ഹലോ"
"ങാ, ഹലോ" വ്യക്തമായ അവളുടെ മറുപടി അയാളുടെ മനസ്സ് തണുപ്പിച്ചു - ഇന്നെങ്കിലും നെറ്റിനു സ്പീഡുണ്ടെന്ന് തോന്നുന്നു.
"എന്താ അവിടെ വിശേഷം ?"
"ഓ, ഇവിടെ എന്ത് വിശേഷം - അങ്ങനെയൊക്കെ പോണു"
"മോനെന്ത്യെ ?"
"ങാ, അത് പറഞ്ഞപ്പോഴാ ഓര്‍ത്തെ, അടുത്താഴ്ച എന്നെ അവന്‍റെ ക്ലാസ് ടീച്ചര്‍ വിളിപ്പിച്ചിട്ടുണ്ട് .ചെക്കന്‍ ഓണപ്പരീക്ഷയ്ക്ക് നാല് വിഷയത്തിനാണ് തോറ്റത് , അതെങ്ങനാ - ഒരു നേരോം ടീവിടെ മുന്നീന്ന് മാറൂല"
"അവന്‍ ടീവി വെക്കുമ്പോ നിനക്ക് വഴക്കുപറഞ്ഞ് ഓഫു ചെയ്തൂടെ?"
"അപ്പൊ ഞങ്ങക്ക് സീരിയല് കാണണ്ടേ ? ഞാന്‍ ഓഫ് ചെയ്താലും നിങ്ങടെ ഉമ്മ സമ്മതിക്കൂന്നു നിങ്ങക്ക് തോന്നണണ്ട ?"
അയാളോന്നും മിണ്ടിയില്ല - ചിലനേരങ്ങളില്‍ മൌനം നമ്മളറിയാതെ തന്നെ നമ്മിലേക്ക് വന്നു ചേരും.
"അതെ-ഒന്ന് ഹോള്‍ഡ് ചെയ്യട്ടാ - മീന്‍കാരന്‍ വന്നെക്കണ്"
"ഏയ്, പൂയ്" എന്നുറക്കെ ഒച്ചവച്ചുകൊണ്ട് അവള്‍ മീന്‍കാരന്‍റെ പിന്നലെ ഓടുന്നശബ്ദം അയാള്‍ വ്യക്തമായി കേട്ടു.
"അയക്കൂര 450.......... ഇല്ലിത്ത, ഒരൊറ്റപ്പൈസ കൊറയൂല "
"നെയ്‌മീനാ ?" അവളുടെ ശബ്ദം.
"നെയ്മീന്‍ 800"
അല്‍പ്പം മുന്പ് കഴിച്ച കുബ്ബൂസും, തൈരും ഒരേമ്പക്കമായി അയാളില്‍ നിന്ന് തികട്ടി വന്നു.
"രണ്ടാഴ്ച കഴീം ഒരു കത്ത് കിട്ടാന്‍. അതും പ്രതീക്ഷിച്ചിരിക്കും നമ്മടെ വീടര്, കിട്ടിയാ ഒറ്റയിരിപ്പിന് അഞ്ചാരുവട്ടം വായിച്ചു അന്നന്നെ മറുപടി എയ്തി അയക്കും." മമ്മദിക്കാടെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മയിലെക്കോടി വന്നതെന്തുകൊണ്ടാണ് ?
"അപ്പൊ അന്ന് ഫോണൊന്നും ഇല്ലല്ലേ മമ്മദുക്കാ? "
"ഓ, ഫോണൊക്കെ ഒണ്ട് പക്ഷെ ഫോണ്‍ വിളിക്കണ കാര്യോന്നും പറയണ്ട - ആണ്ടും കൊല്ലോത്തി അയല്‍പക്കത്തെ വീട്ടിലേക്കൊന്നു വിളിക്കാന്‍ എത്ര മണിക്കൂര്‍ കാത്തു നിക്കണോന്നാ? എത്ര കായ ചെലവാന്നാ ? അതൊക്കെ സഹിക്കാം - കൊല്ലത്തിലോരിക്കലാണെങ്കി പോലും ആ വീട്ടുകാരുടെ നോട്ടോം ഭാവോം സഹിക്കാന്‍ കഴിയാതെ ഓള് പറേം - ഇങ്ങളിനി ഫോണ്‍ ബിളിക്കണ്ടാട്ടാ , നമ്മക്ക് നമ്മട കത്തന്നെ മതീന്ന്"
"അതേ" സൈനുന്‍റെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.
"എന്ത്യേ മീന്‍ കിട്ട്യാ ?"
"ഓ, വാങ്ങീല, അയിനോന്‍റെ കയ്യില്‍ നല്ലതൊന്നും ഇല്ല"
"ഉം" അയാളൊന്നു മൂളുക മാത്രം ചെയ്തു.
"എന്നാ പിന്നെ ഇങ്ങള് വച്ചോളിന്‍, ഇന്നെങ്കിലും എനിക്ക് പോയാ ബ്ലൌസ് തയ്ച്ചതോന്നു വാങ്ങണം, നാളെ ഹൈറുന്നീസാടെ കല്യാണത്തിനു പോകാനുള്ളതാ"
ബക്കറ്റില്‍ നനച്ചു വച്ചിരിക്കുന്ന മുഷിഞ്ഞു പിഞ്ഞിയ ഷര്‍ട്ടിന്‍റെയും, പാന്‍റിന്‍റെയും പൂതലിച്ച നാറ്റം അയാളുടെ മൂക്കിലേക്കടിച്ചു കയറി.
"ആ മീനുകള്‍ സംസാരിക്കുന്നുണ്ടോ ?" അയാള്‍ ചോദിച്ചു
"ഏതു മീനുകള്‍ ?" അവളുടെ ശബ്ദത്തില്‍ ആശ്ച്ചര്യമുണ്ടായിരുന്നു.
"ആ മീന്‍കാരന്‍റെ കുട്ടയിലെ മീനുകള്‍ ?"
"ഇല്ല"
അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
പിന്നെ വിലകുറഞ്ഞ മൊബൈലിന്‍റെ മുഖം ചേര്‍ത്തുവച്ച ഭാഗത്ത് പറ്റിപ്പിടിച്ച ഏതാനും ചെതുമ്പലുകള്‍ തുടച്ചു കളഞ്ഞുകൊണ്ട് ഫോണിലേക്ക് നോക്കിപ്പറഞ്ഞു "ചത്ത മീനുകള്‍ സംസാരിക്കാറില്ല"








0 comments
Posts a comment