുറന്നു പറയാന്‍ തുനിഞ്ഞതാണ്. പിന്നെ എല്ലാം നഷ്ടപ്പെട്ടവളുടെ അതിമോഹം എന്നൊക്കെ വേണമെങ്കില്‍ വിളിക്കാം - കിട്ടുന്നത് വരെ കിട്ടട്ടെ ഈ സ്നേഹം എന്ന് കരുതി. ചെയ്തത് തെറ്റാണെന്നറിയാം - എന്നോട് ക്ഷമിക്കണം.
ഇന്നത്തോടെ ഈ നാട്ടുകാര്‍ സംഭവം അറിഞ്ഞു തുടങ്ങും.
വീണ്ടും ഞാനൊരു കാഴ്ചവസ്തുവായി മാറാന്‍ തുടങ്ങും. എനിക്കതൊന്നും പ്രശ്നമില്ല - എന്തായാലും ജീവിതത്തോടു തോറ്റൊടാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ലിക്ക - അങ്ങനെയായിരുന്നെങ്കില്‍ അതെന്നേ ആകാമായിരുന്നു.
പക്ഷെ ഞാന്‍ കാരണം ഇക്ക ആരുടെ മുന്നിലും പരിഹാസ്യനാകരുത്. നാളെ മുതല്‍ ഞാന്‍ ജോലിക്ക് വരുന്നില്ല. ചോദിക്കുന്നവരോട് ഇക്കയ്ക്ക് പറയാം - എനിക്കൊന്നും അറിയില്ലായിരുന്നു, അറിഞ്ഞ നിമിഷം ഞാനാവളെ പറഞ്ഞു വിട്ടെന്ന്"
ശ്രീക്കുട്ടി പറഞ്ഞു നിര്‍ത്തി.
അവളുടെ മുഖത്തേക്ക് നോക്കിയാ സിറാജ് അത്ഭുതപ്പെട്ടു പോയി - യാതൊരു ഭാവഭേദവുമില്ലാത്ത മുഖം. എന്തിനെയും നേരിടാന്‍ തയ്യാറായ പെണ്ണിന്‍റെ ചങ്കുറ്റം ആ മുഖത്തയാള്‍ കണ്ടു.
"ആ, ഇക്കാ. അഞ്ചു മണിയായി. ഞാന്‍ പോണ്‌ട്ടോ. എല്ലാത്തിനും നന്ദി" അവള്‍ ചുവരിലെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"ഉം പൊയ്ക്കോളൂ, പക്ഷെ നീ നാളെയും വരണം. എന്‍റെ കാര്യമോര്‍ത്തു നീ വരാതിരിക്കരുത്."
"പക്ഷെ ഇക്കാ" അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
"ഒരു പക്ഷേയുമില്ല. നാളെയെനിക്ക് രാവിലെ തൃപ്പൂണിത്തുറയില്‍ ഒരു വീട് നോക്കാന്‍ പോകേണ്ടതാണ്. പതിവുപോലെ വന്നു കട തുറന്നേക്കണം."
അവള്‍ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.
റോഡിലൂടെ അരികുപറ്റി നടക്കുമ്പോള്‍ അടച്ചിട്ട കടമുറികള്‍ക്ക് മുന്നില്‍ ബീഡി വലിച്ചിരിക്കുന്ന മധ്യവയസ്കരെയും, ചുമട്ടുതൊഴിലാളി ഓഫീസില്‍ സൊറപറഞ്ഞ് ആര്‍ത്തു ചിരിക്കുന്ന തൊഴിലാളികളെയും, ബസ് കാത്തു വിദൂരതയിലേക്ക് മിഴികളൂന്നി എന്തോ ആലോചിച്ചു നില്‍ക്കുന്നവരെയുമൊക്കെ, അവരുടെ ശ്രദ്ധ പിടിച്ചു പറ്റാത്ത വിധത്തില്‍ അവള്‍ നോക്കിക്കൊണ്ടിരുന്നു - ആരുടെയെങ്കിലും തനിക്കു നേരെയുള്ള നോട്ടത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ ?
ഇല്ല - എല്ലാം സാധാരണ മട്ടിലാണ്. സ്ഥിരം അവളെക്കാണുമ്പോള്‍ ചൂളം വിളിച്ചു കൊണ്ട് പോകുന്ന മീന്‍കാരന്‍ പയ്യന്‍ നീട്ടി ചൂളം വിളിച്ചു കൊണ്ട് എതിരെ കടന്നുപോയി.
തോല്‍വി ഉറപ്പിച്ച് രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്നശേഷം വെളുപ്പിനെ എപ്പോഴോ ഗാഡമായി ഉറങ്ങിപ്പോയ, എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ അവിശ്വസനീയമായ ജയം ഉള്‍ക്കൊള്ളാനാകാതെ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നശേഷം, ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്ന കൌമാരക്കാരന്‍റെ മനസ്സു പോലെ, നാളെയുടെ പ്രഭാതത്തിലേക്ക് ഉറക്കമുണരുവാന്‍ ത്രസിച്ചു നില്‍ക്കുകയാണ് നാട് എന്നോര്‍ത്തപ്പോള്‍ ഒരുനിമിഷം അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. !
(തുടരും)








0 comments
Posts a comment