Monday, April 14, 2014

കഥ : ദീപനാളങ്ങള്‍ ഈയാംപാറ്റകളോട് ചെയ്യുന്നത് ! (2)

കാര്‍ മറൈന്‍ ഡ്രൈവില്‍ എത്തുമ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നത് പോലെ പഴയ പത്മ ബസ് സ്റ്റോപ്പില്‍, ചുണ്ടിലെരിയുന്ന സിഗരറ്റുമായി റഫീക്ക് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

അയാളെ കണ്ടപ്പോള്‍ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴെയിട്ടു ചവിട്ടിക്കെടുത്തി ഒരു പുഞ്ചിരിയോടെ അവന്‍ വന്നു കാറിന്‍റെ ഡോര്‍ തുറന്നു മുന്‍സീറ്റില്‍ കയറിയിരുന്നു.

"ഒരുപാട് നേരായോടാ കാത്തുനിക്കണേ ?" സിറാജ് ചോദിച്ചു.

"ഇല്ലെടാ, ഇന്നിച്ചിരി വൈകി വിറ്റ് തീരാന്‍, ഇപ്പൊ വന്നേയുള്ളൂ"

"തോപ്പുംപടി ജംഗ്ഷനില്‍ തന്നേല്ലേ ഈ പറഞ്ഞ വീട് ?"

"ജംഗ്ഷനീന്നൊരു ഒന്നൊന്നര കിലോമീറ്റര്‍ ഉള്ളിലേക്ക് പോണോന്നാ ഖാലിദ്ക്ക പറഞ്ഞെ, മൂപ്പര് തോപ്പും പടീല് കാത്ത് നിക്കും"

കാര്‍ ഏറണാകുളത്തേ പകല്‍ ട്രാഫിക്കിനെ വകഞ്ഞു മാറ്റി മെല്ലെ ഓടിത്തുടങ്ങി.

അവധി കഴിഞ്ഞു തിരികെ പോകാമെന്നുള്ള കണക്കുകൂട്ടലിലാണ് സിറാജ് നാലുമാസങ്ങള്‍ക്ക് മുന്‍പ്, വര്‍ഷാവര്‍ഷം പതിവുള്ള ഒരുമാസത്തേ ലീവില്‍ നാട്ടില്‍ വന്നത്. ലീവ് തീരാറായപ്പോള്‍ പതിവില്ലാതെ ഒരു മടി - ഒരുമാസം കൂടി ലീവ് നീട്ടി. സുഹറയുടെ നിര്‍ബന്ധമായിരുന്നു അതിനൊരു പ്രധാനകാരണം.

"അഞ്ചെട്ടു കൊല്ലമായില്ലേ ഗള്‍ഫില്‍ പോയി കെടക്കണ്, എന്നിട്ടെന്തൂട്ടാ ഒള്ളെ കയ്യില് ?" അല്ലെങ്കിലും വിവാഹം കഴിഞ്ഞതിനു പിറ്റേന്ന് മുതല്‍ മറുപടി പറയാന്‍ പറ്റുന്ന വല്ല ചോദ്യവും അവള്‍ ചോദിച്ചിട്ടുണ്ടോ.

വിവാഹം കഴിഞ്ഞിട്ട് വര്‍ഷമഞ്ചു കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടാകാത്ത വിഷമം അവരെക്കാള്‍ കൂടുതല്‍ സുഹറയുടെ വീട്ടുകാര്‍ക്കാണ്. സുഹറ ഒറ്റ മോളാണ്, അവളുടെ വീട്ടുകാര്‍ പെരുമ്പാവൂരേ വലിയ കുടുംബക്കാര്‍ - ഇട്ടുമൂടാന്‍ സ്വത്തുണ്ട് - പക്ഷെ ഈ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യരാത്രിക്ക് ശേഷം ഒരുദിവസം പോലും സിറാജ് സുഹറയുടെ വീട്ടില്‍ ഒരു രാത്രി പോലും തങ്ങിയിട്ടില്ല.

അതിനു കാരണങ്ങള്‍ രണ്ടാണ് - പ്രധാനകാരണം അയാളുടെ ചമ്മല്‍, പിന്നെ അവളോടും വീട്ടുകാരോടും പറയുന്ന കാരണം - വാപ്പക്കിഷ്ടമല്ല.

ഒരു മാസത്തെ ലീവ് എക്സ്റ്റന്‍ഷന്‍ കൂടി കഴിയാറായപ്പോള്‍ സുഹറ പറഞ്ഞു - "ഇനീപ്പ ഗള്‍ഫിലേക്കൊന്നും പോകണ്ടിക്കാ, ഇവടെത്തന്നെ വല്ല പരിപാടീം നോക്ക്യാ പോരെ ?"

അയാള്‍ക്കും മടുത്തു തുടങ്ങിയിരുന്നു. എങ്കിലും അതയാള്‍ അത്ര പെട്ടെന്ന് അംഗീകരിക്കുമെന്ന് അവള്‍ പോലും കരുതിയിരുന്നില്ല.

സാധാരണ എന്ത് പറഞ്ഞാലും മനസ്സില്‍ അനുകൂല ചിന്താഗതിയാണെങ്കില്‍ കൂടി പ്രത്യക്ഷത്തില്‍ എതിര്‍ത്തു പറഞ്ഞിട്ടേ എന്തും സമ്മതിക്കാറുള്ളൂ - പുരുഷസഹജമായ അപകര്‍ഷതയെന്നോ മെയില്‍ ഷോവനിസ്മെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. എന്നാലിക്കുറി, അവളുടെ വായില്‍ നിന്ന് അങ്ങനെയൊരു വാക്കുകേള്‍ക്കാന്‍ വെമ്പി നിന്നത് പോലെയാണ് ഒറ്റയടിക്കയാള്‍, ഇനി ഗള്‍ഫിലെക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

തുടങ്ങേണ്ട ബിസിനസിനെക്കുറിച്ചു പലരോടും ആലോചിച്ചു, പലരുടെയും അഭിപ്രായം റിയല്‍എസ്റ്റേറ്റ് ആയിരുന്നു . പിന്നെയും ചെയ്തുകൊണ്ടിരിക്കുന്നവരും, ചെയ്ത് പൊളിഞ്ഞ്, ഒരാള്‍ കൂടി കുത്തുപാളയെടുക്കുന്നതു കാണാന്‍ മോഹിച്ചവരുമൊക്കെ പല പല ബിസിനസുകളും നിര്‍ദ്ദേശിച്ചു - അഭിപ്രായങ്ങള്‍ എല്ലാം അയാള്‍ക്കാദ്യം ഇഷ്ടപ്പെട്ടിരുന്നു - മുടക്കേണ്ട മൂലധനത്തെക്കുറിച്ചു കേള്‍ക്കും വരെ.

അങ്ങനെയാണ് ഒടുക്കം റഫീക്കിന്‍റെ കൂടെ കൂടാന്‍ തീരുമാനിച്ചത്.

സിറാജിന്‍റെ ബാല്യകാലസുഹൃത്താണ് റഫീക്ക്.

അവന് മാര്‍ക്കറ്റില്‍ കായക്കച്ചവടമാണ്. അവന്‍റെ വാപ്പ, മരിച്ചു പോയ ബീരാക്കുട്ടി കാക്കാക്കും അതുതന്നെയായിരുന്നു ജോലി.

റഫീക്കിനു സ്വന്തമായി കടയോന്നും ഇല്ല - മാര്‍ക്കറ്റിലൂടെ ഒഴുകുന്ന തോടിനു മുകളില്‍ സര്‍ക്കാര്‍ പണിതു കൊടുത്ത പാലമാണ് അവന്‍റെ കടയും ഷോറൂമും ഒക്കെ.

രാവിലെ വട്ടിപ്പലിശക്കാരന്‍ തമിഴന്‍റെ കയ്യില്‍ നിന്ന് ദിവസപ്പലിശക്കെടുക്കുന്ന ആയിരത്തി അഞ്ഞൂറ് - തിങ്കളാഴ്ച ആണെങ്കിലും കൂടുതല്‍ കച്ചവടം നടക്കുന്നതിനാല്‍ ചിലപ്പോള്‍ അത് രണ്ടായിരത്തി അഞ്ഞൂറ് വരെ പോകും - രൂപക്ക് മാര്‍ക്കറ്റിനകത്ത് തന്നെയുള്ള ഹോള്‍സെയില്‍ കടയില്‍ നിന്ന് പച്ച എത്തക്കാക്കുലകള്‍ വാങ്ങി പാലത്തിനു മുകളില്‍ വച്ച് കച്ചവടം ചെയ്യും.

വെളുപ്പിനെ പോയാല്‍ പത്തു മണിയാകുമ്പോഴേക്കും കുലകളെല്ലാം വിറ്റു തീര്‍ത്തു യാതൊരുമുതല്‍ മുടക്കുമില്ലാതെ അഞ്ഞൂറോളം രൂപ ഒന്നുമറിയാതെ അവന്‍ പോക്കറ്റിലാക്കിയിട്ടുണ്ടാകും.

അതിനു ശേഷമുള്ള പരിപാടിയാണ് പൊളിക്കാനിട്ടിരിക്കുന്ന പഴയ കെട്ടിടങ്ങള്‍ വാങ്ങി ആളെ നിര്‍ത്തി പൊളിപ്പിച്ച് അതിലെ മരം, കല്ല്‌ എന്നിവ വേര്‍തിരിച്ചു മറിച്ചു വില്‍ക്കല്‍.

പക്ഷെ മാര്‍ക്കറ്റിലെ എത്തക്കാക്കുല കച്ചവടം പോലെയല്ല ഇത്, കുറച്ചു മുതല്‍മുടക്കുള്ള ബിസിനസ്സാണ്.
വട്ടിപ്പലിശക്കെടുത്താല്‍ ഉദ്ദേശിച്ച സമയത്ത് വിറ്റ് പോയില്ലെങ്കില്‍ അണ്ഡകടാഹം വരെ കീറാന്‍ സാധ്യതയുണ്ട്, അങ്ങനെ ഒന്നുരണ്ടനുഭാവങ്ങള്‍ ഉണ്ടായപ്പോള്‍ തല്‍ക്കാലം നിര്‍ത്തി വച്ചിരുന്നതാണ്.
അപ്പോഴാണ്‌ "അത്യാവശ്യം മുടക്കാനുള്ള കാശൊക്കെ എന്‍റെലുണ്ടെടാ, നിനക്ക് സമ്മതമാണേല്‍ നമുക്ക് പാര്‍ട്ട്ണര്‍ ഷിപ്പില്‍ ഒരു കൈ നോക്കാം" എന്ന വാഗ്ദാനവുമായി സിറാജ് വന്നത്. മുന്‍അനുഭവങ്ങളുടെ വെളിച്ചത്തില്‍ മറ്റാരുമായും ഒരു കൂട്ടുകച്ചവടത്തിന് റഫീക്ക് തയ്യാറാകുമായിരുന്നില്ല, പക്ഷെ സിറാജിനെ എത്രയോ വര്‍ഷമായി അറിയാവുന്നതാണ്.

വീട്ടുകാര്‍ക്ക്, പ്രത്യേകിച്ച് സുഹറയുടെ വീട്ടുകാര്‍ക്ക് സിരാജിന്‍റെ ഈ ബിസിനസ്സില്‍ ഒന്നും തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ വാപ്പ വീട്ടില്‍ വന്നപ്പോള്‍ ഇക്കാര്യത്തിലുള്ള അവരുടെ ഇഷ്ടക്കേട് സിറാജിനെ അറിയിക്കാന്‍ പറഞ്ഞിട്ട് പോയെന്നു, വാപ്പ അവളെക്കാണാന്‍ വന്നു പോയ ദിവസം, സുഹറ അയാളോട് പറയുകയും ചെയ്തതാണ്, പക്ഷെ സിറാജിനു യാതൊരു കൂസലുമില്ലായിരുന്നു.

"അന്ത്രമാന്‍ ഹാജി പറേണ പോലെ നിന്‍റെ പെരെലെ ആളുകള് കേട്ടാ മതി. ഒറ്റ മോളെയാ കെട്ടിയിരിക്കണേന്നും വച്ച്, മൂപ്പര് പറേണ പോലെ ജീവിക്കാന്‍ എനിക്ക് പറ്റൂല" സുഹറയോട് അയാള്‍ തട്ടിക്കയറിയപ്പോള്‍ സുഹറ പറഞ്ഞു - "നിങ്ങ നിങ്ങടെ ഇഷ്ടം പോലെ എന്താന്നു വച്ചാ ചെയ്തോ - എന്‍റെ പോന്നോ, ഇനി ഇതും പറഞ്ഞ് എന്‍റെ മെക്കിട്ടു കേറാന്‍ വരണ്ട"

തോപ്പുംപടി പാലത്തിനപ്പുറം ഖാലിദ്ക്ക കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. റഫീഖിന്‍റെ വകയിലോരു ബന്ധുകൂടിയാണ്. തോപ്പുംപടിക്കാരനാണ്. മൂപ്പര്‍ വഴിയാണ് ഈ വീടിന്‍റെ കാര്യം റഫീക്ക് അറിഞ്ഞത്. മൂപ്പര്‍ക്ക് കൂടി എന്തേലും ചെറിയൊരു കമ്മീഷന്‍ കൊടുക്കണം.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോയി.

ശ്രീക്കുട്ടി പതിവ് പോലെ അവളുടെ പ്രസരിപ്പും ഉത്സാഹവുമൊക്കെ വീണ്ടെടുത്ത്‌ തുടങ്ങിയിരുന്നു. അന്ന് ശ്രീക്കുട്ടി വൈകിയേ വരൂ എന്ന് അറിയിച്ചിരുന്നതിനാല്‍ രാവിലെ കട തുറന്നത് സിറാജായിരുന്നു.

സമയം ഉച്ചക്ക് പതിനൊന്നര മണി ആയിട്ടുണ്ടായിരുന്നു, കഫെയില്‍ കസ്റ്റമേര്‍സ് ഒന്നും ഉണ്ടായിരുന്നില്ല.

"ഹലോ, ആളില്ലേ" ആരോ വിളിക്കുന്ന ശബ്ദം കേട്ട് ഒരു കാബിനിലെ സിസ്റ്റം നോക്കിക്കൊണ്ടിരുന്ന സിറാജ് കാബിന്‍ ഡോര്‍ അല്‍പ്പം തുറന്നു നോക്കി - ഏകദേശം ഒരു ഇരുപത്തഞ്ചു വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ല.

സിറാജ് എഴുന്നേറ്റ് കൌണ്ടറിലേക്ക് വന്ന്‍ രെജിസ്റ്റര്‍ എടുത്തു തുറന്നു മുന്നിലെക്കിട്ട് കൊടുത്തിട്ട് അയാളുടെ ഐഡി കാര്‍ഡ് ചോദിച്ചു. പേരും, ഫോണ്‍ നമ്പറും, അഡ്രസ്സും എഴുതിക്കഴിഞ്ഞപ്പോള്‍ സിറാജ് ഐഡികാര്‍ഡിന്‍റെ കോപ്പി എടുത്തു ഫയല്‍ ചെയ്തു - ചെറുപ്പക്കാരന്‍ ഒരു കാബിനിലേക്ക്‌ കയറി.

കഫെയില്‍ വരുന്നവരുടെ പേര്, അഡ്രസ്സ്, ടെലിഫോണ്‍ നമ്പര്‍ എന്നിവ എഴുതി സൂക്ഷിക്കണമെന്നത് സൈബര്‍സെല്ലിന്‍റെ കര്‍ശനനിര്‍ദ്ദേശമാണ്. കഫേ തുടങ്ങിയ കാലത്ത് സിറാജ് അത്ര കര്‍ശനമായി അത് ശ്രദ്ധിച്ചിരുന്നില്ല - ഒരിക്കല്‍ അതിന്‍റെ പേരില്‍ പുലിവാല് പിടിച്ചതാണ്.

ഒരുദിവസം കാക്കനാട് ഒരു പഴയ വീട് നോക്കാന്‍ പോയതായിരുന്നു - സമയം ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണി - മൊബൈലിലേക്ക് ശ്രീക്കുട്ടിയുടെ ഒരു മിസ്ഡ് കോള്‍ വന്നു.

തിരിച്ചു വിളിച്ചപ്പോള്‍ ഫോണെടുത്ത അവള്‍ ആകെ പരിഭ്രാന്തയായിരുന്നു.

"ഇക്ക കടയില്‍ പോലീസ് വന്നിട്ടോണ്ട്" അവള്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

"ഹലോ സിറാജല്ലേ ?" പിന്നെ ഫോണില്‍ കേട്ടത് ഒരു പുരുഷശബ്ദമായിരുന്നു.

"അതെ, ആരാണ് ?"

"ഞാന്‍ സൈബര്‍ സെല്‍ സിഐ രാമകൃഷ്ണന്‍. സിറാജ് അത്യാവശ്യമായി കഫെയിലേക്ക് വരണം"

"സാറെ ഞാന്‍ കാക്കനാട് നില്‍ക്കുകയാണല്ലോ, വരാന്‍ അല്‍പ്പം വൈകും"

"പറ്റില്ല, നിങ്ങള്‍ ഉടനെ വരുന്നോ അതോ ഞങ്ങള്‍ ഇവിടെയുള്ളതെല്ലാം പെറുക്കിക്കൊണ്ട് പോണോ? പിന്നെ തിരിച്ചു കിട്ടാന്‍ കുറെ കേറി ഇറങ്ങി നടക്കേണ്ടി വരും" ഭീഷണിയുടെ ശബ്ദം.

"എന്താ സാര്‍ പ്രശ്നം ?"

"പ്രശ്നമൊക്കെ ഇവിടെ വന്നിട്ട് പറയാം, അപ്പൊ വേഗം വരുമല്ലോ അല്ലെ ? സിഐ ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു.

"വരാം സാര്‍" ഫോണ്‍ കട്ട് ചെയ്തു.

അരമണിക്കൂറിനുള്ളില്‍ കടയില്‍ എത്തിയപ്പോള്‍ കടക്കുമുന്നില്‍ ഒരു പോലീസ് ജീപ്പ്.

കടക്കുള്ളില്‍ സിഐയും വേറെ യൂണിഫോമണിഞ്ഞ രണ്ടു പോലീസുകാരും.

" സൈബര്‍സെല്ലില്‍ ഒരു പരാതി കിട്ടിയിട്ടുണ്ട്, കഴിഞ്ഞ ബുധനാഴ്ച ഈ കഫേയിലെ ഒരു കമ്പ്യൂട്ടറില്‍ നിന്ന് തൃശൂരിലെ ഒരു പെണ്‍കുട്ടിക്ക് ആരോ ഒരു അശ്ലീലഫോട്ടോ അയച്ചെന്ന്. എവിടെ കസ്റ്റമര്‍ രെജിസ്റ്റര്‍ എടുക്കൂ"

സിഐ അത് പറഞ്ഞു സിറാജ് രെജിസ്റ്റര്‍ തപ്പുമ്പോഴേക്കും കൂടെയുള്ള രണ്ടു പോലീസുകാര്‍ ഓരോ കാബിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

ഏതാണ്ട് പത്തുമിനിട്ടിനുള്ളില്‍ മെസ്സേജ് അയച്ച പിസി അവര്‍ തിരിച്ചറിഞ്ഞു.

"സിറാജെ, തല്‍ക്കാലം ഈ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ് ഡിസ്ക് ഞങ്ങള്‍ കൊണ്ട് പോകുകയാണ്." സിഐ പറഞ്ഞു.

രെജിസ്റ്ററില്‍ കണ്ട അനില്‍കുമാര്‍, നെട്ടൂര്‍ എന്ന പേരില്‍ നെറ്റ് ഉപയോഗിച്ച ആള്‍ എഴുതി വച്ചിരുന്ന മൊബൈല്‍ നമ്പറിലേക്ക് സിഐ വിളിച്ചു. കോള്‍ കണക്റ്റ് ആയി - പക്ഷെ അത് കാസര്‍ഗോഡ്‌ ഉള്ള ഒരു അയ്യോ പാവം പട്ടരുടെ നമ്പറായിരുന്നു - "പോലീസ്, സൈബര്‍ സെല്‍" എന്നൊക്കെ കേട്ടപ്പോള്‍ സ്വാമി അയ്യോ പത്തോ കൂട്ടി നിലവിളിക്കാന്‍ തുടങ്ങിയത്രേ !

"ഇയാള്‍ടെ ഐഡി കാര്‍ഡിന്‍റെ കോപ്പി എവിടെ ?" സിഐ ചോദിച്ചു.

"അത്...ഇല്ല സാര്‍" സിറാജ് തലചൊറിഞ്ഞു.

"ഇല്ലേ ? ബ്രൌസ് ചെയ്യാന്‍ വരുന്നവരുടെ ഐഡി കാര്‍ഡ് കോപ്പി എടുത്തുസൂക്ഷിക്കണം എന്ന് നിര്‍ബന്ധമാണെന്നറിയില്ലേ ?" സിഐ പോലീസ് ഭാഷ ഉപയോഗിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ശ്രീക്കുട്ടി ഒരു മൂലക്ക് മാറി ഭയന്ന് വിറച്ചു നില്‍ക്കുകയാണ്. അന്നേ ദിവസം സിറാജിക്ക ആയിരുന്നില്ല, താനായിരുന്നു കടയില്‍ എന്ന് അവള്‍ മനസ്സില്‍ ഓര്‍ത്തു - പക്ഷെ ഇക്ക തന്നെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം കുറ്റം ഏറ്റെടുക്കുകയാണ്, അവള്‍ക്ക് ശരിക്കും സങ്കടം വന്നു - കണ്ണുകള്‍ നിറഞ്ഞൊഴുകി.

"രെജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താത്തതിനും, ഐഡി കാര്‍ഡിന്‍റെ കോപ്പിയെടുത്ത് സൂക്ഷിക്കാത്തതിനും നിങ്ങള്‍ക്കെതിരെ കേസേടുക്കേണ്ടി വരും" സിഐ ഭീഷണിപ്പെടുത്തിയപ്പോള്‍ പെട്ടെന്ന് സിറാജ് ബാവുക്കുട്ടി എളാപ്പാനെ ഓര്‍ത്തു. സുഹറയുടെ ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് സികെ. ബാവുക്കുട്ടി, ഭരണകക്ഷിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

സിഐയോട് ഒരുമിനിറ്റെന്നു പറഞ്ഞു പുറത്തിറങ്ങി എളാപ്പയെ വിളിച്ചു. കാര്യങ്ങളെല്ലാം കേട്ട്കഴിഞ്ഞപ്പോള്‍ എളാപ്പ സിഐയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.

"ശരി സാര്‍, അതിനെന്താ സാര്‍, ഒരു പ്രശ്നോം ഇല്ല സാര്‍, എനിക്കറിയണ്ടേ സാര്‍, ഓക്കേ സാര്‍" എന്നൊക്കെ പറഞ്ഞു സിഐ ഒരു വളിച്ച ചിരിയോടെ ഫോണ്‍ തിരികെ തന്നു.

എളാപ്പ ഫോണില്‍ സിറാജിനോട് പറഞ്ഞു - "ആ എടാ, പ്രശ്നം ഒന്നുമില്ല. തൃശൂരെ ഒരു വെല്യെ ജുവല്ലറി മുതലാളിടെ മോള്‍ക്കാ ആരാണ്ടും മെസ്സേജ് അയച്ചേ - കോളേജില്‍ അവള്‍ടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നവന്‍ ആണോന്ന് അറിയാന്‍ വേണ്ടിയാ അവര് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തെ. എന്തായാലും നിനക്ക് പ്രശ്നം ഒന്നുമുണ്ടാകാത്ത വിധത്തില്‍ ഞാന്‍ സിഐയോട് സംസാരിച്ചിട്ടുണ്ട്"

"എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ സിറാജെ. ഇനിയെങ്കിലും വരുന്നവരുടെ ശരിയായ പേരും, നമ്പറും, പിന്നെ ഐഡിയുടെ കോപ്പിയും നിര്‍ബന്ധമായും എടുത്തു വെക്കാന്‍ മറക്കല്ലേ. തല്‍ക്കാലം ഞങ്ങള്‍ ഒന്നും കൊണ്ട് പോകുന്നില്ല, എന്തേലും ആവശ്യം വന്നാല്‍ അറിയിക്കാം."

സിരാജിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങി സിഐയും സംഘവും പോയി. ഈ സംഭവം സിറാജ് സുഹറയോടു പോലും പറഞ്ഞില്ല. ഭാഗ്യത്തിന് ഉച്ചസമയം ആയിരുന്നതിനാല്‍ നാട്ടിലെ പരദൂഷണക്കമ്മറ്റിക്കാരാരും അറിഞ്ഞില്ല.

"കടെടെ മുന്നില്‍ പോലീസുവണ്ടി കെടക്കണ കണ്ടല്ലോ സിറാജെ" എന്ന് ചോദിച്ചവരോട് അയാള്‍ "അത് എല്ലാ കഫേലും മാസാമാസം ചെക്കിംഗിനു വരണതാ" എന്ന് മറുപടി പറഞ്ഞു. ഇല്ലെങ്കില്‍ തീര്‍ച്ചയായും വാപ്പയുടെ ചെവിയില്‍ വാര്‍ത്ത എത്തുമായിരുന്നു.

"അങ്ങനെ കുടുമ്മത്ത് പോലീസും കയറി, അതിന്‍റെ ഒരു കൊറവ് മാത്രേ ഉണ്ടാരുന്നുള്ളൂ. അന്നേ പറഞ്ഞതാ വേണ്ടാത്ത പണിക്കൊന്നും നിക്കണ്ടാന്ന്‍, നമ്മക്ക് പറ്റീതല്ലിപ്പണീന്ന്" എന്നൊക്കെ കേള്‍ക്കേണ്ടി വന്നേനെ.

പക്ഷെ അടുത്ത തവണ വീട്ടില്‍ പോയപ്പോള്‍ എളീമ പറഞ്ഞ് സുഹറ ഇക്കാര്യം അറിഞ്ഞു. അവളെ തിരികെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ കാറില്‍ കയറി ഇരുന്ന ഉടനെ അക്കാര്യം ചോദിച്ചവള്‍ അയാളോട് ചൊടിച്ചു തുടങ്ങി.

"അപ്പൊ കാര്യം കാണാന്‍ എന്‍റെ ബന്ധുക്കള്‍ നല്ലതാല്ലേ ?"

അയാള്‍ നേരിട്ട് മറുപടി പറയാതെ എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞു നിസ്സാരമട്ടില്‍ ചിരിച്ചു കളഞ്ഞു.

വീടെത്തും വരെ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു - "അവളുടെ സംസാരം കേള്‍ക്കാതിരിക്കാനല്ലേ കാറില് ഉച്ചത്തില്‍ പാട്ട് വച്ചതെന്നോ മറ്റോ"

ചെറുപ്പക്കാരന്‍ കാബിനില്‍ നിന്നിറങ്ങി പണം നല്കിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീക്കുട്ടി ഡോര്‍ തുറന്ന് കടയിലേക്ക് കയറിവന്നത്. കടയിലാ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ അവളുടെ മുഖം ചോരമയം നഷ്ടപ്പെട്ട് വെളുവെളാ വിളറുന്നത് സിറാജ് ശ്രദ്ധിച്ചു. അവളെ കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് ഒരു സംശയം നിറഞ്ഞ അമ്പരപ്പ് നിറയുന്നതും.

"ചേട്ടാ, ഒരു മിനിറ്റൊന്നു വെളിയിലേക്ക് വരാമോ?" സിറാജ് ബാക്കി കൊടുത്തത് പോക്കറ്റിലെക്കിട്ടു പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ ചെറുപ്പക്കാരന്‍ ചോദിച്ചു. ശ്രീക്കുട്ടി കണ്ണുകളില്‍ ഭയം നിറച്ചയാളെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

സിറാജ് പുറത്തേക്കിറങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ ചോദിച്ചു - "ഈ കക്ഷി ആരാണെന്നറിയാമോ ?"

"ഏതു കക്ഷി - ഇപ്പൊ വന്ന പെണ്‍കുട്ടിയോ - അത് ശ്രീക്കുട്ടിയല്ലേ, ഇവിടത്തെ സ്റ്റാഫാണ്"

ചെറുപ്പക്കാരന്‍റെ ചുണ്ടുകള്‍ പുച്ഛത്താല്‍ കോടുന്നത് സിറാജ് കണ്ടു.

"അവളപ്പോള്‍ പേര് മാറ്റിപ്പറഞ്ഞല്ലേ. അവള്‍ ശ്രീക്കുട്ടിയും മണ്ണാങ്കട്ടയുമോന്നുമല്ല, അവള്‍ മായയാണ് - മായ"

"മായയോ?"

"കഴിഞ്ഞ തവണ ഇവിടെ വന്നപ്പോഴും ഞാനിവളെ ഇവിടെ കണ്ടതാ, പക്ഷെ അന്ന് എന്നെക്കണ്ടപ്പോള്‍ ഇവള്‍ എവിടെക്കോ പോയിക്കളഞ്ഞു - പിന്നെ ഞാന്‍ പോകും വരെ വന്നില്ല. അന്നേയെനിക്ക് സംശയം തോന്നിയതാ"

ഒന്ന് നിറുത്തി ചെറുപ്പക്കാരന്‍ തുടര്‍ന്നു - "ചേട്ടന്‍ പീരുമേട് പീഡനക്കേസെന്ന് കേട്ടിട്ടുണ്ടോ - അതില്‍പ്പറയുന്ന പെണ്‍കുട്ടി ഇവളാണ് - മഹാപെഴയാണ് സാറേ, കടയിലൊന്നും നിര്‍ത്താന്‍ കൊള്ളത്തില്ല" ഇടക്ക് ഗ്ലാസ്സിനകത്തൂടെ കടക്കകത്തേക്ക്, ശ്രീക്കുട്ടിക്കുനേരെ പാളി നോക്കി ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി.

"എന്തൊക്കെയാ നിങ്ങളീ പറയുന്നേ, വെറുതെ ഒരാളെ, അതും പ്രായപൂര്‍ത്തിയായ ഒരു പാവം പെണ്‍കുട്ടിയെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കല്ലെട്ടോ." സിറാജിന്‍റെ ശബ്ദത്തില്‍ നേര്‍ത്ത വിറയലുണ്ടായിരുന്നു.

"എന്‍റെ പോന്നു ചേട്ടാ, അപവാദമോന്നുമല്ല, ഞാന്‍ പറഞ്ഞത് നൂറുശതമാനം സത്യമാണ്, ഇല്ലെങ്കില്‍ ചേട്ടന്‍ തന്നെ അവളോട്‌ നേരിട്ട് ചോദിച്ചു നോക്ക്. അവള്‍ടെ പേര് മായയെന്നല്ലേന്ന്‍. അവള്‍ടെ വീട് പീരുമേട്ടിലല്ലായിരുന്നോന്ന്‍"

"ഇതൊക്കെ നിങ്ങള്‍ക്കെങ്ങനെയറിയാം ?"

"എന്‍റെ വീട് പീരുമെട്ടിലാണ്. ഞാന്‍ കഴിഞ്ഞ ഒരുമാസമായിട്ടു ഇവിടെ അടുത്തുള്ള പ്രീമിയര്‍ പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി ചെയ്യുന്നത്."

സിറാജ് ഒന്നും മിണ്ടിയില്ല. പ്രീമിയര്‍ പ്ലാസ്റിക് കമ്പനി അയാള്‍ക്കറിയാം - അയാളുടെ കൂടെ പഠിച്ച സക്കീര്‍ ഹുസൈന്‍ ആണ് അത് നടത്തുന്നത്. ചെറുപ്പക്കാരന്‍ പറഞ്ഞതു നേരായിരിക്കാം, എന്നാലും !

ചെറുപ്പക്കാരന്‍ യാത്ര പറഞ്ഞു പോയി.

ആകെ ചിന്താക്കുഴപ്പത്തിലായ സിറാജ് കടക്കകത്തെക്ക് കയറുമ്പോള്‍ ഭയവിഹ്വലമായ നിറഞ്ഞുതുളുമ്പുന്ന രണ്ടു കണ്ണുകള്‍ കടക്കകത്ത് അയാളെത്തന്നെ ഉറ്റുനോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top