Saturday, November 2, 2013

നിരീശ്വരവാദിയും ദൈവവും

ഫേസ്ബുക്കിലെ പ്രമുഖ യുക്തിവാദി ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ ഒരു കൊടിമൂത്ത നിരീശ്വരവാദിക്കു മുന്നില്‍ ഉറക്കത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.

"നിങ്ങള്‍ ആരാണ് ?" നിരീശ്വരവാദി ചോദിച്ചു.

"ഞാനാണ് നീ ഇല്ലെന്നു സമര്‍ത്ഥിച്ചു നടക്കുന്ന ദൈവം"

ആദ്യം ഒന്നമ്പരന്നെങ്കിലും ,അത്ര പെട്ടന്ന് സമ്മതിച്ചാല്‍ പോയില്ലേ - "അങ്ങനെയാണെങ്കില്‍ നീ ദൈവം ആണെന്ന് തെളിയിക്കൂ" - നിരീശ്വരവാദി പറഞ്ഞു

"ശരി, ഞാന്‍ ദൈവമാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത് ?"

നിരീശ്വരവാദി ഒരു നിമിഷം ആലോചിച്ചു .

തങ്ങളുടെ നേതാവായ ഇടമറുകെഴുതിയ ഒരു പുസ്തകത്തില്‍ വായിച്ചിട്ടുള്ള ഓര്‍മ്മ വച്ച് അയാള്‍ പറഞ്ഞു

"എങ്കില്‍ ഓരൊട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തിവിട്ടു കാണിക്കൂ"

ദൈവം : "ഒട്ടകമാക്കണ്ട - ഒരാനയെത്തന്നെ വിട്ടു കാണിക്കാം, അപ്പോള്‍ നിന്‍റെ സംശയം മാറുമല്ലോ"

ദൈവം കൈവീശിയപ്പോള്‍ ഒരാനയും, സൂചിയും പ്രത്യക്ഷപ്പെട്ടു.

ദൈവം :"സൂക്ഷിച്ചു നോക്കിക്കൊള്ളണം, ഇനി കണ്ടില്ലെന്നു പറയരുത്"

ദൈവം വീണ്ടും കൈ വീശിയപ്പോള്‍ ആന സൂചിക്കുഴക്ക്‌ നേരെ നടക്കുകയും, നൂല്‍ പരുവത്തില്‍ വലിഞ്ഞു നീണ്ടു ദ്വാരത്തിലൂടെ പുറത്തു കടന്നു പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്തു !

"ഇപ്പോള്‍ മാറിയോ നിന്‍റെ സംശയം ?"

നിരീശ്വരവാദി വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല, "അല്‍പ്പം കൂടി ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണത്തില്‍ കൂടി വിജയിക്കണം" - അയാള്‍ ദൈവത്തോട് ആവശ്യപ്പെട്ടു.

ദൈവം സമ്മതിച്ചു.

"എങ്കില്‍ മന്‍മോഹന്‍സിംഗിനെ ഒന്ന് പൊട്ടിച്ചിരിപ്പിച്ചു കാണിക്കൂ."

ഒരു പുഞ്ചിരിയോടെ ദൈവം കൈയുയര്‍ത്തിയപ്പോള്‍ നീലത്തലപ്പാവ് ധരിച്ച മന്‍മോഹന്‍സിംഗ് ഗൌരവത്തില്‍ പ്രത്യക്ഷപ്പെട്ടു.

ദൈവം എന്തോ ചെവിയില്‍ അടക്കം പറഞ്ഞതും മന്മോഹന്‍ പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

നിരീശ്വരവാദി ഇതുകണ്ട് ശരിക്കും അമ്പരന്നുപോയി.

"ഇപ്പോള്‍ നിന്‍റെ സംശയം മാറിയോ ?" ദൈവം വീണ്ടും ചോദിച്ചു.

നിരീശ്വരവാദി അത്രയെളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല, അയാള്‍ വീണ്ടും പറഞ്ഞു - "ഒരു പരീക്ഷണം കൂടി"

ഇക്കുറി അല്‍പ്പം ദേഷ്യം വന്നെങ്കിലും ദൈവം തലകുലുക്കി.

ദൈവം മന്‍മോഹനെപറഞ്ഞു വിടാന്‍ കൈയുയര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ നിരീശ്വരവാദി "ഒരു നിമിഷം" എന്ന് ദൈവത്തോട് റിക്വസ്റ്റ് ചെയ്തു കൊണ്ട് മന്മോഹനടുത്തു ചെന്ന് കാതില്‍ എന്തോ ചോദിച്ചപ്പോള്‍ മന്‍മോഹന്‍ തിരിച്ചെന്തോ മറുപടി പറഞ്ഞു.

അതുകേട്ടപ്പോള്‍ നിരീശ്വരവാദിയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു - അയാള്‍ ദൈവത്തിനു നേരെ തിരിഞ്ഞ് ചോദിച്ചു.

"എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം പറയൂ, ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതാര്?"

ദൈവം മന്‍മോഹനെ ക്രുദ്ധനായി ഒന്ന് നോക്കിയശേഷം "നിന്നെയൊക്കെ നന്നാക്കാന്‍ നടക്കുന്ന സമയത്തിന് മമ്മൂട്ടിയെക്കൊണ്ട് ഒരു സിനിമയിലെങ്കിലും നന്നായി ഡാന്‍സ് കളിപ്പിക്കാം" എന്ന് പറഞ്ഞു പല്ലിറുമ്മിക്കൊണ്ട് കൊണ്ട് മന്മോഹനോടൊപ്പം അപ്രത്യക്ഷനായി.

നിരീശ്വരവാദി നേരം വെളുക്കും വരെ സുഖമായി വീണ്ടും കിടന്നുറങ്ങി.
_________________________________________________________
നിരീശ്വരവാദി മന്മോഹനോട് ചോദിച്ചത് "ദൈവം എന്ത് പറഞ്ഞപ്പോഴാണ് താങ്കള്‍ ഇത്രകണ്ട് ചിരിച്ചത് ?"

മന്‍മോഹന്‍ : "തന്നെ ചിരിപ്പിക്കാന്‍ പറയുന്നതിന് പകരം ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതാരെന്നെങ്ങാനും അവന്‍ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പെട്ട് പോയേനെ എന്ന്"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top