Sunday, November 10, 2013

കഥ : കൂട്ടുകൃഷി

"ഇവിടെ നിര്‍ത്തിയേര്, എത്രയായി ?"

ഒരു ഫ്ലാറ്റിനു മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.

"അറുന്നൂറ്റമ്പത്"

"ഇതാ എന്‍റെ കയ്യില്‍ ഇതേയുള്ളൂ" ആയിരത്തിന്‍റെ ഒറ്റനോട്ട് നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.

അയാള്‍ പോക്കറ്റില്‍ ഉള്ളതു മുഴുവന്‍ തപ്പിപ്പെറുക്കിയിട്ടും നൂറ്റി ഇരുപതു രൂപയേയുണ്ടായിരുന്നുള്ളൂ.

"എന്ത് പറ്റി ?" അവര്‍ ചോദിച്ചു.

"ഞാന്‍ ബാക്കി മുന്നൂറ്റമ്പതു രൂപ ചേച്ചിക്ക് തരണം, പക്ഷെ എന്‍റെ കയ്യിലാകെ നൂറ്റി ഇരുപതേയുയുള്ളൂ"

"അത് സാരമില്ല. ഇടക്കിടെ ഓട്ടം വിളിക്കുമ്പോള്‍ വന്നെക്കാമോ , എങ്കില്‍ നമ്പര്‍ തന്നോളൂ, അടുത്ത തവണ ഓട്ടത്തില്‍ അഡ്ജസ്റ്റ് ചെയ്യാം. ഞാനീ ഫ്ലാറ്റില്‍ തന്നെയാ താമസം"

അയാള്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു - രാവിലെ കണികണ്ടതാരെയാണാവോ - അയാള്‍ സന്തോഷത്തോടെ ഓട്ടോ തിരിച്ച് ഓടിച്ചു പോയി.

കുറച്ചുദൂരം എത്തിയപ്പോള്‍ അയാളുടെ ഫോണില്‍ ഒരു വിളി വന്നു.

"ഞാനിപ്പോള്‍ നിങ്ങളുടെ ഓട്ടോയില്‍ യാത്ര ചെയ്തതാണ്, ഞാനെന്‍റെ ബാഗ് വണ്ടിയില്‍ മറന്നു വച്ചു, അതൊന്നു തിരികെ തരാമോ - പ്ലീസ് ?"

അയാള്‍ പിന്‍സീറ്റിലേക്ക് തിരിഞ്ഞ് നോക്കി - ഒരു ഹാന്‍ഡ് ബാഗ് സീറ്റില്‍ ഇരിക്കുന്നുണ്ട്.

"ബാഗ് വണ്ടിയില്‍ തന്നെയുണ്ട്‌ കേട്ടോ, ഇപ്പൊത്തന്നെ കൊണ്ട്വന്നേക്കാം"

അധികം ദൂരം പോകഞ്ഞത് നന്നായി എന്ന് മനസിലോര്‍ത്തുകൊണ്ട് അയാള്‍ ഓട്ടോ തിരിച്ചു.

അയാള്‍ തിരിച്ചു ഫ്ലാറ്റിനു മുന്നിലെത്തുമ്പോള്‍ അവര്‍ ഗേറ്റില്‍ സെക്യൂരിറ്റിയുമായി എന്തോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.

അയാള്‍ ബാഗുമായി ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി.

"ഒരുപാടു നന്ദി" ബാഗ് വാങ്ങുമ്പോള്‍ അവര്‍ പുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ തിരികെ നടക്കാനോരുങ്ങുമ്പോള്‍ അവര്‍ പറഞ്ഞു "പോകല്ലെട്ടോ, ഒരു മിനിറ്റ് , ഞാനിതൊന്നു തുറന്നു നോക്കിക്കോട്ടേ"

കണ്ണുകളില്‍ തെല്ല് സംശയത്തോടെ അയാള്‍ നിന്നു.

അവര്‍ ബാഗ് തുറന്നു നോക്കിയശേഷം അയാളുടെ നേരെ സംശയത്തോടെ നോക്കിക്കൊണ്ട്‌ ചോദിച്ചു - "ഇതിലുണ്ടായിരുന്ന ആയിരം രൂപയെവിടെ ?"

"ഏതായിരം രൂപ , അതിനു ഞാന്‍ നിങ്ങളുടെ ബാഗ് തുറന്നത് പോലുമില്ലല്ലോ ?" അമ്പരപ്പോടെ അയാള്‍ ചോദിച്ചു.

"കള്ളം പറയുന്നോ ? ഈ ബാഗിനുള്ളില്‍ ഉണ്ടായിരുന്ന ആയിരം രൂപ എവിടെയെന്ന് ?"

"എന്താ പ്രശ്നം ?" ഗേറ്റില്‍ നിന്നിരുന്ന തടിയന്‍ സെക്യൂരിറ്റി അവിടേക്ക് വന്നു.

"ഞാനെന്‍റെ ബാഗ് ഇയാള്‍ടെ ഓട്ടോയില്‍ മറന്നു വച്ചു. അതിനകത്ത് ആയിരം രൂപയുണ്ടായിരുന്നു. ഇയാള്‍ ബാഗ് തിരികെ കൊണ്ടുവന്നു തന്നു, പക്ഷെ നോക്കുമ്പോള്‍ അതിനകത്തിരുന്നിരുന്ന പണം കാണുന്നില്ല"

"ഇതിവന്മാരുടെ സ്ഥിരം ഇടപാടാ, ബാഗ് കൊണ്ടുവന്നു തന്നാല്‍ സംശയിക്കില്ലല്ലോ" സെക്യൂരിറ്റിക്കാരന്‍ കണ്ണുരുട്ടി.

"അയ്യോ, ചേട്ടാ, ഇവര് കള്ളം പറയുവാ, രാവിലെ ഓട്ടം വിളിച്ചതാ, കണ്ടിടത്തെല്ലാം കറങ്ങി നടന്നു, എന്നെക്കൊണ്ട് ഒരുപാട് സമയം വെയിറ്റ് ചെയ്യിച്ചു, അറുന്നൂറ്റമ്പത് രൂപക്ക് ഓടേം ചെയ്തു. അതിനു ഇവര് തന്നതാ ഈ ആയിരത്തിന്‍റെ നോട്ട്. ബാക്കി എന്‍റെ കയ്യിലുണ്ടായിരുന്ന ചില്ലറ മൊത്തം തപ്പിപ്പെറുക്കി നൂറ്റിഇരുപതു രൂപ കൊടുക്കേം ചെയ്തു."

പോക്കറ്റില്‍ നിന്ന് ആയിരം രൂപയെടുത്ത്‌ കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.

"ആയിരത്തീന്നു അറുന്നൂറ്റമ്പത് പോയാ ബാക്കി മുന്നൂറ്റമ്പതല്ലേടോ ?" സെക്യൂരിറ്റി ചോദിച്ചു.

"അതിവര് ബാക്കി രൂപ എന്‍റെ കയ്യില്‍ത്തന്നെ വച്ചോ, അടുത്ത ഓട്ടം വിളിക്കുമ്പോ അട്ജസ്റ്റ് ചെയ്യാം, ഈ ഫ്ലാറ്റിലാ താമസിക്കുന്നേന്നും പറഞ്ഞെന്‍റെ കയ്യീന്ന് മൊബൈല്‍ നമ്പറും വാങ്ങിച്ചു"

"അതിനിവര് ഈ ഫ്ലാറ്റിലല്ലല്ലോ താമസം. ബാക്കി നിന്നോട് ചുമ്മാ എടുത്തോന്ന് പറഞ്ഞത്രേ - കള്ളം പറയുന്നോടാ - മര്യാദക്ക് പൈസ കൊടുക്കുന്നോ അതോ ഞാന്‍ പോലീസിനെ വിളിക്കണോ ?"

ഡ്രൈവറുടെ മുഖം ഇരുണ്ടു.

"ഇന്നാ, പോലീസിനെയൊന്നും വിളിക്കണ്ട. ഇതുകൊണ്ട് നന്നാകുന്നെ നീ നന്നായിക്കോ തള്ളേ"

ആയിരത്തിന്‍റെ നോട്ട് അവര്‍ക്കുനേരെ വലിച്ചെറിഞ്ഞിട്ടു കൊണ്ട് ശാപവാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് അയാള്‍ ഓട്ടോയില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി.

"അപ്പൊ അടുത്ത ഓട്ടോ വിളിക്കട്ടെ ചേച്ചി ?"

താഴെ വീണ ആയിരം രൂപ എടുത്തു പോക്കറ്റിലിട്ടു കൊണ്ട് അവര്‍ക്ക് നേരെ കൈനീട്ടി കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ചോദിച്ചു.

"വിളിയെടാ ചെക്കാ"

അയാളുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട്‌ കണ്ണിറുക്കി അവര്‍ പറഞ്ഞു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top