Saturday, October 19, 2013

കഥ : സമയത്തിന്‍റെ വില

ദമ്മാമില്‍ നിന്നും ദുബായ് വഴി കൊച്ചിയിലേക്കുള്ള എമിറെറ്റ്സ് ഫ്ലൈറ്റ്. ദുബായി എയര്‍പോര്‍ട്ടില്‍ മൂന്നര മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ട്.

"കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിലെ യാത്രക്കാര്‍ നാലുമണിക്ക് മുന്നേ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്"

അനൌണ്‍സ്മെന്‍റ് മുഴങ്ങിയപ്പോള്‍ മുസ്തു വാച്ചില്‍ നോക്കി - "സമയം രണ്ടേ ആയിട്ടുള്ളൂ - ഇനിയുമുണ്ട് രണ്ടു മണിക്കൂര്‍ - ദുബായ് എയര്‍പോര്‍ട്ടൊക്കെ ഒന്നു ചുറ്റിക്കാണാന്‍ സമയമുണ്ട്."

വാച്ചില്‍ മൂന്നായപ്പോള്‍ മുസ്തു കാഴ്ചകാണല്‍ മതിയാക്കി എമിറെറ്റ്സ് കൊണ്ടര്‍ ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് മുസ്തുവിനെ തള്ളിമാറ്റി ഒരാള്‍ മുസ്തുവിനു മുന്നിലൂടെ ട്രോളി വലിച്ചു കൊണ്ടോടി.

"ഇവനൊക്കെ നേരത്തും കാലത്തും വന്നൂടെ, ഇങ്ങനെ മരണപ്പാച്ചില്‍ പായാതിരിക്കാന്‍" മുസ്തു അയാളെ നോക്കി പിറുപിറുത്തു.

മുസ്തു എത്തുമ്പോള്‍ കൌണ്ടര്‍ ശൂന്യമായിക്കിടക്കുന്നു - അവിടെ നിന്നിരുന്ന ചെറുപ്പക്കാരന്‍ പേപ്പറുകള്‍ ഒക്കെ പെറുക്കി സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ്. മുസ്തു പാസ്പോര്‍ട്ടും, ബോര്‍ഡിംഗ് പാസും അയാള്‍ക്ക്‌ നേരെ നീട്ടി.

ചെറുപ്പക്കാരന്‍ ചോദിച്ചു "ഏതു ഫ്ലൈറ്റാ ?"

"കൊച്ചി"

"അതിന്‍റെ ബോഡിംഗ് നാലുമണിക്കേ കഴിഞ്ഞല്ലോ ചേട്ടാ."

മുസ്തു സംശയത്തോടെ വാച്ചില്‍ നോക്കി - "സമയം മൂന്നേ പത്തായിട്ടേയുള്ളല്ലോ"

"ദാ - ആ ക്ലോക്കിലേക്ക് നോക്കിക്കേ" ചെറുപ്പക്കാരന്‍ ഭിത്തിയിലെ ക്ലോക്കിലേക്ക് ചൂണ്ടിക്കാണിച്ചു - മുസ്തു നോക്കി - നാലേകാല്‍ !

"പക്ഷെ എന്‍റെ വാച്ചില്‍ മൂന്ന്‍ പത്തേ ആയിട്ടുള്ളൂ" വാച്ച് കെട്ടിയ ഇടതുകൈ ചെറുപ്പക്കാരന്‍റെ നേരെ നീട്ടിക്കൊണ്ടു മുസ്തു പറഞ്ഞു.

"ചേട്ടാ, ദുബായ് സമയം സൗദി സമയത്തെക്കാള്‍ ഒരുമണിക്കൂര്‍ മുന്നിലാണ്."

അപ്പോഴാണ്‌ മുസ്തുവിനു തനിക്കു പറ്റിയ അമളി മനസ്സിലായത്.

മുസ്തു എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ചെറുപ്പക്കാരന്‍ ഒരു അല്‍പ്പം ദൂരെയുള്ള ഒരു കൊണ്ടര്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.

"അതാ, അവിടെ ചെന്നാല്‍ ഈ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് അടുത്ത ഫ്ലൈറ്റിനുള്ള ടിക്കറ്റ് എടുക്കാം, ഫൈന്‍ അടക്കേണ്ടി വരും"

മുസ്തു വിഷമത്തോടെ അവിടെയെത്തുമ്പോള്‍ കൊണ്ടറില്‍ നിന്ന് അകത്തിരിക്കുന്ന പെണ്‍കുട്ടിയോട് ഇംഗ്ലിഷില്‍ തര്‍ക്കിച്ചുകൊണ്ട് നില്‍ക്കുന്ന ആളെക്കണ്ട് അറിയാതെ ചിരിച്ചു പോയി - തന്നെ തള്ളിമാറ്റി മുന്നിലൂടെ ട്രോളിയും വലിച്ചുകൊണ്ടോടിയ മനുഷ്യന്‍.

അയാള്‍ പെണ്‍കുട്ടിയോട് ന്യായാന്യായങ്ങള്‍ പറഞ്ഞു ഘോരഘോരം തര്‍ക്കിക്കുകയാണ്.

ഒടുവില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കൊണ്ടറിലെ യുവതി പറഞ്ഞതനുസരിച്ച് അയാള്‍ പോക്കറ്റില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് എടുത്തു കൊടുത്തപ്പോള്‍ യുവതി മുന്നൂറു ദിര്‍ഹം എടുത്ത് പുതിയ ടിക്കറ്റ് അടിച്ചു കൊടുത്തു.

അടുത്തത് മുസ്തുവിന്‍റെ ഊഴം.

മുസ്തു തര്‍ക്കത്തിനൊന്നും പോകാതെ ദയനീയമായി തനിക്കു പറ്റിയ അബദ്ധം വിവരിച്ചു. മുസ്തുവിന്‍റെ വാക്കുകള്‍ യുവതിക്ക് വിശ്വാസമായെന്നു തോന്നി.

"സാധാരണ മുന്നൂറു ദിര്‍ഹമാണ്, പക്ഷെ നിങ്ങളുടെ അവസ്ഥ മനസ്സിലായത് കൊണ്ട് നൂറു ദിര്‍ഹം തന്നാല്‍ മതി.പക്ഷെ മറ്റെയാളോട് പറയരുത് കേട്ടോ" നേരത്തെ ടിക്കറ്റെടുത്ത് നടന്നു പോകുന്ന ആളെ ചൂണ്ടി യുവതി പറഞ്ഞു.

"പക്ഷെ എന്‍റെ കയ്യില്‍ സൗദി റിയാലേ ഉള്ളൂ" മുസ്തു പോക്കറ്റില്‍ നിന്ന് നൂറു റിയാല്‍ നോട്ടെടുത്ത് നീട്ടി.

"സോറി, അവിടെ മണി എക്സ്ചേഞ്ച്‌ കൌണ്ടറില്‍ പോയി ദിര്‍ഹം ആക്കി വേഗം വരൂ"

മണി എക്സ്ചേഞ്ച്‌ കൌണ്ടറില്‍ നിന്ന് നൂറു ദിര്‍ഹം കിട്ടാനായി മുസ്തുവിന് നൂറ്റിപ്പത്ത് റിയാല്‍ കൊടുക്കേണ്ടി വന്നു.

"ഫ്ലൈറ്റ് നാളെ രാത്രി ഒമ്പതരക്കാണ്" പുതിയ ടിക്കറ്റ് നീട്ടിക്കൊണ്ട് യുവതി പറഞ്ഞപ്പോള്‍ മുസ്തു നെഞ്ചത്ത് കൈവച്ചു പോയി.

"നാളെ രാത്രിയോ ? അതുവരെ എനിക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എമിറെറ്റ്സ് അറേഞ്ച് ചെയ്തു തരുമായിരിക്കും അല്ലെ?" പണ്ടാരോ ഫ്ലൈറ്റ് മിസ്സായപ്പോള്‍ വിമാനക്കമ്പനി ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ച കാര്യം പറഞ്ഞു കേട്ടിട്ടുള്ള ഓര്‍മ്മയില്‍ മുസ്തു വച്ചുകാച്ചി.

ഇവനൊക്കെ എവിടന്നു വരുന്നെടാ എന്ന മട്ടില്‍ യുവതി ഒരു കത്തുന്ന നോട്ടം നോക്കിക്കൊണ്ട് കൊണ്ടറിന്‍റെ വാതില്‍ വലിച്ചടച്ച് എഴുന്നേറ്റു പോയി - നൂറു ദിര്‍ഹത്തിനു തനിക്കു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മതിയോ എന്നായിരുന്നോ അതിന്‍റെ അര്‍ത്ഥമെന്നു മുസ്തുവിനു തോന്നി.

മുസ്തു സൌകര്യപൂര്‍വ്വം ഇരിക്കാനായി എയര്‍പോര്‍ട്ടില്‍ ആള്‍ത്തിരക്കില്ലാത്ത ഒരിടത്തേക്ക് നടന്നു. ഒരൊഴിഞ്ഞ കോണിലെ കസേരയില്‍ ,നേരത്തെ ട്രോളി വലിച്ചു കൊണ്ടോടിയ ആള്‍ ഇരിക്കുന്നു. മുസ്തു അയാളുടെ അടുത്ത് പോയിരുന്നു.

"എത്ര വാങ്ങി ?" മുസ്തുവിനെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.

"മുന്നൂറ്" മുസ്തു നിരുപദ്രവകാരിയായ ഒരു കള്ളം പറഞ്ഞു.

പലപ്പോഴും മുന്‍കോപം ഇരുനൂറു ദിര്‍ഹം നഷ്ടമുണ്ടാക്കും എന്ന തിരിച്ചറിവോടെ മുസ്തു ബാഗില്‍ നിന്ന് ഇയര്‍ഫോണെടുത്ത് ചെവിയില്‍ തിരുകി അടുത്ത ഫ്ലൈറ്റിനായുള്ള സുദീര്‍ഘമായ കാത്തിരിപ്പ് തുടങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top