Saturday, April 19, 2014

കഥ : ദീപനാളങ്ങള്‍ ഈയാംപാറ്റകളോട് ചെയ്യുന്നത് ! (5)


തുറന്നിട്ട ജാലകത്തിലൂടെ വല്ലപ്പോഴും തഴുകിത്തലോടി പോകുന്ന ഇളംകാറ്റില്‍ ആലസ്യം പൂണ്ട് സിറാജ് കിടന്നു.

പട്ടുപാവാടയുടെ ഞൊറിയിട്ട അരികുകളില്‍, തന്‍റെ വെളിച്ചം തീര്‍ത്ത പൊന്‍കസവുകള്‍ കാട്ടി, ആദ്യമായി പാവാടയണിയുന്ന കൊച്ചുപെണ്‍കുട്ടിയെപ്പോലെ , നൃത്തമാടുന്ന മേഘക്കീറുകളെ നോക്കി ഇടയ്ക്കിടെ കണ്ണുചിമ്മിയിരിക്കുന്ന പൂനിലാവ്‌.

പശ്ചാത്തലസംഗീതമോരുക്കിയിരുന്ന ചീവിടുകളുടെ ഓര്‍ക്കെസ്ട്ര ഷിഫ്റ്റ്‌ തീര്‍ന്നതുപോലെ പെട്ടെന്നവസാനിച്ച നിശ്ശബ്ദതയിലേക്ക് ജീവന്‍റെ സ്പന്ദനം കുടഞ്ഞിടുന്ന വല്ലപ്പോഴുമുള്ള പാതിരാക്കൊഴികളുടെ കൂവലും, കൂമന്‍റെയോ വവ്വാലിന്‍റെയോ ചിറകടികളും.

ഇടയ്ക്കിടെ വന്നുവീഴുന്ന കാറ്റിന്‍ ചീന്തുകളെ ബാറ്റന്‍ കൈമാറുന്ന റിലെ ഓട്ടക്കാരെപ്പോലെ തൊട്ടടുത്ത ചങ്ങാതിമാര്‍ക്കു കൈമാറി ഇലകള്‍ ഇളകിയാടി നിന്നു.

"അതെ ഉറങ്ങിയോ ?" സുഹറയുടെ ഇളംചൂടുള്ള കൈത്തലം തോളില്‍ വീണപ്പോള്‍ സിറാജ് ഉള്ളില്‍ചിരിച്ചു - ഉറങ്ങിയിട്ടില്ലെന്ന് അറിഞ്ഞു കൊണ്ടുള്ള ചോദ്യമാണ് - ഗൌരവതരമായ എന്തോ വിഡ്ഢിത്തം അവതരിപ്പിക്കുന്നതിനുള്ള അവളുടെ പതിവ് മുന്നൊരുക്കം.

"ങ്ങൂഹും" അയാള്‍ മൂളി.

"അതെ, ഇന്ന് തെക്കേലെ സൈനബാത്ത ഒരു കാര്യം പറഞ്ഞാരുന്നു"

അപ്പോള്‍ മൂന്നാമാതോരാളാണ് വിഷയം. താനോ, അവളോ ആയിരുന്നെങ്കില്‍ സൈനബത്താത്തക്ക് പകരം വാപ്പയോ, ഉമ്മയോ പറഞ്ഞെന്നായിരിക്കും തുടക്കം - അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സിറാജ് ഒരു ചിരിയോടെ മനസ്സിലോര്‍ത്തു.

"എന്ത് ?"

"ഇങ്ങോട്ടൊന്നു തിരിഞ്ഞേ, മതി ഒരു നിലാവ് നോട്ടം, കണ്ടിട്ടില്ലാത്ത പോലെ"

"പിന്നെ - നിന്നെയല്ലോ ഇപ്പൊ കാണാത്തെ" അവളെ ശുണ്‍ഠി പിടിപ്പിക്കാന്‍ കരുതിക്കൂട്ടിത്തന്നെ സിറാജ് അവള്‍ക്കഭിമുഖമായി തിരിഞ്ഞു കിടന്നു. അവളുടെ അരക്കെട്ടില്‍ കൈചുറ്റി തന്നോടടുപ്പിച്ചു കൊണ്ട് ചെവിയില്‍ മന്ത്രിക്കും പോലെ ചോദിച്ചു - "എന്താടീ"

അയാളുടെ നെഞ്ചില്‍ കൈകൊണ്ടു തള്ളി പിടുത്തത്തില്‍ നിന്ന് കുതറിമാറിയശേഷം, സ്വതന്ത്രയായത്പോലെ ശ്വാസം വിട്ടു കൊണ്ട് സുഹറ പറഞ്ഞു - അതെ, കടേല് നിക്കണ ആ പെണ്ണില്ലേ , ശ്രീക്കുട്ടി"

എപ്പോഴാണീ ചോദ്യം വരികയെന്ന് ആലോചിക്കുകയായിരുന്നു - ഇനിയിപ്പോ ഇതേക്കുറിച്ച് ചിന്തിച്ചു തല പുണ്ണാക്കണ്ടല്ലോ - സിറാജ് മനസ്സിലോര്‍ത്തു.

"ശ്രീക്കുട്ടിക്കെന്തു പറ്റി ?" ഒന്നുമറിയാത്തതു പോലെ സിറാജ് ചോദിച്ചു.

"നിങ്ങള്‍ക്കറിയാഞ്ഞിട്ടൊന്നുമല്ലെന്നെനിക്കറിയാം, എങ്കിലും ഇനി എന്‍റെ നാവീന്നു കേട്ടില്ലെന്നു വേണ്ട. അവള് ഏതോ പീഡനക്കേസിലെ പ്രതിയാണെന്നോ"

സിറാജ് നിയന്ത്രിക്കാനാവാതെ പൊട്ടിച്ചിരിച്ചു പോയി.

എവിടെനിന്നോ കിട്ടിയ അരികോ, മൂലയോ ഡെവലപ് ചെയ്ത് സൈനബത്താത്ത ഇറക്കിയ പരദൂഷണത്തിന്‍റെ സ്വന്തം വേര്‍ഷനാവാനാണ് സാധ്യത.

പീഡനക്കെസിലെ ഇര പ്രതിയായ മായാജാലത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സിരാജിന്‍റെ ചുണ്ടില്‍ ആദ്യം നിറഞ്ഞത്‌ പുച്ഛം നിറഞ്ഞ ഒരു ചിരിയായിരുന്നു.

"പ്രതിയല്ല പോത്തെ - അവളാ കേസിലെ ഇരയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. പാവം അല്ലെ ?"

"അങ്ങനെ എന്നെ പോത്താക്കിയിട്ട് നിങ്ങളിപ്പോ അവളെ പാവമാക്കണ്ട. എന്തു കുന്തമായാലും ശരി, അവളാള് ശരിയല്ലെന്നാ സൈനബത്താത്ത പറഞ്ഞത്. ആര്‍ക്കാണ്ടിനൊപ്പമൊക്കെ തുനിഞ്ഞിറങ്ങിപ്പോയി അവസാനം കൈവിട്ടുപോയപ്പോള്‍ പീഡനക്കേസാക്കിയതാണത്രേ.

എന്തായാലും നമ്മടെ കടേ നിര്‍ത്തണ്ടിക്ക. എന്‍റെ വീട്ടിലെങ്ങാന്‍ അറിഞ്ഞാ പിന്നത്തേ പൂരം പറയണ്ട. എന്തിനാ ഇക്കാടെ വാപ്പ അറിഞ്ഞാ എന്തായിരിക്കും പുകിലെന്ന് ഒന്നാലോചിച്ചു നോക്കിക്കേ. എന്തായാലും എത്രയും വേഗം അങ്ങ്പറഞ്ഞു വിട്ടേക്ക്"

"നീയെന്തറിഞ്ഞിട്ടാ സുഹറാ, ചുമ്മാ ആരാണ്ടും എന്താണ്ടും പറഞ്ഞെന്നു കരുതി പടച്ചോന് നിരക്കാത്തത് പറയല്ലേട്ടോ. അവളൊരു പാവം പെങ്കൊച്ചാ. അവളെ ഒരുത്തന്‍ ചതിച്ചതാ. എന്നുപറഞ്ഞാല്‍ നീ ഉദ്ദേശിക്കുന്ന പോലെ പ്രേമോം മണ്ണാങ്കട്ടേം ഒന്നും അല്ല - അവള്‍ടെ അയല്‍വാസി ഒരുത്തന്‍, പനിപിടിച്ചു സ്കൂളീന്ന് വീട്ടിലേക്കു പോകാന്‍ ബസ്സ്റ്റോപ്പി നിന്ന പെങ്കൊച്ചിനെ വീട്ടി കൊണ്ടോയി വിടാന്ന് പറഞ്ഞു ജീപ്പീ കേറ്റി, മയക്കുമരന്നു കൊടുത്തു ബോധം കെടുത്തി കൊണ്ടോയി ചതിച്ചതാ."

"ഇതൊക്കെ അവള് പറഞ്ഞതല്ലേ. അവളല്ലെങ്കിലും അങ്ങനെക്കേല്ലേ പറയൂ - സ്വന്തം തെറ്റ് സമ്മതിക്കാന്‍ ആരെങ്കിലും തയ്യാറാക്വോ, അതും പ്രത്യേകിച്ച് ഇമ്മാത്തിരി ഒരു കേസില്‍"

സിറാജ് ഒന്നും മിണ്ടിയില്ല.

ഇനിയും സുഹറയോട് സംസാരിച്ചിട്ടു കാര്യമില്ല. സത്യങ്ങളെ കെട്ടുകഥകളുടെ മാറാപ്പണിയിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്തു വിളമ്പിയാലേ ലോകത്തിനു തൃപ്തിയാകൂ - നിര്‍ഭാഗ്യവശാല്‍ തന്‍റെ ഭാര്യയും അങ്ങനെ ഒരാളായിപ്പോയി, കാല്‍ക്കീഴില്‍ തെളിഞ്ഞിട്ടും തനിത്തങ്കത്തെ തട്ടിത്തെറിപ്പിച്ചു ഇല്ലാത്ത കാക്കപ്പോന്നിന്‍റെ തിളക്കം തേടി പോകുന്നവര്‍.

"എന്നിട്ടൊന്നും പറഞ്ഞില്ല, എന്താ തീരുമാനിച്ചേ ?" സുഹറ വിടാനുള്ള ഭാവമില്ല.

"ഞാന്‍ തീരുമാനിച്ചു"

"എന്ത് ?"

"എന്ത് വന്നാലും അവളെ പറഞ്ഞു വിടില്ലെന്ന്"

"ഓഹോ, എങ്കില്‍ എനിക്കും ചിലത് തീരുമാനിക്കേണ്ടി വരും"

"ആ, നീയെന്താണന്ന് വച്ചാ ചെയ്തോ. അല്ലെങ്കിലും ഇരുപത്തഞ്ചുകൊല്ലം ഒറ്റാന്തടിയായിട്ടല്ലേ ജീവിച്ചേ. ഇനിയിപ്പോ അങ്ങനെത്തന്നെ ജീവിച്ചു മരിച്ചാലും എന്നെ സംബന്ധിച്ചു അതുവല്യ വ്യത്യാസമൊന്നും അല്ല"

അല്‍പ്പസമയത്തേക്ക് പിന്നില്‍ നിന്ന് അനക്കമൊന്നും കേട്ടില്ല. കുറെ കഴിഞ്ഞപ്പോള്‍ മുളചിന്തും പോലെ ഏതാനും എങ്ങലടികളുടെ അകമ്പടിയോടെ അവളുടെ തെങ്ങിക്കരച്ചിലുകള്‍ കേട്ടു - അയാള്‍ തിരിഞ്ഞു നോക്കിയില്ല.

നിലാവിനെ ഒരു ക്രൂരനായ കാര്‍മേഘം പാടെ വിഴുങ്ങിയിരിക്കുന്നു. എങ്കിലും ഏതുനിമിഷവും വീണ്ടും പ്രത്യക്ഷപ്പെടാമെന്ന പൂര്‍ണ്ണമായും മറക്കപ്പെടാനാവാത്ത സത്യം പോലെ നേര്‍ത്ത നിലാവെളിച്ചം ഇടയ്ക്കിടെ മേഘപാളികള്‍ക്കിടയിലൂടെ അരിച്ചു വരുന്നുണ്ട്.

നിലാവിനെ പുനരാഗമനം പ്രതീക്ഷിച്ചുകൊണ്ട് ഉറക്കം പൂര്‍ണ്ണമായും വിട്ടകന്ന മിഴികളോടെ സിറാജ് കിടന്നു.

* * * * * * * * * * * * *

മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് സിറാജ് എടുത്തു നോക്കി - ശ്രീക്കുട്ടിയുടെ കോള്‍ ആണല്ലോ. അയാള്‍ വേഗം ഷര്‍ട്ട് എടുത്തിട്ടു ഗേറ്റ് തുറന്നു പുറത്തിറങ്ങി കടയിലേക്ക് ചെന്നു. കടക്കുമുന്നിലെത്തിയ സിറാജ് ഒരുനിമിഷം സ്തംഭിച്ചു പോയി.

കടക്കുമുന്നില്‍ മറിഞ്ഞു കിടക്കുന്ന തന്‍റെ ബൈക്ക്.

കടക്കുപുറത്തു പതിവില്ലാതെ കൂടിക്കിടക്കുന്ന ചെരുപ്പുകള്‍ - ഒരുമണിക്കൂര്‍ മുന്‍പ് താന്‍ വീട്ടിലേക്കു പോകുമ്പോള്‍ പതിവായി ഗെയിം കളിയ്ക്കാന്‍ വരുന്ന ഒന്നോരണ്ടോ പിള്ളേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ഡോര്‍ തുറന്നകത്തേക്ക് കയറി.

യൂണിയന്‍കാരന്‍ ശ്രീധരന്‍റെ മകന്‍ രാജേഷിനെ രണ്ടുമൂന്നു ചെറുപ്പക്കാര്‍ - അവന്‍റെ കൂട്ടുകാര്‍ സെറ്റ് തന്നെ - ഇരുകൈകളിലും ബലമായി പിടിച്ചു നിര്‍ത്തിയിരിക്കുന്നു.

അവന്‍ "നിന്നെ ഞാന്‍ കൊല്ലുമെടീ ഒരുമ്പെട്ടവളെ" എന്നാക്രോശിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി അവരുടെ കരവലയം ഭേദിച്ച് മുന്നോട്ടു കുതിക്കാനായി കുതറുന്നു.

മുന്നില്‍ മൂലക്കായി, പേടിച്ചരണ്ട് ഏതുനിമിഷവും തനിക്കുനേരെ കുതിച്ചു പാഞ്ഞു വന്നേക്കാവുന്ന രാജേഷിനെ തടുക്കാനെന്ന ഭാവേന ഇരുകൈകളുമുയര്‍ത്തി മുഖം മറക്കാന്‍ പാകത്തിന് പിടിച്ചു കൊണ്ട് ശ്രീക്കുട്ടി.

അവളുടെ മുഖത്ത് ഒരു കൈപ്പത്തിയുടെ തിണര്‍ത്തു കിടക്കുന്ന പാട് - താഴെ മറിഞ്ഞു കിടക്കുന്ന രണ്ടു കസേരകള്‍ !

"എന്തായിവിടെ, എന്താടാ ഇതൊക്കെ , എന്താ ശ്രീക്കുട്ടി ?" സിറാജ് ചുറ്റും നോക്കിക്കൊണ്ട്‌ അവസാനനോട്ടം ശ്രീക്കുട്ടിയില്‍ എത്തിനില്‍ക്കും വിധം ചോദിച്ചു.

"ഇവനെന്നെ കയറിപ്പിടിച്ചു ഇക്കാ." രാജേഷിനു നേരെ കൈചൂണ്ടിക്കൊണ്ട് അതുപറഞ്ഞു തീരുമ്പോള്‍ ശ്രീക്കുട്ടി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു.

"ആണോടാ?" അവന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു കുത്തിപ്പിടിച്ചു കൊണ്ട് സിറാജ് അലറി.

"ഈ നായിന്‍റെ മോള്‍, അറിയാതെ ഒന്ന് മുട്ടിപ്പോയത്തിനു എന്‍റെ മുഖത്തടിച്ചു. അവള്‍ ജന്മത്ത് മറക്കാത്ത വിധത്തില്‍ ഞാനും ഒരെണ്ണം പൊട്ടിച്ചിട്ടുണ്ട്. ഹോ - ഒരു പുണ്യാളത്തി , ത്ഫൂ"

"ഛീ ചെറ്റേ" സിരാജിന്‍റെ കൈപ്പടം അവന്‍റെ മുഖത്താഞ്ഞ് പതിഞ്ഞപ്പോള്‍ അടിയുടെ ആഘാതത്തില്‍ അവന്‍റെ ശിരസ്സ്‌ പിന്നിലേക്ക്‌ തിരിഞ്ഞ് ചുവരില്‍ പോയിടിച്ചു.

"ഇറങ്ങെടാ പുറത്ത്"

അവന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു കുത്തിപ്പിടിച്ച് വലിച്ചിഴച്ചു കൊണ്ട് സിറാജ് പുറത്തിറങ്ങി. പുറത്തിറങ്ങിയ അവനെ ശക്തിയായി പിടിച്ചു തള്ളി. തൂക്കിയെടുത്തെറിഞ്ഞ ഒരു വിഴുപ്പുഭാണ്ഡം പോലെ ഊക്കോടെ അവന്‍ സിമന്‍റ്തിണ്ണയില്‍ മുഖമടിച്ചു വീണു.

അവന്‍റെ കൂട്ടുകാര്‍ ഭയത്തോടെയും അമ്പരപ്പോടെയും ദൂരെ മാറിനിന്നു.

പോക്കറ്റില്‍ നിന്ന് താഴെ വീണു ചിതറിയ മൊബൈല്‍ ഫോണിന്‍റെ ബാറ്ററിയും കവറും എടുത്തിട്ടു ഓണാക്കിക്കൊണ്ട് രാജേഷ്‌ ആരെയോ വിളിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കകം രാജേഷിന്‍റെ അച്ഛന്‍ ശ്രീധരന്‍ ഒന്നു രണ്ടു യൂണിയന്‍കാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവിടേക്ക് പാഞ്ഞെത്തി.

"എന്താടാ പ്രശനം ? ആരാ നിന്‍റെ മേത്തു കൈവച്ചേ ?" രാജേഷിന്‍റെ മുഖവും ചേന തൊലി ചെത്തിയതുപോലെ ചുവന്നു ചോരയൊലിക്കുന്ന കൈമുട്ടും പിടിച്ചു നോക്കിക്കൊണ്ട്‌ അയാള്‍ അലറി.

"ഞാനാ. ഇനീം ഇവനെ ഇങ്ങനെ അഴിച്ചു വിട്ടാ നിനക്ക് പറഞ്ഞു നടക്കാന്‍ ഇങ്ങനോരുത്തന്‍ ചിലപ്പോ ഉണ്ടായില്ലെന്ന് തന്നെ വരും. അതോണ്ട് നീ മോനേം വിളിച്ചോണ്ട് പൊ ശ്രീധരാ. മേലാല്‍ എന്‍റെ കടേലേക്ക് കേറുകയോ എന്‍റെ സ്റ്റാഫിനോട്‌ തോന്ന്യാസം കാണിക്കുകയോ ചെയ്‌താല്‍, ഇവനെ ഞാന്‍ പിന്നെ വച്ചേക്കത്തില്ലട്ടാ"

"എന്താടാ സിറാജെ പ്രശ്നം, നീയെന്തിനാ എന്‍റെ ചെക്കനെ തല്ല്യെ ?"ശ്രീധരന്‍ ദേഷ്യത്തോടെ ചോദിച്ചു.

മറുപടി പറയാതെ സിറാജ് ദേഷ്യത്തോടെ കടക്കകത്തെക്ക് കയറിപ്പോയതെയുള്ളൂ.

"എന്താടാ പ്രശ്നം ?"

ശ്രീധരന്‍ മകനെയും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാകാത്തവണ്ണം അന്തം വിട്ടു നില്‍ക്കുന്ന അവന്‍റെ സുഹൃത്തുക്കളെയും നോക്കിക്കൊണ്ട്‌ ചോദിച്ചു.

രാജേഷ്‌, സിരാജിനോട് പറഞ്ഞ കഥ തന്നെ അയാളോടും ആവര്‍ത്തിച്ചു.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ശ്രീധരന്‍ മകനെ പിടിച്ചു വലിച്ചു കടക്കകത്തെക്ക് കയറിച്ചെന്നു.

"എന്‍റെ ചെക്കനോട് ഈ ചെയ്തതിനു നീ ചെവിയില്‍ നുള്ളിക്കോടാ."

എന്നിട്ട് ശ്രീക്കുട്ടിക്കു നേരെ തിരിഞ്ഞു പറഞ്ഞു "നീ ഇവന്‍റെ പച്ചപ്പ്‌ കണ്ടു ഞെളിയണ്ടാട്ടോടീ മറ്റെവളെ, നിന്‍റെ കഥയൊക്കെ ഈ നാട്ടില്‍ എല്ലാരും അറിഞ്ഞ്. നിന്നെ അങ്ങനെ സമാധാനമായി ജീവിക്കാന്‍ ഞങ്ങ വിടില്ലടീ, ങ്ങാ"

"ഇനി നീ ഈ ഊച്ചാളീടെ കടെ കേറുവോടാ" മകന്‍റെ കരണം നോക്കി ഒരടി കൊടുത്ത്, അവനെ പിടിച്ചു വലിച്ചു കൊണ്ട് ശ്രീധരന്‍ പുറത്തേക്കിറങ്ങിപ്പോയി.

* * * * * * *

ഇരുപതു മിനിട്ടിനകം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമെന്ന അറിയിപ്പ് വിമാനത്തിനകത്ത് മുഴങ്ങി.

സിറാജ് വിന്‍ഡോ ഗ്ലാസ്സിലൂടെ താഴേക്ക്‌ നോക്കി. കണ്ണെത്താദൂരാത്തോളം പരന്നു കിടക്കുന്ന നീലക്കടലിന് അതിര്‍വരമ്പുതീര്‍ത്തുകൊണ്ട് മരുഭൂമിയുടെ സ്വര്‍ണ്ണനിറം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.

ആദ്യം, കൈപ്പത്തിയിലെ രേഖകള്‍ പോലെ തെളിഞ്ഞു തുടങ്ങിയ മണ്‍പാതകള്‍.

നിലം പറ്റിക്കിടക്കുന്ന മണ്‍കുടിലുകളില്‍ തുടങ്ങി മെല്ലെ മെല്ലെ അംബരചുംബികളിലേക്ക് ഉയര്‍ന്നു പൊങ്ങുന്ന ദുബായ് മഹാനഗരം !

തലയ്ക്കുമുകളിലെ ലഗേജ് ചേംബര്‍ തുറക്കാന്‍ ഒരുങ്ങിയ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനെ, 'വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം മാത്രം' എന്ന്, കാര്‍ക്കശ്യം ചുണ്ടുകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ച ഒരു കൃത്രിമപുഞ്ചിരിയോടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു എയര്‍ഹോസ്റ്റസ് ധൃതിയില്‍ കടന്നുപോയി.

കൈകള്‍ കൂട്ടിത്തിരുമ്മി , നോട്ടങ്ങളില്‍ പരിഭ്രമം നിറച്ച് ആ ചെറുപ്പക്കാരന്‍ ഇരുപ്പുറക്കാത്തവണ്ണം സീറ്റില്‍ ഇരുന്നു.

ഗള്‍ഫിലേക്കുള്ള കന്നിവരവായിരിക്കണം - വെപ്രാളവും, വീര്‍പ്പുമുട്ടലും , വിമ്മിഷ്ടവുമൊക്കെ അടങ്ങി പക്വതയുള്ള ഒരു പ്രവാസിയായി മാറാന്‍ അയാള്‍ക്കുമുന്നിലൊരു തിരിച്ചു വരവിന്‍റെ ദൂരമേയുള്ളൂ.

ഒരിക്കലും വേണ്ടെന്നുറപ്പിക്കുന്നത് പോലും, അത്യന്തം ഒഴിച്ച് കൂടാത്തതാണെന്ന തോന്നല്‍ നമ്മില്‍ ജനിപ്പിച്ച്, വാങ്ങാന്‍ നിര്‍ബന്ധിതനാക്കുന്ന കൌശലക്കാരനായ ഒരു സെയില്‍സ് എക്സിക്യൂട്ടീവാണ് ജീവിതം. അല്ലെങ്കില്‍ ഇനിയൊരു മടങ്ങിവരവില്ലെന്നു ഉറപ്പിച്ച ഈ മരുഭൂമിയിലേക്ക് വീണ്ടും !

നാട്ടില്‍ പച്ചപിടിച്ചു വരികയായിരുന്ന ബിസിനസ് തകരാന്‍ തികച്ചും അപ്രതീക്ഷിതമായ കാരണങ്ങള്‍ - അതും ശ്രീക്കുട്ടി ഒരിക്കല്‍ പറഞ്ഞതുപോലെ "വളരെ നിസ്സാരമായി അവളെ ഒഴിവാക്കാമായിരുന്ന കാരണങ്ങള്‍"

പക്ഷെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ താനും ഒരു തികഞ്ഞ സ്വാര്‍ത്ഥനായിപ്പോകുമായിരുന്നു. അറിയാതെയെങ്കിലും ചുറ്റും വളഞ്ഞു നിന്ന് കോക്കിരി കാണിക്കുന്നവരില്‍ ഒരാളായിത്തീര്‍ന്നെനെ താനും.

ശ്രീധരന്‍റെ മകന്‍ അവന്‍റെയേതോ, തല്ലിപ്പൊളി കൂട്ടുകാരുമായി വന്നു ഇന്‍റെര്‍നെറ്റ് കഫെ അടിച്ചു തകര്‍ക്കും വരെ.

പകരം വീട്ടാന്‍ താന്‍ വീടുകയറി അവനെ മര്‍ദ്ദിച്ഛവശനാക്കും വരെ.

സുഹറ വാപ്പയെ വിളിച്ചു വരുത്തി അവളുടെ വീട്ടിലേക്കു പോകും വരെ.

വാപ്പ "എന്‍റെ കടമുറീല് ഇമ്മാതിരി അഴിഞ്ഞാടാനൊന്നും സമ്മതിക്കില്ലെന്ന്" പറഞ്ഞു കടയോഴിപ്പിക്കും വരെ - ജീവിതം പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞത്‌ തന്നെയായിരുന്നു.

തന്‍റെ പ്രഭാതങ്ങളും, കണികണ്ടുണരുന്ന സൂര്യന്‍റെ പ്രതീക്ഷ പകരുന്ന പൊന്‍കിരണങ്ങളില്‍ മുങ്ങിക്കുളിച്ചത് തന്നെയായിരുന്നു.

തന്‍റെ മധ്യാഹ്നങ്ങളും ആലസ്യത്തോടെ കിടക്കയില്‍ അവളെ കെട്ടിപ്പിടിച്ചു കിടക്കാനുള്ളതായിരുന്നു.

തന്‍റെ രാത്രികളും നിലാവിന്‍റെ പൂമെത്തയില്‍ അവളില്‍ നിന്നോഴുകിവരുന്ന മുല്ലപ്പൂവിന്‍റെ ഉന്മാദഗന്ധത്തില്‍ ഉന്മത്തനായി രാവിന്‍ സംഗീതം നുകരാനുള്ളതായിരുന്നു.

തകര്‍ന്നു തുടങ്ങിയ പ്രതീക്ഷകളുടെ ഭാരം പേറാന്‍ അറച്ചു തുടങ്ങിപ്പോയ നിമിഷത്തില്‍ സ്വന്തം മനസ്സ് തന്നെ തന്നോട് പലപ്രാവശ്യം മന്ത്രിച്ചു തുടങ്ങിയ വാക്കുകളാണ് റഫീക്കിന്‍റെ ശബ്ദത്തില്‍ കാതില്‍ മുഴങ്ങിയത് - "ഇതൊക്കെ ഒന്നാറിത്തണുക്കും വരെ , ഒരോന്നു രണ്ടു വര്‍ഷം, ഗള്‍ഫിലേക്ക് തന്നെ മടങ്ങിപ്പോയ്ക്കൂടെ നിനക്ക് ?"

അവനോടയാള്‍ പറഞ്ഞു - "നീയാണ് ശരി റഫീക്ക്, പക്ഷെ രണ്ടു കൊല്ലത്തേക്കല്ല , ജോലി ചെയ്യാന്‍ ശരീരവും മനസ്സും സമ്മതിക്കും വരെ, കൃത്യമായ ഇടവേളകളില്‍ അവധിയാഘോഷിച്ചു മടങ്ങുന്ന ഒരു പ്രവാസി ടൂറിസ്റ്റിന്‍റെ വേഷമേ എനിക്ക് ചേരൂ."

തെല്ലു മടിയോടെയാണ് തന്‍റെ പ്രിയപ്പെട്ട പഴയ അര്‍ബാബിനെ വിളിച്ചത്. എന്നാല്‍ അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍ തന്നെ സിരാജിന്‍റെ കണ്ണിലൂടെ ആനന്ദമായി കവിളിണകളിലൂടെ ഒഴുകിയിറങ്ങി - "ദൈവത്തിനു സ്തുതി, നീ തിരിച്ചു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു"

അങ്ങനെ വീണ്ടും ദുബായിയിലേക്ക് !

പോരുന്നതിനു ഒരാഴ്ച മുന്നേ സുഹറയുടെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു.

വിളിച്ചപ്പോള്‍ അവള്‍ സസന്തോഷം തന്‍റെ കൂടെ വീട്ടിലേക്കു വരാന്‍ തയ്യാറായി. മുറിവുകളില്‍ വീണ ഉപ്പുനീരിന്‍റെ നീറ്റല്‍ കഴുകിക്കളയാനെന്നോണം, അന്നോരുരാത്രി അയാള്‍ ആ വീട്ടില്‍ തങ്ങി - വവാഹദിനത്തില്‍, ആദ്യരാത്രിക്ക് ശേഷം ആദ്യമായി.

സിറാജ് ദുബായിയില്‍ തിരിച്ചെത്തിയിട്ട്‌ ആറുമാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

സുഹറ ആറുമാസം ഗര്‍ഭിണിയാണ്.

നാലുമാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ താനുമൊരു ബാപ്പയാകും. അവളും അവളുടെയും, തന്‍റെയും വീട്ടുകാരും തന്നോടൊപ്പം ഒരുപാട് സന്തോഷിക്കുന്നുണ്ട്.

വിശേഷം അറിയിക്കാന്‍ ഫോണ്‍ ചെയ്തപ്പോള്‍ സുഹറ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സിറാജിനു ചിരി വരും - "എത്ര നാളായി ഞാന്‍ പറയുന്നു, എന്‍റെ വീട്ടില്‍ ഒരുരാത്രിയെങ്കിലും നില്‍ക്കാന്‍, ഇപ്പൊ കണ്ടില്ലേ, നിന്നതിന്‍റെ ഗുണം ?"

റഫീക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കച്ചവടം നിര്‍ത്തി. അല്‍പ്പം വിപുലമായി മുഴുവന്‍ സമയം ബിസിനസ് തന്നെയാണ്. ഇടക്ക്, കൈയില്‍ നില്‍ക്കാത്ത വലിയ കേസുകള്‍ ഒത്തുവരുമ്പോള്‍ "കൊറച്ചു ഫണ്ട് വേണോല്ലാടാ സിറാജേ" എന്നും പറഞ്ഞൊരു വിളിയുണ്ട്. ഓരോ ഇടപാടിലും ഒരു നിശ്ചിത ലാഭവിഹിതം സിരാജിന്‍റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നുമുണ്ട് - എത്രതവണ സിറാജ് വിലക്കിയതാണ്, അപ്പോഴൊക്കെ അവന്‍ പറയും - "നീ കൂടെ കൂടിയപ്പോഴാ എന്‍റെ സമയം തെളിഞ്ഞത് മോനെ, ഇനി നിന്നെ ഒഴിവാക്കി ഒരു പരീക്ഷണത്തിന് ഞാനില്ല"

അപ്പോഴൊക്കെ ആ വാക്കുകളിലെ, ഇല്ലാത്ത ഭാഗ്യത്തിന്‍റെ മൂടുപടമണിഞ്ഞ , അവന്‍റെയുള്ളിലെ സ്നേഹത്തിന്‍റെയും, കടപ്പാടിന്‍റെയും, ഊഷമളത അയാളുടെ ഹൃദയത്തെ ആര്‍ദ്രമാക്കാറുമുണ്ട്.

ദുബായിയില്‍ എത്തിയ മാസം മുതല്‍ തന്നെ, ആ കുടുംബത്തിന് കഴിഞ്ഞു കൂടാനുള്ള ഒരു തുക, ആരുമറിയാതെ എല്ലാ മാസവും അയാള്‍ ശ്രീക്കുട്ടിക്ക്‌ അയച്ചു കൊടുക്കുന്നുണ്ടായിരുന്നു.

സിറാജിനെ ആലോചനകകളില്‍ നിന്നുണര്‍ത്തിക്കൊണ്ട് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. പരിചയമില്ലാത്ത ദുബായ് നമ്പര്‍ - അയാള്‍ ഫോണെടുത്ത് 'ഹലോ' പറഞ്ഞു.

"ഇക്കാ, ഞാനാണ് - ശ്രീക്കുട്ടി"

"ആഹ, നീയെവിടുന്നാ ?"

"ഇന്നലെ രാവിലെ ഇവിടെയെത്തി ഇക്കാ. യാത്രയൊക്കെ സുഖമായിരുന്നു. എയര്‍പോര്‍ട്ടില്‍ ഇക്കാടെ സ്പോണ്‍സര്‍ വന്നിട്ടുണ്ടായിരുന്നു. ഇക്ക പറഞ്ഞപോലെ അദ്ദേഹത്തിന്‍റെ വയസ്സായ ഉമ്മയെ നോക്കുക മാത്രമേ ഉള്ളൂ എനിക്ക് ജോലി. എല്ലാവരും വളരെ നല്ല ആളുകള്‍, സ്നേഹമുള്ളവര്‍. ഇന്ന് രാവിലെ അര്‍ബാബ് എനിക്കൊരു പുതിയ സിംകാര്‍ഡും വാങ്ങിക്കൊണ്ടു വന്നു തന്നു - ഇതാണ് ഇക്കാ എന്‍റെ നമ്പര്‍"

"ദൈവത്തിനു സ്തുതി" സിറാജ് പറഞ്ഞു.

"ഇക്ക"

"എന്താണ് ശ്രീ"

"ഇക്ക, ഇതിനൊക്കെ നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല, നിങ്ങളെ കണ്ടു മുട്ടിയിരുന്നില്ലെങ്കില്‍..." കടന്നുവന്ന ഗദ്ഗദത്താലോ എന്തോ, അവള്‍ പൂരിപ്പിച്ചില്ല.

"നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക - ആകാശത്തിലുള്ളവന്‍ നിന്നോടും കരുണ കാണിക്കും"

മറുപടിയായി സിറാജ് ആ വേദവാക്യം എടുത്തുദ്ധരിക്കുക മാത്രമേ ചെയ്തുള്ളൂ.

നിശബ്ദത അവര്‍ക്കിടയില്‍ ഒരുനിമിഷം ദൈര്‍ഘ്യമുള്ള പാലം തീര്‍ത്തപ്പോള്‍ അവള്‍ പറഞ്ഞു " എന്നാല്‍ ഞാന്‍ വക്കട്ടെ ഇക്കാ, ഇടക്ക് സമയം കിട്ടുമ്പോള്‍ വിളിക്കാം ഞാന്‍"

"ശ്രീ, ഒരുനിമിഷം" സിറാജ് അവളെ തടഞ്ഞു.

"പറയൂ ഇക്ക"

ആ വീട്ടിലുള്ളവര്‍ യഥാര്‍ത്ഥ ദൈവഭയമുള്ളവരും മനസ്സില്‍ നന്മയും,കാരുണ്യവും കാത്തുസൂക്ഷിക്കുന്നവരുമാണ്. പക്ഷെ അതിനു പുറത്തേക്കും ഒരു ലോകമുണ്ടെന്ന കാര്യം നീ വിസ്മരിക്കരുത്. അവിടെ നിന്‍റെയും എന്‍റെയും നാട്ടുകാരെ നീ കണ്ടുമുട്ടിയെക്കാം. അതുകൊണ്ട് സൂക്ഷിക്കണം"

"അറിയാം ഇക്ക, അതുകൊണ്ടാണ് നാട്ടില്‍ നിന്ന് വരുമ്പോഴേ മുഖപടമുള്ള രണ്ടു പര്‍ദ്ദകള്‍ ഞാന്‍ വാങ്ങിക്കൊണ്ടുവന്നത്. ലോകത്തിന്‍റെ കണ്ണുകളെ മൊത്തം നേരെയാക്കുന്നതിലും എളുപ്പമാണ് നമ്മുടെ മുഖം മറക്കാനെന്നു ഞാന്‍ എപ്പോഴേ തിരിച്ചറിഞ്ഞു"

അവള്‍ ഫോണ്‍ വച്ചു - നാളുകള്‍ക്കു ശേഷം സിറാജ് മനസ്സുതുറന്നൊന്നു ചിരിച്ചു.

(അവസാനിച്ചു)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top