Thursday, October 17, 2013

രക്ഷകന്‍

"ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്യുന്നത് മനപൂര്‍വ്വമല്ലെന്നു ഭൂരിപക്ഷം ആണുങ്ങള്‍ക്കും നൂറുശതമാനം ആത്മാര്‍ഥതയോടെ പറയാന്‍ പറ്റില്ല.

പെണ്‍കുട്ടികള്‍ മിണ്ടാതെ നിന്നുകൊടുക്കുന്നത് കൊണ്ടാണ് ആണുങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് പലരും ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട് - പക്ഷെ പലപ്പോഴും പെണ്‍കുട്ടികള്‍ പ്രതികരിക്കാത്തത് അവരുടെ താല്‍പര്യം കൊണ്ടൊന്നുമല്ല - അവരുടെ നിസ്സഹായത ഒന്നുകൊണ്ടുമാത്രമാണ് ."

സമാനവിഷയത്തില്‍ ഒരു വനിതാസുഹൃത്തിട്ട പോസ്റ്റിന് അഭിപ്രായമായി ഇത് പറയുമ്പോള്‍ പെട്ടെന്നെന്‍റെ മനസ്സിലെക്കോടിയെത്തിയത്‌ ആ പെണ്‍കുട്ടിയുടെ ദയനീയത നിറഞ്ഞ നോട്ടമായിരുന്നു.

ചിലഓര്‍മ്മകള്‍ അങ്ങനെയാണ് - വര്‍ഷങ്ങള്‍ പിന്നിട്ടാലും തൊട്ടുമുന്‍പുള്ള നിമിഷം കഴിഞ്ഞു പോയതുപോലെ അവ മനസ്സിലങ്ങനെ തങ്ങി നില്‍ക്കും.

ഞാന്‍ കോളേജില്‍ പഠിക്കുന്ന 1992-95 കാലഘട്ടം.

രാവിലെ രണ്ടു ബസില്‍ കയറി വേണം കോളേജിലെത്താന്‍.

കുട്ടികള്‍ സ്കൂളിലേക്കും, കോളേജിലേക്കും, മുതിര്‍ന്നവര്‍ ജോലി സ്ഥലത്തേക്കുമൊക്കെ പോകുന്ന സമയമായതുകൊണ്ട് രാവിലെ എനിക്ക് പോകേണ്ട എല്ലാ ബസ്സില്‍ അസാധ്യതിരക്കായിരിക്കും.

ബസുകാര്‍ക്ക് പത്തുപൈസടിക്കറ്റുകാരായ ഞങ്ങളെ കാണുന്നത് ഗര്‍ഭിണി കഷായം കണ്ടപോലെ മനംപിരട്ടലുണ്ടാക്കുന്ന കാഴ്ചയാണ്. എന്നാല്‍ ഫുള്‍ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന തങ്ങള്‍ക്ക് ശല്യമാകുന്ന, പിന്നില്‍ എടുത്താല്‍ പൊങ്ങാത്ത ചുമടും താങ്ങി നടക്കുന്ന വാനരപ്പടയെ, മറ്റു യാത്രക്കാര്‍ക്കും ഇഷ്ടമല്ലെന്നത് തികച്ചും വിരോധാഭാസം തന്നെ - കാരണം അവരുടെ മക്കളും ഇതുപോലെ ഏതെങ്കിലുമൊക്കെ ബസില്‍ തൂങ്ങിപ്പിടിച്ചാവും പോക്കും വരവും (കാരണം ടാറ്റയും ബിര്‍ളയും പ്രവറ്റ് ബസ്സില്‍ ഇടികൊണ്ട്‌ യാത്ര ചെയ്യാറില്ലല്ലോ)

പ്രൈവറ്റ് ബസില്‍ മുന്‍ഭാഗത്ത്‌കൂടി സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നാണ് അലിഖിതനിയമമെങ്കിലും രാവിലത്തെ അസഹ്യമായ തിരിക്കില്‍ ആണുങ്ങളും മുന്‍വാതിലിലൂടെ കയറും.

ഇത് മുതലെടുക്കാന്‍ വേണ്ടി മാത്രം ആ സമയത്ത് ഇടികൊണ്ട്‌ ബസ്സില്‍ കയറുന്ന ചില വിരുതന്മാരുമുണ്ട്.

മനപൂര്‍വ്വം മുതലെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പോലും പലപ്പോഴും നിവൃത്തികേടുകൊണ്ട് സ്പര്‍ശനസുഖമാനുഭവിച്ചു യാത്ര ചെയ്യേണ്ട ഗതികേടും (?) ഉണ്ടാവാറുണ്ട്.

ഇത്തരമൊരു യാത്രയിലെ അനുഭവമാണ് ഞാന്‍ ഇവിടെ പറയുന്നത്.

അന്നൊരു തിങ്കളാഴ്ചയായിരുന്നു. എല്ലാ ബസ്സിലും പതിവില്‍ കൂടിയ തിരക്ക് - രണ്ടുമൂന്ന് ബസ്സുകള്‍ ഞങ്ങളുടെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുക കൂടി ചെയ്തതോടെ അടുത്തതായി വന്ന ബസ്സിന്‍റെ മുന്‍വാതിലിലൂടെ തന്നെ അകത്തുകയറാന്‍ ഞാനും നിര്‍ബന്ധിതനായി.

ബസിനുള്ളില്‍ നില്‍ക്കുന്നതിന് കുറച്ചപ്പുറത്തായി, ഒറ്റ നോട്ടത്തില്‍ കോളേജ് വിദ്യാര്‍ഥിനിയാണെന്ന് തോന്നിപ്പിക്കുന്ന അതിസുന്ദരിയായ ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു.

ആ സുന്ദരമായ മുഖം കണ്ടുകൊണ്ടിരിക്കുന്നത് ഏറെ നയനാനന്ദകരമായിരുന്നതിനാല്‍ ഇടയ്ക്കിടെ ഞാന്‍ അവള്‍ കാണാതെ അവളെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ആ കുട്ടിയുടെ മുഖഭാവത്തില്‍ എന്തോ ഒരു പന്തികേട് എനിക്കുതോന്നി - ദയനീയത മുറ്റി കരയാന്‍ പോകുന്ന മുഖഭാവം.

"എന്ത് പറ്റി" എന്ന ഭാവത്തില്‍ ഇക്കുറി ഞാനവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി.

എന്‍റെ ചോദ്യത്തിന് മറുപടിയെന്നോണം അവളൊന്നു പിന്തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും ആ ദയനീയമായ നോട്ടം നോക്കി.

അവളുടെ സൂചന എനിക്ക് മനസ്സിലായി , അവള്‍ക്കു തൊട്ടുപിന്നിലായി, അവളെ ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന മട്ടില്‍ ഒരു മദ്ധ്യവയസ്കനായ ഒരു ജാക്കിച്ചാന്‍ ചേര്‍ന്നോട്ടി നില്‍ക്കുന്നു. അയാളുടെ ദൃഷ്ടികള്‍ എതിര്‍ദിശയിലെക്കാണെങ്കിലും, ഇടയ്ക്കിടെ ഇരയുടെ നിസ്സഹായത ആസ്വദിക്കാനെന്ന മട്ടില്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കവ പാറി വീഴുന്നുമുണ്ട്.

സാധാരണ ഞാന്‍ ഇമ്മാതിരി കാര്യങ്ങളില്‍ ഇടപെടാന്‍ വിമുഖത കാണിക്കാറാണ് പതിവെങ്കിലും ആ പാവം പെണ്‍കുട്ടിയുടെ മുഖത്തെ നിസ്സഹായത നിറഞ്ഞ നോട്ടത്തില്‍ എന്‍റെ മനസിലേക്ക് പെട്ടെന്നോടിയെത്തിയത്‌ എന്‍റെ സഹോദരിയുടെ മുഖമാണ്.

പെട്ടെന്നെന്തോ തീരുമാനിച്ചുറച്ചതുപോലെ ഞാന്‍ തിക്കിത്തിരക്കി അവളുടെ അടുക്കലേക്കു നീങ്ങി.

ആ പോക്കില്‍ ആരുടെയൊക്കെയോ കാലില്‍ എന്‍റെ ഷൂസിട്ട കാല്‍ കൊണ്ടുള്ള ചവിട്ടേറ്റെന്ന് അവരുടെ ദേഷ്യത്തോടെയുള്ള തുറിച്ചുനോട്ടത്തില്‍ നിന്നും, അടക്കിപ്പിടിച്ച പല്ലിറുമ്മിയുള്ള തെറിവിളികളില്‍ നിന്നും എനിക്ക് മനസ്സിലായി.

എന്തായാലും ഏകദേശം അഞ്ചു മിനിറ്റത്തെ പരിശ്രമം കൊണ്ട് എനിക്കെന്‍റെ ലക്ഷ്യസ്ഥാനമായ - അയാള്‍ക്കും , പെണ്‍കുട്ടിക്കും ഇടയിലായി എത്തിപ്പെടാന്‍ സാധിച്ചു.

ഞാന്‍ വലതുകൈയില്‍ തൂക്കിപ്പിടിച്ചിരുന്ന ബാഗ് താഴെ വച്ചശേഷം ഇരുകൈകളും വിടര്‍ത്തി അവള്‍ക്ക് സംരക്ഷണമേകുന്നത് പോലെ മുകളിലെ കമ്പിയില്‍ പിടിച്ചു നിന്നു.

തന്‍റെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ഞാന്‍ ഇടയ്ക്കു കയറിയതിന്‍റെ ദേഷ്യം തീര്‍ക്കാനെന്നവണ്ണം അയാള്‍ ബസ് ഗട്ടറില്‍ ചാടുമ്പോഴും, വളവു തിരിയുമ്പോഴുമെല്ലാം എന്നെ ശരീരം കൊണ്ട് ഞെരിക്കുകയും, അയാളുടെ കൈമുട്ട് കൊണ്ടെന്‍റെ മുതുകില്‍ കുത്തുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നെങ്കിലും, ഒരുകാരണവശാലും അയാളെ ആ കുട്ടിയുടെ ഏഴയലത്ത് പോലും അടുപ്പിക്കാതെ ടൈറ്റാനിക്കിലെ ജാക്കിനെ പോലെ ഞാന്‍ രണ്ടുംകല്‍പ്പിച്ചു തന്നെ നിന്നു.

അങ്ങനെ അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പെത്തി, അതേ സ്റ്റോപ്പില്‍ തന്നെയായിരുന്നു എനിക്കും ഇറങ്ങേണ്ടിയിരുന്നത്.

ആദ്യം ബസില്‍ നിന്നിറങ്ങിയ അവള്‍ ഞാനിറങ്ങിവരും വരെ കാത്തു നിന്നു.

ഞാന്‍ അടുത്തെത്തിയപ്പോള്‍ പതിഞ്ഞശബ്ദതില്‍ പുഞ്ചിരിയോടെ പറഞ്ഞു "താങ്ക്സ്"

അതിനു മറുപടിയായി മനസ്സുനിറഞ്ഞ ഒരു പുഞ്ചിരി അവള്‍ക്കു സമ്മാനിച്ച്‌ കൊണ്ട് മുഖം തിരിക്കുമ്പോള്‍ യാദൃശ്ചികമായി എന്‍റെ നോട്ടം തിരക്കൊഴിഞ്ഞ ബസ്സില്‍ കടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ എന്നെത്തെന്നെനോക്കി പല്ലിറുമ്മിക്കൊണ്ട് നില്‍ക്കുന്ന അയാളുടെ മുഖത്ത് പതിഞ്ഞു.

അയാളെ വട്ടാക്കാന്‍ ഒന്നൂടെ കണ്ണിറുക്കിക്കാണിച്ചു കൊണ്ട് , ഒരുനല്ല കാര്യം ചെയ്ത സന്തോഷത്തോടെ ഞാന്‍ റോഡ്‌ ക്രോസ് ചെയ്തു അടുത്ത ബസ് പിടിക്കാനുള്ള സ്റ്റോപ്പിലേക്ക് നടന്നു.
____________________________________________________________________________
വാല്‍ : എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ഞാനും ആ പെണ്‍കുട്ടിയും തമ്മില്‍ പ്രേമത്തിലായില്ല , പിന്നീടുള്ള ദിവസങ്ങളില്‍ കയറുന്ന ബസ്സുകളിലെല്ലാം എന്‍റെ കണ്ണുകള്‍ അവളെ തിരയാഞ്ഞിട്ടല്ല , പിന്നീട് ഞാന്‍ ഒരിക്കലും അവളെ കണ്ടില്ല എന്നതാണ് കാരണം. ഒരുപക്ഷെ ഏതെങ്കിലും ബന്ധുവിന്‍റെ വീട്ടില്‍ ഒരുദിവസം വിരുന്നു താമസിച്ച് പിറ്റേന്ന് അവിടെ നിന്ന് കോളെജിലേക്ക് പോയതാവണം അവള്‍.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top