Thursday, October 31, 2013

കഥ : ദാരിദ്ര്യം

മോഷ്ടിച്ച സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി പുറത്തിറങ്ങാന്‍ തുനിയുമ്പോഴാണ് കള്ളന്‍ താഴത്തെ നിലയില്‍ ഒറ്റപ്പെട്ട ആ മുറി കണ്ടത്.

ഇരുളില്‍ വാതിലിന്‍റെ ഹാന്‍ഡില്‍ തപ്പുമ്പോള്‍ പുറമേനിന്നു പൂട്ടി താക്കോല്‍പ്പഴുതില്‍ത്തന്നെ വച്ചിരിക്കുന്ന താക്കോല്‍ അയാളുടെ കൈയില്‍ തടഞ്ഞു.

ആകാംക്ഷയോടെ ശബ്ദമുണ്ടാക്കാതെ മെല്ലെ വാതില്‍ തുറന്നപ്പോള്‍ ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വൃത്തികെട്ട നാറ്റം അയാളുടെ മൂക്കിലെക്കടിച്ചു കയറി.

ചുളിഞ്ഞ മുഖത്തോടെ ധൃതിയില്‍ വാതിലടച്ചു പുറത്തുകടക്കാന്‍ തുനിയവെ മുറിക്കുള്ളില്‍ നിന്നൊരു നേര്‍ത്ത ഞരങ്ങല്‍ കേട്ടയാള്‍ നിന്നു.

മൂക്ക് പൊത്തിപ്പിടിച്ചയാള്‍ അകത്തേക്ക് കയറി.

കയ്യിലിരുന്ന ടോര്‍ച്ചില്‍ കൈപ്പത്തി ചേര്‍ത്തുപിടിച്ച് വിരലുകള്‍ക്കിടയിലൂടെ അല്‍പ്പം മാത്രം വെളിച്ചം പുറത്തു വരുന്ന വിധത്തില്‍ അയാള്‍ സ്വിച്ചില്‍ വിരലമര്‍ത്തി.

മുന്തിയ വിദേശനിര്‍മ്മിത മാര്‍ബിള്‍ വിരിച്ച വെളുത്ത തറയില്‍, ചങ്ങലയില്‍ പൂട്ടിയിട്ട നിലയില്‍ സ്വന്തം വിസര്‍ജ്യങ്ങളില്‍ കിടന്നിഴയുന്ന ഒരു വൃദ്ധ !

അവര്‍ ദയനീയമായി അയാള്‍ക്ക്‌ നേരെ നോക്കിയപ്പോള്‍ അത് നേരിടാനാവാതെ അയാള്‍ക്ക് മുഖം തിരിച്ചു കളയേണ്ടി വന്നു.

അന്നൊരു ഞായറാഴ്ചയിരുന്നു.

വീട്ടുടമസ്ഥന്‍റെ ഏകമകന്‍ രാവിലെ ഉറക്കമുണര്‍ന്നു ഹാളിലേക്ക് വരുമ്പോള്‍ തീന്മേശയില്‍ ഇരിക്കുന്ന കടലാസും, കുറച്ചു പണവും അവന്‍റെ ശ്രദ്ധയില്‍ പെട്ടു,

അവനാ പണമെടുത്ത് നോക്കി - നൂറിന്‍റെ ഒരു നോട്ടും, പത്തു രൂപയുടെയും അഞ്ചുരൂപയുടെയും ഏതാനും മുഷിഞ്ഞ നോട്ടുകളും. അതിനു താഴെ വച്ചിരുന്ന കടലാസെടുത്ത് അവന്‍ നിവര്‍ത്തി - വൃത്തിയില്ലാത്ത കൈപ്പടയിലെഴുതിയ ഒരു കത്തായിരുന്നു അത്.

"ദാരിദ്ര്യം മാറ്റാനാണ് ഞാന്‍ മോഷ്ടിക്കാന്‍ വന്നത്, പക്ഷെ നിങ്ങളുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനത്രയ്ക്ക് ദരിദ്രനല്ല. ഈ വീട്ടില്‍ നിന്നെടുത്തതെല്ലാം ഞാന്‍ തിരികെ വച്ചിട്ടുണ്ട് . എന്‍റെ കയ്യില്‍ ആകെയുള്ള പണം മുഴുവന്‍ ഞാന്‍ ഇതോടൊപ്പം വക്കുന്നു ,ദയവായി അമ്മക്കൊരുജോടി വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുക - കള്ളന്‍"

വീടിനു മുന്നിലെ ബേക്കറിയില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്ന ഐസ്ക്രീം സോഫയിലിരുന്നു തിന്നുമ്പോള്‍ അവനാ കത്ത് മടക്കി ഒരു എയറോപ്ലെയിനുണ്ടാക്കി.

അത് ഇരു ചൂണ്ടുവിരലുകള്‍ കൊണ്ടും ബലമായി പിടിച്ചു ശക്തിയില്‍ പറത്തി വിടുമ്പോള്‍ ലക്ഷ്യം തെറ്റാതെ ഭിത്തിയില്‍ തൂക്കിയിരുന്ന അവന്‍റെ ഡാഡിയുടെ ചിരിക്കുന്ന മുഖത്തിന്‍റെ നെറ്റിയില്‍ തന്നെ കൃത്യമായി അത് ചെന്നുതറച്ചു. അവന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.

അപ്പോള്‍, കിടപ്പറയിലെ ആഡംബരക്കട്ടിലില്‍, അടുത്തയാഴ്ച മകന്‍റെ പേരില്‍ ഊട്ടിയില്‍ വാങ്ങുന്ന എസ്റ്റേറ്റിന്‍റെ ഡോക്യുമെന്‍റ്സ് ഒപ്പിടുന്നത് സ്വപ്നം കണ്ട് പുഞ്ചിരി വിടര്‍ന്ന ചുണ്ടുകളോടെ, ഏസിയുടെ സുഖശീതളിമയില്‍ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഭാര്യയുടെ മാംസളമായ നിതംബത്തില്‍ ചേര്‍ത്ത് പിടിച്ചിരുന്ന കൈ ഒന്നുകൂടി മുറുക്കി ഒന്നിളകിക്കിടക്കുകയായിരുന്നു അവന്‍റെ ഡാഡി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top