അയാള്‍ ബട്ടണമര്‍ത്താന്‍ തുനിഞ്ഞപ്പോഴേക്കും ലിഫ്റ്റ് താഴേക്ക് പോയിക്കഴിഞ്ഞിരുന്നു.
പഴയ ലിഫ്റ്റാണ് - താഴെ പോയി തിരികെയെത്താന്‍ നേരം കുറെയെടുക്കും.
'സ്റ്റെപ്പിറങ്ങി നടന്നു പോയാലോ - വേനല്‍ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു, കൂടാതെ കയ്യില്‍ ബലദിയ പെട്ടിയില്‍ ഇടാനുള്ള പൊതിയുമുണ്ട് - ഒരു മിനിറ്റ് വെയിറ്റ് ചെയ്തേക്കാം' - അയാളോര്‍ത്തു.
ലിഫ്റ്റ് രണ്ടാം നിലയില്‍ പോയി വീണ്ടും മുകളിലേക്ക് വന്നു.
തുറന്നപ്പോള്‍ അതിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ തനിച്ച്.
കണ്ണുകള്‍ മാത്രമേ പുറത്തു കാണുന്നുള്ളൂ - എങ്കിലും അയാളുടെ ഹൃദയമിടിപ്പ് ഒരുനിമിഷത്തേക്ക് നിശ്ചലമാക്കാന്‍ ആ കണ്ണുകള്‍ തന്നെ ധാരാളമായിരുന്നു.
ലിഫ്റ്റിന്‍റെ വാതിലുകള്‍ അടയാന്‍ തുടങ്ങുന്നു. പെട്ടെന്ന് എവിടന്നോ സംഭരിച്ച ധൈര്യത്തോടെ ഉറച്ച ശബ്ദത്തില്‍ അയാള്‍ ചോദിച്ചു - "മേ ഐ ?"
"യെസ്" മടിച്ചു മടിച്ച് തേന്മൊഴി.
അയാള്‍ അകത്തുകയറി, വാതിലടഞ്ഞു. ഗ്രൌണ്ട് ഫ്ലോറിലെക്കുള്ള ബട്ടണ്‍ നേരത്തെ അവള്‍ തന്നെ പ്രസ് ചെയ്തിരിക്കുന്നു.
"ആര്‍ യു ലിവിംഗ് ഇന്‍ സെക്കണ്ട് ഫ്ലോര്‍ ?" മടിച്ചു മടിച്ചയാള്‍ ചോദിച്ചു.
"യെസ്" വീണ്ടും തേന്മൊഴി.
"യുവര്‍ ഗുഡ് നെയിം പ്ലീസ്"
"സന"
"യു ആര്‍ ഫ്രം ഈജിപ്റ്റ് ?"
"യെസ്, ആന്‍ഡ് യു ആര്‍ ഫ്രം ഇന്ത്യ ?"
"യെസ്"
ലിഫ്റ്റ് താഴത്തെ നിലയിലെത്തിയ മണിനാദം കേട്ടു, വാതില്‍ തുറന്നു.
"നൈസ് ടു മീറ്റ് യു, ഹാവ് എ വണ്ടര്‍ഫുള്‍ ഡേ" മധുരമായി ചിരിച്ചു കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി. മറുപടിയായി അവളും ചിരിച്ചെന്നു കണ്ണുകളിലെ തിളക്കം തോന്നിപ്പിച്ചു.
"ഹാവൂ" കോഴിക്കോടുകാരി ഹഫ്സത് ദീര്‍ഘമായി നിശ്വസിച്ചു - "ടെന്‍ഷന്‍ അടിച്ചു മരിച്ചേനെ. പക്ഷെ മലയാളിയാണെങ്കിലും നല്ലയാളാണെന്ന് തോന്നുന്നു." അവള്‍ ലിഫ്റ്റില്‍ നിന്നിറങ്ങി നടന്നു.
മുന്നിലയാള്‍ നീണ്ട കാല്‍വെപ്പുകളോടെ നടന്നുപോകുന്നുണ്ടായിരുന്നു. "നല്ല സഹകരമുള്ള മിസ്രിപ്പെണ്ണ്‍ , ഇനീം ലിഫ്റ്റ് വഴിതെറ്റി വരാതിരിക്കില്ല" പ്രതീക്ഷ അയാളുടെ മുഖത്തൊരു നേര്‍ത്ത പുഞ്ചിരിയായി തെളിഞ്ഞു.








0 comments
Posts a comment