Tuesday, November 5, 2013

കഥ : മൂല്യം

"കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു, നീയാകെ മാറിയിരിക്കുന്നു - എന്ത് പറ്റി സുരേഷ് ? നിന്‍റെ അമേരിക്കയില്‍ പോക്കൊക്കെ എന്തായി ? "

"ഒന്നുമായില്ലടാ, ഇനീം ഒന്നുരണ്ടു പേപ്പറുകള്‍ കൂടി ശരിയാകാനുണ്ട്, നീ ഓര്‍മ്മിപ്പിച്ചത് നന്നായി, എനിക്കത്യാവശ്യമായി ഒരിന്‍റര്‍നാഷണല്‍ കോള്‍ വിളിക്കാനുണ്ട് - മാനേജരുടെ ഓഫീസില്‍ നിന്നാകുമ്പോള്‍ ഫ്രീയായി വിളിക്കാം. ആളുകള്‍ വന്നു തുടങ്ങുന്നല്ലെയുള്ളൂ - നീയൊന്നു മാനേജ് ചെയ്തേക്കണേ, ഞാന്‍ ദാ വന്നു"

സുരേഷ് സീറ്റില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ സിദ്ധീഖിന്‍റെ കൌണ്ടറിലേക്ക് ഒരാള്‍ വന്നു.

* * * * * * * * * * * *

"ഹും - ഭാരതീയ മൂല്യങ്ങളും , സനാതനധര്‍മ്മങ്ങളും - തേങ്ങാക്കൊല @#$!^%*&$ "

"എന്താ സിദ്ധീഖ് നീ പിറുപിറുക്കുന്നെ" സുരേഷ് ചോദിച്ചു.

"ങാ - നീ വന്നോ. ഇപ്പൊ ഒരു ഫാമിലി വന്നു ഇമിഗ്രേഷന്‍ കഴിഞ്ഞു പോയി. ഒരു അമേരിക്കന്‍ സായിപ്പും മദാമ്മയും. അയാള്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഒരുദ്യോഗസ്ഥനാണ്. രണ്ടാള്‍ക്കും ഇന്ത്യയോടു വലിയ സ്നേഹമാണ്."

സുരേഷ് ആകാംക്ഷയോടെ കേട്ടിരുന്നു.

"കഴിയുന്നതും എല്ലാ വര്‍ഷവും അയാളും ഭാര്യയും ഇന്ത്യയില്‍ വരാരുണ്ട്, അവര്‍ക്ക് കുട്ടികളില്ല. ഇത്തവണ കേരളത്തിലെ പുണ്യസ്ഥലങ്ങള്‍ എല്ലാം സന്ദര്‍ശിച്ച കൂട്ടത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും പോയത്രേ. അവിടെ ആരോ തെരുവില്‍ ഉപേക്ഷിച്ചു പോയ ഒരു അമ്മയെ അവര്‍ കണ്ടെത്തി , അവര്‍ക്ക് പാസ്പോര്‍ട്ടും, വിസയും ഒക്കെ ശരിയാക്കി അവരുടെ കൂടെ അമേരിക്കക്ക് കൊണ്ട് പോകുന്നു"

"ഇപ്പോള്‍ ഇവിടെ വന്നിരുന്നോ ?"

"ഉം, ദാ ആ നില്‍ക്കുന്നവരാണ്" സ്ക്രീനിംഗിനായി നില്‍ക്കുന്ന ഒരു സായിപ്പിനെയും, മദാമ്മയേയും അവരുടെ കൈപിടിച്ച് നില്‍ക്കുന്ന വയസ്സായ ഒരമ്മയേയും സുരേഷ് കണ്ടു.

മെല്ലെ കണ്ണുകളിലെ നനവ്‌ അയാളുടെ കാഴ്ച മങ്ങിച്ചു. വിറയ്ക്കുന്ന ചുണ്ടുകളില്‍ നിന്ന് അയാളീ ഭൂമിയില്‍ ജനിച്ചുവീണ ശേഷം ആദ്യമായുച്ചരിച്ച രണ്ടക്ഷരങ്ങള്‍ പുറത്തുവന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top