Friday, November 22, 2013

കഥ : പരിണാമം

"ഞാന്‍ പോകുന്നു"

മറുപടിക്ക് കാത്തു നില്‍ക്കാതെ അവളെഴുന്നെറ്റു നടന്നു.

ഈ കടല്‍ത്തീരത്തേക്ക് ബസ്സിറങ്ങി നടന്നു വരുമ്പോള്‍ ഉണ്ടായിരുന്ന പ്രസരിപ്പും, ഉന്മേഷവും അസ്തമയസൂര്യനോടൊപ്പം പടിയിറങ്ങിയ മുഖഭാവം പേറി കഴിയാവുന്നിടത്തോളം ദൈര്‍ഘ്യമേറിയ ചുവടുവെപ്പുകളോടെ അവള്‍ നടന്നകലുന്നത് നോക്കിയിരിക്കുമ്പോള്‍ അറിയാതെ അയാളുടെ മനസ്സിലൊരു നേര്‍ത്ത കുറ്റബോധം മുളപൊട്ടി.

സന്ധ്യയില്‍ ചുവപ്പ് കലര്‍ത്തി പകലോന്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിട്ടും കടലോരം പ്രകാശപൂരിതമായിരുന്നു.

ഇടതു ചുമല്‍ മണ്ഡപത്തിന്‍റെ കല്‍ഭിത്തിയിലൂന്നി കാലുകള്‍ മണ്ണിലുറക്കാത്ത വേരുകള്‍ കണക്കെ തൂക്കിയിട്ടു കൊണ്ട് കടലിലേക്ക്‌ നോക്കി അയാളിരുന്നു.

ഒരുമണിക്കൂര്‍ മുന്‍പ് അവളയാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തീരത്തേക്കടിച്ചു കയറുന്ന തിരകലെക്കാള്‍ ആരവം മുഴക്കിക്കൊണ്ട് ശബ്ദമുഖരിതമായിരുന്നു കടല്‍ത്തീരം. ഇപ്പോള്‍ അവിടവിടെ ജീവച്ഛവം കണക്കെ തൂങ്ങിയിരിക്കുന്ന മനുഷ്യരൂപം പൂണ്ട ഏതാനും നിഴലുകള്‍ മാത്രം.

അവള്‍ - സീതാലക്ഷ്മി.

ഓഫീസിലെ സ്റ്റെനോഗ്രാഫര്‍.

ഹമീദിന്‍റെ തൊട്ടുമുന്നിലാണ് സീതാലക്ഷ്മിയുടെ മേശ.

തലയൊന്നുയര്‍ത്തിയാല്‍ കണ്ണുകള്‍ ഉടക്കുന്നത് പരല്‍മീനുകള്‍ പോലെ പിടക്കുന്ന ആ മിഴികളില്‍.

ചാര്‍ജെടുത്ത അന്നുമുതല്‍ അയാളവളുടെ പശ്ചാത്തലം പഠിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഓഫീസിലാര്‍ക്കും അവളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു - ഒടുവില്‍ , അവള്‍ യാത്ര പറഞ്ഞു പിരിയുന്ന ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ്, അയാളവളെക്കുറിച്ച് അല്‍പ്പമെങ്കിലും അറിഞ്ഞത്.

"എനിക്കല്‍പ്പം സംസാരിക്കാനുണ്ട്, ഇന്ന് വൈകുന്നേരം ഓഫീസ് വിടുമ്പോള്‍ നമുക്ക് കടല്‍ത്തീരത്തൊന്നു പോകാം ?"

ഉച്ചക്ക് ഊണ് കഴിഞ്ഞു വന്നയാള്‍ സീറ്റിലിരിക്കാന്‍ തുടങ്ങുമ്പോഴാണ് പിടക്കുന്ന മിഴികളോടെ അവള്‍ മേശക്കടുത്തു വന്നത് പറഞ്ഞത്.

"ഉം"

മനസ്സില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ അടക്കിവച്ചു നിര്‍വികാരനായി ഹമീദ് സമ്മതം മൂളി.

ബസ്സില്‍ അയാളുടെ തൊട്ടടുത്ത സീറ്റിലിരിക്കുമ്പോള്‍ സീതാലക്ഷ്മി ഒന്നും മിണ്ടിയില്ല , ഗഹനമായ ഏതോ ചിന്തകളിലാണ്ട മുഖഭാവത്തോടെ പിന്നിലേക്കോടി മാറുന്ന കാഴ്ചകളില്‍ മുഖം ചേര്‍ത്തവളിരുന്നു.

എന്നാല്‍ കടല്‍ത്തീരത്തെത്തും മുന്‍പേ അയാളുടെ മനസ്സില്‍ തിരയകളടിച്ചു തുടങ്ങിയിരുന്നു.

പൂഴിമണ്ണില്‍ ചൂണ്ടുവിരല്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചുകൊണ്ടു സീതാലക്ഷ്മി അവളുടെ കഥ പറഞ്ഞു.

പട്ടിണിയും പരിവട്ടവും മറക്കാന്‍ സമ്മതിക്കാതെ തികട്ടലായി മനസ്സിലേക്ക് തിരികെ കൊണ്ട് വരുന്ന തന്‍റെ ബാല്യകാലത്തെക്കുറിച്ച്.

കോളേജില്‍ പഠിക്കുമ്പോള്‍ ചതിയിലൂടെ തന്‍റെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത കാമുകനെക്കുറിച്ച്.

താന്‍ വിവാഹിതയായി കാണാന്‍ ഏറെ ആഗ്രഹിച്ച, എന്നാല്‍ ഒരിക്കലും സഫലമാകാത്ത പാഴ്മോഹമാണതെന്ന് തിരിച്ചറിഞ്ഞ നിമിഷം ഹൃദയാഘാതം ഈ ലോകത്തുനിന്ന് കൂട്ടിക്കൊണ്ടു പോയ തന്‍റെ സാധുപിതാവിനെക്കുറിച്ച്.

"എന്നോടെന്താണ് പറയുവാനുള്ളത് ?" ഹമീദിന്‍റെ അക്ഷമതുളുമ്പുന്ന ചോദ്യത്തില്‍ പൂഴിമണ്ണില്‍ ഒരു പുതിയ ചിത്രമെഴുതാന്‍ തുടങ്ങിയ സീതാലക്ഷ്മിയുടെ ചൂണ്ടുവിരല്‍ പൊടുന്നനെ നിശ്ചലമായി.

"അത്.....നമ്മുടെ ഓഫീസില്‍.......... എനിക്കൊരാളെ ഇഷ്ടമാണ്"

പറഞ്ഞു തീരുമ്പോള്‍ നാണം അവളുടെ വെളുത്തുതുടുത്ത കവിള്‍ത്തടങ്ങളില്‍ ഒരു ചുവപ്പായി പരക്കുന്നതും സ്വതേ സുന്ദരങ്ങളായ പരല്‍മിഴികള്‍ അതിവേഗത്തില്‍ ചലിക്കുന്നതും അയാള്‍ ശ്രദ്ധിച്ചു.

കീഴ്ചുണ്ട് കടിച്ച് അയാള്‍ക്ക് നേരെ നോക്കാതെയിരുന്ന സീതാലക്ഷ്മി, നേരിട്ട് കൊണ്ടിരിക്കുന്ന നിശബ്ദത താങ്ങാനാവത്തെ ഒടുവില്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഹമീദ് കടലിനു നേരെ നോക്കി നിര്‍വ്വികാരനായി ഇരിക്കുകയായിരുന്നു.

"ആരാണെന്ന് ചോദിക്കുന്നില്ലേ ?" അവള്‍ ചോദിച്ചു.

"ഇല്ല"

അയാള്‍ മെല്ലെ ഇരുന്നിടത്തു നിന്നെഴുന്നേറ്റു.

പിന്നെ ഒന്നും പറയാതെ നടന്നു കടല്‍ത്തീരത്ത് തന്നെയുള്ള കല്‍മണ്ഡപത്തിന്‍റെ ഭിത്തിയില്‍ വന്നിരുന്നു.

ഏതാനും നിമിഷങ്ങള്‍ അവിടെത്തന്നെ സംശയിച്ചിരുന്ന ശേഷം എന്തോ തീരുമാനിച്ചുറച്ച മുഖഭാവത്തോടെ അവളും എഴുന്നേറ്റ് നടന്നയാള്‍ക്കരികില്‍ വന്നിരുന്നു.

ഒരു ചെറുക്കന്‍ കടലയുമായി അവര്‍ക്കു മുന്നിലൂടെ നടന്നു പോയി.

സീതാലക്ഷ്മി കൈതട്ടി അവനെ വിളിച്ച് ബാഗ് തുറന്നു ചില്ലറനാണയങ്ങള്‍ പെറുക്കിക്കൊടുത്ത്അവന്‍റെ കയ്യില്‍ നിന്ന് രണ്ടുപോതി കടലവാങ്ങി.

അതിലൊരു പൊതി അവള്‍ അയാള്‍ക്ക്‌ നേരെ നീട്ടി, കൈകള്‍ വിറക്കാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് അയാള്‍ അതു വാങ്ങി തുറന്നു.

"റസിയക്കും മക്കള്‍ക്കും സുഖമാണോ ?" നിശബ്തയയെ ഭേദിച്ച് കൊണ്ട് അവളുടെ ചോദ്യം ഒരേസമയം പരിഹാസമായും , കുറ്റബോധമായും അയാളുടെ നെഞ്ചിന്‍കൂടിനെ കൊളുത്തി വലിച്ചു.

"ഉം" അയാള്‍ മൂളി.

ഓരോ കടലയയി ശ്രദ്ധിച്ചു വായിലെക്കിട്ടു ചവച്ചുകൊണ്ട് സൂര്യന്‍ അസ്തമിക്കും വരെ അവള്‍ നിശ്ചെതനമായ മുഖഭാവത്തോടെ നിശബ്ദയായി അയാള്‍ക്കരികെയിരുന്നു.

പിന്നെ ഭിത്തിയില്‍ നിന്നിറങ്ങി സാരിയില്‍ പറ്റിയിരുന്ന മണ്ണ് തൂത്തുകളഞ്ഞ് ബാഗെടുത്ത് തോളില്‍ത്തൂക്കിക്കൊണ്ട് നിര്‍വ്വികാരമായ ശബ്ദത്തില്‍ പറഞ്ഞു

"ഞാന്‍ പോകുന്നു"

കല്‍മണ്ഡപത്തില്‍ നിന്നല്‍പ്പം ദൂരെയായി കടല്‍ത്തീരത്ത് വിരിച്ച വെള്ളത്തുണിയില്‍ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു.

അരക്കുകീഴെ തളര്‍ന്ന അയാള്‍ ഇടയ്ക്കിടെ തന്‍റെ ദൈന്യത വെളിവാക്കുവാന്‍ നിശ്ചെതനമായ തന്‍റെ കാലുകള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു കാഴ്ചക്കാരുടെ സഹതാപം പിടിച്ചു പറ്റിക്കൊണ്ടിരുന്നു.

അതിലെ നടന്നു പോയവര്‍ അയാള്‍ക്ക്‌ നേരെ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

പെട്ടെന്ന് ഹമീദിന്‍റെ ഫോണ്‍ ചിലച്ചു - അയാള്‍ പോക്കറ്റില്‍ കിടന്ന ഫോണെടുത്ത് നോക്കി - റസിയയാണ്‌.

"ഞാന്‍ വരാനല്‍പ്പം വൈകും" എന്നുമാത്രം പറഞ്ഞു കൊണ്ട് അങ്ങേത്തലക്കല്‍ നിന്നുള്ള മറുപടിക്ക് കാക്കാതെ അയാള്‍ കട്ട്‌ ചെയ്തു ഫോണ്‍ ഓഫാക്കി തിരികെ പോക്കറ്റിലെക്കിട്ടു. ഇല്ലെങ്കില്‍ തൃപ്തമായ ഒരു മറുപടി കിട്ടും വരെ അവള്‍ വിളിച്ചു കൊണ്ടേയിരിക്കും.

അയാളുടെ കണ്ണുകള്‍ വീണ്ടും യാചകനിലേക്ക് തിരിഞ്ഞു.

വെളിച്ചത്തിന് മേല്‍ ഇരുട്ടിന്‍റെ ആധിപത്യം ഏറെക്കുറെ പൂര്‍ണ്ണമായിത്തുടങ്ങിയിരിക്കുന്നു.

ഈ യാചകന്‍ - സ്വാധീനമിലാത്ത കാലുകളുമായി എങ്ങനെയായിരിക്കും അയാളീ കടല്‍ത്തീരം വിട്ടു പോകുക ?

ആ ചിന്ത അയാളുടെ മനസ്സില്‍ ഒരു ജിജ്ഞാസയായി പടര്‍ന്നു. ആ കാഴ്ച കാണാന്‍ അയാളുടെ മനസ്സ് കൌതുകം പൂണ്ടു. യാചകനെ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ അവിടെത്തന്നെയിരുന്നു.

തീരം വിജനമായിക്കഴിഞ്ഞിരിക്കുന്നു.

പൂഴിമണ്ണില്‍ കമഴ്ന്നു കിടന്നിരുന്ന യാചകന്‍ മെല്ലെ തലപൊക്കി അയാള്‍ കിടന്നിരുന്നതില്‍ നിന്നല്‍പ്പം അകലെയായി ഇരുന്നിരുന്ന ഒരു ബാഗ് വലിച്ചെടുത്തു.

പിന്നെ സാവധാനം അന്നത്തെ കളക്ഷന്‍ മുഴുവന്‍ പുറത്തെടുത്ത് എണ്ണി നോക്കിയശേഷം സംതൃപ്തി നിറഞ്ഞ മുഖഭാവത്തോടെ ചുറ്റും നോക്കിക്കൊണ്ട്‌ അത് മുഴുവന്‍ പ്ലാസ്റ്റിക് കടലാസില്‍പ്പോതിഞ്ഞു ബാഗിനുള്ളില്‍ സുരക്ഷിതമായി നിക്ഷേപിച്ചു.

മണ്ഡപത്തിനുള്ളില്‍ കല്‍ഭിത്തിയോട് ചേര്‍ന്നിരുന്നതിനാല്‍, ഹമീദിനെ അയാള്‍ക്ക്‌ കാണാന്‍ കഴിയുമായിരുന്നില്ല, എന്നാല്‍ ഹമീദിന് അയാളുടെ മുഖഭാവം പോലും വ്യക്തമായി കാണാമായിരുന്നു.

ബാഗില്‍ നിന്നെടുത്ത ഏതോ തുണിക്കടയുടെ പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഒരുജോടി വസ്ത്രങ്ങളയാള്‍ പുറത്തെടുത്തു.

പിന്നെ, ഒന്നുകൂടി പരിസരം വീക്ഷിച്ചു ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയ ശേഷം അയാള്‍ രണ്ടുകാലിലുമായി എഴുന്നേറ്റു നിന്നു !

ഉടുത്തിരുന്ന ഒറ്റമുണ്ട് ഊരി ചുരുട്ടിക്കൂട്ടി ബാഗിലെക്കെറിഞ്ഞു കൊണ്ട് അയാള്‍ നേരത്തെ പുറത്തെടുത്ത പാന്‍റും ഷര്‍ട്ടും ധരിച്ചു. അതിനു ശേഷം ബാഗില്‍ നിന്ന് തൊപ്പിപോലെയുള്ള എന്തോ ഒരു കറുത്ത വസ്തു പുറത്തെടുത്തു തലയില്‍ ധരിച്ചു - അതൊരു വിഗ്ഗായിരുന്നു !

പിന്നെ കിടന്നിരുന്ന വെള്ളത്തുണി കുടഞ്ഞു നാലായി മടക്കി നിക്ഷേപിച്ച ശേഷം ബാഗും തൂക്കി കല്‍മണ്ഡപത്തിനു നേര്‍ക്ക്‌ നടന്നു.

അയാള്‍ നടന്നു വരുന്നത് കണ്ടു ഹമീദ് പെട്ടെന്നെഴുന്നേറ്റു കല്‍ഭിത്തിക്ക് പിന്നില്‍ മറഞ്ഞു നിന്നു.

മണ്ഡപത്തിനു മുന്നിലെത്തിയപ്പോള്‍ നടത്തത്തിനു വേഗത കുറച്ച്, അതിനകത്ത് ആരുമില്ലെന്നുറപ്പു വരുത്തിയപ്പോള്‍ യാചകന്‍റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

ചുണ്ടിലൊരു പാട്ടിന്‍റെ ചൂളം വിളിയോടെ പൂഴിയിലെക്കാഴ്ന്നു പോകുന്ന പാദങ്ങളെ വലിച്ചെടുത്തു കുടഞ്ഞയാള്‍ വേഗത്തില്‍ നടന്നകന്നു.

കാണെക്കാണേ നടന്നകലുന്ന യാചകന് രൂപമാറ്റം സംഭവിക്കുന്നതും ഒടുവിയാള്‍ താനായിത്തീരുന്നതുമായി ഹമീദിന് തോന്നി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top